ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വർഗം സർക്കാർ ജീവനക്കാരാണ്,എന്തു വന്നാലും വരുമാനത്തെ ബാധിക്കാറില്ല

302

ഞാൻ സർക്കാർ ജോലിക്കാരെ അടച്ചാക്ഷേപിക്കുകയല്ല, എന്നാലും പറയട്ടെ, നാടിൻറെ സമ്പത്തിന്റെ സിംഹഭാഗവും എടുത്തു, വലിയ ശമ്പളമായും ആകർഷകമായ ആനുകൂല്യങ്ങളായും പെൻഷനായും സർക്കാർ ഉദ്യോഗസ്ഥർക്ക് വാരിക്കോരി കൊടുക്കുമ്പോൾ നമ്മൾ അവഗണിക്കുന്ന വിഭാഗങ്ങളുണ്ട് എന്നത് ഇനിയെങ്കിലും ശ്രദ്ധിക്കണം. നാടിനെ തീറ്റിപ്പോറ്റാൻ രാപകൽ അധ്വാനിക്കുന്ന കർഷകർ തന്നെയാണ് അതിൽ ആദ്യത്തെ സ്ഥാനം. സർക്കാർ ജോലിക്കാരുടെ ആനുകൂല്യങ്ങൾ കുറച്ചിട്ട് കൃഷിക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ഇനിയെങ്കിലും തയ്യാറാകണം. ഒരു പ്രതിസന്ധി ഘട്ടത്തിൽ കണ്ടില്ലേ, ഓഫീസുകൾ പൂട്ടി ജോലിയില്ലാതെ ശമ്പളം മേടിച്ചു വീട്ടിലിരിക്കുന്നവരെ പോലെ കർഷകൻ കൂടി വീട്ടിലിരുന്നാലോ നമ്മൾ പട്ടിണി കിടന്നു മരിക്കുകയെ ഉള്ളൂ. എന്നിട്ടും അവർക്കാണ് എന്നും അവഗണന. കോവിഡ് എന്നല്ല എത്ര വലിയ പ്രതിസന്ധി വന്നാലും നാടിനു പിടിച്ചു നിൽക്കണമെങ്കിൽ ഭക്ഷ്യധാന്യങ്ങളുടെ ശേഖരം ഉണ്ടാകണം. അല്ലാതെ സർക്കാരോഫീസിലെ രണ്ടു ഫയൽ ഏതാനുംദിവസം നീങ്ങിയില്ലെങ്കിൽ ഇവിടാർക്കും ഒന്നും ഇല്ല.

സർക്കാരിങ്ങനെ ഉദ്യാഗസ്ഥരുടെ കാര്യത്തിൽ സമ്പത്തു ധൂർത്തടിക്കുന്നതുകൊണ്ടും സർക്കാർ ജോലി മടിയന്മാർക്കും അലസന്മാർക്കും സുരക്ഷിതമായ താവളം ആയതുകൊണ്ടുമാണ് അതുകിട്ടാൻ ഏവരുടെയും പരക്കംപാച്ചിൽ. എന്നാൽ നാടിനോട് കടപ്പാടുള്ളവരും ജനങ്ങളോട് മാന്യമായി ഇടപെടാനും അവർക്കു വേണ്ട സേവനം ചെയ്തുകൊടുക്കാനും സന്മനസുള്ളവർ അതിൽ എത്രപേരുണ്ട് ? എന്റെ കുടുംബത്തിലും അനവധി സർക്കാരുദ്യോഗസ്ഥർ ഉണ്ടായിരുന്നു. സർക്കാരിന്റെ പൈസ തന്നെയാണ് കുറെ വർഷം ഞാനും തിന്നത്. അതുകൊണ്ടുതന്നെ സർക്കാരുദ്യോഗസ്ഥരെ പുച്ഛിക്കാനോ വിമർശിക്കാനോ ഒന്നും എനിക്ക് യോഗ്യതയില്ല. ചില പന്തംകൊളുത്തി പ്രകടനക്കാരെ കണ്ടു പറഞ്ഞുപോയതാണ്. കർഷകർ നശിച്ചുപോയ വിളകളെ തീയിട്ടു നശിപ്പിക്കുമ്പോൾ അവന്റെ ചങ്കാണ് കത്തുന്നത്. എന്നാൽ തുച്ഛമായ ദിവസത്തെ സാലറി എടുക്കും എന്ന് സർക്കാർ പറയുമ്പോൾ എതിർത്തു പ്രതികരിക്കുന്നവർ കത്തിക്കുന്ന തീ കേരളത്തിന്റെ നന്മയെ ആണ് ചുട്ടെരിക്കുന്നത് (കടപ്പാട് :ശിവ).

