ഹംസ പുല്ലത്തിയില്‍- കരിമ്പില്‍.
ഗള്ഫുണരുമ്പോള്
മാസങ്ങളുടെ വിറങ്ങലിപ്പിനു ശേഷം ഗള്ഫുണരുകയാണ് കുറേശ്ശെ. നിര്‍ജ്ജീവമായ റോഡുകളില്‍ വാഹനങ്ങള്‍ പെരുകാന്‍ തുടങ്ങി. പൊടി പിടിച്ച നടപ്പാതകളില്‍ വീണ്ടും പുതിയ കാലടിപ്പാടുകള്‍ പതിയുന്നുണ്ട്..ഒരു പുതുജീവന്‍ തിരിച്ചു കിട്ടിയ പോലെ കട കമ്പോളങ്ങളില്‍ ഇടപാടുകളുടെ നേരിയ ചലനം .പക്ഷേ, എതിരില്‍ വരുന്നവന് കൊറോണയുടെ മുഖച്ഛായയുണ്ടോന്നൊരു സംശയത്തില്‍ എല്ലാരും ഭീതിയോടെ അപരനെ നോക്കുന്നു..ഈ വൈറസ്നു മറുമരുന്ന് കണ്ടെത്താത്ത കാലത്തോളം ഈ സംശയം ആളുകളില്‍ നിലനില്ക്കും. ചന്ദ്രഗോളത്തില്‍ ചെളിവെള്ളം ചിന്തിയതും ചൊവ്വാ ഗ്രഹത്തില്‍ ചെമ്മണ്ണ് ചോന്തതും..അതിന്റെ ഒരിത്തിരി സാമ്പിള്‍ കിട്ടാന്‍ ഏതറ്റംവരെയും പോയി നോക്കാന്‍ ലോകത്തിന് കഴിഞ്ഞു ! എന്നാല്‍, ഭൂമുഖത്ത് പരന്നു പടരുന്ന ഒരു വൈറസിനെ – അന്യഗ്രഹത്തിലൊന്നും പോവാതെ ഇവിടന്നുതന്നെ പിടികൂടിയിട്ടും- അതിന്റെ പെറ്റ്പെരുകല് തടുത്തു നിറുത്താനുള്ള മറുമരുന്ന് കണ്ടെത്താന്‍ ഒരു ശാസ്ത്ര സംവിധാനങ്ങള്ക്കുമായില്ല ഇതുവരെ. റോക്കറ്റ് വിദൂര ലക്ഷ്യത്തില്‍ ചീറിപ്പാഞ്ഞെത്താന്‍ വെടിമരുന്ന് കണ്ടുപിച്ച നമ്മള് കൊറോണയെ ആട്ടിപ്പായിക്കാന്‍ ഒരിത്തിരി പൊടിമരുന്ന് പോലും കണ്ടെത്തിയില്ല !
മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ പാട്സുകള്‍ പീസ് പീസായി അഴിച്ചുമാറ്റി വേറെ വേറെ ആളുകളില്‍ തുന്നിച്ചേര്‍ത്ത്.. അയാളിലെ ഒറിജിനല്‍ ഓര്‍ഗന്‍സിനെ വെല്ലുന്ന പ്രവര്‍ത്തനം കാഴ്ച്ച വെപ്പിക്കാന്‍ ശാസ്ത്രത്തിനു എന്നോ കഴിഞ്ഞു. ഒരു രോമം കിട്ടിയാല്‍ അതുവെച്ച് ആ രോമത്തിന്റെ ഉടമയുടെ കഴിഞ്ഞുപോയ മൂന്നു തലമുറ വരെ നുഴഞ്ഞു കയറി- ജനിതക ഘടന കണ്ടെത്താന്‍ ലോക ശാസ്ത്രത്തിനു കഴിയും. പക്ഷേ, ഒരു വൈറസിനു മുന്നില്‍ അങ്ങേയറ്റം മാനം കെടേണ്ടിയും വന്നു – അതേ ശാസ്ത്രത്തിന്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള സര്‍വ്വ ഊശാന്‍ താടിക്കാരും അഞ്ചെട്ടു മാസമായി രാവും പകലും മിനക്കെട്ടു പരാജയപ്പെട്ട് – അവസാനം കണ്ടുപിടിച്ചതാണ്: ” കൊറോണ ഉറങ്ങുന്ന നേരം ” ഏതൊക്കെയെന്ന് ! രാവിലെ ആറു മണി മുതല്‍- ഉച്ച മൂന്നു വരെയാണ് .ചില നാടുകളില്‍ കൊറോണ ഉറങ്ങുന്ന സമയം. വേറെ ചില രാജ്യങ്ങളില്‍ കാലത്ത് ഒന്‍പതു മണി മുതല്‍- വൈകീട്ട് അഞ്ചുവരെ കൂര്‍ക്കം വലിച്ചുറങ്ങും കൊറോണ !
