മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ബോഡി ഷെയ്മിങ്ങെന്ന് ഒരുതരം മാനസികരോഗമാണ്

0
248

എഴുതിയത്  : Hari Mohan

കുറേക്കാലമായി ഒരുപാട് പേര്‍ പറയുന്നതാണ് തടി കൂടുന്നു, വയര്‍ കൂടുന്നു, ടീഷര്‍ട്ടിട്ടാല്‍ വൃത്തികേടാണ്, വ്യായാമം ചെയ്യണം അല്ലെങ്കില്‍ കുറച്ചുകഴിയുമ്പോള്‍ നാണക്കേടാവും എന്നൊക്കെ. വളരെ നിരുപദ്രവകരം എന്നു തോന്നുന്ന ചില കമന്റുകളെന്നു വേണമെങ്കില്‍ പറയാം. അത്രയും ലളിതമായും നിഷ്ക്കളങ്കമായും ഒക്കെയേ ഞാനും അതിനെ കണ്ടിട്ടുള്ളൂ. പക്ഷേ അതെല്ലാവര്‍ക്കും അങ്ങനെയായിരിക്കണമെന്നില്ല. ബോഡി ഷെയ്മിങ് എന്നതു വളരെ ഗുരുതരമായ രോഗം പോലെ പലരെയും ബാധിച്ചേക്കാം. അങ്ങനെയുള്ളവരെ കണ്ടിട്ടുമുണ്ട്. അതവരുടെ ആത്മവിശ്വാസത്തെയും സാമൂഹ്യ ജീവിതത്തെയും ഒക്കെ ബാധിക്കും. എവിടെച്ചെന്നാലും പരിഹാസം കേള്‍ക്കുന്ന അവരിലത് ക്രമേണ ഭയമായി മാറും. സ്വയം വെറുക്കപ്പെടുന്ന അവസ്ഥയിലേക്കു വരെ കാര്യങ്ങളെത്തും. മാനസികമായും ശാരീരികമായും തകരുന്ന അവസ്ഥയിലേക്ക് അവരെത്തുന്നത് അനുഭവിക്കുമ്പോള്‍ മാത്രം മനസ്സിലാകുന്നതാണ്. ഇതൊക്കെയും സാധാരണക്കാര്‍ക്കു നേരിടുന്ന അവസ്ഥകളാണെന്ന തെറ്റിദ്ധാരണ പേറുന്ന ഒരു സമൂഹത്തെ കണ്ടതുകൊണ്ട് എഴുതിയതാണ്.

ഫിസിക്ക് കണ്ട് ടൊവിനോയ്ക്കും പൃഥ്വിക്കുമൊക്കെ കൈയ്യടിക്കുന്ന ഒരു സമൂഹത്തിനിടയിലേക്കാണ് അഷ്റഫ് ഹംസ തമാശ പോലൊരു സിനിമ എത്തിച്ചതെന്ന് ആലോചിക്കുമ്പോള്‍ ഞെട്ടല്‍ വരുന്നു. കുഞ്ഞാലിമരയ്ക്കാറൊക്കെ ചെയ്യാന്‍ ശാരീരികമായ ചില കാര്യങ്ങള്‍ വേണമെന്നു നിഷ്കര്‍ഷിക്കുന്നതും ഇപ്പറഞ്ഞ പൊതുബോധം പേറുന്നവരാണ്. എത്രയെത്ര കഥാപാത്രങ്ങളിലൂടെ മോഹന്‍ലാല്‍ എന്ന വ്യക്തി നമ്മളെ വിസ്മയിപ്പിച്ചിരിക്കുന്നു. ആ വയറില്‍ മാത്രം നിങ്ങള്‍ ആ നടനെ കാണാന്‍ തുടങ്ങിയതെപ്പോഴാണ്? മോഹന്‍ലാല്‍ എന്ന വ്യക്തിയോടുള്ള വിയോജിപ്പുകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ബോഡി ഷെയ്മിങ്ങെന്നതിന് ഇരയാകുന്നതു കൂട്ടക്കൊലകളുടെ ചോരക്കറ പേറുന്ന ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെങ്കില്‍പ്പോലും അംഗീകരിക്കാനാവില്ല. ബോഡി ഷെയ്മിങ്ങെന്ന് ഒരുതരം മാനസികരോഗമാണ്.