മേഴ്സിക്കുട്ടിയമ്മയ്ക്കു നേരെയുണ്ടായ സൈബറാക്രമണങ്ങളില്‍ തെളിഞ്ഞുകാണുന്നത് അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും വംശീയതയുമാണ്. ശക്തമായ രീതിയില്‍ത്തന്നെ വിയോജിപ്പിന്റെ രാഷ്ട്രീയം ഇവിടെ രേഖപ്പെടുത്തുന്നു.
മേഴ്സിക്കുട്ടിയമ്മയ്ക്കു മാത്രം നേരിടേണ്ടി വന്ന വ്യക്തിഹത്യ അല്ലിത് എന്നതുകൊണ്ടുതന്നെ, ആ കമന്റുകളും പോസ്റ്റുകളും വായിച്ചപ്പോള്‍ ആദ്യം ഓര്മ വന്നതു മറ്റൊരാളെയാണ്. ഇതിനേക്കാള്‍ നികൃഷ്ടമായി സൈബറാക്രമണങ്ങള്‍ നേരിടേണ്ടി വന്ന, ഇപ്പോഴും നേരിടുന്ന ഒരു സ്ത്രീ കോഴിക്കോട്ടുണ്ട്, അവരെ. അന്നു നിശബ്ദത പാലിക്കുകയും ഇന്നു വംശീയതയെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചുമൊക്കെ ഉറക്കെ ശബ്ദിക്കുകയും ചെയ്യുന്നതിന്റെ അവസരവാദ രാഷ്ട്രീയം ഇല്ലാത്തതു കൊണ്ടു തന്നെയാവാം എനിക്ക് ഇത്തരം സാഹചര്യങ്ങളിലൊക്കെ ആദ്യം ഓര്മ വരുന്ന പേര് കെ.കെ രമ എന്നാണ്.
ടി.പി ചന്ദ്രശേഖരന് കൊല്ലപ്പെട്ടശേഷം രമ സതിയില്ച്ചാടി ആത്മഹത്യ ചെയ്യേണ്ടിയിരുന്നു എന്നുവരെ ചിന്തിപ്പിക്കുന്ന വാദങ്ങളുമായി നാളുകളോളം സി.പി.ഐ.എം പ്രൊഫൈലുകള്‍ ഇവിടെത്തന്നെയുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം, ചന്ദ്രശേഖരന്റെ വിധവയായി രമ വെളുത്ത വസ്ത്രവും ധരിച്ച് വീട്ടില്ക്കഴിയണമായിരുന്നു എന്ന ചിന്തകള്‍ പോലും ഇവിടെയുണ്ടായിട്ടുണ്ട്. സി.പി.ഐ.എമ്മിനെ ഏറ്റവും അസ്വസ്ഥതപ്പെടുത്തിയത് കെ.കെ രമ ഒരു സ്ത്രീയായിരുന്നു എന്നതാണ്. പകരം ഒരു പുരുഷനായിരുന്നുവെങ്കില്‍ അവര്‍ ഇത്രയും ഭയക്കില്ലായിരുന്നു. ഭയന്നുവിറച്ച് വീട്ടില്‍ കഴിഞ്ഞോളും എന്നു വിധിച്ചുകളഞ്ഞിരുന്നു അവര്‍. പക്ഷേ ടി.പി കൊല്ലപ്പെട്ടശേഷം രമ എടുത്ത ഏറ്റവും പ്രധാനപ്പെട്ട തീരുമാനം പൊതുരാഷ്ട്രീയ രംഗത്തിറങ്ങുക എന്നതായിരുന്നു. അന്നുമുതല്‍ അതേ തീവ്രതയോടെ ഇന്നുവരെ അവര്‍ നേരിടുന്നത് ഈപ്പറഞ്ഞ വ്യക്തിഹത്യയാണ്.
പരസ്പരം കൊന്നും കൊലവിളിച്ചും പക വീട്ടിയിരുന്ന ആണധികാര പാര്‍ട്ടികളുടെ രീതിയായിരുന്നില്ല പിന്നീടങ്ങോട്ട് കെ.കെ രമ എന്ന സ്ത്രീ നേതൃത്വം നല്കുന്ന ആര്.എം.പിയുടേത്. അവര്‍ സി.പി.ഐ.എമ്മുള്ള ഇതേ പൊതുവിടത്തില്‍ രാഷ്ട്രീയം പറഞ്ഞും രാഷ്ട്രീയമായി ജീവിച്ചും മുന്നോട്ടുപോകുകയായിരുന്നു. ഒഞ്ചിയത്തിനപ്പുറം കേട്ടിട്ടില്ലാത്ത ഒരു സ്ത്രീയുടെ പേര് കേരളം മുഴുവന്‍ ചര്‍ച്ച ചെയ്തതിന്റെ അസ്വസ്ഥത സി.പി.ഐം.എം പിന്നീട് പ്രകടിപ്പിച്ചത് സൈബറിടങ്ങളില്‍ മാത്രമല്ല, തെരുവുകളിലും കൂടിയാണ്. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം തെരുവുകളില്‍ നടത്തിയ പരിപാടികളില്‍ രമയെ ബിംബവത്കരിച്ച് അവര്‍ നടത്തിയ സ്ത്രീവിരുദ്ധ ആഘോഷം ഇന്നും ഓര്‍മയിലുണ്ട്. ആ ചിത്രം ഇവിടെ പങ്കുവെയ്ക്കാനില്ല. അത്രയും ക്രൂരമായിരുന്നു അത്.
ഈ രമയെ ഓര്‍ത്തുകൊണ്ടാണ് മേഴ്സിക്കുട്ടിയമ്മയ്ക്കെതിരായ, വംശീയ, സ്ത്രീവിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ ഞാന്‍ നിലപാടെടുക്കുന്നത്. ഇന്നോളം രമയ്ക്കെതിരായ ആക്രമണങ്ങളില്‍ നിശബ്ദത പാലിച്ച്, ഒളിഞ്ഞും തെളിഞ്ഞും അതാസ്വദിച്ച സി.പി.ഐ.എമ്മുകാരോടാണു പറയുന്നത്. കഴിയുമെങ്കില്‍ രമയുടെ പ്രൊഫൈലില്‍ അവരെ അധിക്ഷേപിക്കാനല്ലാതെ ഒരുവട്ടം കയറിനോക്കുക. മേഴ്സിക്കുട്ടിയമ്മയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരൊരു പോസ്റ്റിട്ടിട്ടുണ്ട്.
അവര്‍ അവസാനം കുറിച്ച വരി ഇവിടെച്ചേര്‍ക്കുന്നു- ”സൈബറാക്രമണങ്ങളെയും അപവാദ പ്രചരണങ്ങളെയും നിരന്തരം പൊരുതിത്തോൽപ്പിച്ച് പൊതുരംഗത്തുറച്ചു നിൽക്കുന്ന സ്ത്രീകളോടൊപ്പം നിൽക്കാൻ മുഴുവൻ ജനാധിപത്യവാദികൾക്കും ബാധ്യതയുണ്ട്.”എന്റെ കണ്ണില്‍ രമയ്ക്കും മേഴ്സിക്കുട്ടിയമ്മയ്ക്കും രമ്യാ ഹരിദാസിനും വ്യത്യസ്ത നീതികളല്ല. അതുണ്ടാവുകയുമില്ല.