മരണത്തെ ഭയപ്പെടുന്നവനായിരുന്നെങ്കില് വിമാനത്തില്‍ കയറില്ലായിരുന്നു

0
428

ഹംസ പുല്ലത്തിയില്‍- കരിമ്പില്‍

മരണത്തെ ഭയപ്പെടുന്നവനായിരുന്നെങ്കില് വിമാനത്തില്‍ കയറില്ലായിരുന്നു. മറ്റു യാത്രാ വാഹനങ്ങളെയപേക്ഷിച്ചു രണ്ടോ മൂന്നോ ശതമാനം മാത്രമാണല്ലോ വിമാനാപകടങ്ങളില്‍ കയ്യും കാലുമൊക്കെ ചിതറി പൊടിപൊടിയായാലും.. ജീവന്‍ രക്ഷപ്പെട്ടവരുടെ കണക്ക്.
(അതും അപൂര്‍വ്വം). അങ്ങനെ രക്ഷപ്പെടുന്ന ‘നൂറു പേരിലെ’ രണ്ടാളില്‍ ഒരുവനായിപ്പെടാന്‍മാത്രം ഭാഗ്യം നമുക്ക് ണ്ടായിരുന്നെങ്കില്.. നമ്മളീ പ്രവാസലോകത്ത്‌ ജീവിതം തളച്ചിടേണ്ടി വരില്ലായിരുന്നു. കടലില്‍ തകര്‍ന്നു വീണാല്‍ മിക്കവാറും മീനുകള്‍ക്കിരയാവാനാവും യോഗം. അല്ലെങ്കില്‍, നാലഞ്ച്നാള് കഴിഞ്ഞ്, വെള്ളത്തിലിട്ട് കുതിര്‍ത്ത ബണ്ണ് പോലെ- ചീര്‍ത്തു വീര്‍ത്ത് വികൃതമായ ഒരു ബോഡി !
കരയില്‍ തകര്‍ന്നു വീണാല്‍ കത്തിക്കരിഞ്ഞു.. ബാക്കി ണ്ടെങ്കി- ഒരുപിടി ചാരം കിട്ടിയാലായി. എന്നിട്ടും, വിധിപോലെവരും എന്ന ഒരൊറ്റ ചിന്തയില്‍ കടലിനും കാനനത്തിനും മേലെ.. മലകള്‍ക്കും മരുഭൂമികള്‍ക്കും മീതെ.. വായുവില്‍ ചാട്ടുളിപോലെ ഊളിയിടുന്ന വിമാനത്തില്‍ പ്രവാസ ലോകത്ത്നിന്നും സ്വന്തം നാട്ടിലേക്കും തിരിച്ചിങ്ങോട്ടും അനേക തവണ യാത്ര ചെയ്തവരാണ് നമ്മള്‍ പ്രവാസികള്‍ !

പ്രവാസികള്‍ക്കിടയില്‍ അംഗീകൃതരുണ്ട്- അനധികൃതരുമുണ്ട്. അതെല്ലാം അവനവന്‍റെ തൊഴില്‍ മേഘലയുമായും ജോലി ചെയ്യുന്ന സ്ഥാപനവുമായും, മറ്റു കച്ചവട സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് കിടക്കുന്നു. എന്നാലോ.., എല്ലാവരുടെ മനസ്സിലും ‘പരമാവധി ഇവിടെ പിടിച്ച് നില്‍ക്കുക’ എന്ന ചിന്തമാത്രം. ഇവിടെയാണ്‌ പ്രതിസന്ധികളില് ” പ്രവാസി തളരില്ല ” എന്ന സത്യം നമ്മള് തെളിയിക്കുന്നത്. കൊറോണ എന്ന വൈറസ് വ്യാപനം ലോക രാജ്യങ്ങളിലെല്ലാം മരണം വിതച്ചപോലെ ഇവിടെ ഗള്‍ഫുനാടുകളിലും പരമാവധി പടര്‍ന്നു കയറുന്നുണ്ട്. പക്ഷേ, സ്വന്തം മാതൃരാജ്യമായ ഇന്ത്യയില് കൊറോണ പടര്‍ന്നുപന്തലിച്ച് മുന്നേറുന്നത് കണ്ടില്ലെന്നു നടിച്ചിട്ടാണോ ഗള്‍ഫിൽ വെച്ചുള്ള കൊറോണാ മരണ ഭയത്തിൽനിന്നും നമ്മള് ഓടി രക്ഷപ്പെടാന്‍ ഒരുങ്ങുന്നത് ! ?
കോവിഡ്-പോസിറ്റീവായ രോഗികളിൽ നമ്മുടെ ഇന്ത്യയിലേക്കാള്‍ കൂടുതലായി നെഗറ്റീവ് കാണുന്നത് ഗള്‍ഫു നാടുകളില്‍ ആണെന്നിരിക്കെ- എങ്ങോട്ടാണ് നമ്മള് രക്ഷതേടി ഓടാനൊരുങ്ങുന്നത് !
ആരുണ്ടവിടെ നമുക്കൊരു തണി ?-

