ക്വറന്റൈൻ ഒരുക്കി പ്രവാസികളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ തുള്ളിച്ചാടുന്നവരോട് ചില ചോദ്യങ്ങൾ

969

ഹംസ പുല്ലത്തീല്‍- കരിമ്പില്‍‍ എഴുതുന്നു

ഞങ്ങൾ പ്രവാസികൾ നിര്‍ണ്ണായക ഘട്ടംവരുമ്പോൾ നാട്ടിലേക്കു വരികതന്നെ ചെയ്യും. കാരണം, കൊറോണയുടെ കെടുതികൾ ലോകത്താകമാനം തുടര്‍ന്നും നാശംവിതയ്ക്കാന്‍ തീരുമാനിച്ചെങ്കില്‍- നിലവിലുള്ള സംവിധാങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി ഓരോ രാജ്യങ്ങളും അവനവന്‍റെ പൌരന്മാരെ മാത്രം സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ എന്ന സ്ഥിതി വന്നാല്‍ അന്നേരം,
കിട്ടിയ മാര്‍ഗ്ഗമുപയോഗിച്ച് പ്രവാസ ലോകത്തുള്ളവര്‍ക്ക് സ്വന്തം നാട്ടിലെത്തുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ. പക്ഷേ, ഇത്തിരി ബാധിക്കുമ്പഴേക്കും അതുവെച്ച് ഊതിവീര്‍പ്പി ച്ച് ഭയം പരത്തുന്ന വാര്‍ത്തകള്‍കേട്ട് ഓടാന്‍ റെഡിയായി നില്‍ക്കുകയല്ല ജനങ്ങളിവിടെ. അങ്ങനെ എല്ലാരും കൂട്ടത്തോടെ നാട്ടില്‍വരേണ്ട സാഹചര്യമുണ്ടായാൽ , വരുന്നവരെയൊക്കെ നിരീക്ഷണത്തില്‍ വെക്കാൻ ‍നിലവിലെ സര്‍ക്കാര്‍ സംവിധാങ്ങള്‍ മതിയാവില്ല എന്ന ഘട്ടംവരുമ്പോ അതിനുപകരിക്കുന്ന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍തന്നെ ഏറ്റെടുക്കും. വിട്ടുകൊടുക്കാന്‍ തയാറല്ലാത്ത സ്ഥാപങ്ങള്‍ തല്‍ക്കാലത്തേക്ക്വേണ്ടി പിടിച്ചെടുക്കാനും സര്‍ക്കാറിനറിയാം. അതിനൊക്കെയുംകൂടെയാണല്ലോ സര്‍ക്കാരും ഭരണ സംവിധാനവും.

അന്നേരം ഗവണ്മെന്റുമായി സഹകരിക്കൽ എല്ലാവരുടെയും ‍നിര്‍ബിന്ധിത ബാദ്ധ്യതയാണ്. അതിനു മനസ്സ് കാണിക്കാതെ: ‘ഞാന്‍ കോമൂപ്പന്‍റെ ആളാണ്‌,ഞങ്ങള്‍ ആ സംഘടനയാണ് – ഈ സംഘടനയാണ് അതുകൊണ്ട് സ്ഥാപനം വിട്ടുതരാന്‍പറ്റില്ലാ’എന്ന് വല്ലവനും പറഞ്ഞാല്‍ അതോടെ അത് ‘തീര്‍ന്നു‘ എന്ന് കരുതിയാൽ മതി. പക്ഷേ, ചിലരുടെ വാചോടാപം കേള്‍ക്കുമ്പോ- ‍ ഒരുമുഴം മുന്നേ എറിഞ്ഞു കൊടുത്ത് ‘ അതവരുടെ പ്രവാസീ സ്നേഹമാണെന്ന് കാണിക്കാന്‍ വെമ്പുകയാണ് നാട്ടില്‍ !
അവര്‍ പറയുന്നുണ്ട് പലപ്പഴായി:

A – ഗള്‍ഫുരാജ്യങ്ങളിലെ പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണം. അവരെ രക്ഷിക്കണം. അല്ലാഞ്ഞാ, അവരോടു ചെയ്യുന്ന നന്ദികേടാണ്.

