ദുരന്തം കണ്ടാൽ ചിരിക്കുന്നവരുണ്ടെങ്കിൽ ആ വികലമായ മാനസികാവസ്ഥയെ ശ്രീജിത്ത് പണിക്കർ എന്നു പറയുന്നു

164

Hareesh Sakthidharan

അയൽവീട്ടിൽ നിന്ന് അപ്രതീക്ഷിതമായി ഒരു നിലവിളി കേട്ടാൽ ഓടി ചെല്ലുന്നതിൻ്റെ മിനിമം ബോധത്തെയാണ് നമ്മൾ മനുഷ്യത്വം എന്നു വിളിക്കുന്നത്. അല്ലാതെ, ആ അപകടനിമിഷം അയല്ക്കാരനുമായുള്ള അതിരു തർക്കത്തിൻ്റെയോ, രാഷ്ട്രീയ ശത്രുതയുടെയോ പുണ്ണിൽ ചൊറിഞ്ഞ് വാതിലടച്ച് ജനാലയിലൂടെ ഒളിഞ്ഞുനോക്കി ചിരിക്കുന്നതിനയല്ല. അങ്ങനെ ചിരിക്കുന്നവരുണ്ടെങ്കിൽ ആ മാനസികാവസ്ഥയെയാണ് ശ്രീജിത്ത് പണിക്കർ എന്നു പറയുന്നത്.

അയാൾ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളിലെ മുന്തിയ നിരീക്ഷകനായിരിക്കും. പക്ഷേ ഒരിക്കലും മനുഷ്യരെയോ മാനവികതയോ നിരീക്ഷിച്ചിട്ടുണ്ടാവില്ല. അതെന്താണെന്ന് തിരിച്ചറിയണമെങ്കിൽ ഓടിനടന്നുള്ള നിരീക്ഷണത്തിനിടയിൽ കണ്ണുതുറന്നൊന്നു കാണണം. തകർന്നുവീണ വിമാനത്തിനുള്ളിൽ ചോരയൊലിച്ച് പിടയുന്ന കൂടപ്പിറപ്പുകളെ വാരിയെടുത്തു ആശുപത്രിയിലെത്തിച്ച മനുഷ്യർ, കൊറോണയെപ്പേടിക്കാതെ തോളോടുതോൾ ചേർന്നു സഹജീവികളിൽ പാതിപ്രാണനെങ്കിലും ശേഷിച്ചവരെ രക്ഷിച്ചെടുത്ത മനുഷ്യർ, ഒരു നിമിഷാർദ്ധം മതി ആ വിമാനം തീപ്പിടിച്ച് തങ്ങളടക്കം വേർതിരിക്കാനാവാത്തവിധം ചാരക്കൂമ്പാരമാകാനെന്നറിയാമായിരുന്നിട്ടും ഭയന്നു പിന്മാറാതെ ഓടിവന്ന മനുഷ്യർ, ആശുപത്രിയുടെ ഇടനാഴികളിൽ ജീവരക്തം നല്കാൻ ഞാൻ മുമ്പേ, ഞാൻ മുമ്പേ എന്ന് മത്സരിച്ച മനുഷ്യർ,

അക്കൂട്ടത്തിൽ കമ്യൂണിസ്റ്റുകാർ മാത്രമല്ല പണിക്കരെ ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും അതൊന്നുമല്ലാത്തവരുമുണ്ട്. വ്യത്യസ്ത രാഷ്ട്രീയമുള്ളവരുണ്ട്. അവർക്ക് താങ്കളുടെയത്ര നിരീക്ഷണ പാടവമില്ലെങ്കിലും താങ്കൾക്കില്ലാത്ത ഒന്നുണ്ട് ‘ മനുഷ്യരാണെന്ന അടിസ്ഥാന ബോധ്യം’ കൂടപ്പിറപ്പുകൾ മണ്ണാഴങ്ങളിൽ പുതഞ്ഞു കിടക്കുമ്പോഴും കിട്ടിയ അവസരത്തിൽ ട്രോൾ വിട്ടുകളിച്ച ആ വികലമനസ്സിനെ വിമാന ദുരന്തത്തിലെങ്കിലും ചങ്ങലയ്ക്കിടുമല്ലോ, പ്ലീസ്.