ഐലാൻ കുര്‍ദിയുടെ കുഞ്ഞനിയനാവും ‘വിയാന്‍‘ എന്ന കുരുന്ന്

89

ഹംസ പുല്ലത്തീല്‍ – കരിമ്പില്‍

അവളെ കൊല്ലരുത്. കാരഗൃഹത്തിലിട്ട് തീറ്റിപ്പോറ്റുകയുമരുത്. ആ സ്ത്രീയെ തിരസ്കൃതയാക്കി പ്രകൃതിയ്ക്ക് വിട്ടു കൊടുക്കുക. അഥവാ, കൊന്നേ പറ്റൂ എന്നുണ്ടെങ്കില്‍- അവളെയീ കൃത്യത്തിനു പ്രേരിപ്പിച്ച ഒരുത്തനുണ്ട്. ആ ചെകുത്താന്‍റെ മോഹന വാഗ്ദാനങ്ങളാണ് അവളെക്കൊണ്ടിതു ചെയ്യിച്ചത്. ആദ്യം അവനെയാവട്ടെ അന്നാട്ടുകാരുടെ അരിശം തീരുംവരെ കെട്ടിത്തൂക്കി കൊല്ലാക്കൊല ചെയ്യൽ. മനുഷ്യരുടെ ചില ചെയ്തികള്‍ കണ്ട് പ്രകൃതി കരയും, കണ്ണീര്‍ വാര്‍ക്കും, ദുഃഖഭാരം താങ്ങാനാവാതെ പ്രകൃതി ചിലപ്പോള്‍ വല്ലാതെ കോപിക്കും. ആ താപ-കോപങ്ങളാണ് കൊടുങ്കാറ്റായും പേമാരിയായും, ഉരുള്‍പൊട്ടലായും ഭൂമി കുലുക്കമായും മനുഷ്യരെ വേട്ടയാടുന്നത്. കാരണം, മർത്ത്യരുടെ കരുതിക്കൂട്ടിയുള്ള ക്രൂരതകളോ നിസ്സഹായരുടെ ദാരുണ മരണമോ കണ്ടില്ലെന്നു നടിക്കാനുള്ള മനസ്സല്ല പ്രകൃതിയ്ക്ക് വരദാനമായി കിട്ടിയിട്ടുള്ളത്. പ്രകൃതി ആര്‍ദ്രമാണ്, പ്രകൃതിക്കൊരു സത്യമുണ്ട്, പ്രത്യേകിച്ചും, പൈതങ്ങളുടെ കാര്യമാവുമ്പോ ! ആര്‍ദ്രത വിട്ട് പ്രകൃതി രൗദ്രഭാവം കൊള്ളുന്നത്‌ അപ്പഴാണ്. അതിന്‍റെ തെളിവായിരുന്നല്ലോ കൂടെയുള്ളവരെയൊക്കെ കടലമ്മ സ്വീകരിച്ചെങ്കിലും ഐലാൻ -കുര്‍ദി ‘ എന്ന നിഷ്കളങ്ക ബാലനെ ആഴക്കടലില്‍ നിന്നും കടലിന്‍റെ കൈകള്‍ ഒരു താരാട്ടിന്‍റെ ഈണത്തോടെ കട്ടപിടിച്ച ഇരുട്ടിന്‍റെ മറവില്‍ ആരുംകാണാതെ കരയ്ക്കെത്തിച്ചത് !

Image result for aylan kurdiകണ്ടവര്‍ ഒരുവേള കരുതി: കടല്‍ക്കരയിലെ നനുത്ത പ്രതലത്തില്‍ മുത്തം നല്‍കി കമഴ്ന്നു കിടന്ന് അവന്‍ ഉറങ്ങുകയാണെന്ന്. ആ കുരുന്നു മേനിയിലെ ജീവന്‍ വേര്‍പ്പെടുംമുന്‍പ് – ജീവനും മരണത്തിനും ഇടയിലെ ഒരിടത്താവളം പോലെ – കരയും കടലും തമ്മിൽ തൊടുന്ന രേഖയില്‍ എത്തിച്ച സിറിയയിലെ കടലമ്മ – വിധി അവനെ ജഡമാക്കി മാറ്റിയപ്പോ ആഴക്കടലില്‍ ഊളിയിട്ട് പൊട്ടിക്കരഞ്ഞിട്ടുണ്ടാവും അന്ന്. കാര്യമറിയാതെ അമ്പരന്ന തീരത്തെ തിരമാലക്കുഞ്ഞുങ്ങള്‍ ആയിലാന്‍-കുര്‍ദി എന്ന ആ കുരുന്നിന്‍റെ മേനിയില്‍ മെല്ലെ തഴുകി അവനെ ഉണര്‍ത്താന്‍നോക്കുന്ന രംഗമാണ് പിറ്റേന്നത്തെ പ്രഭാതത്തില്‍ ലോകം കാണുന്നത് !