B – അവരുടെ വിയര്‍പ്പാണ് നമ്മുടെ പല സ്ഥാപനങ്ങളും.

C – അവരുടെ അദ്ധ്വാനവുംകൂടെ ചേര്‍ത്തുണ്ടാക്കിയതാണ് ഇവിടത്തെ പല മള്‍ട്ടി-സ്പെഷാലിറ്റി ആശുപത്രികളും.

D – പ്രവാസികളുടെ സഹായവും ചേര്‍ന്ന പണംകൊണ്ടാണ് ഇവിടെ അനേക നിലകളില്‍ കെട്ടിയുണ്ടാക്കിയ പല കോളജുകൾ

E – അവരുടെയും വിയര്‍പ്പാണ് ഇവിടെ ഇന്നുകാണുന്ന പല സ്കൂളുകളും

F – നാട്ടിലെ പല യതീംഖാനകളും അവരുടെ പണവും ചേര്‍ത്താണ് പടുത്തുയര്‍ത്തിയത് നമ്മൾ

G – അംബര ചുംബികളായ മിനാരങ്ങളളുള്ള പല പള്ളികളും, പറുദീസ പോലുള്ള മദ്രസകളും പ്രവാസികളുടെ അദ്ധ്വാന ഫലവും ചേര്‍ന്നുണ്ടായതാണ്.

H – ഇവിടത്തെ പല സംഘടനകളുടെയും കമ്യൂണിറ്റി ഹാളുകളും കല്യാണമണ്ഡപങ്ങളും, ഓഡിറ്റോറിയങ്ങളും മറ്റു ഒത്തിരി കെട്ടിട സമുച്ചയങ്ങളും പ്രവാസികളുടെയുംകൂടെ വിയര്‍പ്പിന്‍റെ ഫലമായാണ് കെട്ടിപ്പടുത്തത്.

I – അതുകൊണ്ട്, ഞങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ അവരെ ഇവിടെ കൊണ്ടുവന്ന് വരിവരിയായി ക്വാറന്‍റെയ്നിലും ഐസോലേഷനിലും കിടത്താന്‍ ‘’ അവരുടെയുംകൂടെയായ ഈ സ്ഥാപനങ്ങളെല്ലാം ’’ ഞങ്ങള്‍ റെഡിയാക്കി വെക്കുകയാണ്. അവരെ ഒന്നിങ്ങോട്ട് എത്തിച്ചാ മതി. ബാക്കി, കുളിപ്പിച്ച് കിടത്തുന്ന കാര്യം ഞങ്ങളേറ്റു !

J – പ്രവാസികളുടെ കുടുംബങ്ങളും അതുകണ്ട് അങ്ങേയറ്റം സന്തോഷിക്കും. അല്ലഞ്ഞാ, നമ്മള്‍ പ്രവാസികളോടു ചെയ്യുന്ന വലിയ നന്ദികേടാവും അത് !

സംഗതിയൊക്കെ കൊള്ളാം.വരിവരിയായി ക്വാറന്റെയ്ന്‍ ഒരുക്കി പ്രവാസികളോടുള്ള നന്ദി പ്രകടിപ്പിക്കാന്‍ തുള്ളിച്ചാടുന്നവരോട് ചില കാര്യങ്ങള്‍ ചോദിക്കട്ടെ:

ഈ പറയുന്ന കോളജുകളില്‍ / സ്കൂളുകളില്‍ / ഹയര്‍-സെക്കന്‍ഡറികളില്‍: പ്രവാസികളുടെ, പഠിച്ചു പാസായി അദ്ധ്യാപക ജോലിയ്ക്ക് യോഗ്യത നേടിയ ഒരു മകനോ- മകളോ ബന്ധുവോ വേക്കന്‍സിയുണ്ടെന്നു കേട്ട് നിങ്ങളെ സമീപിച്ചാല്‍. പ്രതീക്ഷയോടെ പ്രവാസി അവരെ അങ്ങോട്ടയച്ചാല്‍ പ്രവാസിയോടുള്ള നന്ദി സൂചകമായി ഒരു അദ്ധ്യാപക തസ്തിക നിങ്ങള്‍ സൌജന്യത്തില്‍ കൊടുത്തിട്ടുണ്ടോ ? രക്ഷിതാവ് പ്രവാസി ആയതോണ്ട് അഞ്ചുലക്ഷം ‘ അധികം’ വാങ്ങുമെന്നല്ലാതെ !

