കേരളത്തിന്റെ ആരോഗ്യ സംവിധാനം കൈയടികള്‍ വാങ്ങുന്നതില്‍ തരൂരിനെപ്പോലെയുള്ള മനുഷ്യന്മാര്ക്കും പങ്കുണ്ട്
വേറെ ഏത് പാര്‍ട്ടിയിലായിരുന്നെങ്കിലും ഈ കോവിഡ് നാളുകളില്‍ ഏറ്റവുമധികം നമ്മുടെ ടൈംലൈനുകളില്‍ നിറയേണ്ടിയിരുന്ന മനുഷ്യന് ശശി തരൂരായിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അതിന് ശൈലജ ടീച്ചറെക്കുറിച്ചുള്ള
120 total views, 1 views today

വേറെ ഏത് പാര്‍ട്ടിയിലായിരുന്നെങ്കിലും ഈ കോവിഡ് നാളുകളില്‍ ഏറ്റവുമധികം നമ്മുടെ ടൈംലൈനുകളില്‍ നിറയേണ്ടിയിരുന്ന മനുഷ്യന് ശശി തരൂരായിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അതിന് ശൈലജ ടീച്ചറെക്കുറിച്ചുള്ള ഗാര്‍ഡിയന്റെ ലേഖനം ഷെയര്‍ ചെയ്യേണ്ടിവന്നു ആ മനുഷ്യന്. ആ ഒരു ട്വീറ്റാണ് ഇന്നെല്ലാവരും ആഘോഷിക്കുന്നതെങ്കില്‍, അതിലുമേറെ ആഘോഷിക്കേണ്ടതും ഓര്‍ക്കേണ്ടതുമായ പ്രവൃത്തികള്‍ തിരുവനന്തപുരത്തിരുന്ന്, ഒരു പത്രസമ്മേളനം പോലും നടത്താതെ ആ മനുഷ്യന് ചെയ്തിട്ടുണ്ട്. ലോക്ക്ഡൗണിനിടയില്‍, യാത്രാവിമാനങ്ങളില്ലാതിരുന്ന ഒരു സാഹചര്യത്തില്‍ മൂവായിരം ആര്.ടി-പി.സി.ആര് കിറ്റുകളാണ് തരൂര്‍ തിരുവനന്തപുരത്തെത്തിച്ചത്. ഐ.സി.എം.ആര് അംഗീകാരമുള്ള പുണെയിലെ മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്നാണ് എം.പി ഫണ്ടില്‍ നിന്ന് 57 ലക്ഷം രൂപ ചിലവിട്ട് തരൂര്‍ ആ കിറ്റുകള്‍ ഇവിടെയെത്തിച്ചത്.
പുണെയില്‍ നിന്ന് റോഡുമാര്‍ഗം മുംബൈ വരെ. അവിടെനിന്ന് സ്പൈസ് ജെറ്റിന്റെ വിമാനത്തില്‍ കോഴിക്കോട്ടേക്ക്. അതിനു ശേഷം വിവിധ ജില്ലകളിലെ കളക്ടമാരുടെ സഹായത്തോടെ തിരുവനന്തപുരത്തേക്ക്. എം.പി എന്ന നിലയില്‍ ഇതൊക്കെ ചെയ്യാനല്ലെങ്കില്‍ പിന്നെന്തിനാണ് ഇയാളെ ജയിപ്പിച്ചുവിട്ടത് എന്ന ചോദ്യമുന്നയിക്കുന്നവരോടാണ്. ബാക്കി 19 എം.പിമാര്‍ക്കും സാധിക്കാത്ത ചിലതുണ്ട്. സാങ്കേതികമായ കടമ്പകളും പ്രായോഗികമായ തടസ്സങ്ങളുമൊക്കെ മറികടക്കാന്‍ കഴിയുന്നത്ര ബന്ധങ്ങള്‍ തരൂരിനുണ്ടെന്നതാണ് അത്. അതെങ്ങനെ ഉപയോഗിക്കണമെന്ന് അയാള്‍ കാണിച്ചുതരികയാണ്. ടെസ്റ്റിങ് കിറ്റുകള്‍ സ്പൈസ് ജെറ്റ് വിമാനം വഴി കോഴിക്കോട്ടെത്തിക്കാന്‍ തരൂര്‍ ഉപയോഗിച്ചത് ഓള് ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് അംഗമായ ക്യാപ്റ്റന്‍ ആനന്ദ് മോഹന്‍രാജിനെയാണ്. തിരുവനന്തപുരത്തു പലതവണയായെത്തിയ കിറ്റുകള്‍ നേരിട്ട് മുഖ്യമന്ത്രിയെ ഏല്‍പ്പിച്ച് മാധ്യമങ്ങളോടു രണ്ടുവാക്ക് സംസാരിക്കാനൊന്നും തരൂര്‍ മെനക്കെട്ടിട്ടില്ല. കിറ്റുകള്‍ മുഖ്യമന്ത്രിയെ ഏല്‍പ്പിച്ചത് തിരുവനന്തപുരം ജില്ലാ കളക്ടറാണ്. അടുത്ത ഘട്ടത്തില്‍ പി.