അതിനിടയില്‍ ലോകം മൊത്തം ഈ വിഷയത്തിലൊരു, ഞാണിന്മേല്കളി പോലെ: കൊറോണയെപ്പിടിച്ച് കുറച്ചൂസം ആരോ ലോക്കപ്പിലിടും. അപ്പൊ കടകളൊക്കെ തുറക്കും. കൊറോണ ലോക്-അപ്പില്നിന്നും ജാമ്യത്തിലിറങ്ങും. അന്നേരം, ജനങ്ങള്‍ക്ക് ലോക്-ഡൌണ്‍. വീണ്ടും കൊറോണയെ പിടികൂടി ലോക്കപ്പിനകത്തിട്ടാല്- പുറത്ത് ലോക്ക് ഓപ്പണ്‍ ! ചില സ്ഥലങ്ങളില്‍ കൊറോണ ലോക്കപ്പ് പൊട്ടിച്ചു മതില് ചാടുമായിരിക്കും ! അപ്പഴാണെന്ന് തോന്നുന്നു ആ പ്രദേശത്ത് രാവും പകലും കര്‍ഫ്യൂ ! അതിനിടയില്‍ കേള്‍ക്കാം ഈ പണ്ടാരം ഹോട്ട്-സ്പോട്ടിലൂടെ ആ പ്രദേശം മൊത്തം കോവിഡിന് സിഗ്നല്‍ കിട്ടുന്ന വൈഫൈ കണക്’ഷന് ആയെന്ന്.. ! ഞാണിന്മേല്ക്കളി എന്നല്ലാതെ വേറെന്താ ഇതിനെ പറയുക കൂട്ടരേ ! ഇപ്പഴിതാ, മറ്റു ഗള്‍ഫു രാജ്യങ്ങളെപ്പോലെ സൌദിയിലടക്കം .. ലോകത്തിന്റെ പല ഭാഗത്തും കൊറോണ അലാറം വെച്ച നേരം നോക്കി കടകള്‍ തുറക്കാനും – തുറന്നവയില്ച്ചെന്നു പൊതു ജനങ്ങള്‍ക്ക് ക്രയവിക്രയം ചെയ്യാനും അനുമതി !
അധികൃതര്‍ അനുമതി കൊടുക്കുകയല്ലാതെ അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. എത്രാ കാലമെന്ന് വെച്ചാ ജനങ്ങളെ ഇങ്ങനെ നിര്ജ്ജീവാവസ്ഥയിലാക്കി- ഉപജീവനത്തിന് മറു വഴി കണ്ടെത്താതെ പിടിച്ചുവെക്കാന്‍ കഴിയുക ! എത്ര കാലമെന്ന് വെച്ചാ ഇങ്ങനെ സ്തംഭനാവസ്ഥയുമായി മുന്നോട്ടു പോവുക ! കരുതലോടെ പുറത്തിറങ്ങുന്നവര്‍ കൊറോണയെ കരുതിയിരിക്കട്ടെ. കട കമ്പോളങ്ങള്‍ തുറക്കുന്നവര്‍ കോവിഡ്ന്റെ കേടു പറ്റാതെ സ്വയം കാത്തു സൂക്ഷിക്കട്ടെ. കാറോട്ടുന്നവര് കൊറോണയെ ഓവര്ടെയിക്ക് ചെയ്യട്ടെ.. പക്ഷേ, നിശ്ചിത സമയത്തേക്ക് ഉറക്കിക്കിടത്തിയ കൊറോണയെ ആളുകള്‍ കൂട്ടംകൂടി ഉണര്ത്തര്ത്തരുതെന്നു മാത്രം ! ഇതാണിപ്പോ പല രാജ്യങ്ങളിലും ഗത്യന്തരമില്ലാതെ നിത്യജീവിതത്തില്‍ കൊറോണയെ അതിജയിക്കാനുള്ള ആകെയുള്ള പോംവഴി ..
