ജന്മദിനാശംസകൾ സൂപ്പർസ്റ്റാർ

0
60

എൻ.പി.മുരളീകൃഷ്ണൻ

ദൂരദര്‍ശന്‍ സിനിമകളിങ്ങനെ ആഴ്ചയാഴ്ചാന്തരം പുതുമയുള്ള കാഴ്ച തന്നുകൊണ്ടിരുന്നു. ഞങ്ങൾ ഞായറാഴ്ചകളാകാന്‍ കാത്തിരുന്നു. അങ്ങനെ ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കണ്ടുകണ്ട് മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നതിനിടെയാണ് സകലരെയും കുഴക്കിയ ആ ചോദ്യം കാണികള്‍ക്കിടയില്‍ കിടന്ന് വിമ്മിഷ്ടപ്പെട്ടത്. ‘മമ്മൂട്ടിയും മോഹന്‍ലാലും ഇടി കൂടിയാല്‍ ആരു ജയിക്കും’?

Actor Suresh Gopi's MASS new look is trending! - Malayalam News ...സിനിമ കഴിഞ്ഞ് വീട്ടിലേക്കു നടക്കുമ്പോഴും സ്‌കൂളിലേക്ക് പോകുമ്പോള്‍ നസ്രാണിക്കുന്നത്തെ പാറപ്പുറത്തിരുന്നും ക്ലാസിനകത്തെ കിസയിലും ചോദ്യം ആവര്‍ത്തിക്കപ്പെട്ടു. ക്ലാസിലെ പതിവു ചോദ്യങ്ങളൊന്നും ഇത്ര ആശയക്കുഴപ്പം ഉണ്ടാക്കിയില്ല. അതു ടീച്ചര്‍ ചോദിക്കും, ഞങ്ങള്‍ കൈ നീട്ടും, അവര്‍ അടിക്കും, അയ്യോ എന്നും പറഞ്ഞ് ബെഞ്ചില്‍ ഇരുന്ന് കൈ ഉഴിയും. തീര്‍ന്നു. അത്രേയുള്ളൂ. പക്ഷേ ‘മമ്മൂട്ടിയും മോഹന്‍ലാലും..’ അതിനു കൃത്യമായൊരു ഉത്തരം കണ്ടെത്താന്‍ എത്രയാലോചിച്ചിട്ടും ആര്‍ക്കും കഴിഞ്ഞില്ല. കുറേപ്പേര്‍ മോഹന്‍ലാലെന്നും വേറെ കുറേപ്പേര്‍ മമ്മൂട്ടിയെന്നും കാര്യകാരണ സഹിതവും പല സിനിമകളിലേയും ഇരുവരുടേയും ഇടിയുടെ തീവ്രതയും ദൈര്‍ഘ്യവും വില്ലന്‍മാരുടെ എണ്ണവും വലുപ്പവും ചൂണ്ടിക്കാട്ടി സമര്‍ഥിച്ചു. എങ്കിലും അന്തിമ ഉത്തരം അപ്പോഴും കിട്ടിയില്ല.

അങ്ങനെ ആ ചോദ്യമൊരു പ്രഹേളികയായി തുടരവെയാണ് മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനേക്കാളും ഗംഭീരനിടിയുമായി സുരേഷ്‌ഗോപി ഞങ്ങള്‍ക്കിടയില്‍ അവതരിച്ചത്. ഏകലവ്യനും മാഫിയയും കമ്മീഷണറും കാശ്മീരവും വന്നതോടെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കാര്യത്തില്‍ ഒരു തീരുമാനമായി. സിനിമയിലെ കഥയെക്കാള്‍ ഇടിയെ സ്‌നേഹിച്ച ഞങ്ങളെല്ലാവരും സുരേഷ് ഗോപിയുടെ തീവ്രാരാധകരായി.ഫാന്‍സ് അസോസിയേഷനും കട്ടൗട്ട് വയ്ക്കലും പാലഭിഷേകവുമൊന്നും തമിഴ്‌നാട്ടില്‍ നിന്നും കേരളം കടമെടുത്തു തുടങ്ങിയിട്ടില്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്‍ ആനക്കര സ്വാമിനാഥ വിദ്യാലയം യൂണിറ്റ് എന്നെഴുതി ഉഗ്രനൊരു കട്ടൗട്ട് സ്‌കൂളിനു മുന്‍പില്‍ ഉയരുമായിരുന്നു.

സുരേഷ് ഗോപിയുടെ പൊളിഞ്ഞുപോയ പടങ്ങള്‍ പോലും ഇടിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തതിനാല്‍ അവയെല്ലാം ഞങ്ങളെ അതിയായി ത്രസിപ്പിച്ചു. ഞായറാഴ്ചകള്‍ സുരേഷ് ഗോപി പടത്തിനായുള്ള കാത്തിരിപ്പു ദിവസങ്ങളായി മാറി. അറേക്കാവിലെയും കുന്നത്തമ്പലത്തിലെയും പോട്ടൂര്‍ക്കാവിലെയും പൂരപ്പറമ്പില്‍ ഞങ്ങള്‍ കളിത്തോക്കന്വേഷിച്ചു. അന്വേഷണത്തിനൊടുവില്‍ ന്യായവിലയ്ക്ക് തോക്കു കിട്ടിയപ്പോള്‍ ഞങ്ങളെല്ലാം നാട്ടിലെ അനീതിയും അക്രമവും തീവ്രവാദവും അവസാനിപ്പിക്കാന്‍ സുരേഷ്‌ഗോപിമാരായി അവതരിച്ചു. ഗോട്ടികളിയുടെയും ഓടിത്തൊട്ടുകളിയുടെയും ഉച്ചനേരങ്ങള്‍ ഗുണ്ടകളും നായകനും കളിയായി മാറി. ആറാംക്ലാസിനു പിറകിലെ ഞാവല്‍ക്കാടും കുന്നും പൊളിഞ്ഞ കെട്ടിടവും ഒന്നാന്തരം അധോലോക കേന്ദ്രങ്ങളായി രൂപാന്തരപ്പെട്ടു. അവിടെനിന്ന് ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കും നേരെ പ്രാസമൊപ്പിച്ച സംഭാഷണ ശകലങ്ങളുടെ തീപ്പൊരി പുറത്തേക്കുയര്‍ന്നു. ഇടിച്ചും വെടിവച്ചും ബോംബ് വച്ച് കെട്ടിടം കത്തിച്ചും നീതി നടപ്പിലാക്കി പിറകില്‍ കത്തുന്ന തീഗോളത്തിന്റെ പശ്ചാത്തലത്തില്‍ ഒരുകൂട്ടം സുരേഷ്‌ഗോപിമാര്‍ സ്ലോ മോഷനില്‍ ആറാം ക്ലാസിനു പിറകിലെ കുന്നിലൂടെ നടന്നുനീങ്ങി. ജന്മദിനാശംസകൾ സൂപ്പർസ്റ്റാർ