തിരമാലകളുടെ നുരകളില്‍ കൈവെച്ച് കമിഴ്ന്നു കിടന്നുറങ്ങുന്ന, നീലയും ചെമപ്പും ഉടുപ്പിട്ട, കുഞ്ഞിക്കാലില്‍ പാദരക്ഷകള്‍ അണിഞ്ഞ ആ കുരുന്നിനെക്കണ്ടതോടെ ശബ്ദമില്ലാതെ ലോകം ഒരേസമയം കരഞ്ഞ ദിനമായിരുന്നു അത്. ഒരു നിമിഷത്തേക്കെങ്കിലും ലോക മനസ്സാക്ഷിയെ മനുഷ്യപ്പറ്റുള്ളവരാക്കി മാറ്റിയ ഒരു വല്ലാത്ത കാഴ്ച്ചയായിരുന്നുവല്ലോ. ആ പൈതലിന്‍റെ ഓമനത്വം മാറാത്ത ചിത്രം. ജന്മം കൊണ്ടല്ലെങ്കിലും കര്‍മ്മം കൊണ്ട് ഐലാൻ കുര്‍ദിയുടെ കുഞ്ഞനിയനാവും ‘വിയാന്‍ ‘ എന്ന കുരുന്ന് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം, പ്രകൃതി നിയമങ്ങളെ മറന്ന അവന്‍റെ പെറ്റ തള്ള അവനെ മരണക്കയത്തിലേക്ക് യാത്രയാക്കാന്‍ തിരഞ്ഞെടുത്തത് കടലോരമായിരുന്നല്ലോ !

Image result for VIYAN KANNURഐലാൻ മരണപ്പെട്ടപോലെ വിയാന്‍-ന്‍റെ ജീവനും രാത്രിയുടെ കട്ടപിടിച്ച ഇരുട്ടത്താണ് വേര്‍പ്പെട്ടത് എന്നത് യാദൃശ്ചികമാവാൻ തരമില്ല. നമ്മുടെ കണ്ണെത്താ ദൂരത്തുള്ള സിറിയന്‍ കടലോരംപോലെ കൺ വെട്ടത്തുള്ള കണ്ണൂരിലെ കടലോരത്തുമുണ്ടായിരുന്നു പ്രകൃതിയുടെ മടിത്തട്ടില്‍ നീരാട്ട് നടത്തുന്ന തിരമാലകള്‍. അവ കടലിറമ്പിലെ പാറക്കെട്ടുകളില്‍ തല തല്ലി ചിരിച്ച് നുരയുന്ന നേരത്താണ് – വിയാനെ പാറക്കല്ലിലേക്ക് ഒരു സ്ത്രീ ഊക്കില്‍ എറിഞ്ഞത്. ആത്മ ധൈര്യമുള്ള ആളുകള്‍പ്പോലും ഭയപ്പെടുന്ന ചുറ്റുപാട്. ചുറ്റും കൂരിരുട്ട്. തൊട്ടു മുന്നില്‍ ആര്‍ത്തിരമ്പുന്ന കടല്‍. രാക്ഷസിയായി മാറിയ അമ്മയുടെ പേടിപ്പെടുത്തുന്ന മുഖഭാവം.സാഹചര്യത്തിന്‍റെ ഭയാനകതയില്‍ പതറി അമ്മേ.എന്നലറിക്കരഞ്ഞ ആ ഒന്നര വയസുകാരന്‍ ജീവനോടെത്തന്നെ ആദ്യമേ ഒന്ന് മരിച്ചിട്ടുണ്ടാവും – പാറക്കല്ലിലേക്ക് എറിയാന്‍ വേണ്ടി മാറില്‍ നിന്നുമവനെ ഊക്കില്‍ അടര്‍ത്തിമാറ്റിയ നേരത്ത് !
അവിടെ, ആയിലാന്‍ എന്ന കുരുന്ന് ! നിസ്സഹായയായ പെറ്റമ്മയുടെ മടിയില്‍ നിന്നും കടലിലേക്ക്‌ തെറിച്ചു വീഴുകയായിരുന്നു – മറിഞ്ഞ തോണിയില്‍നിന്നും. ഇവിടെ, വിയാന്‍ എന്ന ഈ പൈതല്‍ ! അവന്‍, ഓര്‍ക്കാപ്പുറത്ത് പിശാചായിമാറിയ പെറ്റമ്മയുടെ മാറില്‍നിന്നും എടുത്തെറിയപ്പെടുകയായിരുന്നു- മുറിഞ്ഞ പൊക്കിള്‍ക്കൊടിയുടെ ബാക്കിയായ ഒരു പാഴ് വസ്തുപോലെ ! കല്ലില്‍ തലയടിച്ചു വീണ ആ കുരുന്നിന്‍റെ ശിരസ്സിലൂടെ ചീറ്റിയ ചുടുചോര തിരമാലകളില്‍ കലര്‍ന്ന് നിറംമാറുന്നത് കണ്ട് ഭയന്ന കടലലകള്‍ ഒരുനിമിഷം സ്തബ്ധരായി.

