ഹലാലായ ഒരു ‘പൊതു’ സിനിമ എങ്ങനെ നിർമ്മിക്കാം

0
81

രമേഷ് പെരുമ്പിലാവ്

ഹലാലായ ഒരു ‘പൊതു’ സിനിമ എങ്ങനെ നിർമ്മിക്കാം

1993-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് ഗസൽ. കമൽ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. യൂസഫലി കേച്ചേരി ബോംബെ രവി ടീമിന്റെ സംഗീതം ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. വിനീതും തിലകനും മോഹിനിയുമൊക്കെ പ്രധാന കഥാപാത്രങ്ങളായി തകർത്തഭിനയിച്ച സംഗീതസാന്ദ്രമായ ഒരു സിനിമയായിരുന്നുവെങ്കിലും, റിലീസ് സമയത്ത് ഒരു വിജയമായിരുന്നില്ല ഗസൽ. അതിനു കാരണം ആ ചിത്രത്തിന്റെ അക്കാലത്തെ ‘പൊതു’വല്ലാത്ത മുസ്ലീം പശ്ചാത്തലം തന്നെയായിരുന്നു.

പൊതുവല്ലാത്ത ആ പശ്ചാത്തലത്തിന്റെ പ്രസക്തി ഇന്നും തുടരുന്നുവോ എന്ന കലയുടെ മതവും രാഷ്ട്രീയവും നിലപാടും പങ്കുവെയ്ക്കുന്ന സിനിമയാണ് ഹലാൽ ലൗ സ്റ്റോറി.സുഡാനി ഫ്രം നൈജീരിയയ്ക്ക് ശേഷം സക്കരിയ ഒരുക്കിയ ഹലാൽ ലൗ സ്റ്റോറിയും മലബാറിലെ മുസ്ലീം പശ്ചാത്തലമുള്ള ഗ്രാമത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സമാനതകളുള്ള നാട്ടിൻപ്പുറം തന്നെയാണ് സിനിമയുടെ പശ്ചാത്തലം .ആദ്യ സിനിമയിൽ മലബാറിന്റെ ലഹരിയായ ഫുട്ബോൾ വിഷയമായിരുന്നെങ്കിൽ, ഹലാൽ ലൗ സ്റ്റോറിയിൽ സിനിമയിലൂടെ നർമ്മത്തിൽ കലർത്തി വിശ്വാസത്തിന്റെ രാഷ്ട്രീയം പറയാൻ ശ്രമിക്കുകയാണ് സംവിധായകൻ.
യുദ്ധവും അധിനിവേശവും ആഗോളവൽക്കരണവും ഫാസിസവുമൊക്കെ ചെറുത്തു തോൽപ്പിക്കുന്ന പ്രസംഗത്തിന്റെ ശബ്ദത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. പ്രസംഗത്തിന് സമാനമായ ചുമർച്ചിത്രങ്ങളിലൂടെ ക്യാമറ ചലിപ്പിച്ചാണ് സിനിമയുടെ ആദ്യ രംഗം നമുക്ക് മുന്നിലെത്തുന്നത്. സിനിമ മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയം, പ്രതിനിധീകരിക്കുന്നത് ലോകത്തിന്റെ രാഷ്ട്രീയമാണ്. ഒരു പ്രമുഖ സംഘടനയുടെ പ്രവർത്തന മേഖലയാണ് ചലച്ചിത്രത്തിന്റെ ഭൂമിക. യുദ്ധം മുതൽ കൊക്കക്കോള ബഹിഷ്ക്കരണം വരെയുള്ള സമര പ്രതിരോധത്തിനായുള്ളതെരുവുനാടകങ്ങളും ടാബ്ലോയും സാംസ്കാരിക ചെറുത്തുനിൽപ്പുക്കളുമെല്ലാം ആദ്യ പകുതിയുടെ തുടക്കത്തിൽ അരങ്ങേറുന്നു.