നാട്ടിലായാലും മറുനാട്ടിലായാലും ഇതുമായി ബന്ധപ്പെട്ട് അധികൃതര്‍ ചില കര്‍ശന നിര്‍ദ്ദേശങ്ങള്‍ വെച്ചിട്ടുമുണ്ട്. അതില്‍പ്പെട്ട ഒന്നാണ് ഗള്‍ഫു നാടുകളിലെ കഫെ-റ്റീരിയകളും ബൂഫിയകളും പോലുള്ള ലഘുഭക്ഷണ ശാലകളിലെ ഗ്ലൌസും മാസ്കും ! . ഷോപ്പിലെ ജോലിക്കാരൊക്കെ മുഖം മൂടാന്‍ മാസ്ക് ധരിക്കണം. അതോടൊപ്പം കൈയ്യുറകളും അണിയണം. പക്ഷേ, രണ്ടുമൂന്നു ദിവസമായി കണ്ടു മനസ്സിലാക്കിയത്: ഷോപ്പിലെ ജീവനക്കാരുടെ സേഫ്റ്റി മാത്രമാണ് മുഖ്യം എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ പോണത് എന്നതാണ്.
അനുവദിച്ച പ്രവൃത്തി സമയത്തില്‍ നൂറുകണക്കിന് ആളുകളാണ് ഉപഭോക്താക്കളായി അത്തരം ഷോപ്പുകളിലെത്തുന്നവര്. ചിലര്‍ സാന്‍ഡ്-വിച്ച് വാങ്ങുന്നു. ചിലര്‍ കോഫിയോ ചായയോ വാങ്ങുന്നു. ജ്യൂസുകള്‍ വാങ്ങുന്നു. ഷോപ്പ്ജീവനക്കാരന് ഈ ആളുകള്‍ക്കൊക്കെ അവന്റെ ഗ്ലൌസിട്ട കൈ കൊണ്ട് സാധനങ്ങള്‍ പാകപ്പെടുത്തി കൊടുക്കുന്നു. സാന്‍ഡ്-വിച് നിര്‍മ്മിക്കാനുള്ള ഖുബ്സ് / സാമൂലി / മുതലായവയും ബര്‍ഗറും മറ്റും ഗ്ലൌസിട്ട കൈകൊണ്ട് എടുത്തും പിടിച്ചും അവര്‍ അവരുടെ ജോലി ചെയ്യുന്നു. പുഴുങ്ങിയ കോഴിമുട്ട തോട് അടര്‍ത്തുന്നതും ഇതേ ഗ്ലൌസിട്ട്കൊണ്ട് തന്നെ ! ഒരു മടിയും ശങ്കയും കൂടാതെ ആളുകളത് വാങ്ങി മുഖത്തെ മാസ്ക് താഴ്ത്തി – ആസ്വദിച്ച് തിന്നുന്നു ! ജ്യൂസ് ഒഴിച്ച ഗ്ലാസിനു മീതെ അതിന്റെ മൂടി ഇട്ട ശേഷം ഗ്ലൌസ് അണിഞ്ഞ കൈ കൊണ്ട് സ്ട്രോ എടുത്ത് – മൂടി കുത്തി പ്പൊട്ടിച്ചുണ്ടായ ദ്വാരത്തില്‍ സ്ട്രോ തിരുകികൊടുക്കുന്നു. ഗ്ലൌസിട്ടു പിടിച്ച സ്ട്രോയുടെ ആ ഭാഗം .. ജ്യൂസ് വാങ്ങിയവന് വായില്‍വെച്ച് ധൈര്യസമേതം ഈമ്പിക്കുടിക്കുന്നു ! കടയിലെ ജീവനക്കാര്‍ അവരുടെ സേഫ്റ്റിയ്ക്ക് വേണ്ടി മാസ്ക് വെച്ചും ഗ്ലൌസ് ധരിച്ചും കൊറോണയെ തടുക്കുകയാണ്. കാരണം, അവിടെ വരുന്ന വ്യത്യസ്ഥ കസ്റ്റമേഴ്സ്..
