ആരവങ്ങൾ കാത്തുനിൽക്കുന്ന അറുപത്തിയെട്ടേ…തുടരുക 

331

Devaraj Devan 

വർഷങ്ങൾക്കുമുൻപ്

ഞാനന്ന് നാലിലോ അഞ്ചിലോ പഠിക്കുന്ന കാലം

ഒറ്റപ്പാലത്തുള്ള എന്റെ അമ്മയുടെ തറവാട്ടിൽ നിന്നും ഒരു ഉച്ചതിരിഞ്ഞനേരത്താണ് എന്റെ അനിയനടക്കം പലരും ചെറിയാമാമ്മക്കൊപ്പം “കുന്നത്തുവീട്ടിൽ മമ്മൂട്ടി വന്നത്” കാണാൻ ബഹളംവച്ചുകൊണ്ടു പോകാനൊരുങ്ങുന്നത്

തറവാട്ടിൽ നിന്നും വളരെ അടുത്താണ് വാത്സല്യത്തിന്റെ ഷൂട്ടിങ് നടക്കുന്ന വരോട് കുന്നത്ത് വീട്

അന്നൊത്തിരി വാശിപിടിച്ച് കരഞ്ഞിട്ടും അമ്മ എന്നെമാത്രം വിട്ടില്ല

കുട്ടിക്കാലം എന്നും അസുഖങ്ങളുടെ കാലം കൂടെ ആയിരുന്നു എനിക്ക്

“ഈ വെയിലുംകൊണ്ട് പോയിവന്നിട്ട് ള്ള സ്‌കൂള് എങ്ങാനും മുടങ്ങിയ , പിന്നത് മതി …..ഈ ഓടിവരലും മൊടങ്ങിക്കിട്ടും ……അന്റെ അച്ഛച്ചന്റെ വായേലിരിക്കണത് കേക്കാൻ യ്ക്ക് വയ്യ “

ആ ഡയലോഗുകൾക്കപ്പുറം എനിക്ക് നിഷേധിക്കപ്പെട്ട ഒത്തിരി കാഴ്ചകൾ ഉണ്ടായിരുന്നു അന്ന്

ഇനിയതൊന്നും പറഞ്ഞിട്ട് കാര്യവുമില്ല

അന്ന് രാത്രി ഉറങ്ങാൻകിടക്കുമ്പോ ഷൂട്ടിങ്ങിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സിദ്ദിക്കിനെക്കുറിച്ചും ഒക്കെ അനിയന്റെയും ചെറിയ മാമയുടെയും അടുത്തൂന്ന് ഞാൻ കേട്ടു ….അല്ല എന്റെ ഭാവനയിൽ കണ്ടു

അന്നായിരിക്കണം മമ്മൂട്ടി ഒരു വലിയ പേരായി എനിക്ക് ആദ്യമായൊരുപക്ഷേ അനുഭവപ്പെട്ടിട്ടുണ്ടാവുക

“വാത്സല്യത്തിന്റെ ഷൂട്ടിംഗിന് വന്നപ്പോ എടുത്തതാ” എന്ന് പറയാൻ പിന്നീട് അവിടുത്തെ പലരുടെയും വീട്ടിലെ ആൽബങ്ങളിലും ഒറ്റപ്പാലം ഏരിയയിലെ നാട്ടിന്പുറസ്റുഡിയോകളിലും മമ്മൂട്ടിയുടേയും ,സിദ്ദിക്കിന്റെയും , കൊച്ചിൻഹനീഫയുടെയും , ഗീതയുടെയും ഒറ്റക്കും കൂടെനിൽക്കുന്നതുമായ ഫോട്ടോകൾ കാണാമായിരുന്നു

(ഒരുപക്ഷെ ഇന്നുമുണ്ടാവാം )

എന്തായാലും കാലം കഴിഞ്ഞുപോയി
മമ്മൂട്ടി എന്ന നടൻ ഒറ്റപ്പാലത്തിന്റെ പലയിടങ്ങളിലായി പല സിനിമാ ഷൂട്ടിങ്ങുകൾക്കായി വന്നും പൊയ്ക്കൊണ്ടുമിരുന്നു

പിന്നീടദ്ദേഹം മനോരമ വാരികയിൽ എഴുതിക്കൊണ്ടിരുന്ന “ചമയങ്ങളില്ലാതെ” എന്ന പംക്തിയിൽ ഞാനറിയുന്ന നാടും നാട്ടുകാരും കഥാപാത്രങ്ങളായി

പിന്നീട് പ്ലസ്‌ടു കാലമൊക്കെ കഴിഞ്ഞാണ് ഒരിക്കൽ രാക്ഷസരാജാവ് എന്ന സിനിമയുടെ ഷൂട്ടിങ് സമയത്താണ് ഒറ്റപ്പാലം അരമനഹോട്ടലിന് വെളിയിലെ ഏറെനേരത്തെ കാത്തിരിപ്പിനൊടുവിൽ വണ്ടിയുടെ കീ കയ്യിലിട്ട് കറക്കി കറുപ്പ് ടീഷർട്ടും നീല ജീൻസുമിട്ട് വിത്ത് കൂളിംഗ്ലാസ്സിൽ ഇറങ്ങിവരുന്ന മമ്മൂട്ടിയെആദ്യമായി ഒരു വിദൂരനോട്ടം കാണുന്നത്

അത് മറക്കാൻ കഴിയാത്തവിധം മാസ്സ് സീനുമായിരുന്നു
😎😎😎

ഇഷ്ടക്കൂടുതലുണ്ടായിരുന്നു മമ്മൂട്ടിയോട്

അന്തഃസംഘര്ഷങ്ങൾ ഉള്ളിലൊതുക്കുന്ന മമ്മൂട്ടി കഥാപാത്രങ്ങളോട്

കരയാതെ കരയിപ്പിക്കുന്നതിൽ മുരളികഴിഞ്ഞാൽ എനിക്കിഷ്ടപ്പെട്ട നടനും മമ്മൂട്ടിയായിരുന്നു

അടിമുടി കഥാപാത്രമായി മാറാനുള്ള മിടുക്കിൽ എന്നെ അസൂയപ്പെടുത്തിയിട്ടുള്ളതും മമ്മൂട്ടി തന്നെ

ആണഴകിന്റെയും,തന്റേടത്തിന്റെയും പ്രതിരൂപമായി ആഘോഷിക്കപ്പെടുമ്പോഴും ഉള്ളുതൊടുന്ന മമ്മൂട്ടിയെ
ആയിരുന്നു എനിക്കിഷ്ടം

ഇന്നും അങ്ങനെതന്നെ

ആശംസകളില്ല

ആരവങ്ങൾ കാത്തുനിൽക്കുന്ന അറുപത്തിയെട്ടേ നീ തുടരുക