സ്വന്തമെന്നു നമ്മള് ഇത്രേം കാലം വെറുതെകരുതിയ ഏതാനും സ്വാര്‍ത്ഥരല്ലാതെ !മരണഭയത്താല്‍ ഇവിടന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയെ- അവന്‍ ഓര്‍മ്മത്തെറ്റ്പോലെ പുറത്തിറങ്ങിയതാല്‍.. നാട്ടുകാരും പരിസരവാസികളും മത്സരിച്ചു തല്ലിച്ചതച്ച് പഞ്ഞിപ്പരുവത്തിലാക്കിയത് നമ്മളൊരുപാട് കണ്ടു ! കൊറോണയെ ഭയന്ന് പേടിച്ചു നിലവിളിച്ച് നെഞ്ചത്തടിച്ച് നാട്ടിലെത്തിയ പ്രവാസിയെ ആ വീട്ടുവളപ്പില്‍ കാല് കുത്താനയക്കാതെ സ്വന്തം വീട്ടുകാര് തിരസ്ക്കരിച്ചതും നമ്മള് കണ്ടു.
കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് കേട്ടപ്പോ ആ മയ്യത്ത് ഇങ്ങോട്ടടുപ്പിക്കണ്ട എന്നു പറഞ്ഞ പ്രവാസിയുടെ ബന്ധുക്കളെയും നമ്മള് കണ്ടു !

ഇത്തരം നന്ദിയില്ലാത്തവരെ നമ്പിയിട്ടാണോ നമ്മള് അങ്ങോട്ടോടിച്ചെല്ലുന്നത് ?- അവിടെ നമുക്കഭയമുണ്ട് എന്ന് കരുതിക്കൊണ്ട് ! പ്രവാസലോകത്തേക്ക് കടക്കുംമുന്‍പ് അന്ന്, പാസ്പോര്‍ട്ടിന് അപ്ലൈ ചെയ്തപ്പോ മുതല്- പോലീസ് വെരിഫിക്കേഷന്‍സമയത്ത് വരെ ‘ചില്ലറ’ കൊടുത്ത് ഒബായം കൊണ്ട് ഓട്ടയടച്ചു രക്ഷപ്പെട്ടവരാണ്‌ നമ്മില്‍ പലരും. വിമാനത്താവളത്തിലെ ഇമിഗ്രെഷനില്‍ ‘നമ്മുടെ ആള് ള്ളത്കൊണ്ട്’ കൈച്ചിലായവരാണ് നമ്മില്‍ ചിലര്. ഇവിടെയെത്തി- ശേഷം, പുതുക്കാന്‍പറ്റാത്ത റെസിഡെന്‍സ് പെര്‍മിറ്റ് ‘ ആള് ള്ളത് കൊണ്ട് ‘ ചുളുവില് ‍പുതുക്കിക്കുന്നവരാണ് പലരും. നാട്ടില്‍പോവുന്ന സമയത്ത് അനധികൃതമായ വസ്തുക്കള്‍ ലഗേജില്‍ ഒളിപ്പിച്ച് ‘വേണ്ടപ്പെട്ട ആള് ള്ളത് കൊണ്ട്’ പെട്ടി പൊട്ടിക്കാതെ പുറത്തു പോയവരാണ് നമ്മളില്‍ പലര്‍.

