റിട്ടയർമെന്റിന്റെ അവസാനത്തെ നിമിഷങ്ങളിലും ജനത്തിനെ വിഡ്ഢിയാക്കാൻ മറ്റൊരു വിഡ്ഢി ശ്രമിക്കുന്നതിന്റെ ചിത്രം

199

Hari Krishnan

താനൊഴിച്ചു മറ്റുള്ളവർ എല്ലാം മണ്ടന്മാരാണെന്ന് ഒരാൾക്ക് തോന്നുന്നത് എപ്പോഴാണ്. ഒന്നുകിൽ അയാൾ പറയുന്ന ഏതൊരു മണ്ടത്തരവും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കാൻ ആളുള്ളപ്പോൾ. അല്ലെങ്കിൽ അയാൾക്ക് മാനസികമായി എന്തെങ്കിലും പ്രശ്നം ഉള്ളപ്പോൾ. മുഖ്യധാര തമസ്കരിച്ചു എങ്കിലും സോഷ്യൽ മീഡിയ പൊക്കിക്കൊണ്ട് വന്ന ഒരു സിവിൽ സർവീസ് ദൈവമായിരുന്നു ജേക്കബ് തോമസ്, ഐ പി എസ്. പിണറായി വിജയനോട് കടുത്ത എതിർപ്പുള്ളവർ പോലും ആ സർക്കാരിന്റെ, ജേക്കബ് തോമസിന്റെ നിയമനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. സംസ്ഥാന അഴിമതി നിരോധന നടപടികളിൽ എന്തൊക്കയോ വിപ്ലവങ്ങൾ ഉണ്ടാകാൻ പോകുന്നതായി അവർ ഉദ്ഘോഷിച്ചു. അദ്ദേഹം ആകട്ടെ പച്ചക്കാർഡും ചുവന്ന കാർഡുമൊക്കെയായി മാസ്സ് എൻട്രി നടത്തുകയും ചെയ്തു.

മാസങ്ങൾ കഴിഞ്ഞു. വിജിലൻസിൽ നിന്ന് ഒരു അനക്കവും ഇല്ല. ഒരു കേസിലും അന്വേഷണം മുന്നോട്ടു പോയില്ല. പഴയ സർക്കാരിന്റെ വിജിലൻസ് കേസുകൾ ഒക്കെ വെറും ആരോപണങ്ങൾ ആയി തന്നെ കിടന്നു. ഒരു കേസും കോടതിയിൽ എത്തുന്നില്ല. ആകെ ആലസ്യം. ചിലർ കാരണം കണ്ടെത്തി ന്യായീകരിച്ചു, അദ്ദേഹം കുടുംബ പ്രശ്നങ്ങളിൽ പെട്ട് ഉഴലുകയാണ്. മാനസിക സമ്മർദ്ദത്തിന് മരുന്ന് കഴിക്കുകയാണ്. രണ്ടാം വർഷത്തിലേക്ക് കടന്നു. ഒരനക്കവും ഇല്ല. ഒരു ഉപയോഗവും ഇല്ലാതിരിക്കുന്ന ഈ ഡയറക്ടറെ മാറ്റുന്നില്ലേ, മാധ്യമങ്ങൾ പിണറായിയോട് ചോദിച്ചു. ” ആ കട്ടിൽ കണ്ടു ആരും പനിക്കണ്ട”, പിണറായി കട്ടസപ്പോർട്ട്.കാലം പിന്നെയും മുന്നോട്ടു പോയി. ഇത്തവണ ഊഴം കോടതികളുടേതായിരുന്നു. വിജിലൻസ് കേസുകളിൽ സർക്കാർ കോടതിമുറികളിൽ തലകുമ്പിട്ടു നിന്നു. എന്തിനാണ് ഇങ്ങനെ ഒരു വകുപ്പ്? . കോടതി ചോദിച്ചു. മാധ്യമങ്ങൾ അപഹസിച്ചു.
ഒടുവിൽ പാറ്റൂർ കേസിൽ കോടതിയുടെ സമനില തെറ്റി. പച്ചത്തെറി തന്നെ കോടതി വിളിച്ചു. ഒരു ചുണ്ണാമ്പും ചെയ്യാതെ ഫേസ്ബുക്കിൽ പോസ്റ്റിട്ടു നടക്കുന്ന ഇങ്ങനെ ഒരു ഉദ്യോഗസ്ഥന്റെ ആവശ്യമെന്താണ് എന്ന് കോടതി ചോദിച്ചു.

