അന്ന് തബ്ലീഗ് കോവിഡ്, ഇന്ന് തബ്ലീഗ് പ്ലാസ്മ

    0
    142

    അന്ന് തബ്ലീഗ് കോവിഡ്, ഇന്ന് തബ്ലീഗ് പ്ലാസ്മ

    Hari Mohan എഴുതുന്നു

    ഡല്‍ഹിയില്‍ നിന്നൊരു സന്തോഷവാര്‍ത്തയുണ്ട്. ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ 49-കാരന്‍ കോവിഡില്‍ നിന്നു പൂര്‍ണമായി മുക്തനായിരിക്കുന്നു. ഏപ്രില്‍ നാലുമുതല്‍ രോഗബാധിതനായ ഇയാള്‍ എട്ടുമുതല്‍ വെന്റിലേറ്ററിലായിരുന്നു. വീട്ടുകാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് ഇയാള്‍ക്ക് പ്ലാസ്മ തെറാപ്പി ചെയ്തത്. മൂന്നാഴ്ച മുന്‍പ് രോഗം ഭേദമായ വ്യക്തിയായിരുന്നു പ്ലാസ്മ ദാതാവ്. തെറാപ്പി കഴിഞ്ഞ് നാലു ദിവസത്തിനുള്ളില്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. ഇന്നലെ രാവിലെ ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മുകളില്‍പ്പറഞ്ഞ കാര്യങ്ങളൊക്കെയും എല്ലാ മാധ്യമങ്ങള്‍ക്കും ഇന്നലെ മുതല്‍ ഹോട്ട് ന്യൂസായിരുന്നു. ചൈനയിലൊക്കെ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം കണ്ട കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി ഇങ്ങ് ഇന്ത്യയില്‍ വിജയകരമായത് എല്ലാവരും ആഘോഷിച്ചിട്ടുണ്ട്.

    പക്ഷേ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു കാര്യം കൂടി ഡല്‍ഹിയിലുണ്ടായിട്ടുണ്ട്. രോഗം ഭേദമായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. അതിനായി രോഗം ഭേദമയയവര്‍ മുന്നോട്ടുവരണം. പക്ഷേ ഡോണേഴ്സിനെ കണ്ടെത്താനാകാതെ ഡല്‍ഹി സര്‍ക്കാര്‍ വിഷമിക്കുന്ന കാഴ്ചയാണു കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത്. ഡോണേഴ്സിനു വേണ്ടി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തി. ഒടുവില്‍ സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നു രോഗം ഭേദമായി ഡിസ്ചാര്‍ജായ മുന്നൂറോളം പേര്‍ പ്ലാസ്മ ഡൊണേറ്റ് ചെയ്യാനായി മുന്നോട്ടുവന്നിരിക്കുന്നു. ഈ വന്നയാളുകള്‍ക്കൊക്കെയും ഒരു പ്രത്യേകതയുണ്ട്. ഈ വന്നതൊക്കെയും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ രാജ്യത്തുടനീളം നടന്ന വംശീയവെറി ഏറ്റുവാങ്ങേണ്ടി വന്നവരാണ്. അവരാണിപ്പോള്‍ പ്ലാസ്മാ ദാതാക്കളായി മുന്നോട്ടുവന്നിരിക്കുന്നത്. തെലങ്കാനയിലും ആന്ധ്രയിലും തങ്ങള്‍ പ്ലാസ്മ ഡൊണേറ്റ് ചെയ്യുമെന്നാണ് അവിടെ രോഗം ഭേദമായ തബ്‌ലീഗ് ജമാഅത്തുകാര്‍ പറഞ്ഞത്. എന്നുകരുതി ‘തബ്‌ലീഗ് കോവിഡ്’ എന്ന സ്ക്രോള്‍ മാറ്റി ‘തബ്‌ലീഗ് പ്ലാസ്മ’ എന്ന് ചാനലുകളില്‍ വരുമെന്നാരും കരുതരുത്.