Halal Love Story review: A charming film about love and faith |  Entertainment News,The Indian Expressതെരുവു നാടക കലാകാരനായ ഷെരീഫിന്റെ സിനിമാ മോഹവും, തന്നെ പോലെ ഒരുകലാകാരൻ ഈ തെരുവിൽ തന്നെ ഇല്ലാതാവുമെന്ന വേദനയും, സിനിമയേയും സംഘടനേയും നയിക്കുന്ന നെടുംതൂണയായ റഹീം സാഹിബിനോട് പങ്കുവെയ്ക്കുമ്പോഴാണ് സിനിമയ്ക്കുള്ളിലെ സിനിമയ്ക്ക് തുടക്കമാവുന്നത്. ഏറെ ശ്രമപ്പെട്ട് നേടിയെടുത്ത
സംഘടനയുടെ സമ്മതത്തോടെ എല്ലാവർക്കും കാണാൻ സാധിക്കുന്ന ഹലാൽ ടെലി ഫിലിം ഒരുക്കാൻ തീരുമാനിക്കുന്നു. സിനിമാ നിർമാണത്തിന്റെ ചുമതല സിനിമ പ്രവർത്തകനും യുവ എഴുത്തുകാരനും കൂടിയായ തൗഫിക്കിനെ ചുമതലയേൽപ്പിക്കുന്നു. തന്റെ തന്നെ തിരക്കഥ, പരിചയക്കാരനായ അസ്സോസിയേറ്റ് സംവിധായകൻ സിറാജിനെ സംവിധാനം ചെയ്യാൻ തൗഫിക്കും റഹീം സാഹിബും ചേർന്ന് ഏർപ്പാടാക്കുമ്പോൾ, സിനിമയ്ക്കുള്ളിലെ സിനിമ തുടങ്ങുന്നു. സിനിമ അതുവരെയുളള ഭാവത്തിൽ നിന്നും മറ്റൊരു തലത്തിലേയ്ക്ക് കടക്കുന്നു.

Halal Love Story review: Fresh plot bolstered by stellar performances |  Entertainment | Manorama Englishഒരു സംഘടനയെ കേന്ദ്രീകരിച്ചുള്ള സിനിമയായത്തിനാൽ ചിത്രത്തിന്റെ സംഭാഷങ്ങൾക്ക് പോലും ഏറെ മാധുര്യമുണ്ട്. മനോഹരമായ ഒരു ഭാഷയിലാണ് ഈ സിനിമയിലെ കഥാപാത്രങ്ങൾ വിനിമയം നടത്തുന്നത്. ഹൃദ്യമാണ് ആ ശൈലി. അവരുടെ ജീവിത ക്രമങ്ങളും സിനിമയിൽ കാണാം. ദീനിയായ ചെറുപ്പക്കാരനായ തൗഫിക്കിനെഷറഫുദ്ദീൻ എന്ന നടൻ തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, എന്നാൽ നൂറ് ശതമാനം സംഘടനയോട് വിധേയത്വമുള്ള ഭാവത്തിൽ അസാദ്ധ്വമായി ഇടപഴകി. ഷറഫുദ്ദീൻ ഒരുമികച്ച നടനാണെന്ന് നിസ്സംശയം പറയാവുന്ന പ്രകടനം കാഴ്ച വെച്ചു. മറ്റൊരു പ്രധാന കഥാപാത്രം നായികയായ സുഹറയാണ്. ഷെരീഫിന്റെ ഭാര്യയുടെ വേഷമാണത്.

“ഏത് ടൈപ്പ് ചേട്ടനായാലും മര്യാദയ്ക്ക് സംസാരിക്കണം’ ഷമ്മിയുടെ ആണധികാരത്തെ ഈ ഒറ്റ ശബ്ദമുയർത്തി പറയലിലൂടെ നിശ്ശബ്ദമാക്കുന്ന ‘കുമ്പളങ്ങി നൈറ്റ്സിലെ’ സിമിയെന്ന ചേച്ചിയെ ചർച്ചയാക്കിയ ഗ്രേസ് ആന്റണിയാണ് ഹലാലിനെ നായിക യാവുന്നത്. ഗ്രേസിന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലാവാവുന്ന വേഷമാണ് ഹലാൽ ലൗ സ്റ്റോറിയിലെ സുഹറ.കാണുന്നവർക്കെല്ലാം ഇങ്ങനെ ഒരു സംഘാടകനെ തനിക്ക് അറിയാമല്ലോയെന്ന ഭാവത്തോടെ, ഏറെ പരിചിതനായ ഒരു ഭാരവാഹി രൂപമായ റഹീം സാഹിബ് ചിത്രത്തിൽ ഉടനീളം നിറഞ്ഞു നിൽക്കുന്ന ആ കഥാപാത്രം അതി ഗംഭീരമായി ജീവിച്ചുവെന്ന് പറയാം. (ആരാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് അറിയില്ല)

