വർഗ്ഗീയവാദികളെ തിരിച്ചറിയാൻ ചില വഴികൾ

826
പ്രത്യക്ഷത്തിൽ മതവാദം ഉയർത്താതെ, പുരോഗമനവാദി എന്ന് നടിക്കുന്ന ചിലരിലെ വർഗ്ഗീയവാദികളെ തിരിച്ചറിയാനുള്ള അഞ്ചുവഴികൾ. എന്നാൽ പ്രകടമായി വർഗ്ഗീയതയ്ക്കു വേണ്ടി വാദിക്കുന്നവർ ഈ പരിധിയിൽ വരില്ല. പ്രഥമദൃഷ്ട്യാ തിരിച്ചറിയപ്പെടുന്ന അവരെ ഇതിൽ ഉൾപ്പെടുത്തെണ്ട കാര്യമില്ലല്ലോ. എന്നാൽ താഴെപറയുന്ന വഴികളിൽ അത്തരക്കാരെ നിറയെ കാണാൻ സാധിക്കുകയും ചെയ്യും. ആട്ടിൻ തോലണിഞ്ഞ രഹസ്യവർഗ്ഗീയവാദികളെ കണ്ടെത്താൻ ഇതാ അഞ്ചു വഴികൾ.
Rajesh Shiva
1. എന്റെ മതത്തെ പറയുന്നതുപോലെ നീ മറ്റു മതങ്ങളെ പറയുന്നില്ലല്ലോ എന്ന ചോദ്യം ഇത്തരക്കാർ സാന്ദർഭികമായി ഉയർത്തും.. തങ്ങൾ അവഗണിക്കപ്പെടുകയും തങ്ങളെ ഒതുക്കാൻ സമൂഹം മുഴുവൻ ഒരുമിച്ചിറങ്ങി പടനയിക്കുകയാണെന്നുമുള്ള ബോധം ഇവരിൽ സ്വയം അടിച്ചേൽപ്പിച്ചു വച്ചിട്ടുണ്ടാകും.. യഥാർത്ഥ വിശ്വാസചിന്തകൾ കൊണ്ട് വർഗ്ഗീയതയെ ആശ്ലേഷിക്കുന്നവരേക്കാൾ മാരകമായിരിക്കും ഇത്തരക്കാരിലെ വർഗീയത. ഇവരിൽ മതപ്രമാണങ്ങളുടെ അറിവില്ലായ്മ കൊണ്ട് വിശ്വാസം കമ്മിയായിരിക്കുമെന്നതിനാൽ ആശ്വസിക്കാൻ വകയില്ല കാരണം തങ്ങൾ ഹിന്ദുവാണ് അല്ലെങ്കിൽ മുസ്ലീമാണ് അല്ലെങ്കിൽ ക്രിസ്ത്യാനിയാണ് എന്ന ബോധമാണ് ഇവരിൽ ശക്തി പ്രാപിക്കുന്നത്. ഒന്നിന്റെയും പൊരുൾ അറിഞ്ഞില്ലെങ്കിലും, തങ്ങളെ നശിപ്പിച്ചു മറ്റു മതക്കാർ ആധിപത്യം നേടാനാണ് ശ്രമിക്കുന്നെന്ന ചിന്തയിൽ നിന്ന് ഇവർ സ്വയം പറയുന്നുണ്ടാകുക, നശിക്കുന്നെങ്കിൽ എല്ലാം നശിക്കണം ഞങ്ങളുടെ മതവും വിശ്വാസവും മാത്രം നശിക്കാൻ അനുവദിക്കില്ല എന്നാകും ഇവരുടെ ഭാഷ്യം.. ഇത്തരക്കാർ അപകടകാരികളാണ്.
2. തങ്ങളുടെ വിശ്വാസത്തെ വിമർശിക്കുന്നത് മറ്റൊരു മതസ്ഥനെങ്കിൽ അസാധ്യ കുരുപൊട്ടലുണ്ടാകും. പേര് നോക്കിയാകും അസഹിഷ്ണുത പ്രകടമാക്കുന്നത്. വിമർശിക്കുന്നവന്റെ മതം മനസിലാക്കിയശേഷം അതിനുള്ളിലെ ചില അനാചാരങ്ങൾ വിളിച്ചുപറയുകയും അതൊക്കെ ശരിയാക്കിയിട്ടു ഞങ്ങളെ നന്നാക്കാൻ വന്നാൽമതിയെന്ന് ഭീഷണിയുടെ സ്വരത്തിൽ പറയും. ഉദാ: ശബരിമല വിഷയത്തിൽ സലിം എന്ന പേരുകാരൻ പുരോഗമനപരമായ മറുപടി പറഞ്ഞാൽ രാമൻ എന്ന നാമധാരി പറയും ‘നീപോയി ആദ്യം പള്ളിയിൽ സ്ത്രീകളെ കയറ്റൂ എന്നിട്ടു ശബരിമലയ്ക്കു വേണ്ടിവാദിക്കാം’ എന്നാകും. എല്ലാ മതസ്ഥരും ഇക്കാര്യത്തിൽ ഒന്നിനൊന്നു മെച്ചമാണ്. അവർ സമൂഹത്തെ കൃത്യമായി മതത്തിലാണ് വേർതിരിച്ചുകാണുന്നത്.