കൊല്ലം ചവറ തെക്കുംഭാഗം സർക്കിൾ ഇൻസ്പക്ടർ ആണ് ലളിതാമ്മയെക്കുറിച്ച് പറഞ്ഞത്. “മോനെ എനിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം . ഇതാ , എന്റെ സമ്പാദ്യത്തിലെ 5000 /- രൂപ. ദയവായി ഇത് നിധിയിലേക്ക് നൽകണേ.” ആ പാവം അമ്മയുടെ ഹൃദയം ഒന്നുമില്ലായ്മയിലും എത്ര വിശാലമാണ്.ഇനി, ചിത്രത്തിലെ 20, 000 രൂപ സാലറി യിൽ കൂടുതൽ വാങ്ങുന്ന, നല്ല അടച്ചുറപ്പുള്ള വീടുള്ള , വിദ്യാഭ്യാസവും വിവരവും ഉള ഒരു മാന്യ , വനിത സാലറിയിൽ കുറച്ച് ദുരിതാശ്വാസത്തിലേക്ക് കടമായി ചോദിച്ചതറിഞ്ഞ് ചങ്ക് പൊട്ടി ഗവൺമന്റ് ഓർഡർ കത്തിക്കുന്നു!*പരസ്നേഹത്തിനും, കനിവിനും ഒരു നല്ല ഒരു ഹൃദയം മതി! കൊ റൊണ കാലം കഴിഞ്ഞ് മനുഷ്യൻ ഈ പാഠം എങ്കിലും പഠിച്ചില്ലെങ്കിൽ മൃഗങ്ങളാണ് ഭേദം എന്ന് പറയേണ്ടി വരും. ടീച്ചറിനെ അല്ല, ഈ ലളിതാമ്മ യെ കണ്ട് കുട്ടികൾ പഠിക്കട്ടെ. :

Hamza Finalcut എഴുതുന്നു 

ഇന്ത്യയിലെ ഏറ്റവും സുരക്ഷിത വർഗം സർക്കാർ ജീവനക്കാരാണ്. വരൾച്ച വന്നാലും വെള്ളപ്പൊക്കം വന്നാലും കൊറോണ വന്നാലും അവരുടെ വരുമാനത്തെ ബാധിക്കാറില്ല.(എന്തിന് കിമ്പളത്തെ പോലും ബാധിക്കാറില്ല)ലോകത്തുള്ള മുഴുവൻ ജനങ്ങളും തങ്ങളുടെ തൊഴിലിനെ കുറിച്ച് ആകുലപ്പെടുമ്പോൾ അങ്ങനൊരു ചിന്ത പോലും സാറമ്മാരുടെ മനസ്സിൽ തോന്നേണ്ട കാര്യമില്ല. കാരണം ലോകം കീഴ്മേൽ മറിഞ്ഞാലും തങ്ങളുടെ ജോലിയെ ബാധിക്കില്ല എന്ന യഥാർഥ്യം അവർക്കറിയാം. ലോകത്തെ ഒട്ടു മിക്ക കമ്പനികളും അവരുടെ ജീവനക്കാരുടെ ശമ്പളം പകുതിയോ അതിനു താഴെയായോ വെട്ടിക്കുറക്കുകയോ പൂർണമായും കൊടുക്കാതിരിക്കുകയോ ആണ് കഴിഞ്ഞ രണ്ട് മാസമായി. ഗൾഫിലെ കമ്പനികളധികവും മൊത്തം ശമ്പളത്തിന്റെ മുപ്പത് ശതമാനമാണ് ഇപ്പോൾ ജീവനക്കാർക്ക് കൊടുക്കുന്നത്, തീരെ കൊടുക്കാത്ത കമ്പനികളും ഉണ്ട്.

