ആരാധനാലയങ്ങൾ തുറന്നാൽ വിശ്വാസികള്‍ക്ക് ആശ്വാസമാവുമെന്നതല്ല, വിശ്വാസികളിൽ നിന്ന് ചക്കാത്ത് കിട്ടുമെന്നതാണ് വിഷയം

45

Hamza Pullatheel Karimbil

‘ ബാറും ബീവറേജും തുറന്നെങ്കില് അള്‍ത്താരയും അരമനയും തുറക്കുന്നതിലെന്താ കൊഴപ്പം !? ബീവറേജ് തുറക്കാമെങ്കില് മസ്ജിദ് തുറക്കാമ്പാടില്ലേ !? ‘നാട്ടിലെ പലരുടെയും ശങ്കയും ചോദ്യവുമാണിത് ! പലരും പറഞ്ഞ് നോക്കുന്നുണ്ട്: ”മാനസീക പിരിമുറുക്കമേറിയ വിശ്വാസികള്‍ക്ക് അതൊരു ആശ്വാസമാവും” ന്ന് ! സത്യത്തില്‍, വിശ്വാസികളില്‍ നിന്നും ചക്കാത്ത് കിട്ടാഞ്ഞിട്ട്- ഉള്ള പിരി ലൂസായതാണിക്കൂട്ടര്‍ക്ക് ഈസമയത്ത് – എന്നുവേണം കരുതാന്‍. വാദത്തിനുവേണ്ടി ഇവര്പറയുന്ന ഒരു വിഭാഗം, മദ്യാ-സക്തി മൂത്തവരാണ്. മറുവിഭാഗം, മതാ-സക്തി മൂത്തവരാണ്. അതു കൊണ്ട്, രണ്ടും തുല്യരാണ് എന്ന മട്ടിലാണ് അവരീ വിളിച്ചുകൂവി പറയുന്നത് ! പക്ഷേ, മദ്യപാനി സ്വര്‍ഗ്ഗരാജ്യ-മര്‍ഹിക്കുന്നില്ല എന്ന് ഒരിടത്ത് പറയുന്നതും – മതജീവി സ്വര്‍ഗ്ഗരാജ്യമാണ് ലക്ഷ്യംവയ്ക്കുന്നത് എന്നതും തമ്മിലെ വൈരുദ്ധ്യം എന്തെന്ന് ‘ അതാവാമെങ്കില്‍- ഇതായിക്കൂടേ ‘ എന്നു പുലമ്പുന്നവര് ഓര്‍ക്കുന്നേയില്ല ! മദ്യപാനിയെ നമ്മളാരും തോളില് കൈയ്യിട്ടോ ഒപ്പമിരുത്തിയോ സാമീപ്യം ആഗ്രഹിക്കുന്നില്ലാ എന്നിരിക്കെ – അതുപോലെയല്ലല്ലോ ആരാധനാ- ലയത്തില് വരുന്ന വിശ്വാസികളുടെ സമൂഹത്തെ കാണേണ്ടത് !

കൊറോണ-വൈറസ് നാട് നീങ്ങിയിട്ടില്ലാ എന്നത് എല്ലാവര്‍ക്കുമറിയാം !? ഇത്തരമൊരു സാഹചര്യത്തില് ബിവറേജിനു മുന്നില്‍ ക്യൂ-നില്‍ക്കുന്ന പോലെയല്ലല്ലോ ചര്‍ച്ചി്ലെ ഖുര്‍ബാനയ്ക്കും, മസ്ജിദിലെ സുജൂദിനുമൊക്കെ ആളുകള് ഒരുമിയ്ക്കുന്നത്. രണ്ടുംതമ്മില് ആടും ആടലോടകവുംപോലെ- അടപടലം വ്യത്യാസമുണ്ട്. ഉദാഹരണമായി മുഖ്യധാരയിലുള്ള മസ്ജിദുകളുടെ കാര്യംതന്നെയെടുക്കാം: നമ്മുടെ നാട്ടിലെ പള്ളികള് വാഹന ഗാതാഗതമുള്ള പാതയോരത്താവും പൊതുവെ ഉണ്ടാവുക. അതോടൊപ്പം,പല മസ്ജിദുകളും അങ്ങാടികളോടു ചേര്‍ന്നാവും കാണുന്നത്. അവിടെ പലരും വരും– പോവും. കാരണം, പള്ളികള് ആരുടേയും സ്വകാര്യ സ്വത്തല്ലല്ലോ.ജമാഅത്തിനുള്ള ബാങ്ക്-വിളിക്ക് മുന്‍പേ പള്ളിയില് വരുന്നവരുണ്ട്. ചിലര്, ശേഷം വരും. വേറെ ചിലര് ജമാഅത്ത് നമസ്ക്കാരം കഴിഞ്ഞ ശേഷമാവും വരുന്നത് ! ഇങ്ങനെ ഒറ്റയും തെറ്റയുമായി വരുന്നവരില് അതാത് നാട്ടുകാര് മാത്രമല്ല. എങ്ങൂന്നോ വന്ന്– എങ്ങോട്ടോ പോവുന്ന വഴി യാത്രക്കാരും വാഹനയാത്രക്കാരും കാണും .

