ജന്മദിനാശംസകൾ ലാലേട്ടാ…

0
90

ഗിരീഷ് വർമ്മ ബാലുശ്ശേരി

നടനവിസ്മയം ..
മലയാള സിനിമയുടെ ഖ്യാതി ലോകമൊട്ടുക്ക് എത്തിച്ചതിൽ ഒരു പ്രധാന പങ്ക് വഹിച്ചത് നടൻ ശ്രീ മോഹൻലാൽ എന്ന് നിസ്സംശയം പറയാം .മികച്ച തിരക്കഥ ,മികച്ച സംവിധായകൻ തുടങ്ങിയവർ ഉണ്ടെങ്കിൽ മികച്ച നടനും ഉണ്ടായേക്കാം എന്നത് മറക്കുന്നില്ല .എന്നാലും തൻ്റെ കഴിവ് ഉപയോഗിച്ച് മറ്റുള്ളവർ പ്രതീക്ഷിച്ചതിലും മികച്ചതാക്കുക എന്നത് നടൻ്റെ സിദ്ധി തന്നെ .അതിൽ ഉയരങ്ങളിൽ തന്നെയാണ് ലാൽ .മറക്കാനാവാത്ത എത്രയെത്ര കഥാപാത്രങ്ങൾ .

സത്യത്തിൽ ഭരതത്തിലെ ഗോപി എന്ന സംഗീതജ്ഞൻ .ഒരു നടൻ്റെ കഴിവിൻ്റെ അപാരത കണ്ട് തൊഴുതു പോയ നിമിഷങ്ങൾ .കണ്ണീരുണങ്ങാതെ കണ്ട സിനിമ . കമലദളത്തിലെ നന്ദഗോപൻ്റെ മാനസിക സംഘർങ്ങൾ നമ്മളുടേത് കൂടിയായിരുന്നു .തന്മാത്ര എന്ന സിനിമ തന്ന അപൂർവ്വത മറക്കുവതെങ്ങിനെ ! പൂർണ്ണ ആരോഗ്യവാനായ ഒരുവനായ രമേശൻ്റെ അൾഷിമേർസ് രോഗിയിലേക്കുള്ള പകർന്നാട്ടം ഒരു നടൻ്റെ സിദ്ധിയുടെ പരകോടിയാണ് .തിയ്യേറ്ററിൽ തരിച്ചിരുന്ന അപൂർവ്വം സിനിമകളിൽ ഒന്നായിരുന്ന ‘ തന്മാത്ര .

ആരും അവതരിപ്പിക്കാൻ മടിക്കുന്ന ഒരു കഥാപാത്രമാണ് സദയത്തിലെ സത്യൻ . അതിലെ കണ്ണ് പൊത്തിപ്പോവുന്ന രംഗങ്ങൾ എത്ര തന്മയത്വത്തോട് കൂടി ലാൽ അഭിനയിച്ചു . നമ്മുടെ ഉൾക്കണ്ണുകൾ തുറക്കേണ്ടുന്ന ഒരു പ്രമേയം … സമൂഹം കുറ്റവാളിയായി സ്ഥിരപ്പെടുത്തുന്ന സേതുവിലൂടെ ലാൽ ജീവിക്കുകയായിരുന്നു. കിരീടവും ചെങ്കോലും ഉയർത്തിയ സാമൂഹിക നന്മകളും ഉറഞ്ഞു കൂടിയ തിന്മകളും അക്കാലത്തല്ല എന്നും നമ്മൾ നേരിടേണ്ടത് ..

വാർദ്ധക്യകാലത്തെ പ്രണയോർമ്മകളിലൂടെ ഒരു വൃദ്ധ മാനസത്തിൻ്റെ പ്രയാണം .പ്രണയത്തിലെ മാത്യൂസിലൂടെ മറ്റൊരു തീവ്രാനുഭവം . മാനസിക വിഭ്രാന്തിയുടെ വിഭിന്നതലങ്ങൾ ചിത്രീകരിച്ച താളവട്ടത്തിലെ വിനു എന്ന മനോരോഗിയെ അവിസ്മരണീയമാക്കി ലാൽ . ഒരു കാലത്ത് ,അല്ല എന്നും മനസ്സിനെ പുളകമണിയിക്കുന്ന ഒരു ചലച്ചിത്രോർമ്മയാണ് തൂവാന തുമ്പികൾ .പ്രണയത്തിൻ്റെ ലാസ്യ മൃദുല ഭാവങ്ങളെ ജയകൃഷ്ണനിലൂടെ ഇതൾ വിരിഞ്ഞപ്പോൾ പ്രണയ പരവശരായിപ്പോയി നമ്മളും .

കന്മദത്തിലെ വിശ്വൻ ,സ്പിരിറ്റിലെ രഘുനാഥൻ എന്നിവരും നമ്മളിലെ ആരൊക്കെയോ ആയിരുന്നു . കുഞ്ഞുങ്ങളുടെ ചെറുപ്പത്തിലെ കഴിവുകൾ പരിപോഷിപ്പിക്കുക മാതാപിതാക്കളുടെ കടമ .എന്നാൽ തൻ്റെ വഴിക്ക് വളർത്താൻ ശ്രമിക്കുകയും കുട്ടിയുടെ കഴിവുകളെ അധിക്ഷേപിക്കുകയും ചെയ്തപ്പോൾ അയാൾ എങ്ങിനെ സമൂഹത്തിൽ ആട് തോമയെ പോലാവും എന്ന് സ്പടികം കാട്ടിത്തരുന്നു .ഇനിയുമെത്രയെത്ര കഥാപാത്രങ്ങൾ .. മലയാള സിനിമ തരുന്ന രസാനുഭൂതിയെ മാറ്റിമറിച്ച ഒരു ചിത്രമായിരുന്നു മണി ചിത്രത്താഴ് .അതിലെ ഡോക്ടർ സണ്ണിയെ മറക്കാനാവുമോ ! ഹാസ്യ രംഗങ്ങളിൽ ആമുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ണെടുക്കാതെ നോക്കിയിരിക്കാം . ചിത്രം ,കിലുക്കം തുടങ്ങി എതയെത്ര !

ഇന്ന് ഈ അതുല്ല്യ നടൻ്റെ ഡേറ്റ് ഓഫ് ബർത്താണ് .നാൾ പ്രകാരം ഇന്നലെ രേവതി നക്ഷത്രത്തിൽ 60 തികഞ്ഞ നടന് ഒരു പ്രേക്ഷകൻ്റെ സ്നേഹാദരങ്ങൾ .. ആശംസകൾ ..