ഇന്നിപ്പോൾ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ശമ്പളം കൊടുക്കാൻ മാത്രം 3500കോടി രൂപ ലോണെടുക്കേണ്ടി വരും എന്നാണ് ധനമന്ത്രി പറയുന്നത്. ഈ ലോണിന്റെ മുതലും പലിശയും അടച്ചു തീർക്കാനുള്ള ബാധ്യത ഈ സംസ്ഥാനത്തെ ഓരോ പൗരന്റെയും തലയിലാണ്. ഒരു സർക്കാരുമത് പാർട്ടി ഫണ്ടിൽ നിന്നല്ല കണ്ടെത്തുക, നികുതി കൂട്ടിയോ, പൊതു ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളുടെ വില കൂട്ടിയോ ആയിരിക്കും സർക്കാർ അതിനുള്ള പണം കണ്ടെത്തുക. ചുരുക്കിപ്പറഞ്ഞാൽ ഈ ബാധ്യതയൊക്കെ അവസാനം ചെന്നെത്തുക ഈ നാട്ടിലെ യാതൊരു തൊഴിൽ സുരക്ഷിതത്വമോ സ്ഥിര വരുമാനമോ ഇല്ലാത്ത സാധാരണക്കാരുടെ തലയിലായിരിക്കും. ഇന്ത്യയിലല്ലാതെ സർക്കാർ മേഖലയിൽ ഇത്രയധികം പേര് സ്ഥിര വേതനക്കാരായി കാണില്ല. കൂടുതലും കോൺട്രാക്ട് labours അല്ലെങ്കിൽ മണിക്കൂർ കണക്കിൽ വേതനം വാങ്ങുന്ന ഡെയിലി labours ആണ്. ചുരുക്കി പ്പറഞ്ഞാൽ ജോലി ഉണ്ടെങ്കിൽ മാത്രം ശമ്പളം. ഞാൻ മരിച്ചാൽ എന്റെ മകന് ജോലി, പിരിഞ്ഞാൽ മരിക്കും വരെ പെൻഷൻ, അത് കഴിഞ്ഞാൽ ഭാര്യക്ക് പെൻഷൻ.ക്ഷാമബത്ത, TA, DA തുടങ്ങി ആനുകൂല്യങ്ങൾ.. ഇത്തരം പരിപാടികളൊന്നും എവിടെയുമില്ല. കുറച്ചു പേരെ ഇങ്ങനെ പോറ്റാൻ അഷ്ടിക്ക് വകയില്ലാത്ത ഭൂരിപക്ഷവും കഷ്ടപ്പെടേണ്ടി വരുന്നു എന്നതാണ് സങ്കടകരം.

ഇതൊക്കെ പറയാൻ കാരണം, കൊറോണ കാരണം പാപ്പരായ കേരളത്തിലെ സർക്കാർ ഒരു മാസത്തെ ശമ്പളം സർക്കാരിന് കൊടുക്കാൻ സർക്കാർ ജീവനക്കാരോട് പറഞ്ഞപ്പോൾ എന്തൊരെതിർപ്പാണ് അവരുടെ ഭാഗത്ത് നിന്ന്.. ഇത്രകാലം അവരനുഭവിച്ചതൊക്കെ ഈ നാടിന്റെ പൊതു മുതലാണ് എന്ന ബോധമെങ്കിലും വേണ്ടേ? ഒരു മാസത്തെ ശമ്പളമല്ല, ഇപ്പോൾ അത്യാവശ്യമില്ലാത്ത, അല്ലെങ്കിൽ ജോലി ക്ക് പോകാതെ വീട്ടിലിരിക്കുന്ന സർക്കാർ ജീവനക്കാരെ മുഴുവൻ ശമ്പളമില്ലാത്ത അവധി ആയി പരിഗണിക്കുകയാണ് വേണ്ടത്. ഒരു പാട് സർക്കാർ സ്ഥാപനങ്ങൾ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. വീട്ടിലിരുന്നു സീരിയല് കാണുന്ന ഈ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുഴുവൻ ശമ്പളം കൊടുക്കേണ്ട ബാധ്യതയൊന്നും പൊതുജനത്തിനില്ല !

ഗവർമെന്റ് അധ്യാപകർക്ക് മാത്രമായി പ്രത്യേകിച്ച് ഒരു അധികമഹിമയും ഉണ്ടെന്നു വിശ്വസിക്കുന്നില്ല. കോർപ്പറേഷനിൽ വേസ്റ്റ് വാരുന്ന ആളും നഴ്സും പോലീസുകാരനും ഓട്ടോക്കാരനും ഉൾപ്പെടെ മറ്റേതൊരു തൊഴിലിനും ഉള്ളതിൽ കവിഞ്ഞ ഒരു അധിക മഹത്വവും ഗവർമെന്റ് അധ്യാപകർ എന്ന വിഭാഗത്തിന് മാത്രമായി ഇല്ല .കുട്ടികളെ വാർത്തെടുക്കുന്നു എന്നതാണെങ്കിൽ ഗവർമെന്റ് ശമ്പളത്തിന്റെ പത്തിലൊന്നു പോലും ഇല്ലാതെ കൊടിയ ദാരിദ്ര്യത്തിന്റെ വറുതിയിൽ അവരെക്കാളും പത്തിരട്ടി ആത്മാര്ഥതയിൽ പിള്ളേരെ പഠിപ്പിക്കുന്ന പാവം പാരലൽ കോളേജ് അധ്യാപകരെ അറിയാം. കോവിഡ് കാരണം ടൂട്ടോറിയലിൽ ക്ലാസ് ഇല്ലാത്തതിനാൽ പട്ടിണിയിൽ ഭാര്യയുടെ ആകെയുള്ള രണ്ട് ഗ്രാമിന്റെ മോതിരം പണയം വയ്ക്കാൻ പണയക്കട തുറക്കാതെ വിഷമിച്ച് , 750 രൂപ കടത്തിനായി കൂട്ടുകാരെ വിളിക്കേണ്ടി വരുന്ന പാവം പാരലൽ കോളേജ് അധ്യാപകരുടെ പട്ടിണിക്ക് മുന്നിലാണ്,