ഏതു പള്ളികളിലും പൊതുവായി ഒരു കൊച്ചു ജലാശയം ( ഹൌള് ) കാണുമല്ലോ. പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന പള്ളികളാണെങ്കില്‍ തറനിരപ്പിനൊപ്പമായിരിക്കും അവിടെ ഹൌള് ണ്ടാവുക. ഏകദേശം ഒരു..ഒന്നൊന്നര മീറ്റര്‍ ആഴത്തിലും മൂന്നു-മൂന്നര മീറ്റര്‍ നീളത്തിലും, രണ്ടു മീറ്ററോളം വീതിയിലുമുള്ള ഒരു കൊച്ചുജലാശയം ! ആധുനിക പള്ളികളിൽ .: നിന്നുകൊണ്ട് വുളുചെയ്യാന്‍ പറ്റുന്ന ഉയരത്തിലാവും ഹൌള്പണിതിട്ടുണ്ടാവുക. ഇരുന്നും നിന്നും അംഗശുദ്ധി ചെയ്യാനുതകുന്ന ഒരുപാട് വാട്ടര്‍-ടാപ്പുകളും കാണും ആളുകളുടെ സൌകര്യാര്‍ത്ഥം . ഇങ്ങനെ ജലം കെട്ടിക്കിടക്കുന്ന ഹൌളില്നിന്നും ഒരാള് വുളു എടുക്കുമ്പോ.. അയാളുടെ മുന്‍കൈ.. മുഖം.. കൈമുട്ടുവരെ ഒക്കെ കഴുകുമ്പോ.. ആ വ്യക്തിയുടെ അവയവത്തിലൂടെ അയാളുപയോഗിച്ച വെള്ളം ഒലിച്ചിറങ്ങുന്നത് നേരെ ഹൌളിലേക്കാണ് ! വായില് വെള്ളം കൊപ്ലിച്ചു തുപ്പുമ്പോ- മൂക്കില് വെള്ളംകയറ്റി നാസിക ചീറ്റുമ്പോഴൊക്കെ .. അതിന്‍റെയംശം സ്പ്രെഡ് ആയി തെറിക്കുന്നത്‌ ഈ കെട്ടിക്കിടക്കുന്ന ഹൌളിലേക്കാവും. അതുപോലെ എത്രയോ ആളുകളവിടെ വുളു ചെയ്യുന്നു.., അതേ ഹൌളിലെ വെള്ളംതന്നെ മറ്റുള്ളവരുമുപയോഗിക്കുന്നു !