പി.ഇ കിറ്റുകളായിരുന്നു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എം.പി ഫണ്ട് റദ്ദാക്കിയതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയില്‍ നിന്നും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയില്‍ നിന്നും അനുമതി വാങ്ങിയാണ് തരൂര്‍ ഇതു ചെയ്തത്. തിരുവനന്തപുരത്തെത്തിയത് 9,000 പി.പി.ഇ കിറ്റുകളാണ്.
ഇതിനിടെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിക്ക് ടെസ്റ്റിങ് കിറ്റുകള്‍ വികസിപ്പിക്കാനായി തരൂര്‍ നല്‍കിയത് ഒരു കോടി രൂപയാണ്. ഒരൊറ്റ മെഷീനില്‍ സിംഗിള്‍ ബാച്ചായി 30 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് അവര്‍ ആ പണമുപയോഗിച്ച് വികസിപ്പിച്ചത്. വരുംദിവസങ്ങളില്‍ ഐ.സി.എം.ആറിന്റെ അംഗീകാരവും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്‍ഗനൈസേഷന്റെ ലൈസന്‍സും അവര്‍ക്കു കിട്ടിയാല്‍ അന്നും മറക്കാനെളുപ്പം തരൂരിന്റെ പേരാവും.
ഏറ്റവുമൊടുവിലായി മേയ് ആദ്യയാഴ്ച കേരളത്തിലെത്തിയത് തെര്‍മല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ ഇമേജിങ് ഫേസ് ഡിറ്റക്ഷന്‍ ക്യാമറയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ക്യാമറ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഇതു ലഭ്യമല്ലാത്തതിനാല്‍ ജര്‍മനിയിലെ കൊളോണില്‍ നിന്നാണ് ഇതു വാങ്ങിയത്. അതിനായി എം.പി ഫണ്ട് ഉപയോഗിച്ചു എന്നു പറയുന്നതിനേക്കാള്‍ തനിക്കുള്ള ആഗോള സൗഹൃദങ്ങള്‍ ഉപയോഗിച്ചാണ് അത് തരൂര്‍ ഇവിടെയെത്തിച്ചത്. ആദ്യം ആംസ്റ്റര്‍ഡാമില്‍ നിന്ന് ജര്‍മനിയിലെ ബോണിലേക്ക്. അവിടെനിന്ന് ഡി.എച്ച്.എല്‍ കാര്‍ഗോ സര്‍വീസിന്റെ പല വിമാനങ്ങള്‍ ഉപയോഗിച്ച് പാരീസ്, ലെപ്സിഗ്, ബ്രസ്സല്‍സ്, ബഹ്റൈന്‍, ദുബായ് വഴി ബെംഗളൂരുവിലേക്ക്. അവിടെനിന്ന് റോഡുമാര്‍ഗം തിരുവനന്തപുരത്തേക്ക്. കസ്റ്റംസ് നികുതിയും യാത്രാച്ചെലവും കൂടി ഒരു ക്യാമറയ്ക്കായി ഉപയോഗിച്ചത് 7.45 ലക്ഷം രൂപ. ഈ ക്യാമറ ഉപയോഗിച്ചാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ജാര്‍ഖണ്ഡിലേക്കു പോയ അതിഥിത്തൊഴിലാളികളെ പരിശോധിച്ചത്. സാമൂഹിക അകലം പാലിച്ചുവരുന്ന എത്ര വലിയ ജനക്കൂട്ടത്തിന്റെയും താപനില പരിശോധിക്കാന്‍ ഇതിനാകും. എം.