അഞ്ച് ശതമാനം ശമ്പളം പിടിക്കും എന്ന പറഞ്ഞതിന് അമ്പതിനായിരത്തോളം ശമ്പളമുള്ളവർ പേപ്പർ കത്തിക്കാൻ ഇറങ്ങി തിരിക്കുന്നത് എന്നോർക്കണം.ഇന്ന് നിങ്ങൾ പഠിപ്പിക്കുന്ന പിള്ളേർ വലുതാകുമ്പോൾ അതിൽ ബോധമുള്ള ചിലരെങ്കിലും ഈ സാമൂഹ്യ നിഷേധത്തിനു മനസ്സ് കൊണ്ടെങ്കിലും നിങ്ങളെ കാർക്കിച്ചു തുപ്പും.സമൂഹത്തെ സാംസ്കാരികമായി വാർത്തെടുക്കുകയാണത്രെ. ഉളുപ്പ് എന്നൊരു സാധനം ആദ്യം സമൂഹത്തിൽ ഉണ്ടാവേണ്ട വിഭാഗം ആണധ്യാപകർ .എന്റെ ഏതെങ്കിലും വേണ്ടപ്പെട്ടവർ ആ നിഷേധാത്മക നിലപാടിൽ ഉണ്ടെങ്കിൽ അവരെ കൂടി ചേർത്താണ് പറയുന്നത്. എന്റെ അധ്യാപകരെ 95 ശതമാനം പേരെയും ഞാൻ ബഹുമാനിക്കുന്നു. ഓർമ്മിക്കുന്നു.അതെ.. അധ്യാപകർ കുട്ടികളാൽ ബഹുമാനിക്ക പ്പെടേണ്ടവർ തന്നെയാണ്.കരാറടിസ്ഥാനത്തിൽ വേസ്റ്റ് വരുന്ന തൊഴിലാളി സമൂഹത്താൽ ബഹുമാനിക്കപ്പെടേണ്ടത് പോലെ.. അതിനപ്പുറം ഒരധിക മഹത്വവും വരേണ്യതയും ഒരു തൊഴിലിനും ഇല്ല എന്ന് തന്നെ പക്ഷം

പ്രതിഷേധിക്കാനുള്ള അവകാശമൊക്കെ എല്ലാവർക്കുമുണ്ട്. പക്ഷേ സർക്കാർ ജോലിക്കാരുടെ ഉത്തരവ് കത്തിക്കൽ ഫോട്ടോകൾ കാണുമ്പോൾ ഒന്നേ ചോദിക്കാനുള്ളൂ. നിങ്ങൾക്കൊന്നും ആത്മ നിന്ദ തോന്നുന്നില്ലേ? ജോലിയിൽ കയറുന്ന നിമിഷം മുതൽ മരണം വരെ സർക്കാരിനാൽ സംരക്ഷിതമായ വിഭാഗം. പണിയെടുത്താലും, പണിയെടുത്തില്ലെങ്കിലും കൂലിയിൽ കുറവ് വരാത്തവർ.
തികച്ചും അസ്ഥിരവും അരക്ഷിതവുമായ അവസ്ഥയിൽ ഒരു ഭൂരിപക്ഷ വിഭാഗം ചുറ്റുമുണ്ടെന്നും അവരനുഭവിക്കുന്ന പട്ടിണിയുടെ പങ്കു കൂടിയാണ് മുടങ്ങാത്ത വേദനമായും, ടി എ, ഡി എ, ക്ഷാമ ബത്ത അങ്ങനെ ഒടുങ്ങാത്ത ആനുകൂല്യങ്ങൾ ആയും നിങ്ങളുടെ പോക്കറ്റിൽ എത്തുന്നതെന്നും മറക്കരുത്. ലോകത്താകെ എല്ലാ പ്രൈവറ്റ് സ്ഥാപങ്ങളും തൊഴിലാളികളെ പിരിച്ചു വിടുകയും, അവരുടെ ശമ്പളം നിർദാക്ഷിണ്യം വെട്ടിക്കുറക്കുകയോ,നല്കാതിരിക്കുകയോ ചെയ്യമ്പോഴും ചുറ്റും പട്ടിണി പെരുകുമ്പോഴും, സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു കരയുന്നവരേ നിങ്ങളോട് സഹതാപം തോന്നുന്നു.