അമ്പലങ്ങൾ നിർമ്മിക്കുന്ന ദലിതർക്കു സംഭവിക്കുന്നത്

34

അമ്പലങ്ങൾ നിർമ്മിക്കുന്ന ദലിതർക്കു സംഭവിക്കുന്നത്

ഭൂരഹിതരായ ഏറ്റവുമധികം ആളുകൾ ഉള്ള വിഭാഗമാണ് ദലിതർ. സ്വന്തമായി ഭൂമി ഉള്ളവർ തന്നെ കേവലം 5 സെൻറ് ഭൂമികളിൽ ഒതുങ്ങിക്കൂടുന്നവരാണ്. ഭൂമി കിട്ടുവാനായി സർക്കാരിനെയും സംവിധാനങ്ങളുടെയും ദയദാക്ഷിണ്യത്തിനു വേണ്ടി കാത്തിരിക്കുന്നവർ ഒരുപാടു സഹോദരങ്ങളുണ്ട്.ഇനി അഥവാ ഏതെങ്കിലും കുടുംബത്തിന് പത്ത് സെൻറിൽ അധികം ഭൂമി കൈവശമുണ്ടായാൽ പിന്നെ അവിടെ തറവാട്ടിലെ കാരണോൻമാർക്ക് വെച്ചുപൂജ കൂടുതൽ വിപുലമാക്കും. പതുക്കെ പതുക്കെ വിശ്വാസം ജ്യോതിഷത്തിലും ദേവപ്രശ്നത്തിനും വഴിമാറും.വാവുബലിയ്ക്ക് ഒത്തുകൂടുന്നവരിൽ ചിലർക്ക് വിശ്വാസ ഭ്രാന്ത് കൂടും- അവരാണ് പിന്നെ ഏതെങ്കിലും ബ്രാഹ്മണനായ ജ്യോതിഷിയെത്തന്നെ പോയി കാണുന്നത്.

നിത്യം വിളക്കുവെയ്ക്കുന്നു എന്നു കേട്ടാൽ അപ്പോൾത്തന്നെ അവർ അവിടെ ദേവ സാന്നിദ്ധ്യം പ്രഖ്യാപിക്കും. അവിടെ കുടുംബക്ഷേത്രം സ്ഥാപിക്കണമെന്ന് പറയും. കാരണമായി പറയുന്നത് കാരണോൻമാരുടെ ഉപാസനാമൂർത്തികളെ കുടിയിരുത്തണം എന്നാണ്.
അങ്ങനെ ഭദ്രകാളി, അയ്യപ്പൻ, കരിങ്കാളി, കരിങ്കുട്ടി, ചാത്തൻ, മഹിഷം തുടങ്ങിയ മൂർത്തികളെ ആയിരിക്കും പ്രതിഷ്ഠിക്കുന്നത്. പതുക്കെ ഉത്സവാഘോഷങ്ങളായി, കമ്മറ്റിയായി, പൊതുജന പങ്കാളിത്തമായി.

ഇനി ട്വിസ്റ്റ് ആരംഭിക്കും. പൊതുജന പങ്കാളിത്തം വരുമ്പോൾ അത്ര നാൾ പൂജ നടത്തിവന്ന ദലിതർക്ക് പ്രാമാണ്യം പോരാതെ വരും. ഇനി പൂജയ്ക്ക് ഒരു ബ്രാഹ്മണനെത്തന്നെ കൊണ്ടുവരണം എന്നാകും പൊതുജനാഭിപ്രായം. അങ്ങനെ ബ്രാഹ്മണനെത്തേടി പോകുമ്പോഴാണ് ക്ഷേത്രം വിപുലീകരിക്കണമെന്ന പ്രശ്ന വിധി ഉണ്ടാവുക.ദലിതർ പൂജിച്ച ദേവത, ഉപദേവതയായി മാറും പുതിയ ദേവ പ്രതിഷ്ഠകൾ രംഗപ്രവേശം ചെയ്യും. ഈ ഘട്ടം മുതൽ ക്ഷേത്രത്തിൻ്റെ പ്രവർത്തനം പൂർണ്ണമായും ദലിതൻ്റെ കയ്യിൽ നിന്നും നഷ്ടമാകുകയും ചെയ്യും.

ഇന്ന് കേരളത്തിലെ ഒരു പാടു ക്ഷേത്രങ്ങളുടെ കഥയിൽ ഇങ്ങനെയുള്ള ട്വിസ്റ്റ് കാണാൻ കഴിയും. ഇത്തരം ക്ഷേത്രങ്ങളുടെ പ്രധാന ദേവൻമാരുടെ ഉപദേവതകളായി ഇരിക്കുന്ന കുടുംബ ദേവതകൾക്ക് പുറമ്പോക്കിൽ കഴിയുന്ന ദലിതൻ്റെ അവസ്ഥയും ആയിരിക്കും.
ഭൂമിയുടെ അവകാശത്തിനായി ഒരു ഭാഗത്ത് ദലിത് സഹോദരങ്ങൾ പോരാടുമ്പോൾ മറ്റൊരു ഭാഗത്ത് വിശ്വാസികളായിത്തീർന്ന ദലിതർ ഉള്ള ഭൂമി ദൈവത്തിൻ്റെ പേരിൽ കൈവിട്ടു കളയുന്നു. ഇങ്ങനെ “ഹരിജനങ്ങൾ” എന്ന പേര് അവർ അന്വർത്ഥമാക്കുന്നു…