വിജിലൻസ് ഡയരക്ടർ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ സർക്കാർ മാറ്റി. ഐ എം ജി ഡയരക്ടർ ആയി നിയമിച്ചു. സ്ഥാനമേറ്റ ഐ എം ജി ഡയരക്ടർ ഗവേണിംഗ് ബോഡി വിളിച്ചുകൂട്ടി. ഐ എം ജിയുടെ പരിശീലന പരിപാടികൾ എല്ലാം കലഹരണപ്പെട്ടതാണ് എന്നു പറഞ്ഞു നിലവിലുള്ള പരിശീലന മാനുവൽ വലിച്ചു കീറി. ഡയറക്ടറുടെ പുതിയ പരിശീലന മാനുവലിനായി ഐ എം ജി കാത്തിരുന്നു. ആഴ്ചകൾ, മാസങ്ങൾ കടന്നു. ഒന്നും വന്നില്ല. പരിശീലനം മുടങ്ങി. ഒടുവിൽ പഴയ മാനുവൽ വച്ച് ഐ എം ജി പരിശീലനം പുനരാംഭിച്ചു. ഡയരക്ടർ ഒന്നും ചോദിച്ചില്ല, അറിഞ്ഞില്ല. കൂടെക്കൂടെ അദ്ദേഹം ഫേസ് ബുക്കിൽ ഓരോ പോസ്റ്റിടും. പാഠം ഒന്ന് നിപ്പ. പാഠം രണ്ട്… ഓഖി…

അത്യന്താധുനിക കവിത പോലെ ഇതിലൊക്കെ എന്തോ മഹത്തായ അർഥങ്ങൾ ഒളിച്ചിരിപ്പുള്ളതായി പാണന്മാർ വാഴ്ത്തി. പഴയ ആളുകൾ മാത്രം സംശയിച്ചു. ” വട്ട് മൂത്തതാണോ “അച്ചടക്ക നടപടികളുടെ ഭാഗമായി ഐ എം ജിയിൽ നിന്നും പുറത്തേക്ക്…പാണന്മാർ പാടി… പിണറായിയുടെ പക… എന്തിന്… ജയരാജനെതിരെ കേസെടുത്തതിന്.ജയരാജന്റെ കേസ് എന്തായിരുന്നു എന്നും അതിൽ ജേക്കബ് തോമസ് എന്ത് ചെയ്തു എന്നതൊക്കെ ആളുകൾ മറന്നു എന്നവർ വിശ്വസിച്ചു. കോടതി പരാമർശങ്ങൾ, ശുപാർശകൾ ഒക്കെ അവർ മറച്ചു വച്ചു. ഒടുവിൽ മെറ്റൽ ഇൻഡസ്ട്രീസ് ഡയറക്റ്ററായി സ്വന്തം കഴിവിനൊത്ത ജോലിയിൽ പ്രവേശിച്ചു. അവിടെ ഒരു മഴുവും പിടിച്ചു നിൽക്കുന്ന ചിത്രം ഇട്ട് അത് പിണറായിക്ക് എതിരെ ഉള്ള യുദ്ധമാണ് എന്ന് വാഴ്ത്തു പാട്ട് എഴുതിച്ചു. സർവീസിലിരിക്കെ ശമ്പളം കൈപ്പറ്റി വേറെ ജോലിക്ക് പോയി, അവിടെ നിന്നും ശമ്പളം കൈപ്പറ്റിയ കേസുകൾ മുറക്ക് നടന്നു. കർണ്ണാടകയിലും തമിഴ്‌നാട്ടിലും കോടികളുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ച കേസും നടന്നു.