ചില പള്ളികളില് ടാപ്പിനു മുന്‍പില് ആളുകള്‍ക്ക് ഇരിക്കാനുള്ള സംവിധാനം ചെയ്തിട്ടുണ്ടാവും. ചിലയിടങ്ങളില് കുനിഞ്ഞു നിന്നാവും ടാപ്പിലെ ജലം തുറന്ന് വുളു എടുക്കുന്നത്. ഇങ്ങനെ, വുളു എടുക്കും മുന്‍പും– വുളുവിനു ശേഷവും – ടാപ്പ് നിയന്ത്രിക്കുന്നത്‌ ഓരോരുത്തരും കൈ കൊണ്ട് തൊട്ടിട്ടാണ്. ശേഷം മറൊരാള് അതേ ടാപ്പില്‍ അതാവര്‍ത്തി്ക്കുന്നു. അങ്ങനെ എത്രയോ ആളുകള്.. മറ്റു പലരും തൊട്ടതും തലോടിയതുമായ ടാപ്പുകളില്‍- അവരും തൊടുന്നു- പബ്ലിക്കായി ഉപയോഗിക്കുന്നു ! അതുപോലെ: നമ്മുടെ നാട്ടിലെ എഴുപതു ശതമാനം പള്ളികളിലും ‘ചെരുപ്പിടല്‍ വ്യവസ്ഥ’ യുണ്ടാക്കി വെച്ചിട്ടുണ്ട് ചിലര് – അവിടെയുള്ള ശൌചാ- ലയങ്ങളില് !
നമസ്കാരസമയം കണക്കാക്കി പള്ളികളിലെത്തുന്ന പലരും വീട്ടില്‍നിന്നും വളരെ നേരത്തേ ഇറങ്ങിയവരായിരിക്കും പലയാവശ്യങ്ങള്‍ക്കും വേണ്ടി. അതുപോലെ വാഹനയാത്രക്കാരും.. ! ഇവരൊക്കെ പള്ളികളിലെത്തിയാല് നമസ്കാരത്തിനുള്ള അംഗശുദ്ധി വരുത്തുംമുന്‍പ് സ്വാഭാവികമായും അവിടെയുള്ള ടോയ്‌ലറ്റോ മൂത്രപ്പുരയോ ഉപയോഗിക്കുന്നവരാവും.
അത് മനുഷ്യ സഹജം. പക്ഷേ, മൂത്രപ്പുരയുടെ അടുത്തെത്തുമ്പോ കാണാം ഒരു ഫലകം: ‘ ചെരിപ്പുകള്‍ പുറത്ത് ‘ എന്ന് ! അതായാത്, മുള്ളാന്‍ചെല്ലുന്ന വ്യക്തി സ്വന്തം പാദരക്ഷ അങ്ങോട്ട്‌ കയറ്റരുത്. അത് പുറത്തൂരിവെച്ച്– മൂത്രപ്പുരയ്ക്ക് മുന്നില്‍ കൂമ്പാരമായി വെച്ചിട്ടുള്ള ചെരിപ്പുകളില്‍ ഏതെങ്കിലുമൊന്ന് അണിയുക.. ടോയ്ലെറ്റില്‍നിന്നോ , ലാട്രിനില്‍നിന്നോ തിരിച്ചിറങ്ങുമ്പോ പഴയസ്ഥാനത്ത് ‘പള്ളിക്കമ്മിറ്റി വക ചെരിപ്പ്’ ഊരിവെക്കുക !

ചീഞ്ഞതും തേഞ്ഞതുമായ ഹവായ് ചെരുപ്പുകളുടെ കൂമ്പാരമായിരിക്കുമവിടെ. ചിലത് തേഞ്ഞു തേഞ്ഞ് ഉള്ളിത്തൊലിയുടെ പരുവമായിട്ടുണ്ടാവും. കൂട്ടത്തില്‍, ആക്രിക്കാര്‍ക്ക് പോലും ഓക്കാനം വരുന്ന പഴകിപ്പൊളിഞ്ഞ പ്ലാസ്റ്റിക് ചെരുപ്പുകളും കാണും ! പള്ളിക്കമ്മറ്റിയുടെ ‘ഉദാര സേവന’ ഉപാധിയായ ഇത്തരം ചെരിപ്പുംചവിട്ടി മൂത്രിക്കാന്‍ ചെന്ന പലരും മാറിമാറി ധരിച്ച്.., അവരുടെ ഉപയോഗ സമയത്ത് അതില്‍ വെള്ളമോ മറ്റോ തെറിച്ച്.., മറ്റുള്ളവരുടെ കാലിലെ ചെളിയോ വിയര്‍പ്പോ പറ്റിയ അത്തരം ചെരുപ്പുകളാണ് നമ്മളും ചവിട്ടേണ്ടത് ! ശൌചാലയത്തില് കയറാന്‍ ‘പള്ളിച്ചെരിപ്പിട്ടവരാരും’ ആവശ്യംകഴിഞ്ഞ ശേഷം അത് കഴുകുകയോ.. ഇത്തിരി വെള്ളം കാലുംകൂട്ടി ചെരിപ്പിനു മീതെ ഒഴിക്കുകയോ പതിവില്ലല്ലോ മൂത്രപ്പുരയുടെ പുറത്ത് അഴിച്ചിടുകാ എന്നല്ലാതെ ! മൂത്രപ്പുരകളില് പ്ലാസ്റ്റിക് ചരടുകളില്‍ കെട്ടിയിട്ട കൈപ്പാട്ടയുണ്ട്.ചിലയിടത്ത് ഫോസ്സെറ്റും (ഹാന്‍ഡ് പമ്പും) കാണും. മറ്റുപലരും തിരിച്ചും മറിച്ചും ഉപയോഗിച്ച അതേ കൈപ്പാട്ടയോ ഫോസ്സെറ്റോ ആണ് ശൌച്യം ചെയ്യാനുള്ള ഉപയോഗത്തിന് നമ്മളും കയ്യിലെടുക്കുന്നത് !