തിരിച്ചിങ്ങോട്ടുള്ള യാത്രാ സമയത്ത് അവസാന നിമിഷം ടിക്കറ്റ് അവൈലബിളല്ലാത്തതോണ്ട് ‘പിടിപാടുള്ള ആളുടെ’ സേവനംതേടി റൂട്ട് ക്ലിയറാക്കി കടല് കടന്നവരാണ് നമ്മള്. എല്ലാം ഈ പ്രവാസലോകത്ത്‌ നില നിന്ന് പോവാന്‍ വേണ്ടി ! സൂചിയും നൂലും എന്തെന്നറിയാത്ത ടൈലര്‍-വിസയിലും, ഇല്ലാത്ത തോട്ടം നനയ്ക്കുന്ന വിസയിലും, ഇനിയും ജനിക്കാത്ത ആടിനെ മേയ്ക്കുന്ന വിസയിലുമൊക്കെ വന്ന് അധികൃതരുടെ പിടിയിൽകുടുങ്ങാതെ ഒളിച്ചും പാത്തും ‘കള്ള ടാക്സി’ ഓട്ടുന്നവനെയും- മൊബൈല്‍/ കമ്പ്യൂട്ടര്‍ ഹോള്‍സെയില്‍ഷോപ്പുകളില്‍നിന്നും ലൊട്ടു ലൊടുക്ക് ആക്സസറീസ് കുറേശ്ശെ വാങ്ങി ചുളുവില്‍ റീട്ടെയില്‍-ഷോപ്പുകളില് വില്‍പ്പന നടത്തി- മെയ്യനങ്ങാതെ മീന്‍പിടിച്ച് നാള് കഴിയുന്നവരെയും പ്രവാസികളുടെ ലിസ്റ്റിലാണ് കാണുന്നത് നമ്മള്.
വീട്ടുജോലിയുടെ മറ്റൊരു പതിപ്പായ ‘ഹാരിസ് വിസ / നാത്തൂര്‍ വിസ’ യില്‍ വന്ന്- വാച്ചുകടകളില്‍നിന്നും കുറഞ്ഞ വിലയ്ക്കുള്ള വാച്ചുകള്‍ വാങ്ങി- ദൂര ദിക്കിലെ പ്രാന്ത പ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന ഒത്തിരിപ്പേരുണ്ട്.

ഇത്തരം എന്തെങ്കിലുമൊക്കെ ജോലിയോ അഡ്രസ്സോ ഇല്ലാത്ത വിസയില്‍ വന്ന്- സീസണ്‍ സമയത്ത്മാത്രം ലേബർ പരിശോധകരുടെ കണ്ണിൽപ്പെടാതെ ”ഡബിള്‍-ശമ്പളത്തിന്” പൊറോട്ടപ്പണിക്ക് നിന്ന് / അല്ലെങ്കില്‍, സമൂസയുണ്ടാക്കുന്ന ജോലിക്ക് നിന്ന്- സീസൺ ‍കഴിഞ്ഞാല്‍ പാട്ടുംപാടി ആറു മാസത്തെ ലീവിന് നാട്ടില്‍ പോവുന്നവരുണ്ട്. ഇവര്‍ക്കുമുന്നില്‍ യാതാര്‍ത്ഥ അംഗീകൃത പ്രവാസി ജോലി സംബന്ധമായ നൂലാമാലകളില്‍പെട്ടോ / പകരക്കാരനില്ലാത്ത കാരണത്താലോ നാട്ടില്‍ പോവാനൊക്കാതെ നോക്കുകുത്തിയായി നില്‍ക്കുന്നതും നമ്മള് കാണുന്നുണ്ട്. ഇത്തരം അനധികൃതരെയൊക്കെ ‘പ്രവാസികള്‍’ എന്ന കാറ്റഗറിയില്‍ എഴുതിച്ചേര്‍ത്തതാണ് ഈ കൊറോണയുടെ കെടുതിക്കൊപ്പം ഗള്‍ഫില്‍ വിനയായത് എന്നുപറഞ്ഞാല്‍ ആര്‍ക്കാണത് നിഷേധിക്കാനാവുക !? തൊണ്ണൂറ്റി ഒന്‍പതു ശതമാനം ഇത്തരക്കാര്‍ക്കാണ് ജോലി നഷടപ്പെട്ടതും- നില്‍ക്കള്ളി ഇല്ലാതായതും- ഇനിയൊരു തരികിടയുടെ പിടിവള്ളി കിട്ടുമോ ഇവിടെ എന്നറിയാത്തതും. ഇവരില്‍പലരും ‘കൂലി-കഫീലിന്‍റെ സ്റ്റാഫ്’ ആയിരിക്കും. ഗള്‍ഫില് വന്നകാലം മുതല് സ്പോണ്‍സറെ ഒരിക്കലെങ്കിലും ഇവരില്‍പലരും ‍കണ്ടിട്ട് പോലുമുണ്ടാവില്ല. ഇവരുടെ ഇഖാമ റിനീവല്‍/ റീ/എന്ട്രി / ഫാമിലി വിസ.. പോലുള്ള കാര്യങ്ങളൊക്കെ സ്പോണ്‍സറുടെ പേരിലുള്ള ഏതെങ്കിലും ഓഫീസില്‍ ‘ക്യാഷ് പുഷ് ചെയ്ത്’ നേടുന്നു.