ഇത്തരം കേസൊക്കെ റദ്ദാക്കാൻ കൊടുത്ത കേസ് കോടതി കുളത്തിലെറിഞ്ഞു. മതിയായ തെളിവുണ്ട് എന്ന് പറഞ്ഞു.  ഇന്നലെ വിരമിക്കൽ ദിവസം. മെയ് 31 ഞായറാഴ്ച ആയതിനാൽ മറ്റു സർക്കാർ ഉദ്യോഗസ്ഥർ എല്ലാം 30 ന് വിരമിച്ചു. ആത്മാർത്ഥത കൂടിപ്പോയത് കൊണ്ടു ഇദ്ദേഹം ഞായറാഴ്ച കൂടി ജോലി ചെയ്യുന്നതായി പാണന്മാർ പുകഴ്ത്തി. ആഫീസ് ഇല്ലാത്ത ദിവസം, ജീവനക്കാർ ഇല്ലാത്ത ദിവസം, അവസാന മണിക്കൂറുകൾ… അദ്ദേഹം കഠിനമായി ജോലി ചെയ്യുന്നു …. എന്ത് ജോലി ആണ് എന്ന് പറഞ്ഞിട്ടില്ല. ജോലി ഇല്ലാത്ത പോസ്റ്റിലാണ് നിയമിച്ചിരുന്നത് എന്ന് പറഞ്ഞതൊക്കെ അവർ മറന്നു. ഇന്നലെ അദ്ദേഹം കിടന്നുറങ്ങിയത് ആഫിസിലാണ് അത്രേ… വെറും തറയിൽ….. പിണറായി അദ്ദേഹത്തിന് ക്വൊർട്ടേഴ്‌സ് അനുവദിച്ചിരുന്നില്ല എന്ന്… പ്രതികാര നടപടി. വെറുതെ ഒന്ന് അന്വേഷിച്ചു നോക്കി.. എത്ര ഐ എ എസുകാർക്ക് ക്വൊർട്ടേഴ്‌സ് ഉണ്ട്.

പഞ്ചായത്ത്‌ ഡയരക്ടർ…ഇല്ല
സാമൂഹ്യ ക്ഷേമ വകുപ്പ്…. ഇല്ല
ഗ്രാമ വികസന വകുപ്പ്….. ഇല്ല

എണ്ണിയാൽ ഒടുങ്ങില്ല… പക്ഷെ അവരാരും ആഫീസിൽ കിടന്നല്ല ഉറങ്ങുന്നത്. വൈകുന്നേരം വീട്ടിലേക്ക് പോകും….സ്വന്തം വീടല്ല, വാടക വീട്. താൻ വാടക വീട്ടിലാണ് താമസിക്കുന്നത് എന്നും ആഫീസിന്റെ എട്ട് കിലോമീറ്റർ പരിധിയിലാണ് താമസം എന്നും സാക്ഷ്യപ്പെടുത്തി ജേക്കബ് തോമസ് പ്രതിമാസം സർക്കാരിൽ നിന്ന് എഴുതി എടുക്കുന്ന വീട്ടുവാടക 32000 രൂപ. ഈ മാസവും അത് കൈപ്പറ്റിയിട്ടുണ്ട്. ഈ മാസം കൈപ്പറ്റിയ അടിസ്ഥാന ശമ്പളം 210000 /- രൂപ. എന്നിട്ടും ആദര്ശധീരൻ വീടില്ലാതെ ആഫീസിൽ കിടന്നുറങ്ങിയതിന്റെ കരളലിയിക്കുന്ന ചിത്രവുമായി ഫേസ് ബുക്കിൽ. അവസാനത്തെ നിമിഷങ്ങളിലും ജനത്തിനെ വിഡ്ഢിയാക്കാൻ മറ്റൊരു വിഡ്ഢി ശ്രമിക്കുന്നതിന്റെ ചിത്രം.

Advertisements