Halal Love Story Movie Review: Hope and harmony reign supreme in Zakariya's  new film- Cinema expressടെലിസിനിമയുടെ സംവിധായകനായ സിറാജ് ജോജു ജോർജും, സംഘടനാപ്രവർത്തകനും നാടകനടനുമായ ഷെരീഫായി ഇന്ദ്രജിത്തും തങ്ങളുടെ വേഷങ്ങൾ നന്നായി അവതരിപ്പിച്ചു. സിറാജും ഷെരീഫും ഒരേ തരം ജീവിതത്തിന്റെ രണ്ടു വശങ്ങളിലൂടെ കടന്നു പോകുന്ന ഒരു കഥ കൂടി ഈ ചിത്രത്തിൽ സംവിധായകൻ പറയുന്നുണ്ട്. ആ അവസ്ഥയുടെ ആത്മ സംഘർഷങ്ങൾ രണ്ടു പേരിലും രണ്ടു രീതിയിൽ പ്രതിഫലിക്കുന്നുണ്ട്. അത് സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്ന വഴി കൂടിയാണ്. ജനകീയ കൂട്ടായ്മയിൽ നിർമിക്കുന്ന സിനിമയായതിനാൽ മറ്റഭിനേതാക്കളെല്ലാം ഗ്രാമീണരയായിരുന്നു. സിങ്ക് സൗണ്ട് റെക്കോർഡിസിന്റെ റോളിൽ സൗബിൻ ഷാഹി൪ തന്റെ സ്വാഭാവികമായ അഭിനയ ശൈലിയിൽ വേഷത്തെ വളരെ കുറച്ച് സമയത്തിൽ അഭിനയിച്ച് ഫലിപ്പിച്ച് പൈസ വാങ്ങി കടന്നുപോകുന്നത്, സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് ചെവി ചേർത്ത് വെയ്ക്കാവുന്ന ഒരു പിടി കാര്യങ്ങൾ കൂടി പറഞ്ഞിട്ടാണ്
ആക്ടിങ് ട്യൂട്ടറുടെ റോളിൽ ചിത്രത്തിൽ അതിഥി വേഷത്തിലാണ് പാർവ്വതി തെരുവോരത്ത് എത്തിയിരിക്കുന്നത്.
അഭിനയമറിയാത്ത, അഭിനയിക്കാൻ മോഹമുള്ള ഗ്രാമീണരെ സ്വാഭാവിക അഭിനയത്തിന്റെ രീതികളിലേക്ക് നയിക്കുന്ന ഒരു പ്രധാന വേഷം തന്നെയാണ് പാർവ്വതിയുടേത്.

Halal Love Story' Review: A Sweet Movie About Healing Through The Process  Of Filmmaking - Entertainmentഅഭിനയ കളരിയുടെ പ്രധാന്യം സിനിമയെ സ്വാധീനിക്കുന്ന വിധം കാണിച്ചു തരുന്നു.സിനിമയ്ക്കുള്ളിലെ സിനിമയേയും സുഹറ, ഷെരീഫ് ദമ്പതികളേയും പാർവ്വതിയുടെ കഥാപാത്രത്തിന്റെ രംഗപ്രവേശനം മാറ്റി മറിക്കുന്നുണ്ട്. സംവിധായകന്‍ സക്കരിയയും മുഹ്സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സൈജു ശ്രീധരന്‍ എഡിറ്റിംഗും അജയ് മേനോന്‍ ചായാഗ്രഹണവും നിർവ്വഹിക്കുന്നു. ചിത്രത്തില്‍ ബിജിബാല്‍, ഷഹബാസ് അമന്‍, റെക്സ് വിജയന്‍, യാക്സണ്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ സംഗീതം ഒരുക്കിയിരിക്കുന്നത്. കലാസംവിധാനം അനീസ് നാടോടിയാണ്. ആഷിഖ് അബു, ഹർഷാദ് അലി, ജെസ്ന ആഷിം എന്നിവർ ചേർന്നാണ് ഹലാൽ ലൗ സ്റ്റോറി നിർമ്മിച്ചിരിക്കുന്നത്. പുതുകാല മലയാള സിനികൾ മാറ്റത്തിന്റെ വഴിയിലാണ് എന്ന് തെളിയിക്കുന്നതാണ് പുതു സിനിമകളും 2019 ലെ മലയാള അവാർഡ് പ്രഖ്യാപനവും. നല്ല സിനിമയുടെ പ്രവർത്തകർക്ക്, കാഴ്ചക്കാർക്ക് പ്രതീക്ഷ നൽകുന്ന വഴികളാണത്.