തള്ളിമറിക്കരുത്, അവരെ നമുക്കു സന്തോഷത്തോടെ യാത്രയാക്കാം

27

Hari mohan.

ഇന്നലെയാണ് ഏറ്റവും ആദ്യമായി അതിഥിത്തൊഴിലാളികളെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്വന്തം നാടുകളിലേക്ക് ട്രെയിനില്‍ കയറ്റിയയച്ചത്. അതില്‍ ചില ട്രെയിനുകളൊക്കെയും ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നാണറിയാന്‍ കഴിഞ്ഞത്. ആലുവയില്‍ നിന്ന് ഇന്നലെ രാത്രി 10 മണിക്കു പുറപ്പെട്ട ട്രെയിന്‍ നാളെ രാവിലെയാണ് എത്തുക. 34 മണിക്കൂറാണു യാത്രാസമയം. ആലുവയില്‍ നിന്നുള്ളതുള്‍പ്പെടെ ആറ് ട്രെയിനുകളാണ് ഇന്നലെ പുറപ്പെടാന്‍ നിശ്ചയിച്ചിരുന്നത്. അതില്‍ അഞ്ചെണ്ണമാണു പുറപ്പെട്ടത്.

പറഞ്ഞുവന്നതു മറ്റൊരു കാര്യമാണ്. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം പ്രചരിച്ചൊരു ചിത്രം ഒരു കുട്ടി കൈയില്‍ ഭക്ഷണ പാക്കറ്റുകളടങ്ങിയ ഒരു കിറ്റുമായി നടന്നുപോകുന്നതാണ്. സ്വന്തം നാടു വിട്ട് ജീവിക്കാനായി അന്യനാടുകളിലേക്കു ചേക്കേറി, അവിടെയിപ്പോള്‍ തൊഴിലില്ലാതെ, ഒരുമാസത്തോളമായി കൂലിയില്ലാതെ, ക്യാമ്പുകളില്‍ക്കഴിഞ്ഞ്, കമ്മ്യൂണിറ്റി കിച്ചനുകളെ മാത്രം ആശ്രയിച്ചു ജീവിക്കേണ്ടി വന്ന ലക്ഷക്കണക്കിനു മനുഷ്യന്മാരാണു നമുക്കു ചുറ്റും കഴിയുന്നത്. അവരില്‍ 1140 പേരാണ് ഇന്നലെ സ്വന്തം നാട്ടിലേക്ക് ട്രെയിന്‍ കയറിയത്. അതിലൊരു കുട്ടിയെയാണ് ഇന്നലെ പലരും ആഘോഷിച്ചുകണ്ടത്.

അവര്‍ക്ക് 34 മണിക്കൂറിനിടെ വിശപ്പടക്കാന്‍ ലഭിക്കുന്ന പഴവും ബ്രഡ്ഡും രണ്ടുലിറ്ററിന്റെ മിനറല്‍ വാട്ടര്‍ കുപ്പിയുമാണ് ഇന്നലെ രാത്രിയും ഇന്നിതുവരെയും കേരളം നല്‍കുന്ന ഔദാര്യമായി ആഘോഷിച്ചത്, ആഘോഷിക്കുന്നത്.ജയ്പുരില്‍ നിന്നും നാസിക്കില്‍ നിന്നും കോട്ടയില്‍ നിന്നുമൊക്കെ അതിഥിത്തൊഴിലാളികളെ കയറ്റി അയക്കുമ്പോഴും ചെയ്യുന്നത് ഇങ്ങനെതന്നെയാണ്.
നിര്‍ബന്ധിതമായി നടത്തേണ്ട മെഡിക്കല്‍ ചെക്കപ്പുകളും കമ്മ്യൂണിറ്റി കിച്ചന്‍ വഴി ഇത്രനാളും നല്‍കിയിരുന്ന, ഇനിയവര്‍ ഇവിടെ നിന്നാല്‍ നല്‍കേണ്ടിവരുന്ന ഭക്ഷണത്തിന്റെ ഒരംശവും മാത്രമാണ് അവര്‍ക്കു നല്‍കി വിട്ടത്. അതല്ലാതെ മറ്റെന്താണ് അവര്‍ക്കു നല്‍കിയത്?