ഇത്തരക്കാരാണ് ഇപ്പൊ ആപ്പിലായത്. ഇവരാണീ ഒച്ച വെച്ച് കരയുന്നത്: പ്രവാസികളൊക്കെ കൂട്ടത്തോടെ ഗള്‍ഫില്‍ മരണത്തെ മുഖാമുഖം കാണുകയാണ് എന്ന മട്ടില്‍. എല്ലാ തരികിടകളെയും ഒറ്റയടിയ്ക്ക് കൊറോണ നക്കിയപ്പോ വല്ലവിധേനയും നാട്ടിലെത്തണമെന്ന ചിന്തയില്‍ ഇവിടെക്കിടന്നു കാറിക്കരയുന്നവരും ഇവരാണ്. പേര് വീഴുന്നതോ- യഥാര്‍ത്ഥ പ്രവാസികള്‍ക്കും !
അംഗീകൃത പ്രവാസികളില് തൊണ്ണൂറു ശതമാനം ആളുകളും അവരവര്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളുടെ നിര്‍ദ്ദേശം പാലിച്ച്- പ്രതിസന്ധികള്‍ താമസംവിനാ മാറുമെന്ന പ്രതീക്ഷയില് കാര്യങ്ങളെ ദൈവത്തിങ്കല്‍ ഭരമേല്‍പ്പിച്ച്- പിടിച്ചു നില്‍ക്കാനുള്ള ഉറച്ച മനസോടെ ക്ഷമയെ കൂട്ടുപിടിച്ച് കഴിയുകായണിവിടെ. സുഗമമായി കാര്യങ്ങള് മുന്നോട്ടു പോവുമ്പോ
‘നാല് മുക്കാല്’ കൈയ്യില്‍ കിട്ടുന്ന സമയത്ത് വിസ ക്യാന്‍സലാവുന്ന സാഹചര്യം വന്നാല് ഇത്തിരി കാശ് ചിലവാക്കിയിട്ടായാലും.. എവിടെയെങ്കിലുമൊക്കെ മണ്ടിപ്പാഞ്ഞ്‌ വിസയിലെ തടസ്സംതീര്‍ക്കാന്‍ പാട്പെടുന്ന നമ്മള്-നാട്ടിലെത്തി, തിരിച്ചു വരാന്‍ നേരം.. ഓര്‍ക്കാപ്പുറത്ത് തടസ്സം നേരിടുമ്പോ എല്ലാവഴിയും സുഗമാമാവാന്‍ പലരുടെയും കൈയ്യോ കാലോ പിടിച്ച് ”കൈമണി കൊടുത്ത്” കാര്യം നേടി ഗള്‍ഫിലേക്ക് തിരിച്ചു പറക്കാന്‍ കിണഞ്ഞു ശ്രമിക്കുന്ന അതേ നമ്മള്.. !