അങ്ങനെ പലരുടെയും കാലുകള്‍ മാറി മാറി കയറിയ ആ ചെരുപ്പുപയോഗവും കഴിഞ്ഞ്- നമുക്ക് മുന്നേ വുളു എടുത്തവന്‍റെ അവയവത്തിലൂടെ ഒലിച്ചിറങ്ങിയ വെള്ളംകലര്‍ന്ന അതേ ഹൌളില് നിന്നും മുമ്മൂന്നു തവണവീതം നമ്മളും വായ കൊപ്ളിച്ചും, മൂക്കില് വെള്ളംകയറ്റി ചീറ്റിയും, മുഖം ( കണ്ണും ചേര്‍ത്ത് ) കഴുകിയും.. അങ്ങനെ വുളു പൂര്‍ത്തീകരിച്ച്– ശേഷം, പള്ളിയുടെ അകത്തു കടക്കുന്നു. കാണാം നമുക്കവിടെ: ഹൌളിന്‍റെ ഭാഗത്ത്നിന്നും പള്ളിക്കകത്തേക്ക് കടക്കുന്ന കവാടത്തില് കട്ടിയുള്ള ഒരു ‘ചൂടിപ്പടം‘ അഥവാ, കൊയര്‍-മാറ്റ് കിടക്കുന്നത്! വുളു എടുത്ത്: അകത്തു കടക്കുമ്പോ നനഞ്ഞ കാലുകളിലെ വെള്ളം തുടച്ചു കളയാനുള്ളതാണത്. ഇക്കണ്ട ആളുകളൊക്കെ അവരവരുടെ നനഞ്ഞ കാലുകള് അതിലാണ് ഉരസുന്നത് എന്നോര്‍ക്കുക. ഇതിനിടയില്‍, വീട്ടില്നിന്നും വുളു എടുത്ത് പള്ളിയില് വരുന്ന പരിസരവാസിയായ ഒരാളും അതേ ചൂടിപ്പടം ചവിട്ടിയാണ് അകത്ത് കടന്നു വരുന്നത് എങ്കില്‍, മറ്റുള്ളവരുടെ കാലിലെ ഈര്‍പ്പം അയാളുടെ കാലിലും പറ്റി.. !

സ്വഫ്ഫുകളിലെ പുല്‍പ്പായകള് വഴിമാറി റെക്സിന്‍ ഷീറ്റുകളായെങ്കിലും.. മാറ്റത്തിനൊപ്പമുള്ള കാറ്റ് നമ്മുടെ പരിസരത്തും വീശിയപ്പോ- പള്ളികളില്‍ കാര്‍പ്പെറ്റുകളുടെ പെറ്റു പെരുകലായിരുന്നു. സ്പോഞ്ചുപോലെ കട്ടിയും മൃദുലവും ഒന്നുചേര്‍ന്ന- വര്‍ണ്ണ വൈവിദ്ധ്യമായ കാര്‍പ്പെറ്റുകള് സ്വഫ്ഫുകള്‍ക്കൊരലങ്കാരം തന്നെയാണു്.
അംഗശുദ്ധിവരുത്തി,
നമസ്കാരത്തിന് സ്വഫ്ഫുകളില് എത്തിയവരൊക്കെ ഇരിക്കുന്ന ആ ഇടം.., നമസ്കാര സമയത്തെ സാഷ്ടാംഗ പ്രണാമത്തില് അവന്‍റെ നെറ്റിയും മൂക്കും മുട്ടുന്ന- അവന്‍റെ ഉച്ഛ്വാസവായുവിലെ ഈര്‍പ്പംതട്ടുന്ന ആ പുല്‍പ്പായയോ കാര്‍പ്പെറ്റോ..
അടുത്ത വഖ്ത്തിലെ നിസ്കാര സമയത്ത് മറ്റൊരാളാണ് അവിടെ നെറ്റിയും മൂക്കും മുട്ടിക്കുന്നത്‌ എന്നോര്‍ക്കുക ! ഏതു പള്ളികളിലും നമസ്കാരത്തിനുള്ള സ്ഥലം ആര്ക്കും കുത്തകയല്ലല്ലോ. എവിടെയാണോ ഇടം കിട്ടിയത് അവിടെയാണ് ഓരോരുത്തര്ക്കും സ്ഥലം. തന്നിമിത്തം ഓരോ വഖ്തിലും ആളുകളുടെ ഇടം മാറുന്നു- അവര്ആ നാട്ടുകാരാണ് എങ്കില്പ്പോലും ! ഇങ്ങനെ, വിഭിന്ന വ്യക്തികളാണ് ഓരോ നമസ്ക്കാരത്തിലും അതേ ഏരിയ മാറി മാറി ഉപയോഗിക്കുന്നത് ! നടേ പറഞ്ഞപോലെ: കൊറോണ നാട് നീങ്ങിയിട്ടില്ലാന്ന് എല്ലാര്‍ക്കുമറിയാം. ഒരു വ്യക്തിയെ നാം കാണുമ്പോ- അയാള് കൊറോണ വാഹകനാണോ അല്ലയോ എന്നത് നമുക്കറിയില്ല താനും !

പൊതുസ്വത്തായ പള്ളികള് ആരാധനയ്ക്ക് വേണ്ടി ഇത്തരമൊരു ഘട്ടത്തില് മലര്‍ക്കെ തുറക്കാനുള്ള അനുമതി കിട്ടിയാല്‍.. അവിടെ വിശാസികളായ ആര്‍ക്കും വരാം – പോവാം. അതില്‍ ഇന്ന നാട്ടുകാരന്‍, ഇന്ന ജില്ലക്കാരന്‍, സംസ്ഥാനക്കാരന്‍ എന്ന യാതൊരു അതിര്‍ വരമ്പുകളുമില്ലാ എന്നിരിക്കെ.. ആളിപ്പടരുന്ന അപകടത്തെ പള്ളിക്കകത്തേക്ക്‌ ക്ഷണിച്ച് – അവിടന്ന് വിതരണം ചെയ്യുന്നതിന് സമമായിരിക്കും – ഈ സമയത്ത് വിശ്വാസികളുടെ പേരുംപറഞ്ഞ് ആരധനാലയങ്ങള് തുറക്കാനുള്ള ചിലരുടെ മുറവിളിക്ക് ബന്ധപ്പെട്ടവര്‍ ”എസ്സ്” മൂളി ക്കൊടുത്താല്‍.. കാര്യങ്ങള് ‍ ചിലപ്പോ എത്തിപ്പെടുന്നത് ! പലരും പറഞ്ഞു നോക്കുന്നുണ്ട്: പള്ളികളിലെ ആരാധനയ്ക്കുള്ള പ്രത്യേക കൂലിയും, വിശ്വാസിക്ക് ആരാധനയിലൂടെ കിട്ടുന്ന പ്രതിഫലങ്ങളും മറ്റും ! പക്ഷേ, സത്യത്തിലിവര്‍ക്കൊന്നും വിശ്വാസികള്‍ സ്വര്‍ഗ്ഗത്തിലെത്താഞ്ഞിട്ടുള്ള അങ്കലാപ്പല്ല. അതിന്‍റെ മറ പറ്റി പലതും നേടാനുണ്ട്. പ്രത്യേകിച്ചും – നോമ്പും, ഇരുപത്തിഏഴാം രാവും , അവസാനത്തെ വെള്ളിയുമൊക്കെ ഹൈലൈറ്റ് ചെയ്ത് – ഒന്നിന് എഴുപതിനായിരം കൂലി എന്നപേരും പറഞ്ഞ് വിശ്വാസിയുടെ കീശയില്‍ കൈയ്യിടാനുള്ള തുരുപ്പു ശീട്ടായി ഇട്ടുകൊടുക്കാന്‍ നല്ല സ്കോപ്പുള്ള ഈ നേരത്ത് !

