ARuN GHoSh
മലയാളത്തിന്റെ ആക്ഷൻ റാണിയുടെ ജന്മദിനം ആണിന്ന്. മലയാളി ആണെങ്കിലും തുടക്കം തമിഴിൽ, നടികർ തിലകം ശിവാജി ഗണേശന്റെ കൂടെ. അദ്ദേഹത്തിന്റെ ചെറുമകളായി മണ്ണുക്കുൾ വൈരം എന്ന ചിത്രത്തിലൂടെ.
അവിടെ നിന്നും 1987 ൽ മാതൃഭാഷ ആയ മലയാളത്തിലേയ്ക്ക്. ആദ്യചിത്രം കെ.എസ്. ഗോപാലകൃഷ്ണൻ സംവിധാനം ചെയ്തു, ഷഫീഖ് നായകനായ ‘തെന്നലേ നിന്നെയും തേടി..’ ഈ പടം പിന്നീട് മംഗല്യച്ചാർത്ത് എന്ന പേരിലാണ് റിലീസായത്. (റിലീസ് ചെയ്തപ്പോൾ സംവിധായകന്റെ പേര് ഗൗതം എന്നും മാറ്റിയിരുന്നു).
അതേ സമയം തന്നെ ഷൂട്ടിംഗ് തുടങ്ങിയ ‘പുതുമഴ തുള്ളികൾ’ എന്ന പടം പക്ഷെ എവിഡൻസ് എന്ന പേരിലാണ് പിന്നീട് ഇറങ്ങിയത്. തമിഴ് സൂപ്പർ ഹിറ്റായ ഉദയ ഗീതം എന്ന സിനിമയുടെ റീമേക്ക് ആയ ഈ ചിത്രത്തിൽ ശങ്കർ ആയിരുന്നു നായകൻ. സംവിധാനം പഴയ നടൻ ശ്രീ.രാഘവൻ.
പിന്നീട് വർഷങ്ങൾക്ക് ശേഷം ‘മാന്നാർ മത്തായി സ്പീക്കിങ് ൽ കൂടി വീണ്ടും മലയാളത്തിലേയ്ക്ക്. അതിന് ശേഷം അനേകം കരുത്തുറ്റ കഥാപാത്രങ്ങളിൽ കൂടി മലയാളികളുടെ ഇഷ്ടനായിക ആയി വാണി മാറുകയുണ്ടായി.
ഇതിനിടയിൽ തെലുങ്കിലും അനേകം ചിത്രങ്ങൾ.. 1992 ൽ ചിരഞ്ജീവിയുടെ കൂടെ ഇൻഡസ്ട്രി ഹിറ്റ് ആയ ഘരാന മൊഗുഡുവിൽ. ആന്ധ്ര എങ്ങും വൻ വിജയം നേടിയ ഈ ചിത്രം മലയാളത്തിലേയ്ക്ക് ഏയ്യ് ഹീറോ എന്ന പേരിൽ മൊഴിമാറി എത്തി ഇവിടെയും വൻവിജയം കൊയ്തു.
തൊട്ടു പിറകെ ആന്ധ്ര മുഖ്യമന്ത്രി ആയിരുന്ന ശ്രീ എൻ ടി രാമറാവുവിന്റെ ജോഡിയായി സാമ്രാട്ട് അശോക. (അന്ന് അദ്ദേഹത്തിന് 69 വയസ്സ്.. വാണിയ്ക്ക് 21 വയസ്സും)
കന്നടയിലും തന്റെ സാന്നിധ്യമറിയിച്ച വാണി ഹിന്ദിയിൽ മിഥുൻ ചക്രവർത്തിയുടെ നായികയായി രണ്ട് ചിത്രങ്ങളിൽ അഭിനയിച്ചു.
മാന്ത്രികക്കുതിര എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ പരിചയപ്പെട്ട നടൻ ബാബുരാജുമായുള്ള വിവാഹ ശേഷം അഭിനയരംഗത്തിൽ നിന്നും മെല്ലെ മാറിയ വാണി പിന്നീട് തെലുങ്ക് ദേശം രാഷ്ട്രീയപാർട്ടിയിൽ ചേരുകയുണ്ടായി.
ബാബു രാജ് -വാണി ദമ്പതികൾക്ക് രണ്ട് മക്കൾ – മകൾ ആർദ്രയും മകൻ അദ്രിയും.വാണിയ്ക്ക് ജന്മദിനാശംസകൾ ഒരിക്കൽ കൂടി നേരുന്നു.
തെന്നലേ നിന്നാണ് തേടി എന്ന സിനിമയെ കുറിച്ച് അക്കാലത്തു സിനിമാവാരികയിൽ വന്നത്
**