ഈ പറയപ്പെട്ട പഞ്ചനക്ഷത്ര ആശുപത്രികളില്‍ ചികിത്സതേടി വന്ന എതെങ്കിലും ശരാശരി പ്രവാസിയ്ക്കോ, ആ പ്രവാസിയുടെ ഏറ്റവും വേണ്ടപ്പെട്ട ബന്ധുക്കള്‍ക്കോ ലക്ഷങ്ങള്‍ ചെലവ് വരുന്ന ട്രീറ്റ്മെന്റ് സൌജന്യമായി നിങ്ങള്‍ അനുവദിച്ചിട്ടുണ്ടോ നന്ദിസൂചകമായി? – എല്ലാ ഉപകരണങ്ങളും പ്രവാസിയെ ഉപയോഗിച്ച് പരീക്ഷിച്ച് – ടെസ്റ്റ് ബില്ല് കൂട്ടുമെന്നല്ലാതെ !

ഏക-ജാലക സംവിധാനത്തില്‍ ഇടംകിട്ടാതായപ്പോ അവസാനപ്രതീക്ഷയെന്ന നിലയ്ക്ക് നിങ്ങളീ പറഞ്ഞ ഹയര്‍-സെക്കന്‍ഡറി സ്കൂളുകളില്‍ പ്ലസ്-വണ്‍ അഡ്മിഷനു വന്ന പ്രവാസികളുടെ മക്കള്‍ക്ക് ‌ സ്കൂള്‍-ഫണ്ട് എന്ന പേരില്‍ നിങ്ങള്‍ വിലയിട്ടു വില്‍ക്കാന്‍വെച്ച സീറ്റില്‍ ഒരെണ്ണം ഫ്രീയായി കൊടുത്ത്- പ്രവാസിയോട്‌ നന്ദി കാണിച്ചിട്ടുണ്ടോ ? – കുട്ടിയുടെ രക്ഷിതാവ് പ്രവാസിയാണ് എന്ന മാനദണ്ഡം പറഞ്ഞ് അയ്യായിരത്തിനു പകരം പത്തായിരമോ , പതിനയ്യായിരമോ വാങ്ങാന്‍ നോക്കി എന്നല്ലാതെ !

നിങ്ങളീ പറഞ്ഞ ഏതെങ്കിലും സ്കൂളുകളിലെ കുട്ടികളുമായി അന്യസംസ്ഥാനങ്ങളില്‍ രണ്ടും മൂന്നും ബസ്സുകളില്‍ എസ്കര്‍ഷന്‍പോവുമ്പോ ഞങ്ങളുടെ മക്കള്‍ക്ക് ആ സംഘത്തില്‍ നിങ്ങള്‍ സൌജന്യം കൊടുക്കാറുണ്ടോ ? – എല്ലാരേംപോലെ ഞങ്ങളുടെ മക്കളില്‍നിന്നും പണം വാങ്ങുമെന്നല്ലാതെ !

നിങ്ങളീ പറഞ്ഞ ഏതെങ്കിലും പള്ളികളുമായി ചേര്‍ന്ന ഖബര്‍സ്ഥാനില്‍ ആറടിമണ്ണില്‍ അടക്കം ചെയ്ത അതേ പ്രവാസികള്‍ക്കും അല്ലെങ്കില്‍ ആ പ്രവാസിയുടെ മാതാവോ പിതാവോ ഭാര്യയോ മക്കളോ ആരായാലും അവരെയവിടെ മറ മാടിയതിന്: അതിന്‍റെ കൂലിയും പള്ളി വിഹിതവും നിങ്ങൾ കണക്കുപറഞ്ഞ്‌ വാങ്ങാറില്ലേ ? – പള്ളിക്ക് വേണ്ടിയല്ലേ, സംഖ്യ കുറക്കണ്ട എന്ന തേന്‍പുരട്ടിയ ചൂണ്ടയിട്ടുംകൊണ്ട് !

