രണ്ടുവർഷം മുൻപ് ഡാൽമിയ ഭാരത് ഗ്രൂപ്പ് എന്ന കോർപ്പറേറ്റ് കമ്പനിക്ക് 25 കോടി രൂപയ്ക്ക് ‘റെഡ് ഫോർട്ട്’ അഥവാ ‘ചെങ്കോട്ട’ എന്ന ചരിത്രസ്മാരകം അഞ്ചുവർഷത്തിനു പാട്ടത്തിനായി നൽകിയപ്പോൾ നഷ്ടപ്പെടാത്ത ദേശീയ വികാരങ്ങളൊന്നും ഇന്ത്യൻ ദേശീയ പതാകയുടെ കീഴിലായി ഇന്നാട്ടിലെ കർഷകർ സ്ഥാപിച്ച രണ്ടു പതാകകൾ കാണുമ്പോൾ നഷ്ടപ്പെടേണ്ടതില്ല.ലാഹോറി ഗേറ്റിനു മുന്നിലെ തട്ടിൽ നിന്നു പ്രസംഗിക്കാനായി സ്വാതന്ത്ര്യദിനത്തിൽ താത്കാലികമായി ഡാൽമിയ ഗ്രൂപ്പ് സർക്കാരിനു കൈമാറുന്നുവെന്നതൊഴിച്ചാൽ, കഴിഞ്ഞ രണ്ടുവർഷമായി എന്ത് അവകാശമാണ് സർക്കാരിന് ആ കോട്ടയ്ക്കു മുകളിലുള്ളത്? ഒരു രാജ്യത്തിന്റെ ചരിത്ര ശേഷിപ്പുകൾ പോലും കോർപ്പറേറ്റുകൾക്കു വീതം വെച്ചുകഴിഞ്ഞ ഒരു കോർപ്പറേറ്റ് ഭരണകൂടത്തിനു നൽകിയ സന്ദേശമാണ് ആ പതാകകൾ. ദേശീയ പതാകയുടെ വിശുദ്ധിക്ക് ഒരു പോറൽ പോലുമേൽപ്പിക്കാതെ അവർ വളരെ ഭംഗിയായി ആ ജോലി പൂർത്തിയാക്കിയിട്ടുണ്ട്.