ഒരു ഇലയനക്കം പോലുമില്ലാതെ ഏതാനും നിമിഷത്തേക്ക് പ്രകൃതി നിശ്ചലമായ അവസ്ഥ ! കടല്‍ഭിത്തിയില്‍ തലയടിച്ച് ശിരസ്സ്‌ പൊട്ടിയെങ്കിലും ഈ കൊടും ക്രൂരത ചെയ്തവളുടെ ദൌത്യം വിജയിക്കാഞ്ഞതാല്‍ പാതിജീവന്‍ പോയ ആ പൈതലിനെ പൊക്കിയെടുത്ത് ഉപ്പുവെള്ളത്തില്‍ ബലമായി മുക്കിയ നേരം.. കടലിന്റെ അടിത്തട്ടിലെവിടെയോ ഒരു കഠിനമായ നോവ്‌ സംഭവിച്ചതിന് ആകാശം സാക്ഷി ! കുട്ടിയെ ഉപ്പുവെള്ളത്തില്‍ മുക്കിപ്പിടിച്ച ആ ദുഷ്ടയുടെ കൈകളില്‍നിന്നും അതിനെ രക്ഷിക്കാന്‍ ആ രംഗം കണ്ട് കരയുന്ന കടലിനുപോലും സാധിക്കുന്നില്ലല്ലോ എന്ന സങ്കടത്തില്‍ അന്നേരം കരയിലേക്ക് വന്ന തിരമാലകള്‍ക്ക് അലര്‍ച്ച കൂടുതലായിരുന്നു ! അവന്‍റെ അവസാന ശ്വാസത്തിന്‍റെ അടയാളമായ ഏതാനും നുരകള്‍ കടല്‍വെള്ളത്തിനു മീതെ ഉയര്‍ന്നു വന്ന് , ആ കുമിളകള്‍ പൊട്ടി – ഇത്തിരി വായു അന്തരീക്ഷത്തിലലിഞ്ഞ് മേലോട്ടുയര്‍ന്ന നേരം.അമ്മയുടെ നെഞ്ചിലെ ചൂടുംപറ്റി മരണത്തിലേക്ക് നടന്നടുക്കുന്ന നേരത്ത് കടല്‍ക്കാ്റ്റേറ്റ് മേനി കുളുര്‍ന്നപ്പോ പെറ്റമ്മയുടെ കവിളില്‍ അവസാനമായി അവന്‍ നല്‍കിയ മുത്തങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന .. ആ സ്ത്രീയുടെ ചൂടുള്ള ഗന്ധമുണ്ടാവുമാ വായു കുമിളകള്‍ക്ക് ! ആകാശലോകത്തെ മേലാപ്പിന്‍ മറവിലെ വെണ്മേഘങ്ങള്‍ക്കപ്പുറത്ത് രാത്രിയുടെ കാവല്‍ക്കാരായ മാലഖമാര്‍ ഭൂമിയില്‍ സംഭവിച്ച ഈ ദാരുണ രംഗംകണ്ട് ബോധം കെട്ടിട്ടുണ്ടാവും. അമ്മക്കൈയ്യിന്‍റെ ശക്തിയില്‍ കടല്‍വെള്ളത്തില്‍ മുഴുകി അവസാനമായി ആ പൈതലൊന്ന് പിടഞ്ഞ നേരത്ത് അതൊരു തരംഗമായി ഏറ്റുവാങ്ങിയ കടലമ്മ.. ആ കുരുന്നിന്‍റെ അവസാന ശ്വാസത്തോടൊപ്പമുള്ള കുറുകലിനെ ആഴക്കടലിലേക്കാവാഹിച്ച് വെച്ചിട്ടുണ്ടാവും – ഇനിയൊരു സുനാമികൂടെ നമ്മെത്തേടിവരാനുള്ള അവസരത്തിന് തക്കം നോക്കി..
നൊന്തു പ്രസവിച്ച് ഒന്നൊന്നര വയസ്സ് വരേയ്ക്കും മുലയൂട്ടി പോറ്റിയ ആ പൈതലിനെ കൊല്ലാന്‍ കൊണ്ട്പോവുമ്പോ അവളുടെ കാൽക്കീകഴില്‍ അമര്‍ന്ന കടപ്പുറത്തെ മണല്‍ത്തരികള്പോലും ആ ശപിക്കപ്പെട്ടവളുടെ കാലു പിടിച്ചു കരഞ്ഞു പറഞ്ഞു : അരുതേ .. അരുതേ എന്ന് !