നിങ്ങളീ പറഞ്ഞ പള്ളിക്കമ്മറ്റി ഇടപെട്ട് ഖാളിയോ ഖതീബോ ചെയ്തുകൊടുത്ത അന്നാട്ടിലെ ഏതെങ്കിലും പ്രവാസിയുടെ മകളുടെ നിക്കാഹിന് ‘ഫീസ്‌ ‘ വാങ്ങാതിരുന്നിട്ടുണ്ടോ ? – തന്നതും പോരാഞ്ഞ് ഒരുപിടി വേറെയുംപോരട്ടെ എന്ന ചിന്തയല്ലാതെ !

നിങ്ങളീ പറഞ്ഞ കമ്യൂണിറ്റിഹാളും, കല്യാണ മണ്ഡപങ്ങളും ഒരു പ്രവാസിയുടെയോ / അവന്‍റെ മക്കളുടെ / സഹോദരിയുടെയൊക്കെയോ കല്യാണങ്ങള്‍ക്കത് ബുക്ക് ചെയ്തപ്പോ പ്രവാസിയുടെ കൈയ്യില്‍നിന്നും പതിനായിരങ്ങള്‍ പലത്, ( ചിലപ്പോ, ലക്ഷം കവിയും ) വാടക വാങ്ങാതിരുന്നിട്ടുണ്ടോ ? – നാട്ടിലെ മറ്റുള്ളവര്‍ക്ക് നല്‍കുന്നതിലും ഇത്തിരി കൂട്ടികിട്ടാന്‍ നോക്കും എന്നല്ലാതെ !

പ്ലസ്-വണ്‍ പാസ്സായ, പ്രവാസിയുടെ മക്കള്‍ നിങ്ങളീ പറഞ്ഞ എന്‍ജിനീയറിംഗ് കോളജുകളില്‍ ഗ്രാജുവേഷന് ചേരാന്‍ വന്നാല്‍ ആ കുട്ടിയുടെ രക്ഷിതാവ് പ്രവാസിയാണ് എന്ന് കരുതി നന്ദി സൂചകമായി ബീ-ടെക്നുള്ള ഒരു സീറ്റ് കൊടുക്കാറുണ്ടോ ? – നിശ്ചിത തുക കോഴ വാങ്ങിയിട്ടല്ലാതെ !

എന്തിനേറെ !: നാല് മുക്കാല് കൈയ്യിലുള്ള സമയത്ത് നിങ്ങള്‍ പിരിവിനു വന്നപ്പോ – ഉള്ളതൊക്കെ പിഴിഞ്ഞ് തന്ന ഒരു പ്രവാസി
ലക്ഷ്യം പൂര്‍ത്തീകരിക്കുംമുന്‍പ് നിര്‍ഭാഗ്യവശാല്‍ നാട്ടില്‍ തിരിച്ചെത്തിയിട്ട്‌ – ഇത്തരം മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ഒരു തൂപ്പുകാരന്‍റെ ജോലിയെങ്കിലും കൊടുത്ത് അവനെ സഹായിക്കാന്‍ നിങ്ങളില്‍ ആരെങ്കിലും മനസ്സ് കാണിച്ചിട്ടുണ്ടോ !?

