ഏതെങ്കിലും മതപുരോഹിതനെ ഭരണം ഏല്പിക്കുക.
ഒരു രാജ്യത്തെ ഒരു സംസ്കാരത്തെ നൂറ്റാണ്ടുകൾ പിന്നിലേക്ക് തള്ളിയിടാനുള്ള ഒരേയൊരു കുറുക്കുവഴി ഇതുമാത്രമാണ്.സംശയമുള്ളവർ അഫ്ഗാനിസ്ഥാനിലേക്കും ഇറാനിലേക്കും വെറുതെ ഒന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും.ഡോക്ടറായും എഞ്ചിനീയർമാരായും പ്രൊഫസർമാരായും നജീബുള്ളയുടെ കമ്മ്യൂണിസ്റ്റ് അഫ്ഗാനിസ്ഥാനിൽ തല ഉയർത്തിപ്പിടിച്ച് നടന്ന സ്ത്രീകളെ മുല്ലാ ഉമർ ഒറ്റ ദിവസംകൊണ്ട് കരിംചാക്ക് പുതപ്പിച്ച് അന്ധകാരയുഗത്തിലേക്ക് വലിച്ചെറിഞ്ഞു.
ടെഹ്റാൻ യൂണിവേഴ്സിറ്റിയുടെ ബൗദ്ധികപ്രകാശങ്ങളായിരുന്ന സ്ത്രീരത്നങ്ങളെ ആറാം നൂറ്റാണ്ടിലെ ഇരുണ്ട ഗുഹകളിൽ അയത്തുള്ള ഖൊമൈനി തടവിലാക്കി ചങ്ങലക്കിട്ടു.മതം രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നിടങ്ങളിൽ ആദ്യം അസ്തിത്വം നഷ്ടപ്പെടുന്നത് പെണ്ണിനായിരിക്കും.
മറ്റ് മതവർഗീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി വനിതകൾക്ക് ഭരണത്തിന്റെ എല്ലാ തലങ്ങളിലും ഉയർന്ന പ്രാതിനിധ്യം ഉറപ്പുവരുത്തിയ പ്രസ്ഥാനമാണ് ബിജെപി.മതാധിഷ്ഠിത ഭാരതീയ ജനതാ പാർട്ടിയാണ് ഉമാഭാരതിയേയും വസുന്ധരരാജ സിന്ധ്യയേയും ആനന്ദി ബെൻ പട്ടേലിനേയും മുഖ്യമന്ത്രി പദവിയിൽ അവരോധിച്ചത്.ഇന്ത്യയുടെ പ്രതിരോധമന്ത്രിയായും ധനകാര്യമന്ത്രിയായും നിർമ്മലാ സീതാരാമൻ ഉയർന്നതും മനുവാദികൾ എന്ന് വിളിക്കപ്പെടുന്ന പാർട്ടിയുടെ കാലത്താണ്.
സ്വയം സ്ത്രീപക്ഷമെന്ന് വീമ്പടിക്കുന്ന ഇടതുപക്ഷത്തേക്കാൾ യഥാർത്ഥ സ്ത്രീ ശാക്തീകരണം നടന്നത് വലതുപക്ഷ ബിജെപി ഭരണകാലത്താണെന്നത് ഒരു അപ്രിയ സത്യമാണ്.
വലീയ ലിബറൽ പുരോഗമനവാദിയായ അരവിന്ദ് കെജ്രിവാളിന്റെ മന്ത്രിസഭയിൽ രണ്ടാവട്ടവും ഒരു വനിതാ മന്ത്രി പോലുമില്ല.പക്ഷെ ഈ ട്രാക്ക് റെക്കോർഡ് എല്ലാം തകർക്കുന്ന ഒരു സമീപനമാണ് യുപിയിൽ ബിജെപി സ്വീകരിച്ചത്.2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദശകങ്ങൾക്ക് ശേഷം ഉത്തരപ്രദേശിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചപ്പോൾ ഭിന്നിപ്പിന്റെ പ്രതീകമായ ഒരു മതപുരോഹിതൻ അവിടെ മുഖ്യമന്ത്രിയാക്കപ്പെട്ടു.യോഗി ആദിത്യനാഥ് എല്ലാക്കാലത്തും മതവെറിയുടെ ആൾരൂപമായിരുന്നു.