ആ നമ്മളാണോ ഇപ്പൊ കൊറോണയെപ്പേടിച്ച് മരണത്തില്‍നിന്നും രക്ഷപ്പെട്ട് ചിരഞ്ജീവിയാവാന്‍ നാട്ടിലേക്ക് മണ്ടുന്നത് ?! ഇവിടെയാണ്‌ അംഗീകൃത പ്രവാസികളും അനധികൃത പ്രവാസികളും രണ്ടും രണ്ടുവഴിക്ക് ചിന്തിക്കുന്നത്. സ്വമേധയാ ഒഴിയുന്നു എന്നനിലയ്ക്ക് നിയമപ്രകാരം ഫൈനല്‍-എക്സിറ്റ് മേടിച്ചവരുണ്ടാവും. അവരെ സംബന്ധിച്ച് സ്ഥാപനത്തില്‍നിന്നും പേര് വെട്ടപ്പെട്ടവരാണ്. മറ്റൊരു വിഭാഗം: ചില കൂലി കഫീലന്മാര്‍ ഈ സാഹചര്യത്തില്‍നിന്നും അവരുടെ തടിയൂരാന്‍ ഇന്നേവരെ കാണാത്ത അയാളുടെ പേരിലുള്ള വിദേശികള്‍ക്കെല്ലാം നിര്‍ബന്ധമായി ഫൈനല്‍-എക്സിറ്റ് കൊടുത്തിട്ടുണ്ടാവും.

അവര്‍ക്കിനിയിവിടെ നില്‍ക്കക്കള്ളിയില്ല. വേറെചിലര്: നാട്ടില് വെറുതേയിരുന്നപ്പോ അസ്കിത തോന്നി- ഗള്‍ഫിലെ മരുമകന്‍റെയോ മറ്റോ കെയര്‍ഓഫില്‍ വിസിറ്റിംഗ്നു വന്ന്- ഫ്രീ ശാപ്പാടും ഫ്രീ അക്കമഡേഷനും അനുഭവിച്ച് ഊര്ചുറ്റി.വിമാന സര്‍വ്വീസ് പൊടുന്നനെ നിലച്ചപ്പോ ഇവിടെ പെട്ടവരുണ്ട്‌. തിരിച്ചു പോയി സ്ഥലം കാലിയാക്കികൊടുക്കാതായപ്പോ.. നാള് വൈകുംതോറും മരുമോന്‍റെ മോന്ത കറുക്കുന്നതും- മകളുടെ മുഖത്തെ ചിരിയ്ക്ക് പകരം തന്തയെ / തള്ളയെ കാണുമ്പോ അവജ്ഞയും അവഗണനയും കണ്ട് ഉള്ള മാനം പൊട്ടിപ്പാളീസായ- നാട്ടില്‍നിന്നും എല്ലിനിടയില് വറ്റ്കുത്തി ഇങ്ങോട്ട് ചാടിപ്പുറപ്പെട്ടു ഇവിടെ കുട്ങ്ങിയവരുണ്ട്. ഈ അനധികൃതരുടെ കൂടെച്ചേര്‍ന്ന് അംഗീകൃതരും കാര്യമറിയാതെ ഒപ്പം നിലവിളിച്ചു.. ‘ഇച്ച് പ്പോ നാട്ടില്‍പ്പോണം.. അല്ലഞ്ഞാ ഞാനിവിടെക്കിടന്നു ചാവും..’ ന്ന് മുറവിളി കൂട്ടുന്നത്‌ അത് പോഴത്തമാണ് കൂട്ടരേ.., ശുദ്ധ മണ്ടത്തരമാണ്.