വിസ നഷ്ടപ്പെട്ട് നാട്ടില് തിരിച്ചുവന്ന പ്രവാസി: അനേക കഷ്ടപാടുകള്‍ക്കുശേഷം മറ്റൊരു വിസ കിട്ടാന്‍ കെട്ടിയ പെണ്ണിന്‍റയോ, അവന്‍റെ ഓമനമകള്‍ക്കോ ആറ്റുനോറ്റുണ്ടാക്കിക്കൊടുത്ത ഇത്തിരിപ്പോന്ന സ്വര്‍ണ്ണാഭരണം വിറ്റോ- പണയം വെച്ചോ വീണ്ടും പ്രവാസത്തേക്ക് വരാനൊരുങ്ങുമ്പോ – അവന്‍റെ സാഹചര്യം കണ്ടറിഞ്ഞ് നിങ്ങളുടെ കമ്മറ്റികളില്‍നിന്നോ -നിങ്ങള്‍സ്വരൂപിച്ച ഫണ്ടില്‍ നിന്നോ അന്നേരം ആവശ്യമുള്ള ഒരു സംഖ്യ വായ്പ്പയായി കൊടുക്കാന്‍ എന്നെങ്കിലും തുനിഞ്ഞിട്ടുണ്ടോ !?

എണ്ണിപ്പറയാന്‍പലതുണ്ട്. ഇതിന്‍റെയൊക്കെ ഉത്തരങ്ങള്‍ ‘ഇല്ലാ’ എന്ന രണ്ടരയക്ഷരമാണ് എങ്കില്‍: ഇത്തരത്തില്‍ പ്രവാസികളോടുള്ള നന്ദികേടിന് കൈയുംകാലും വെച്ചവരാണോ ഇപ്പൊ ‘നന്ദി പ്രകടിപ്പിക്കാന്‍’ ഞങ്ങളെപ്പിടിച്ചു ക്വാറന്റെയ്നിലും ഐസോലേഷനിലും ഇടാനും തന്മൂലം ഞങ്ങളുടെ കുടുംബങ്ങളെ സന്തോഷിപ്പിക്കാനും ഒരുങ്ങുന്നത് ! അതോ – നിങ്ങളുടെയൊക്കെ കേളി വര്‍ദ്ധിക്കാനോ !?
രണ്ടായാലും, ചിലതൂടെ ചോദിച്ചോട്ടെ:

ഏതു പ്രവാസിയുടെ കുടുംബമാണ് ഇവിടന്നു വരുന്നവനെപ്പിടിച്ച് നിങ്ങള്‍ ഐസോലെഷനില്‍ ഇടുന്നത് കണ്ട് സന്തോഷിക്കുന്നത് –
ഇതെല്ലാം ചെയ്യാനൊരുങ്ങുന നിങ്ങളല്ലാതെ ?
ഇവിടെ, പ്രവാസികളെയെല്ലാം കൂട്ടത്തോടെ കോവിഡ് പിടികൂടി മരണത്തെ മുഖാമുഖം കാണുകയാണെന്ന് ആരാ പറഞ്ഞുപരത്തിയത് – ഇതെല്ലാം പറഞ്ഞു മോങ്ങുന്ന നിങ്ങളല്ലാതെ ?

ഈയവസ്ഥയില്‍ ഇവിടന്നു നാട്ടില്‍ വരുന്ന ശരാശരി പ്രവാസികളില്‍ ആരാണ് ‘ നിങ്ങള്‍ ഒരുക്കിയ ‘ ക്വാറന്റെയ്നില്‍ മൂന്നാഴ്ച്ചക്കാലം കിടക്കാനുള്ള ‘’പൂതിയുമായി ‘’ വിമാനം കയറാന്‍ കാത്തിരിക്കുന്നവർ ? വരുന്നവരെ കൊണ്ടുപോയി കിടത്താന്‍ ‘ ഇരു കൈയും ‘ നീട്ടി നന്ദിപ്രകടനത്തിന് താറുംകെട്ടി ഒരുങ്ങിയ നിങ്ങളല്ലാതെ !?