3. ഹിന്ദുതമതവുമായി ബന്ധപ്പെട്ടുള്ള ഒരുവിഷയം വന്നു എന്നിരിക്കട്ടെ. കുരുപൊട്ടുന്നവർ ആദ്യമേ തന്നെ തങ്ങളുടെ അഭിപ്രായത്തിനും മുന്നേ പറയും. ‘ഞാൻ സംഘിയല്ല’ . അതായതു ഒരു സംഘിയെക്കാൾ ഭീകരമായ മതവാദം ഉയർത്തുന്നതിന് മുന്നോടിയായുള്ള മുൻ‌കൂർ ജാമ്യമാണ് ഇത്. വിശ്വാസികളെ മുഴുവൻ സംഘികൾ ആയി കാണുന്നു എന്ന് പറഞ്ഞുകൊണ്ട് ഇത്തരക്കാർ വിലപിക്കും. കാരണം ഇത്തരക്കാരുടെ മനസിലാണ് അവർപോലുമറിയാതെ ചരടുകൾ ബന്ധിച്ചിരിക്കുന്നത് . ശൈശവം മുതലുള്ള മസ്തിഷ്ക പ്രക്ഷാളനത്തിന്റെ ഫലമാണിത്. മറ്റുമതസ്ഥരിൽ നിന്നും വ്യത്യസ്തമായി അടുത്തകാലംവരെ ഹിന്ദുക്കളിൽ ഈ പ്രവണത അല്പം കുറവായിരുന്നു. ശബരിമലവിഷയത്തോടെ കേരളത്തിലും അത് സജീവമായി തലപൊക്കി. ആർ.എസ്.എസ് വാലുള്ള ഹിന്ദുക്കൾ സമൂഹത്തിൽ കൂടിവരുന്ന അവസ്ഥയാണ് കാണാൻകഴിയുന്നത്.
4. മറ്റുമതത്തിലെ നവോത്ഥാനാവിഷയങ്ങൾ വരുമ്പോൾ പുരോഗമനപരമായ നിലപാടുകൾ കൈക്കൊള്ളുകയും തങ്ങളുടെ വിശ്വാസത്തിൽ പുരോഗമനം വേണ്ട വിഷയങ്ങൾ വരുമ്പോൾ ഉടനെ തന്നെ ചുവടുമാറുകയും ചെയ്യും. മതപ്രമാണങ്ങൾ നിരത്തി അതിനെതിരായി വാദിക്കും. മറ്റുമതങ്ങളെ പോലെയല്ല, തങ്ങളുടെ മതത്തിലെ ഓരോ പ്രമാണവും കൃത്യമായി എഴുതിയതാണെന്ന് ഇത്തരക്കാർ വദിച്ചുകളയും.
5. ചിലർ പ്രഥമദൃഷ്ട്യാ പുരോഗമനവാദം ഉയർത്തുമ്പോൾ തന്നെ അതാതു മതത്തിലെ വർഗ്ഗീയസംഘടനകളോടുള്ള പ്രിയം എവിടെയെങ്കിലും വെളിപ്പെടുത്തും. ഉദാ: ആർ.എസ്.എസ് ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ മുസ്ലീങ്ങൾ ഇവിടെ ആധിപത്യം ഉറപ്പിക്കുമായിരുന്നു എന്നുപോലും ഇവർ പറഞ്ഞുകളയും. പുരോഗമനം പറഞ്ഞുകൊണ്ടിരിക്കുന്ന പലരും അന്യൻ സിനിമയിലെ പോലെ ഞൊടിയിടയിൽ ഭാവമാറ്റം വരുത്തി വിരുദ്ധമായി സംസാരിച്ചുകളയും. ചിലരിൽ നിന്നും ഇത്തരം അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ഉപബോധത്തിലോ അബോധത്തിലോ അവർ പോലും അറിയാതെ കിടക്കുന്ന വർഗ്ഗീയതയുടെ പുറത്തുചാട്ടം.