അതാണു ഞാന്‍ തുടക്കത്തില്‍പറഞ്ഞത്: നമ്മളാരും മരണത്തെ ഭയന്ന് വന്നവരല്ല. ആയിരുന്നെങ്കില് നമ്മളാരും ഭൂ-നിരപ്പില്‍നിന്നും നാല്‍പ്പതിനായിരത്തിലധികം അടി ഉയരത്തില്‍ പറക്കുന്ന വിമാനമെന്ന വാഹനത്തില്‍ ജീവിതത്തില്‍ ഒരിക്കല്‍പ്പോലും കയറുകില്ലായിരുന്നു ! മരണത്തെപ്പേടിച്ചിട്ടാണ് നിങ്ങളീ ഓടുന്നതെങ്കില്‍ നിങ്ങളാണ് പ്രവാസികള്‍ക്കപമാനം. കാരണം, തൊഴിലുടമായ സ്വദേശി ‘എന്ന് നമ്മളെ വേണ്ടാന്നു വയ്ക്കുന്നോ’ അന്നുവരെയാണ് ശരാശരി പ്രവാസിയുടെ കാലാവധി ഈ മണല്‍ക്കാട്ടില് ! ഇടക്കാലത്ത് ആരെങ്കിലും സ്വമേധയാ പോയാലായി. അങ്ങനെ പോയവര് തന്നെ വൈകാതെ തിരികെയാത്താനുള്ള തത്രപ്പാടാണ് നാട്ടിലെന്ന് നമുക്കുതന്നെ അറിയാലോ ! പലരും രണ്ടാം പ്രവാസിയായി ഇവിടെ അവരോധിക്കുകയും ചെയ്തു- ഇളിഞ്ഞ ഒരു ചിരിയോടെ. എങ്കില്‍, ഇപ്പോ നാട്ടിലെത്തിയാ മതി.. അല്ലഞ്ഞാ ഞങ്ങളിവിടെക്കിടന്നു മരിച്ചുവീഴും എന്ന് കരയുന്നവര്‍.. നാട്ടിലെത്തിയ ശേഷം ഇങ്ങോട്ടുള്ള വിമാന സര്‍വ്വീസ്- അതിനിനി എത്ര കാലം !? ആറു മാസമോ.. ഒരു കൊല്ലമോ.. അതോ അതിലധികമോ കാത്തിരിക്കേണ്ടി വരുമോ !?

ഇനി വിദേശ രാജ്യങ്ങളില്‍നിന്നും ആരുമിങ്ങോട്ടു വരണ്ട- നിലവില്‍ ഇവിടെയുള്ളവര് തന്നെ മതി ഞങ്ങള്‍ക്ക്- എന്ന നിലപാട് ഗള്‍ഫു ഭരണാധികാരികള് എടുക്കുമോ !? ഇതൊന്നും ആരാലും പ്രവചനാതീതം. കാര്യങ്ങള്‍ അമ്മട്ടിലായാല് നാട്ടിലെത്തിപ്പെട്ട ശേഷം കൂടുതല്‍വൈകാതെ ഇവര്‍തന്നെ പറയും: ”പ്രവാസികളെ നാട്ടിലിട്ട് പട്ടിണിയില്‍ മുക്കി കൊല്ലുകയാണ് സര്‍ക്കാര്. ജീവിക്കാൻ വേണ്ടി വിദേശ രാജ്യത്തേക്ക് കടക്കാനുള്ള യാതൊരു വഴിയും ഈ സര്‍ക്കാര്‍ തുറക്കുന്നില്ലാ” എന്ന് ! അപ്പഴും നമുക്ക് എടുത്തു പറയാനുള്ളത്:

മരണ ഭയമായിരിക്കും ! നാട്ടില്‍ പട്ടിണി മൂലമുള്ള കുടുംബത്തിന്‍റെ കൂട്ട മരണം. ഇപ്പൊ, പ്രവാസ ലോകത്ത് മരിക്കുന്നെങ്കില് നമ്മള് മാത്രമേ പോവൂ.. കുടുംബം അവിടെ ണ്ടാവുമല്ലോ ആയുസ്സ് ണ്ടെങ്കി..പെറ്റ തള്ളയെ തല്ലിയാലും അഭിപ്രായം വിഭിന്നമാണ് എന്ന് പറയുമ്പോലെ- ഈ വിഷയത്തിലും ആറാള്‍ക്ക് നൂറായിരിക്കും അഭിപ്രായങ്ങള്. കാരണം, ഞാനല്ലല്ലോ നിങ്ങള്. നിങ്ങളല്ലല്ലോ അവര്. അവരല്ലല്ലോ നമ്മള്. നമ്മളല്ലല്ലോ മറ്റുള്ളവര് ! സംഗതി എന്തുതന്നെആയാലും മരണഭയത്തെ പേര് പറഞ്ഞ് .ഒളിച്ചോടുന്നവനാവരുത് യഥാര്‍ത്ഥ പ്രവാസി. ആരും ചിരഞ്ജീവിയല്ല. കുല്ലു നഫ്സിന്‍ ദാഇഖതുല്‍ മൌത്..(ഏതൊരു ശരീരവും ഒരിക്കല് മരണത്തെ രുചിക്കുകതന്നെ ചെയ്യും)