ചെത്തുകാരന്റെ മകൻ ചെത്തിനും പൂജാരിയുടെ മകൻ പൂജയ്ക്കും പോകണമെന്ന ഫ്യൂഡൽ വ്യവസ്ഥ ഇന്നും ചിലർ മനസിൽ നട്ടുനനച്ചു വളർത്തുന്നുണ്ട്

61
പതിനെട്ടാമത്തെ വയസ്സില്‍ ...

ഹരീഷ് വാസുദേവൻ

ജാതീയത ആഴത്തിൽ വേരൂന്നിയ ഒരു സമൂഹമാണ് നമ്മുടേത് എന്നു ഏത് പത്രത്തിന്റെയും വിവാഹപരസ്യ പേജുകൾ കണ്ടാലറിയാം. അടിവസ്ത്രം പോലെ, മിക്കവരും ഉള്ളിൽ ഇട്ടിട്ടുണ്ടെന്നു എല്ലാവർക്കും അറിയാം പക്ഷെ അധികം പുറത്ത് കാട്ടി നടക്കാറില്ല. പക്ഷെ ജാതീയതയുടെ അടിസ്ഥാനത്തിൽ മനുഷ്യരുടെ തൊഴിൽ തീരുമാനിക്കുന്ന വ്യവസ്ഥിതി എന്നോ പോയ്‌ മറഞ്ഞെന്നു മാത്രമല്ല, ജാതിയോ അച്ഛന്റെ തൊഴിലോ പറഞ്ഞു ഒരാളെ ആക്ഷേപിക്കുന്നത് വളരെ മോശം കാര്യമാണെന്ന് ഏതാണ്ടെല്ലാവർക്കും അറിയാവുന്ന വിധത്തിൽ 21 ആം നൂറ്റാണ്ടിലെ കേരളീയ ജനാധിപത്യം വളർന്നിട്ടുണ്ട്.

എന്നിട്ടും KPCC പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും പിണറായി വിജയനെയും താരതമ്യപ്പെടുത്താൻ ഒരു യൂത്ത്കോണ്ഗ്രസുകാരന് പിതാവിന്റെ തൊഴിലേ കണ്ടുള്ളൂ ഒരു മാനദണ്ഡം. എപ്പോഴാണ് ഒരാൾ പിതാവിന്റെ തൊഴിൽ മാനദണ്ഡമാക്കുന്നത്? മുള്ളപ്പള്ളിയും പിണറായിയും തമ്മിലുള്ള നിലപാടുകളുടെയും വ്യക്തിഗത കഴിവുകളുടെയും ഭരണ മെറിറ്റിന്റെയും താരതമ്യത്തിൽ വിജയിക്കാതെ വരുമെന്നു തോന്നുമ്പോഴാണ് ഒരാൾ, പിണറായി വിജയൻ വിചാരിച്ചാൽ തിരുത്താൻ പറ്റാത്ത, അയാളുടെ പിതാവിന്റെ തൊഴിൽ ഒരു മാനദണ്ഡമാക്കുന്നത്.

ചെത്തുകാരന്റെ മകൻ ചെത്തിനും പൂജാരിയുടെ മകൻ പൂജയ്ക്കും പോകണമെന്ന ഫ്യൂഡൽ വ്യവസ്ഥ ഇന്നും ചിലർ മനസിൽ നട്ടുനനച്ചു വളർത്തുന്നുണ്ട്. ആ ജാതിബോധത്തിന്റെ ഗുണം ഏറ്റുവാങ്ങുന്ന വിഭാഗക്കാരിൽ ചിലർ ഇന്നുമാ സ്വപ്നം താലോലിക്കുന്നുമുണ്ട്.

അവരെ സംബന്ധിച്ച്, ഒരു ഈഴവൻ / ചോവൻ കേരളം ഭരിക്കുക എന്നത് അംഗീകരിക്കാൻ മാനസികമായി ബുദ്ധിമുട്ടുമുണ്ട്. ഇടയ്ക്ക് അവർ, മുഖ്യമന്ത്രിയെ ‘ചെത്തുകാരന്റെ മകനെ’ന്നൊക്കെ വിളിച്ച് സ്വയം ആശ്വാസം കൊള്ളും.. അങ്ങനെ ഒരുപാട് പേരുണ്ട് നമുക്കിടയിൽ.. എനിക്ക് നേരിട്ടറിയാവുന്ന എന്റെ ഫോളോവർ ലിസ്റ്റിൽ പോലുമുണ്ട്.

“അതേ ഞാൻ ചെത്തുകാരന്റെ മകനാണ്” എന്ന് അഭിമാനപുരസ്സരം പറയുന്ന ഒരാളാണ് പിണറായി വിജയൻ. നന്നേ മോശം ജീവിത സാഹചര്യങ്ങളിൽ നിന്ന് പഠിച്ചു വളർന്ന് പാർട്ടി നേതാവും മുഖ്യമന്ത്രിയും ആയൊരാൾ. വ്യക്തിഹത്യ അങ്ങേർക്കൊരു പുതിയ കാര്യമല്ല.അയാളോട് ഏത് നിലപാടിലും വിയോജിച്ചാലും, വിമർശിച്ചാലും, ജാതിയുടെ പേരിലോ അച്ഛന്റെ തൊഴിലിന്റെ പേരിലോ ആക്ഷേപിക്കുന്നത് ആക്ഷേപിക്കുന്നവരുടെ താഴ്ന്ന നിലവാരം മാത്രമേ കാണിക്കൂ.

പാരമ്പര്യവും ജാതിയും നോക്കാതെ ഏതൊരാൾക്കും കേരളീയ സമൂഹത്തിന്റെ നേതൃത്വത്തിലേക്ക് വരാൻ കഴിയുന്ന നില ഉണ്ടായിട്ടുണ്ട് എന്നത് ഏതൊരു മലയാളിയെയും അഭിമാനിപ്പിക്കേണ്ടതാണ്. അതിനിടയിൽ ഇത്തരം നികൃഷ്ട ജീവികളെ ഓർത്ത് ലജ്ജിക്കേണ്ടതും.ഞാൻ ഉറ്റു നോക്കിയത് മറ്റൊന്നാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ആ പോസ്റ്ററിനെയും അത് ഇറക്കിയ അണിയെയും മുല്ലപ്പള്ളി രാമചന്ദ്രനോ KPCC യോ ഏതെങ്കിലും പ്രമുഖ കോണ്ഗ്രസ് നേതാവോ തള്ളിപ്പറയുമോ എന്ന്. ജാതീയവും പിതൃതൊഴിലുമായി ബന്ധപ്പെട്ടതുമായ ചിന്ത ഇനി പോസ്റ്ററാക്കരുതെന്നു അവരെ ഉപദേശിക്കുമോ എന്ന്. കണ്ടോ?