അവരുടെ കൈവശമുള്ള കറന്‍സികള്‍.. അത് ആളുകള്‍ കൈമാറി – കൈ മാറി – എവിടെയെല്ലാമോ കറങ്ങി ചിലരുടെ പേഴ്സില്‍ ഇടം പിടിക്കും. ചിലരുടെ പോക്കറ്റില്‍ കുടിയിരിക്കും. ചിലര്‍ കൈവിരലില്‍ ചുരുട്ടിപ്പിടിച്ചായിരിക്കും വരുന്നത്. അഴുക്കും വിയര്‍പ്പും അവിടെ നിക്കട്ടെ. പക്ഷേ , കോവിഡ് കടന്നാക്രമിച്ചവനിലൂടെയല്ലാ ആ ‘ കടലാസുതുണ്ട് വരുന്നത് ‘ ന്നു ആര്‍ക്കാണ് ഉറപ്പ് ! ഇങ്ങനെ വരുന്ന എത്ര കറന്‍സികള്‍ ആ ഗ്ലൌസില്‍ സ്പര്‍ശിച്ചു !
ചിലര്‍ കൊടുക്കുന്ന നൂറിന്റെയും അമ്പതിന്റെയുമൊക്കെ കറന്‍സിക്ക്.. അവര്‍ വാങ്ങിയതിന്റെ ബാക്കി നല്കാന് കാഷ്-കൌണ്ടറിന്റെ വലിപ്പില്‍ ചിതറിക്കിടക്കുന്ന നോട്ടുകള്‍ അതേ ഗ്ലൌസിട്ട കൈകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി മറിച്ച് ചിക്കിപ്പെറുക്കി .. അങ്ങനെ ബാക്കിയും കൊടുക്കുന്നു. ചില്ലറ ബാക്കി കിട്ടിയവന് അവന്റെ നഗ്നമായ കൈവെള്ള കൊണ്ട് അതെണ്ണി നോക്കി പഴ്സിലോ പോക്കറ്റിലോ തിരുകുന്നു ! പുറത്തിറങ്ങി നടക്കുന്നവര്‍ മാസ്ക് ഇടണം. ആളുകളില്‍നിന്നും അകലം പാലിക്കണം എന്ന നിബന്ധനയല്ലാതെ- പൊതു ജനങ്ങള്‍ കൈയ്യുറ ഇടണമെന്ന നിയമം എവിടെയും പറഞ്ഞു കേള്‍ക്കുന്നില്ലല്ലോ.. അതോടൊപ്പം, ഓരോ കസ്റ്റമേഴ്സ്നെ കെയര്‍ ചെയ്യുംബഴും ആദ്യത്തെ കൈയ്യുറ മാറ്റി – പുതിയത് കൈയ്യിലിടണം എന്ന ചിട്ടയുമില്ല… എങ്കില്‍, ഈ ഇളവ് ഒരു മഹാ വളവിലെക്കാവും ചെന്ന് ചാടുന്നത് എന്ന് ചിന്തിക്കാതിരിക്കാന്‍ നിവൃത്തിയില്ല.ആളുകള്‍ക്കൊക്കെ ഒരു മാഞ്ഞാളം പോലെ: മാസ്ക് ഇട്ടാ മതി.. വേറെ എന്തുമാവാമെന്ന ഒരു ചിന്ത ! ഇതാണോ ?- ഇതിനാണോ ..കരുതലെന്നു പറയുന്നത് !
ഷോപ്പുകള്‍ തുറക്കുനത് നമ്മള് വിലക്കരുത്. അതവരുടെ ജീവനോപാധി. പക്ഷേ, ഇങ്ങനെയുള്ള ഷോപ്പുകളില്പ്പോയി അവര്‍ സകലകുലാവിയായി കൈകാര്യം ചെയ്യുന്ന ഭക്ഷണങ്ങ വസ്തുക്കള്‍ വാങ്ങി കഴിക്കണോ – കുടിക്കണോ – അതോ, അത് വേണ്ടയോ എന്നത് .. നമ്മുടെ മാത്രം ചോയ്സാണ്. കേവലം ഒരു മാസ്ക് മാത്രമല്ലല്ലോ കോവിഡ്നെ തടുക്കാനുള്ള കുറുക്കുവഴി. സൂക്ഷിച്ചാല്‍,
ഐസോലേഷനില്‍ കിടക്കാതെ കൈച്ചിലാവാം എന്ന ഓരോര്മ്മപ്പെടുത്തലായി ഇതിനെ കാണുക. ലോകത്തെവിടെയെങ്കിലും രക്ഷകന്റെ റോളിലൊരു പരിത്രാണന് ആന്റി-കൊറോണയുമായി വരുമെന്ന പ്രതീക്ഷയില്‍ ആകാംക്ഷയോടെ: