റോസാപ്പൂ നെഞ്ചില്‍ കുത്തിയ ചാച്ചാജിയല്ല, ഗുഹയുടെ നെഹ്റുവാണു ചര്‍ച്ച ചെയ്യപ്പെടേണ്ടത്

59

റോസാപ്പൂ നെഞ്ചില്‍ കുത്തിയ ചാച്ചാജിയല്ല, ഗുഹയുടെ നെഹ്റുവാണു ചര്‍ച്ച ചെയ്യപ്പെടേണ്ടത്, വീണ്ടെടുക്കേണ്ടത്
Hari Mohan എഴുതുന്നു

ശിശുദിനത്തില്‍ സര്‍വ പത്രങ്ങളുടെയും ഒന്നാം പേജുകളില്‍ സ്ഥാനമുറപ്പിക്കുന്ന കാരിക്കേച്ചറുകളുണ്ട്. ചിരിച്ചുകൊണ്ട്, പലപ്പോഴും വെള്ളവസ്ത്രമണിഞ്ഞ്, എല്ലായ്പ്പോഴും നെഞ്ചത്ത് റോസാപ്പൂ കുത്തി, കുട്ടികളോടൊപ്പമോ ഒറ്റയ്ക്കോ കാണപ്പെടുന്ന ചാച്ചാജി. വല്ലാത്തൊരു കാല്‍പ്പനിക യുക്തിയാണത്. മരണത്തിന് 56 വര്‍ഷങ്ങള്‍ക്കിപ്പുറവും കുട്ടികളെ ഇഷ്ടമായിരുന്നുവെന്ന പേരില്‍ ഓര്‍മിക്കപ്പെടുന്ന ഒരാള്‍. അങ്ങേയറ്റം അപകടകരമാണ് ഈ ചാച്ചാജി മോഡലുകള്‍. പലപ്പോഴും ചാച്ചാജിയെ (നെഹ്റുവിനെയല്ല) ഗാന്ധിയൻ ധാര മുന്നോട്ടു വെച്ച രാഷ്ട്രീയ സങ്കൽപ്പത്തിലേക്കു കൊണ്ടുവന്ന് അവിടെ കാല്‍പ്പനികമായി മതവത്കരിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. വര്‍ത്തമാനകാല ഇന്ത്യ ആവശ്യപ്പെടുന്നത് ആ ചാച്ചാജിയെയല്ല, നെഹ്റുവിനെയാണ്. ആ നെഹ്റുവിനെക്കുറിച്ച് കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളവരിലൊരാള്‍ രാമചന്ദ്ര ഗുഹയാണ്.

Latest Updates: History, Thoughts, Wallpapers &Pictures of ...1949 നവംബറിലെ ആദ്യ രണ്ടാഴ്ചകളില്‍ ബോംബെയിലെ ശിവജി പാര്‍ക്കില്‍ നടന്ന രണ്ടു കാഴ്ചകളെക്കുറിച്ച് India After Gandhi-യില്‍ രാമചന്ദ്ര ഗുഹ എഴുതിയിട്ടുണ്ട്. അതിന്റെ പരിഭാഷ അങ്ങനെതന്നെ വായിക്കണം. കാരണം, സാധാരണയില്‍ നിന്നു വ്യത്യസ്തമായി അല്‍പ്പം വൈകാരികമായാണ് ഗുഹ ഇതെഴുതിയത്-

”1949 നവംബർ ആദ്യയാഴ്ചയില്‍ ആർ.എസ്.എസ് തലവന്‍ ഗോൾവാൾക്കർ ബോംബെയിലെ ശിവജി പാർക്കിൽ പ്രസംഗിക്കാനെത്തി. പ്രസംഗം തുടങ്ങുന്നതിനു മുമ്പേ ആര്‍.എസ്.എസിന്റെ കായിക പരിശീലന കേന്ദ്രങ്ങളും ആയുധ പരിശീലന കേന്ദ്രങ്ങളും ഊഴമിട്ട് അദ്ദേഹത്തെ ഹാരമണിയിച്ചു. ഗോൾവാൾക്കർ തന്റെ പ്രസംഗത്തിലുടനീളം ഹിന്ദു സംസ്കാരത്തിന്റെ നന്മകളെക്കുറിച്ച് തിളയ്ക്കുന്ന അവകാശവാദങ്ങളുന്നയിച്ചു. ഇന്ത്യയെ ബാധിച്ച മുഴുവൻ പ്രശ്നങ്ങൾക്കും ഗോൾവാൾക്കറുടെ കൈയിൽ ഒറ്റമൂലിയുണ്ടായിരുന്നു. തന്നെ ഇന്ത്യയുടെ പരമാധികാരി ആക്കുക. മറാഠാ ബ്രാഹ്മണരsക്കം തിങ്ങിക്കൂടിയ ജനാവലി ഹർഷാരവങ്ങളോടെ ഗോൾവാൾക്കറെ കേട്ടു. കുഴികളുടെ ആഴത്തിൽ തുളച്ചുകയറുന്ന തിളങ്ങുന്ന കണ്ണുകളുള്ള രക്തം ഉറഞ്ഞു പോകുന്ന ഏതോ ഇന്ദ്രജാലം കാട്ടുന്ന ദുർമന്ത്രവാദിയെപ്പോലെ നിരുപദ്രവകാരിയായ ഹിന്ദു സന്യാസി എന്നൊറ്റ നോട്ടത്തിൽ തോന്നുന്ന ഗോൾവാൾക്കർ വർഗീയ വിഷത്തിന്റെ പ്രചണ്ഡ പ്രചരണം ശിവജി പാർക്കിലഴിച്ചുവിട്ടത് കേൾക്കാനെത്തിയത് ഒരുലക്ഷം പേരായിരുന്നു.

കൃത്യം ഒരാഴ്ച കഴിഞ്ഞ് നെഹ്റു ബോംബെയിൽ പ്രസംഗിക്കാനെത്തി. ഗോൾവാൾക്കർ സംസാരിച്ച അതേ മൈതാനത്ത്, മോട് വെയ്ൻ ചിക്കാഗോ ടെലിഫോൺ ആൻഡ് റേഡിയോ കമ്പനിയുടെ ഗോൾവാൾക്കറുപയോഗിച്ച അതേ മൈക്രോ ഫോണുപയോഗിച്ച്, മറാത്ത മധ്യവർഗത്തിന്റെ ഹൃദയ ഭാഗത്ത്, തന്റെ ഷഷ്ടിപൂർത്തിയുടെ അന്ന് വൈകീട്ട് 4 മണിയോടെ സാന്താക്രോസ് വിമാനത്താവളത്തിൽ വന്നിറങ്ങി ഒന്നു കുളിച്ച് വേഷം മാറി നെഹ്രു ശിവജി പാർക്കിൽ പ്രസംഗിക്കാനെത്തി. ഏകാധിപത്യത്തിനെതിരെ ജനാധിപത്യത്തെയും ഹിന്ദു മൗലികവാദത്തിനെതിരെ മത നിരപേക്ഷതയെയും പ്രതിരോധിക്കുന്നത് കേൾക്കാൻ മറാഠാ ബ്രാഹ്മണരുടെ ഈ ശക്തി ദുർഗത്തിലെത്തിയ ജനക്കൂട്ടത്തിന്റെ എണ്ണം ഗോൾവാൾക്കറെ കേൾക്കാനെത്തിയവരെക്കാൾ ആറിരട്ടിയായിരുന്നു.

ആറുലക്ഷം ഇന്ത്യക്കാർ – സ്ത്രീകളും കുട്ടികളും തൊഴിലാളികളും – ശിവജി പാർക്കിൽ നെഹ്റുവിനെ കേൾക്കാനെത്തി. സ്വതന്ത്ര്യ ഇന്ത്യയിൽ രണ്ട് വിരുദ്ധാശയങ്ങൾ തമ്മിലുള്ള പ്രത്യക്ഷ പോരാട്ടത്തിൽ നെഹ്രു തകർപ്പൻ വിജയം നേടുകയായിരുന്നു.”കൃത്യം 56 വര്‍ഷങ്ങള്‍ക്കു മുന്‍പു മരണപ്പെട്ട ഒരു മനുഷ്യന്‍ ഇന്നും തീവ്രഹിന്ദുത്വ വാദികളാല്‍ നിരന്തരം ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍, അത് കുട്ടികളുടെ ചാച്ചാജിയല്ല, ഗുഹയുടെ നെഹ്റുവാണ്.ഈ സംഘപരിവാര്‍ കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടുന്നൊരു കത്ത് 1947 ഡിസംബര്‍ ഏഴിന് നെഹ്റു എഴുതിയിട്ടുണ്ട്, എല്ലാ മുഖ്യമന്ത്രിമാര്‍ക്കുമായി. അതിങ്ങനെയാണ്-

“ചില പ്രവിശ്യകളിൽ ആർ.എസ്.എസ്. വമ്പിച്ച പ്രകടനങ്ങൾ സംഘടിപ്പിച്ചതിന്റെ റിപ്പോർട്ടുകൾ എനിക്കു കിട്ടിയിട്ടുണ്ട്. പലപ്പോഴും ഈ പ്രകടനങ്ങൾ നിരോധനാജ്ഞ ലംഘിച്ചാണ് നടന്നിട്ടുള്ളത്. ചില പ്രവിശ്യാ ഭരണാധികാരികൾ ഇക്കാര്യത്തിൽ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.അവർ ഈ ആജ്ഞാലംഘനത്തെ അംഗീകരിച്ച മട്ടാണ്. ഈ കാര്യത്തിൽ നിങ്ങളുടെ വിവേചനാധികാരത്തിൽ ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആജ്ഞാലംഘനത്തിനു ചൂട്ടുപിടിക്കുന്ന ഈ നിലപാട് ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിവെയ്ക്കും എന്ന വസ്തുത ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരികയാണ്.

ആർ.എസ്.എസ്. ഒരു സ്വകാര്യ സൈനിക സ്വഭാവമുള്ള സംഘടനയാണ് എന്നും അതു പിന്തുടരുന്നത് നാസി പാതയാണെന്നും കാണിക്കുന്ന തെളിവുകൾ ധാരാളം തെളിവുകൾ നമുക്ക് ലഭ്യമാണ്. നാസി സംഘടനാരീതി പോലും അത് അനുവർത്തിക്കുന്നതായി കാണാം. പൗരസ്വാതന്ത്ര്യത്തിൽ കൈകടത്താൻ നാം ആഗ്രഹിക്കുന്നില്ല. പക്ഷേ, ഉപയോഗിക്കാൻ വേണ്ടിത്തന്നെ ആയുധങ്ങൾ നൽകുകയും അവ ഉപയോഗിക്കാനുള്ള പരിശീലനം നൽകുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാവുന്ന ഒരേർപ്പാടല്ല. ആർ.എസ്.എസ് ഇപ്പോഴത്തെ കേന്ദ്ര-പ്രവിശ്യാ സർക്കാരുകൾക്ക് എതിരാണ്, ഈ എതിർപ്പ് നിശ്ചിതവും ബോധപൂർവവുമാണ്. ഈ വസ്തുതമാത്രം കണക്കിലെടുത്ത് അവർക്കെതിരേ നടപടിയൊന്നും കൈക്കൊള്ളണമെന്നില്ല. ന്യായമായ പ്രവർത്തനത്തിനുള്ള അവകാശം അവർക്കുണ്ട്. പക്ഷേ, അവരുടെ പ്രവർത്തനം ഏതാണ്ട് അതിരുകവിഞ്ഞിരിക്കുന്നു. പ്രവിശ്യാ സർക്കാരുകൾ ആ പ്രവർത്തനത്തിനുമേൽ കണ്ണുവയ്ക്കുന്നത് നന്നായിരിക്കും. ഉചിതമെന്ന് തോന്നുന്ന നടപടി അവർക്കു കൈക്കൊള്ളാം.
ജർമനിയിൽ നാസിപ്രസ്ഥാനം എങ്ങനെയാണ് വികാസം പ്രാപിച്ചതെന്നതിനെ സംബന്ധിച്ച് കുറച്ചൊക്കെ എനിക്കറിയാം.

ഉപരിപ്ലവമായ ധാടികൊണ്ടും കർശനമായ അച്ചടക്കം കൊണ്ടും ഏറെ, ബുദ്ധിയൊന്നുമില്ലാത്ത, ജീവിതത്തിൽ ആകർഷണീയമായി യാതൊന്നുമില്ലാത്ത കീഴ്മധ്യവർഗത്തിൽപ്പെട്ട യുവാക്കളേയും യുവതികളേയും അതിനോടടുപ്പിച്ചു. അങ്ങനെയവർ നാസിപാർട്ടിയിലേക്ക് അടുത്തു. അതിന്റെ നയവും പരിപാടിയും ലളിതവും നിഷേധാത്മകവും ഏറെ മാനസികാഭ്യാസം ആവശ്യമില്ലാത്തതുമായിരുന്നു. നാസിപാർട്ടി ജർമനിയെ നശിപ്പിച്ചു. ഈ പ്രവണതകൾ ഇന്ത്യയിൽ പടരാനും വർധിക്കാനും അനുവദിച്ചാൽ ഇന്ത്യയ്ക്ക് അവ വമ്പിച്ച നാശം വരുത്തിവെക്കുമെന്ന് എനിക്കുറപ്പാണ്. തീർച്ചയായും ഇന്ത്യ അതിജീവിക്കും. പക്ഷേ, അവൾക്ക് ഗുരുതരമായ പരിക്കേൽക്കും, ആ പരിക്ക് മാറാൻ ഏറെക്കാലമെടുക്കും.”

ഇതു കേവലമൊരു കത്ത് മാത്രമാണ്. സ്വാതന്ത്ര്യാനന്തരം ഓരോ ആഴ്ച ഇടവിട്ട് 1947 ഒക്ടോബർ മുതൽ 1963 ഡിസംബർ വരെ നെഹ്റു മുഖ്യമന്ത്രിമാര്‍ക്കു കത്തുകള്‍ എഴുതുന്നതു തുടര്‍ന്നിട്ടുണ്ട്.1980-ൽ അഞ്ചു ഭാഗങ്ങളായി ഇതു പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എങ്ങനെ മതേതര റിപ്പബ്ലിക്കായി എന്നും പാക്കിസ്ഥാന്‍ എങ്ങനെ മതരാഷ്ട്രമായി എന്നുമുള്ള ചോദ്യത്തിനുത്തരമായി നമുക്കീ നെഹ്റുവിനെ ചൂണ്ടിക്കാണിക്കാം. മതഭ്രാന്തന്മാര്‍ക്ക് ഒട്ടും കുറവില്ലാതിരുന്ന ഇന്ത്യയില്‍ അതിനു തടയിട്ടത് ഈയൊരൊറ്റ മനുഷ്യനായിരുന്നു.

അതുകൊണ്ടാണ് ഈ ചരമവാര്‍ഷിക ദിനത്തില്‍, തീവ്രഹിന്ദുത്വം വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരിന്ത്യയില്‍ നിന്നുകൊണ്ട് നെഹ്റുവിനെക്കുറിച്ചു നിരന്തരം സംസാരിക്കണമെന്നു പറയേണ്ടിവരുന്നത്. റോസാപ്പൂ നെഞ്ചില്‍ കുത്തിയ ചാച്ചാജിയല്ല, ഗുഹയുടെ നെഹ്റുവാണു ചര്‍ച്ച ചെയ്യപ്പെടേണ്ടത്, വീണ്ടെടുക്കേണ്ടത്.

Advertisements