പി ഫണ്ട് തീര്‍ന്നുപോയതിനാല്‍ കൂടുതല്‍ ക്യാമറകള്‍ വാങ്ങാന്‍ കോര്‍പ്പറേറ്റ് ടീമുകളെ സമീപിക്കാനും തരൂര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇത് എം.പി ഫണ്ടും ബന്ധങ്ങളും ഉപയോഗിച്ച് തരൂര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍. ഇതല്ലാതെ വേറെയുമുണ്ട്. നാട്ടിലേക്കു പോകാന്‍ ട്രെയിനില്ലാതെ വന്ന സാഹചര്യത്തില്‍ പ്രതിഷേധവുമായെത്തിയ അതിഥിത്തൊഴിലാളികളെ സമാധാനിപ്പിക്കാന്‍ ബംഗാളിയില്‍ അഭ്യര്‍ഥിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു, ആഴ്ചകള്‍ക്കു മുന്‍പ്.അതുപോലെ മേയ് 19 മുതല്‍ വീണ്ടുമാരംഭിക്കുന്ന ഇവാക്വേഷന് പ്രക്രിയയില്‍ ഒരു വിമാനം പോലും ആദ്യഘട്ടത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഏര്‍പ്പെടുത്തിയിരുന്നില്ല. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്കും എയര്‍ ഇന്ത്യക്കും തരൂര്‍ കത്തയച്ച് കൂടുതല്‍ വിമാനങ്ങള്‍ തലസ്ഥാനത്തു നിന്ന് ആവശ്യപ്പെട്ടു. അതു പരിഗണിച്ചാണെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ പുതിയ ലിസ്റ്റ് ഇന്ന് എയര്‍ ഇന്ത്യ പുറത്തുവിട്ടപ്പോള്‍ കാണാന്‍ കഴിഞ്ഞത് തിരുവനന്തപുരത്തേക്ക് അബുദാബി, മസ്കറ്റ്, ദുബായ്, കുവൈറ്റ്, ബഹ്റിന് എന്നിവിടങ്ങളില്‍ നിന്നായി ഏഴു വിമാനങ്ങളിലായി പ്രവാസികളെ എത്തിക്കും എന്നാണ്.
ശൈലജ ടീച്ചറെ പ്രശംസിച്ചുകൊണ്ടുള്ള കുറിപ്പ് മാത്രമല്ല. ഒരു പകര്‍ച്ചവ്യാധിയെ ഒരു ജനാധിപത്യത്തില്‍ എങ്ങനെയാണു നേരിടുക എന്നത് കേരളത്തില്‍ നിന്നു പഠിക്കണമെന്ന് മോദിയെ ടാഗ് ചെയ്തൊരു ട്വീറ്റില്‍ മുന്‍പ് തരൂര്‍ പറഞ്ഞിരുന്നു. കേരളത്തിന്റെ ആരോഗ്യ സംവിധാനം കൈയടികള്‍ വാങ്ങുന്നതില്‍ തരൂരിനെപ്പോലെയുള്ള മനുഷ്യന്മാര്ക്കും പങ്കുണ്ട്. ബി.ജെ.പിയിലേക്കു പോകുമെന്നു രാഷ്ട്രീയ എതിരാളികള്‍ നിരന്തരം പ്രചരിപ്പിച്ച അതേ മനുഷ്യന് തന്നെയാണിത്. ശൈലജ ടീച്ചര്‍ക്കു കൈയടികള്‍ നല്കുമ്പോള് മാത്രം ഓര്‍മിക്കപ്പെടേണ്ട പേരല്ല ശശി തരൂര്‍ എന്നത്. രണ്ടുവര്‍ഷത്തേക്കുള്ള എം.പി ഫണ്ട് കേന്ദ്രം നിര്‍ത്തലാക്കിയില്ലായിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്നാലോചിക്കുകയാണു ഞാനിപ്പോള്‍.
121 total views, 2 views today