പക്ഷേ, പ്രകൃതിയുടെ ആ കരച്ചില്‍ ചൊരിമണലിലെ കിരുകിരുപ്പായിട്ടാണല്ലോ തൃഷ്ണ മൂത്ത അവള്‍ക്ക് തോന്നിയിട്ടുണ്ടാവുക. നൊന്തുപെറ്റ പൈതലിന്‍റെ കുഞ്ഞിളം മേനി ചൂടാറാന്‍ തുടങ്ങുകയാണ് കടലിലെ കരിങ്കല്‍കെട്ടുകളിലെ പായലും പൂപ്പലുമുള്ള ഇരുണ്ട ഗര്‍ത്തത്തില്‍.. അവസാനത്തെ പിടച്ചിലിനുമുന്‍പ് അവളൊന്ന് എത്തി നോക്കിയിട്ടുണ്ടാവും – തീര്‍ച്ച.എന്തായിരുന്നിരിക്കാം അന്നേരമവളുടെ മനസ്സിനെ അലട്ടിയ ചിന്ത !മുലയൂട്ടുന്ന പെണ്ണിന്‍റെ സ്തനങ്ങള്‍ പാല് നിറഞ്ഞു വിങ്ങുമ്പോ കുഞ്ഞിന്‍റെ ഇളംചുണ്ടും തേടി ഓടിയെത്തുന്ന ഒരമ്മയ്ക്ക് പകരം – കാലിയായ തൊട്ടിലും കളിപ്പാട്ടങ്ങളുമുള്ള വീട്ടിലേക്ക് കടിഞ്ഞൂല്‍ കുഞ്ഞിനെ കൊന്ന് കടന്നു ചെല്ലാന്‍ എങ്ങനെ മനസ്സ് വന്നു ! അവള്‍ വീട്ടിലെത്തിയ നേരത്ത് തുറന്നുവെച്ച ജാലകത്തിലൂടെ അരിച്ചെത്തുന്ന ഇളംകാറ്റിലാടുന്ന തൊട്ടില്‍ കാണുമ്പോ – താന്‍പെറ്റ പൈതലിപ്പോ തിരമാലകളില്‍ ജഡമായി ചാഞ്ചാടുകയാണ് എന്ന ഞെട്ടലില്‍ ചിത്ത ഭ്രമം പിടിക്കാഞ്ഞതെന്തേ ഈ മഹാ പാപിയ്ക്ക് ! ഒരു നിമിഷംകൊണ്ട് കൊന്നു തീര്‍ക്കരുതിവളെ. ഇവള് ആരോരുമില്ലാതെ അലഞ്ഞു നടക്കട്ടെ – സ്വബോധം നഷ്ടപ്പെടാത്ത ഒരു ഭ്രാന്തിയായി തേരാ പാരാ അലയട്ടെ. അങ്ങനെ , ചെയ്ത മഹാപാപത്തിന് പ്രകൃതിതന്നെ അവളെ കണക്കിന് ശിക്ഷിക്കട്ടെ : പുഴുത്തു നാറി , ചീഞ്ഞളിഞ്ഞ വൃണങ്ങളുമായി, ഉടുതുണിയ്ക്ക് മറുതുണിയില്ലാതെ മലമൂത്രത്തില്‍ കുളിച്ച് – നാറ്റം സഹിക്കാതെ ആളുകള്‍ ആട്ടിപ്പായിക്കുന്ന അവസ്ഥയുമായി. അത് കാണുമ്പോ വാനലോകത്തൊരു നിഷ്കളങ്ക കുരുന്നിന്‍റെ കണ്ണീരുണങ്ങാത്ത നനുത്ത പുഞ്ചിരി ഈ ഭൂമിയെ നോക്കി ഒളി വിതറാന്‍ തുടങ്ങുന്നുണ്ടാവും ! അതിനുവേണ്ടി മാത്രം: കൊല്ലരുതിവളെ. ബാക്കി വെച്ചേക്കണം പടിയടച്ച് പിണ്ഡം വെച്ച് കൊണ്ട്.

Advertisements