സ്വദേശി-വിദേശി എന്ന വേര്‍തിരിവില്ലാതെയാണ് ഈ രാജ്യങ്ങളില്‍ കൊറോണ ബാധിരായ ആളുകളെ അവര്‍ പരിഗണിക്കുന്നത് എന്നിരിക്കെ.. ( നമ്മുടെ നാട്ടിലും അതുതന്നെയല്ലേ ചെയ്യുന്നത് ! )

ഇന്ത്യയിലെപ്പോലെ ഇവിടെയും റിസള്‍ട്ട് പോസിറ്റീവും ആവുന്നുണ്ട്‌ – പോസിറ്റീവ് ആയവര്‍ നമ്മുടെ നാട്ടിലെപ്പോലെ ഇവിടെയും ഐസോലെഷനില്‍കിടന്ന ശേഷം, സുഖമായി ആശുപത്രികളിൽ നിന്നും പുറത്തു വരുന്നുമുണ്ട്. അതോടൊപ്പം,
നിരീക്ഷണത്തില്‍ ഉള്ളവർ അവരുടെ റിസള്‍ട്ടില്‍ നെഗറ്റീവ് ആണെന്ന് ലാബിലെ പരിശോധനയില്‍ മനസ്സിലായാല്‍ ആരോഗ്യ മേഖലയുടെ കടുത്ത നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രരായി പോരുന്നുമുണ്ട്. പിന്നീടവർ തികഞ്ഞ ജാഗ്രതയില്‍
അവനന്‍റെ വസതികളില്‍ കഴിയുന്നു.

അല്ലാതെ, ഗള്‍ഫുരാജ്യങ്ങള്‍മൊത്തം കോവിഡ് ബാധിച്ച് മുങ്ങിച്ചാവാന്‍ പോവുകയാണ്. അതിനു മുന്‍പ് നമ്മുടെ ആളുകളെ പെട്ടെന്ന് രക്ഷിക്കണം എന്നമട്ടില്‍ എന്തിനീ കോലാഹലം ? അതോടൊപ്പം, പ്രവാസികള്‍ എന്ന് പറഞ്ഞാല്‍ ഇന്ത്യയിൽ നിന്നുള്ള ‘കേരളക്കാര്‍‘ മാത്രമാണ് എന്ന് മനസ്സിലാക്കിയോ പലരും ?

ഇവിടെ എല്ലാരും മനുഷ്യരാണ്. അറബിയെന്നോ അജമിയെന്നോ ഉള്ള വേര്‍തിരിവില്ലാതെ എല്ലാരും മനുഷ്യര്‍മാത്രം. ഇത്തരമൊരവസ്ഥയില്‍ ഇവിടെ രാജ്യം തിരിച്ചുള്ള പരിഗണനയല്ല.

യാത്രാ സൌകര്യങ്ങള്‍ നിലച്ചതുകൊണ്ടു മാത്രമാണ് നാട്ടില്‍‘ വരാന്‍ ആഗ്രഹിക്കുന്ന ഞങ്ങളിലെ ന്യൂനപക്ഷം ‘ ഇവിടെ തങ്ങിയത്. വ്യോമയാന ഗതാഗത മേഘല നിലച്ചില്ലായിരുന്നെങ്കില്‍ ഞങ്ങളായി – ഞങ്ങളുടെ പാടായി എന്ന മട്ടില്‍ ഞങ്ങള്‍ തീരുമാനിക്കുമായിരുന്നു എന്തു വേണമെന്ന്.
എങ്കില്‍, ഞങ്ങളെ ‘ കൊണ്ടൊരാന്‍ വേണ്ടി ‘ നിങ്ങളവിടെക്കിടന്ന് തൊണ്ടകാറി കരയേണ്ടി വരില്ല. പക്ഷേ, അങ്ങനെ വരുന്നപക്ഷം നിങ്ങളില്‍പലര്‍ക്കും പ്രവാസിയുടെ ലേബലില്‍‘’ നന്ദി കാണിച്ചു‘’ നാട്ടില്‍ മഹാസംഭവമാവാന്‍ അവസരം ഇപ്പഴൊന്നും കിട്ടില്ലായിരുന്നല്ലോ.. ല്ലേ !
പടച്ചോന്‍റെ ഓരോ കളികള് !
അറേബ്യന്‍-ഭരണാധികാരികള്‍ക്ക് വൈകാതെ കനിവുണ്ടാവട്ടെ- വ്യോമപാത പുനരാരംഭിക്കാന്‍.
ബാക്കി, പ്രവാസികള്‍ക്കറിയാം എന്ത് വേണമെന്ന്.