പശു ചാണകമിട്ടാലും ചിലർ അതിൽ ദൈവനാമം വായിക്കും

75

ഹംസ പുല്ലത്തിയില്‍- കരിമ്പില്‍.

വലയില്‍കുടുങ്ങി പിയുന്ന ഒരു മീന് രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ചിലപ്പോള്‍ നൈലോണ്‍ കയറില്‍ കൂടുതല്‍ മുറുകി അതിന്‍റെ വശങ്ങളിലെ ചെതുമ്പലുകള് നഷ്ടപ്പെടും. അല്ലെങ്കില്‍, ആക്രമണ കാരികളായ ഇതര മത്സ്യങ്ങളുടെ കൊത്തേറ്റാലും അങ്ങനെ ചെതുമ്പല്‍ പറിഞ്ഞു പോയിട്ടുണ്ടാവും. അത്തരം മീനുകളെ കിട്ടിയാല്‍ ഭൂതക്കണ്ണാടി വെച്ച് നോക്കും ചിലര്‍: മീനിന്‍റെ വയറ്റത്ത് അറബിയില്‍ ‘അല്ലാഹു’ എന്നോ- ‘മുഹമ്മദ്‌’ എന്നോ എഴുതിയപോലുള്ള സാദൃശ്യം കാണുന്നുണ്ടോ ന്ന് ! അങ്ങനെണ്ടെങ്കിപ്പിന്നെ ആളുകളുടെ തിക്കും തിരക്കുമാണ് പടച്ചോന്‍ നേരിട്ട് അല്ലാഹു എന്നെഴുതിവിട്ട മീനിനെ ചാവുംമുന്‍പ് ഒരുനോക്ക് കാണാന്‍ !

പഴുത്ത ഒരു തക്കാളി നെടുകെ മുറിച്ചപ്പോ അതിന്‍റെ ഉള്‍വശത്ത് അറബി-ലിപിയില്‍ ‘അള്ളാഹു’ എന്ന് കാണിച്ചുതരാന്‍ ‘അള്ള-ത്തക്കാളി’യുടെ ഫോട്ടോ ഇട്ടവരും, അതുകണ്ടയുടനെ ഭക്തി മൂത്ത് പടച്ചോന്‍ തക്കാളിക്കുള്ളിലായത് ഷെയര്‍ചെയ്ത അല്‍പ്പന്‍മാരെയും അനവധി കണ്ടിരുന്നു. ഉണങ്ങിയ മരത്തിലെ ചുള്ളിക്കംബുകള് ഏതെങ്കിലും ആംഗിളിലൂടെ നോക്കുമ്പോ അവിടെയും ‘അല്ലാഹു’ ഉണങ്ങി നിക്കുന്നത് നമ്മള് കണ്ടിരുന്നു.. അല്ല.. അത് ആവേശത്തോടെ നമുക്ക് കാട്ടിത്തരാന്‍ മതം എന്തെന്നോ പടച്ചവന്‍ എന്തെന്നോ മനസ്സിലാക്കാത്ത മുസ്ലിം നാമധാരികളായ സുന്ദരവിഡ്ഢികള് ണ്ടായിരുന്നു. അത്കണ്ടിട്ട് മാശാ അല്ലാഹ് പറഞ്ഞു മറ്റുള്ളവര്‍ക്ക് ‘അപൂര്‍വ്വ കാഴ്ച’ ടാഗ് ചെയ്ത മരപ്പോത്തുകളുമുണ്ടായിരുന്നു ഇവിടെ !

പ്രസവിച്ച് ഏതാനും നാളുകള് ആയുസ്സ് കിട്ടിയ ഒരു പൈതലിന്‍റെ കാലിലും കഴുത്തിലും ചുറ്റിപ്പിണഞ്ഞ നാഡികളും, ഞരമ്പുകളും, അവിടെ ചോര കല്ലിച്ചതും കൂട്ടിവായിച്ച് അറബി ലിപിയില്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്.. മുഹമ്മദ് റസൂലുല്ലാഹ്’ എന്നൊപ്പിച്ച പടു ജാഹിലീങ്ങളൊക്കെ ഇപ്പഴും കാണും ഇവിടെ യെവിടെയെങ്കിലും ! ഇന്നാളൊരു വിദ്വാന്‍ ബീഫിന്‍റെ തുടമാംസം വെട്ടി അടര്‍ത്തിയപ്പോ അതിനകത്ത് വെള്ള നിറത്തിലെ പാട വലിഞ്ഞു മുറുകി- അല്ലാഹുവിന്‍റെ അപാരമായ കഴിവ് അറബിയില്‍ പേരായി പ്രത്യക്ഷപ്പെട്ടത് കണ്ടിരുന്നു നമ്മള്- ഇറച്ചീലള്ളയായി ! പക്ഷേ, ‘മുഹമ്മദ്‌’ എന്നുള്ള അറബി അക്ഷരങ്ങള് കണ്ടത് മണക്കുന്ന മീനിലും, തണുക്കുന്നവാനിലും ആയിരുന്നു. നീലവാനിലെ വെള്ള മേഘങ്ങള്‍ കാറ്റിന്‍റെ ഗതിക്കൊപ്പം നീങ്ങുമ്പോ- പഞ്ഞിക്കെട്ടു പോലുള്ള വെണ്‍മേഘ ശകലങ്ങള്‍ സ്ഥാനം തെറ്റി.. അത് അല്ലാഹു പോലെയും മുഹമ്മദ്‌ പോലെയും വായിച്ചെടുത്ത് ഈമാൻ വല്ലാതെ വിജ്രംഭിച്ചവരും കുറെയെണ്ണം കാണും നമുക്കിടയില്‍.

ഇത്തരം മാനസിക രോഗികളുടെ കണ്‍വെട്ടത്ത് ഒരു എരുമയോ പശുവോ നിന്നനില്‍പ്പില്‍ ചാണകം ഇട്ടെന്നു കരുതുക ! സ്വാഭാവികമായും നാലടി ഉയരത്തില്‍നിന്നും ചാണകം താഴെ വീഴുമ്പോ -ആ കൂനയില്‍ ചുളിവുകളും മടക്കുകളും കാണും. അത് കണ്ടാലും ഇക്കൂട്ടര്‍ തലപുകഞ്ഞു ശ്രമിച്ചു നോക്കും ആ ചാണകത്തില്‍ ദൈവം അവന്‍റെ പേര് അറബിയില്‍ എഴുതി വെച്ചിട്ടുണ്ടോ എന്ന് ! അല്ലെങ്കില്‍, ദൈവദൂതന്‍റെ ‘മുഹമ്മദ്‌’ എന്ന പേര് ചാണകക്കൂനയുടെ മടക്കിലോ ചുളിവിലോ വായിച്ചെടുക്കാന്‍ സാധിക്കുമോ ന്ന് !

പറഞ്ഞു വന്നത്: അത്തരത്തില്‍പ്പെട്ട ഏറ്റവും പുതിയ ‘ദൃഷ്ടാന്തമായിരുന്നു’ ഇന്നലെയോ മറ്റോ നമ്മള് വീഡിയോയിലൂടെ ഒരു രംഗം കണ്ടപ്പോ- അതിന്‍റെ കൂടെ ഒരു ജാഹിലിന്‍റെ (ഒരു പടു മുട്ടാളിന്‍റെ) വിശദീകരണം പറച്ചില് കേട്ടത് ! മരിച്ച മയ്യത്ത് മറ മാടാന്‍ മനുഷ്യര്‍ക്കുള്ള ഒരു ദൃഷ്ടാന്തമാണത്രേ അത് ! കടന്നലിന്‍റെ ജനുസ്സില്‍പെട്ട ഒരു പ്രാണിയാണ് വേട്ടാളന്‍ എന്ന ആ ജീവി.
കടന്നലുകള്‍ കൂട്ടമായി വസിക്കുന്നവയാണ് എങ്കില്‍- വേട്ടാളന്‍ ഏകാന്തതയെ ഇഷ്ടപ്പെടുന്നു എന്നതാണ് എടുത്തുപറയത്തക്ക വ്യത്യാസം. കടന്നലുകള്‍ കീഴ്ക്കാം തൂക്കായ കൂടുകളായിരിക്കും പൊതുവേ പണിയുന്നത് വല്ല മരക്കൊമ്പത്തോ അതുപോലുള്ള ഇടങ്ങളിലോ ഒക്കെ. അപൂര്‍വ്വമായേ അവ വീടുകളുടെ മോന്തായവും ഓട്ടിന്‍പുറവുമൊക്കെ ആവാസത്തിന് തിരഞ്ഞെടുക്കാറുള്ളൂ.. വേട്ടാളന്‍ ഈ കാര്യത്തിലല്‍പ്പം വ്യത്യാസമുള്ള കൂട്ടത്തിലാണ്. അവ, ആളുകള്‍ നോക്കി നില്‍ക്കെ ജനല്‍ ച്ചെടിയിലും വാതില്‍ കട്ടിളയിലുമൊക്കെ മിനിട്ടുകള്‍കൊണ്ട് കൂടൊരുക്കും ! മണ്‍ ചുവരുകള്‍ വേട്ടാളന്‍മാര്‍ക്ക് പ്രിയപ്പെട്ട ഇടമാണ് കൂട് കൂട്ടാന്‍.
വായില്‍ ശേഖരിച്ച പൊടിമണ്ണ് വായ്ക്കുള്ളില്‍ വെച്ചുതന്നെ പശിമയുള്ളതാക്കി കുടത്തിന്‍റെ ആകൃതിയിലും, കൂജയുടെ ആകൃതിയിലുമൊക്കെയാണ് വേട്ടാളന്‍ എന്ന പ്രാണി കൂട് നിര്‍മ്മിക്കുന്നത്. പക്ഷേ, കാലംമാറിയപ്പോ മതിലുകളും ഭിത്തികളും ഒക്കെ തേച്ചുമിനുക്കി എനാമല്‍-പെയിന്റും അടിച്ച്.. മര ഉരുപ്പടികളൊക്കെ രൂക്ഷ ഗന്ധമുള്ള വാക്സും വാര്‍ണീഷും തേച്ച്.. വേട്ടാളന്‍മാര്‍ക്കത് നിഷേധിക്കപ്പെട്ട സാഹചര്യമാണ് പൊതുവേ എവിടെയും.

നമുക്കറിയാം- മുന്‍പൊക്കെ മുറ്റത്തെ ചെങ്കല്ല്കൊണ്ട് കെട്ടിയ മതിലുകളില്‍ അന്നാരും അതില്‍ പ്ലാസ്റ്റിംഗ് ചെയ്യാറില്ലല്ലോ. ചരിച്ചു പടുത്ത ചെങ്കല്ലുകളില്‍ ചിലതില്‍കാണാം ചെറു വിരല് മാത്രം കടക്കാവുന്നയാത്ര വ്യാസത്തിലൊരു ദ്വാരം കുത്തനെ ഇത്തിരി വളഞ്ഞ പോലെ. അതൊക്കെയായിരുന്നു വേട്ടാളന്‍മാരുടെ ഇഷ്ട താവളം. എല്ലാപഴുതും അടഞ്ഞപ്പോ അവറ്റയും പുതിയ മാര്‍ഗ്ഗങ്ങള്‍ തേടി. അതില്‍പ്പെട്ട ഒന്നാണ് ഈര്‍പ്പമില്ലാത്ത നേരിയ ഉറപ്പുള്ള മണ്ണില്‍ കൂജയുടെ ആകൃതിയില്‍ കുഴിതോണ്ടി അതിനകത്ത് മുട്ടയിട്ടു പ്രജനനം നടത്തുക എന്നത്. പ്രാണികള്‍ അടയിരിക്കാറില്ലല്ലോ പൊതുവേ. വേട്ടാളനും അതുതന്നെ സ്ഥിതി.
മണ്ണിലായാലും മതിലിലായാലും ഒരുക്കിയ കൂടിനകത്ത് മുട്ടയിട്ട് ആ കൂടിന്‍റെ കവാടം വേട്ടാളന്‍ അടച്ചിടും അതിന്‍റെതായ എന്ജിനീയറിങ് വിദ്യയിലൂടെ. നാളുകള്‍ക്കു ശേഷം മുട്ട വിരിഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ അകത്തു നിന്നും നിഷ്പ്രയാസം ആ ദ്വാരം തുറക്കാന്‍ പറ്റുന്ന രീതിയിലായിരിക്കും പുറത്തുനിന്നും അത് അടച്ചിട്ടുണ്ടാവുക. ഇവിടെയൊരു പ്രത്യേകതയുണ്ട്. വേട്ടാളന്‍വര്‍ഗ്ഗം മാംസ ഭുക്കുകളാണ്. അതുകൊണ്ടുതന്നെ, മുട്ടയില്‍നിന്നും വിരിഞ്ഞു ചാടിയ അതിന്‍റെ കുഞ്ഞുങ്ങള് ആദ്യമേ തിന്നുന്നതും വല്ല പുഴുവിനെയോ പാറ്റയെയോ ആയിരിക്കും. എന്നിട്ടാണ് അവ കൂടിന്‍റെ ദ്വാരം തുറന്നു പുറത്തേക്ക് പറക്കുന്നത്.
അങ്ങനെ കൂടൊരുക്കി മുട്ടയിട്ട് പുറത്തുനിന്നും ദ്വാരം അടയ്ക്കുംമുന്‍പ് വിരിയാന്‍ പോവുന്ന ആ കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ട ഭക്ഷണത്തിനുള്ള വക- അത് കണ്ടെത്തി കൂട്ടിനകത്ത് നിക്ഷേപിക്കും !

ഇവിടെ നമ്മള് ചിന്തിക്കേണ്ട ഒരു വിഷയം അതോടെ ആ വേട്ടാളന്‍റെ ദൌത്യം ഈ കാര്യത്തില്‍ തീര്‍ന്നൂ എന്നതാണ്. പിന്നെ വിരിഞ്ഞിറങ്ങിയ ആ കുഞ്ഞുങ്ങളായി- അവരുടെ പാടായി. കാരണം, പ്രാണിയായ ഈ ജീവിയുടെ ആയുസ്സ് അല്‍പ്പമാണല്ലോ.. നമ്മുടെ ബെഡ്റൂമിലെ ജനല്‍ച്ചെടിയില്‍ കൂജയുടെ ആകൃത്തിയില്‍ പുതിയ കൂടൊരുക്കാനുള്ള അതിന്റെ ശ്രമത്തിലാവും നമ്മളൊരു ലൈറ്റര്‍ കത്തിച്ചു അതിനെ കരിച്ചു കളയുന്നത് ! അല്ലെങ്കി, തഞ്ചംനോക്കി ഒരൊറ്റയടി ! അതോടെ തീര്‍ന്നു. അത്രേള്ളൂ അതിന്‍റെ കാര്യം.
ചുരുക്കിപ്പറഞ്ഞാല്‍ ഇത്തരമൊരു വേട്ടാളന്‍റെ പ്രവൃത്തിയാണ്‌ ഒരു ജാഹില് പറഞ്ഞു ഫലിപ്പിക്കുന്നത്: മരിച്ച മയ്യത്ത് മറവു ചെയ്യേണ്ടത് എങ്ങനെയെന്നു കാണിച്ചു തരുകയാണ്‌ അല്ലാഹു ഈ വേട്ടാളനിലൂടെ ! അതിനേക്കാള്‍ വലിപ്പമുള്ള ഒരു ജീവിയുടെ മയ്യിത്ത് മറ മടാന്‍ കൊണ്ടുപോവുകയാണ്‌.
സുബുഹാനല്ലാഹ്.. മാശാ അല്ലാഹ്..
ഈ കാണുന്നതില്‍ നമുക്ക് മഹത്തായ ഒരുപാട് ദൃഷ്ടാന്തമുണ്ട്..
തേങ്ങാക്കൊലണ്ട്. മാങ്ങാത്തൊലിണ്ട്- എന്നൊക്കെ!
എന്താ ജാഹിലീങ്ങളെ നിങ്ങളൊക്കെ ഇനീം കാര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്തത് !

പടച്ചതമ്പുരാന് അവന്‍റെ നാമം അറബിലിപിയില്‍ മീനിന്‍റെ പള്ളമ്മലും, മാനിന്‍റെ തൊള്ളമ്മലും എഴുതി വെച്ച് കളിക്കലാണോ പണി !? ഉണങ്ങിയ മരത്തിന്‍റെ കരിഞ്ഞ ചുള്ളിയില്‍ അല്ലാഹു ന്നുണ്ടാക്കി വെച്ച്‌- വിറകൊടിക്കാന്‍ വന്നവന്‍ ആ ചുള്ളി ശേഖരിച്ച് അടുപ്പിലിട്ട് കത്തിക്കുമ്പോ അതു കണ്ട് ആര്‍ത്തു ചിരിക്കലാണോ അള്ളാക്ക് പണി !? അതോ.., അള്ളാനെ മരത്തില്‍നിന്നും ഒടിച്ച്‌ കത്തിച്ചാല്‍ കത്തും.. കത്തിത്തീർന്നാല് വെണ്ണീറാവും.. അതില്‍ നമുക്കൊക്കെ വലിയ ദൃഷ്ടാന്തം ണ്ട് ന്നു വെച്ച്കാച്ചുന്ന പണിയാണോ നിങ്ങക്ക് !?
ആകാശത്തിലെ മേഘത്തിന്റെ ചായിവും ചെരിവുംനോക്കി അത് അല്ലാഹുന്നും മുഹമ്മദുന്നും വായിച്ചു കൂട്ടുന്ന മൊയന്തുകളേ..
വടക്ക്ന്നു തെക്കോട്ട്‌ നോക്കുമ്പോ നിങ്ങള് കാണുന്ന മേഘം തെക്ക്ന്നു വടക്കോട്ട്‌ നോക്കുമ്പോ ഏതു രൂപത്തിലാവും വായിക്കുക !?
ഒരു വേട്ടാളന്‍ അതിന്‍റെ കൂട്ടില്‍ ഇര ശേഖരിച്ചത് കണ്ടിട്ട് അത് ജനങ്ങള്‍ക്ക് മയ്യത്ത് മറവു മാടാനുള്ള ദൃഷ്ടാന്തമാണ് എന്ന് പറഞ്ഞുപരത്തുന്ന നീയൊക്കെ- അത് കണ്ടയുടന്‍ പടച്ചവനെക്കുറിച്ചുള്ള ഏറ്റവും പുതിയ പ്രബോധനം എന്നുകരുതി ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന ഈ ജാഹിലീങ്ങളൊക്കെ എന്തിനിങ്ങനെ ഒരു മതത്തെ മറ്റുള്ളവരെക്കൊണ്ട് കളിയാക്കിക്കുന്നു !?

നിനക്കൊക്കെ എന്താ അതുകൊണ്ടുള്ള നേട്ടം ?.. എന്ത് ലാഭം !?
ഇങ്ങനെ മതത്തെ അവഹേളിക്കുന്ന നിന്നെയൊക്കെ
വേണ്ടപോലെ കൈകാര്യം ചെയ്യാനുള്ള ഒരു വകുപ്പും ഇല്ല്യേ എവിടെയും !?
എന്ത് മാതിരി ദുരന്തങ്ങളാഡോ നീയൊക്കെ ! ഹാദാ ഖൌമുന്‍ ജാഹിലൂന്‍ എന്നതിന് നീയൊക്കെ ഒരു തെളിവായി ഉണ്ടല്ലോ ! ഒരുകണക്കിന് അതും ഒരുപകാരം.


Baiju Raju

അള്ളാന്റെ മഹത്തായ ഒരു കുദ്രത് നോക്കിയേ !!
.
ഒരു വലിയ ചത്ത വണ്ടിന്റെ മൃതദേഹം മറ്റൊരു പ്രാണി വലിച്ചുകൊണ്ടുവന്നു കുഴി ഉണ്ടാക്കി കബറടക്കം ചെയ്യുന്നു എന്ന് പറയുന്ന വീഡിയോ കണ്ടു.
* * മുകളിൽ പറഞ്ഞ വീഡിയോ കാണാത്തവർക്ക് ആദ്യം ഈ പോസ്റ്റിനു കൂടെയുള്ള വീഡിയോ കാണാം.
എന്നിട്ടു ബാക്കി വായിക്കാം.
* ഇത് കബറടക്കം ആണോ ?
അല്ല.
തണുപ്പുകാലത്തു ആഹാരം കിട്ടാൻ ബുദ്ധിമുട്ടുള്ളപ്പോൾ കഴിക്കുവാനായി ആഹാരം ശേഖരിച്ചു വയ്ക്കുന്ന പല ജീവികളും ഉണ്ട്.
നമ്മുടെ നാട്ടിൽ കാണുന്ന അണ്ണനും കൂടുതൽ ആഹാരം കിട്ടിയാൽ മരത്തിനു മുകളിൽത്തന്നെയോ അല്ലെങ്കിൽ നിലത്തുതന്നെയോ ഒളിപ്പിച്ചു വയ്ക്കുന്ന ശീലം ഉണ്ട്.
ഇതുപോലെ പല പ്രാണികളും ചെയ്യാറുണ്ട്.
കടന്നൽ, വേട്ടാവലിയൻ, ഉറുമ്പു.. തുടങ്ങിയ പല പ്രാണികളും ആഹാര സാധങ്ങൾ എപ്പോൾ കിട്ടിയാലും ശേഖരിച്ചു വയ്ക്കും.
* ചില പ്രാണികൾ കുഞ്ഞുങ്ങൾ ഉണ്ടാവുന്നതിനു തൊട്ടു മുൻപായിരിക്കും കുഞ്ഞുങ്ങൾക്കായി ആഹാരം ശേഖരിച്ചു വയ്ക്കുക.
* ചില പ്രാണികൾ മറ്റു ചില പ്രാണികളുടെ വയറു തുളച്ചാണു മുട്ട ഇടുക !. കുഞ്ഞുങ്ങൾ വിരിഞ്ഞു ആ പ്രാണിയെ തിന്നാണു പുറത്തു വരിക.
* ചാണകവണ്ടു തന്റെ ഭാരത്തിന്റെ 500 മടങ്ങു ഭാരം സുഖമായി മണ്ണിലൂടെ തള്ളിക്കൊണ്ടുപോയി ശേഖരിച്ചു വയ്ക്കും.