ഓരോ ദിവസവും കിട്ടുന്ന കൂലിയില്‍ നിന്നു മിച്ചം പിടിച്ചു നാട്ടിലെ ബന്ധുക്കള്‍ക്ക് അയച്ചുകൊണ്ടിരുന്ന മനുഷ്യന്മാര്‍ കഴിഞ്ഞ ഒരുമാസക്കാലമായി കൂലിയില്ലാത്തവരാണ്. ഈയൊരവസ്ഥയില്‍പ്പോലും സ്ലീപ്പര്‍ക്ലാസ് ടിക്കറ്റ് ചാര്‍ജായ 760 രൂപയും സൂപ്പര്‍ഫാസ്റ്റ് ചാര്‍ജും അധികചാര്‍ജുമായ 50 (30+20) രൂപയുമടക്കം 810 രൂപ സ്വന്തം കൈയില്‍ നിന്നു മുടക്കിയാണ് ഓരോ മനുഷ്യനും ഇക്കാലത്തും സ്വന്തം നാട്ടിലേക്ക് ട്രെയിന്‍ കയറിയത്.ബസില്‍ കയറ്റിവിട്ടാല്‍ മതിയെന്ന നിബന്ധനയില്‍ നിന്നു കേരളത്തിന്റെ പ്രത്യേക ആവശ്യത്തിനു പുറത്തു മാത്രമാണ് ട്രെയിന്‍ അനുവദിച്ചതെന്നൊക്കെ പറയുന്ന ശുദ്ധ വിവരക്കേടാണ്. മഹാരാഷ്ട്രയില്‍ നിന്നും രാജസ്ഥാനില്‍ നിന്നുമൊക്കെ ഇന്നലെ ട്രെയിനുകളാണു പുറപ്പെട്ടത്,ബസുകളല്ല.

കേരളത്തില്‍ നിന്നു പുറപ്പെട്ടതിനു മുന്‍പേ ജാര്‍ഖണ്ഡിലേക്ക് കുറച്ച് അതിഥിത്തൊഴിലാളികള്‍ തെലങ്കാനയില്‍ നിന്നു പുറപ്പെട്ടിരുന്നു. ഇന്നലെ പുലര്‍ച്ചെ. അതും ബസായിരുന്നില്ല, ട്രെയിന്‍ തന്നെയായിരുന്നു. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതേ ആവശ്യം തന്നെയായിരുന്നു. പക്ഷേ, ആലുവയില്‍ നിന്നു പുറപ്പെട്ട ആ ഒഡിഷക്കാരായ 1140 മനുഷ്യന്മാര്‍ക്കായിരിക്കും ഇത്രമേല്‍ ഔദാര്യക്കണക്കുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടായിരിക്കുക. മറ്റാര്‍ക്കും ആ ഗതികേടുണ്ടായിട്ടില്ല. ആരോഗ്യ, ജില്ലാ ഭരണകൂട സംവിധാനങ്ങള്‍ കൃത്യമായി കാര്യങ്ങള്‍ ഒരുക്കിയാണ് അവരെ യാത്രയാക്കിയത്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. കേരളം മാത്രമല്ല, എല്ലാവരും എടുക്കുന്നത് ഇതേ പണിയാണ്. അതവരുടെ ഉത്തരവാദിത്വമാണെന്ന അടിസ്ഥാനപരമായ ബോധം കുറേക്കാലമായി നഷ്ടപ്പെട്ട ഒരു വിഭാഗമുണ്ട്. അവര്‍ പേറി നടക്കുന്ന രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്തെന്നെങ്കിലും ഒരുകുറി ആലോചിക്കുന്നതു നല്ലതാണ്.

അല്ലാത്തപക്ഷം ഔദാര്യക്കണക്കുകള്‍ തുടരാനാണു താത്പര്യമെങ്കില്‍ അതിഥിത്തൊഴിലാളികള്‍ എന്ന പേരിനു പകരം ഇതര സംസ്ഥാനവും അന്യസംസ്ഥാനവുമൊക്കെയാവും അഭിസംബോധനയ്ക്കു ചേരുക.ഒരഭ്യര്‍ഥനയുണ്ട്. ദയവുചെയ്ത് ആ കുഞ്ഞിന്റെ ചിത്രവുമിട്ട്, അവളുടെ കൈയിലെ ആ പഴത്തിന്റെയും ബ്രഡ്ഡിന്റെയുമൊക്കെ കണക്കു പറയരുത്. ചുരുക്കത്തില്‍പ്പറഞ്ഞാല്‍ തള്ളിമറിക്കരുത്. അവരെ നമുക്കു സന്തോഷത്തോടെ യാത്രയാക്കാം.അവരവരുടെ വീടുകളില്‍ കഷ്ടതകളില്ലാതെ കഴിയട്ടെയെന്നാശംസിക്കാം. തിരിച്ചുവരുമ്പോള്‍ ന്യായമായ കൂലി കൃത്യസമയത്തു കൊടുക്കാന്‍ ശ്രദ്ധിക്കാം.