അതോടൊപ്പം, പെരുന്നാള്‍നിസ്കാരം കഴിഞ്ഞ യുടനെയുണ്ട്‌ പള്ളികളിലൊക്കെ ( കൂട്ടത്തോടെ ആളുകള് പുറത്തേക്ക് വരുന്ന വഴിയില്‍) അല്ലെങ്കില്‍, ഈദ്ഗാഹുകളുടെ പരിസരത്ത്- ഒരു വലിയ പുതപ്പ് നാല് മൂലയിലും ഓരോരുത്തര് ‍താങ്ങി- ആ പുതപ്പ് നിവര്‍ത്തിപ്പിടിച്ച് കലക്കിക്കുത്തുപോലെ ഒരു ‘ വല വിരിക്കല്‍ ‘ ! ആ വരുമാനങ്ങളൊക്കെയാണ് ഇക്കൊല്ലം ആപ്പിലായത്.
‍ക്ക് നിസ്കരിക്കാനാണ് എങ്കില്: ‘ആരാധനാലയം തന്നെ വേണം ‘ന്നുണ്ടോ ഒരു വിശ്വാസിക്ക് !? അതും, ജനങ്ങള്മൊത്തം ഭയപ്പാടോടെ കാണുന്ന ഈ രോഗത്തിനെ തടയാനുള്ള ഏറ്റവുംനല്ല മാര്‍ഗ്ഗം മനുഷ്യര് ഇടകലാരാതെയിരിക്കുകാ എന്നതായിരിക്കെ !? ഒരു യഥാര്‍ത്ഥവിശ്വാസി ഈ സമയത്ത് ആ വിഷയത്തില് കൂടുതല്‍ ശ്രദ്ധയുള്ളവനാവണം. അതവന്‍റെ ‘ വിശ്വാസത്തി‍ന്‍റെ ഭാഗമാണ്‘ എന്നിരിക്കെ !ആരാധാനയുടെ പേരുംപറഞ്ഞ് ആളെക്കൂട്ടി പിരിവിനാണ്എങ്കില്‍പ്പിന്നെ – തുറന്നേ പറ്റൂ ! മതത്തിന്‍റെ പേരുംപറഞ്ഞ് നാല് മുക്കാല് കിട്ടുന്നതാണല്ലോ ഇല്യാതാവുന്നത്.മക്കയിലെ മസ്ജിദുല്‍-ഹറമിനെക്കാളും, മദീനയിലെ റൌളയേക്കാളും പോരിശയും പ്രത്യേകതയുമുള്ള ഏതു പള്ളിയുണ്ട് ലോകത്ത് !? ഇവിടെയുള്ള ഇക്കണ്ട ജനങ്ങളാരും ഈ പറഞ്ഞ പ്രത്യേകതയും ഇഅ’തികാഫും സുന്നത്തും മറ്റുമുള്ള കാര്യങ്ങള് അറിയാത്തവരാണോ !?