മതത്തിന്റെ എല്ലാ ബാഹ്യചിഹ്നങ്ങളും പേറി നടക്കുന്ന ഒരു കാഷായ തിവ്രവാദിയെ യുപി പോലുള്ള ബഹുസ്വര സമൂഹത്തിന്റെ ഭരണസാരഥ്യം ഏല്പിച്ചപ്പോൾ വർഗീയ വികാരം വിജ്രംഭിപ്പിക്കൽ തന്നെയാണ് ബിജെപി ലക്ഷ്യമിട്ടത്. ഫ്യൂഡൽ കയത്തിൽ മുങ്ങിത്താഴുന്ന ഉത്തരപ്രദേശിനെ രക്ഷിക്കാൻ ദേവേന്ദ്ര ഭട്നാവിസിനെ പോലുള്ള ആധുനിക രൂപവും ഭാവവുള്ള ഒരു മുഖ്യമന്ത്രിയായിരുന്നു വേണ്ടിയിരുന്നത്.
പശു ചാണകം രാമൻ അയോധ്യ തുടങ്ങിയ വിശ്വാസചൂഷക ബിംബങ്ങളിൽ അഭിരമിക്കുന്ന യോഗിയുടെ യുപിയിൽ കാലം ത്രേതായുഗത്തിൽ കുറ്റിയടിച്ച് നില്ക്കുന്നു.ഒരു മതപുരോഹിതൻ ഭരണം നയിക്കുന്ന ഏത് നാട്ടിലും മറ്റ് മതവിശ്വാസികൾ അരക്ഷിതാവസ്ഥയിലാകും.കേരളത്തിൽ മുസ്ലീം ലീഗ് മന്ത്രിമാരുടെ ഓഫീസിൽ എന്തെങ്കിലും ആവശ്യത്തിനായി പോകുന്ന അമുസ്ലീം അനുഭവിക്കുന്ന അതേ അന്യഥാബോധത്തിലൂടെയാണ് ഉത്തരപ്രദേശ് മൂസ്ലീങ്ങൾ ഇപ്പോൾ കടന്നുപോകുന്നത്.യുപി ഒരു ബീമാരു സംസ്ഥാനമായി അധഃപതിച്ചതിൽ ഒന്നാം പ്രതി അരനൂറ്റാണ്ട് ആ നാട് ഭരിച്ച കോൺഗ്രസ് തന്നെയാണ്. യാദവ-മായാവതി ഭരണകാലത്തും സംഘടിത കൊള്ളയടിയും ഗുണ്ടാരാജും അഭംഗുരം തുടർന്നു.
ഫ്യൂഡൽ ഇരുട്ടിൽ കൂപ്പുകുത്തി കിടക്കുന്ന ഏത് നാട്ടിലും സ്ത്രീകൾ ആക്രമിക്കപ്പെടും ജാതീയപ്പോരുകൾ നിത്യസംഭവമാകും.മധ്യകാലയുഗത്തിൽ നിന്ന് രക്ഷപ്പെടാനാവാതെ നിശ്ചലമായി നില്ക്കുന്ന ഉത്തരപ്രദേശ് ഇന്ത്യയുടെ കണ്ണുനീരാണ്.മതം വില്ലുകുലയ്ക്കുമ്പോൾ മനുഷ്യത്വം അമ്പേറ്റ് പിടഞ്ഞുവീഴും.ഇരുട്ടിൽ നിന്ന് കൂരിരുട്ടിലേക്ക് നയിക്കുന്ന യോഗിമാർ ഭരിക്കുമ്പോൾ പ്രകാശത്തിന്റെ ആദിത്യൻ താനേ അപ്രത്യക്ഷമാകും..