ഇവിടെയുള്ള നൂറുകണക്കിന് രാജ്യക്കാരായ മുസ്ലിംകള്, കൂട്ടത്തില് ഇസ്ലാമിക വിഷയങ്ങളിലെ മഹാ പണ്ഡിതന്മാരടക്കമുണ്ട് ഇവിടെ ! ലോകം അംഗീകരിക്കുന്ന ഇസ്ലാമിക ഫത്‌വകള് പുറപ്പെടുവിക്കുന്ന ആധികാരികതയുള്ള വ്യക്തികള് വരെ ഇന്നാട്ടിലുണ്ട്. അവരാരും നിങ്ങളീ പറഞ്ഞതൊന്നും അറിയുന്ന കൂട്ടത്തിലല്ലേ !അതോ. പടച്ചോനെപ്പേടി എന്നത് നമ്മുടെ നാട്ടിലെ നിങ്ങളെന്ന ഖൌമിന് മാത്രേ ള്ളൂ.. !ഇരുപത്തിനാല് മണിക്കൂറും ജന നിബിഡമായി ക്കൊണ്ട് ആരാധനയുടെ ഇതര വിഷയങ്ങള് നടന്നിരുന്ന സ്ഥലങ്ങളാണ് ഇപ്പൊ ആളും ആരവവുമില്ലാതെ മൂകമായി ഈ വിറങ്ങലിച്ചു കിടക്കുന്നത് ! അതും ഒരു നൂറുശതമാനം ഇസ്ലാമിക രാജ്യത്ത് ! എന്നിട്ട് ഇവിടെയുള്ള പണ്ഡിതരോ പാമരരോ ആരുംതന്നെ ഇങ്ങനെ അസ്വസ്ഥമായി മുറവിളി കൂട്ടുന്നില്ല ! ഇവര്‍ക്കൊന്നും അത്തരം കാര്യങ്ങളില് നമ്മുടെ നാട്ടിലെ ഒരു മുക്രിക്കുള്ള / വെള്ളംകോരിക്കുള്ള വിവരംപോലും ഇല്ല്യാഞ്ഞിട്ടാവും ധൃതി കൂട്ടാത്തത് .. എന്നു വിചാരിച്ചുവോ അല്‍പ്പന്മാരേ – നിങ്ങള് പലരും !? * പടച്ചതമ്പുരാന് അറിയാലോ ഭൂമിയിലെ മനുഷ്യരുടെ സാഹചര്യം ! അല്ലാതെ, പടച്ചോന്‍ പൊട്ടനാണ്‌ എന്നമട്ടില്‍ മതത്തെ ഉരുട്ടി മറിക്കുന്നവരുടെ മുറവിളിക്ക് തല്‍ക്കാലം ചെവി കൊടുക്കാതിരിക്കലാണ് നല്ലത്. കാരണം, അവര്‍ക്കൊന്നും ഇതിന്‍റെ ഗൌരവത്തെയോ- ലോകം ഈ കോവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ വിറങ്ങലിച്ച്- സമീപഭാവിയില് നേരിടേണ്ടി വരാനുള്ള ആപല്‍ഘട്ടത്തെയോ അര്‍ഹിക്കുംവിധം ഉള്‍ക്കൊള്ളാനുള്ള പക്വത എത്തിയിട്ടില്ല. എത്തുകയുമില്ല. വിശ്വാസികള് കൂട്ടംചര്‍ന്ന് ഹലേ-ലുയ്യാ പാടണം. അല്ലെങ്കില്‍, ദൈവത്തിന്‍റെ പേരുംപറഞ്ഞു അവരെക്കൊണ്ട് പാടിക്കണം. അങ്ങനെ, കാലാ കാലവും മതംവിറ്റ് കാശ് പറ്റണം എന്ന്കരുതുന്ന വര്‍ഗ്ഗത്തിന് എന്ത്‌ പക്വത ! എങ്ങനെ പക്വത !
ലോകം ഇപ്പൊ ഒരു ജീവന്മരണ പോരാട്ടത്തിലാണ്. ദൈവത്തിന്‍റെ പേരുംപറഞ്ഞ് ഇന്നേരമതിനു തുരങ്കം പണിയരുത്. ഓരോ വിശ്വാസിക്കുമറിയാം: അവന്‍റെ ദൈവത്തെ എങ്ങനെ വണങ്ങവണമെന്ന്‌. ഇടനിലക്കാര് ഇടയ്ക്ക് കയറി അലമ്പുണ്ടാക്കാഞ്ഞാ മതി.
ഹംസ പുല്ലത്തിയില്‍- കരിമ്പില്‍.