ചവിട്ടിയത് സൈക്കിളെങ്കിലും ചവിട്ടു കൊണ്ടത് ചിലർക്കാണ്

  122

  വോട്ട് ചെയ്യാൻ സൈക്കിളിൽ പോയി പെട്രോൾ ഡീസൽ വില വർധനവിനെതിരെ പ്രതിഷേധിക്കുന്ന വിജയ്. ഇങ്ങനെ ഡയറക്റ്റ് പണി കൊടുക്കാൻ ധൈര്യമുള്ള ഒരേ ഒരു നടൻ വിജയ് മാത്രം. വോട്ടിങ് ദിവസം പെട്രോൾ ഡീസൽ വില വർധനവ് കേവലം ഒരു സൈക്കിൾ യാത്ര കൊണ്ട് ചർച്ചയാക്കിയ വിജയ് ആണ് സൂപ്പർ സ്റ്റാർ.

  Written by : Hari Narayanan

  സൗത്ത് ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ ഇളയദളപതി വിജയയോളം സ്റ്റാർഡം ഉള്ള ഒരു താരമില്ല. അതേ വിജയ് തന്നെയാണ് തമിഴകത്തിലെ ഏറ്റവും എളിമ ഉള്ള സെലിബ്രിറ്റികളിൽ ഒരാളും. പോളിംഗ് ബൂത്തിലേക്ക് സൈക്കിൾ ചവിട്ടി തന്റെ സമ്മതിദാനം രേഖപ്പെടുത്താൻ പോകുന്ന വിജയാണ് ഇന്നത്തെ താരം. ഉയർന്നു നിൽക്കുന്ന പെട്രോൾ ഡീസൽ വിലയിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ടാണ് വിജയ് നഗരമധ്യത്തിലേക്ക് സൈക്കിളിൽ ഇറങ്ങിയത്.

  തന്നെ പോലെ ഒരാൾ ഇത്തരത്തിലുള്ള പ്രതിഷേധം നടത്തിയാൽ എന്തായാലും ആരും അറിയാതെ പോവില്ല എന്നദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ഇതിലും മികച്ച ഒറ്റയാൾ പ്രതിഷേധം ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. തന്നെ പൊതു നിരത്തിൽ കണ്ടാൽ ഉണ്ടാവേണ്ട ജനകൂട്ടവും മറ്റും എങ്ങനെ വ്യഖ്യാനിക്കപ്പെട്ടലും അത് ഗുണമേ ഉണ്ടാവുകയുള്ളൂ എന്നദ്ദേഹത്തിനറിയാം. ഈ ഇലക്ഷൻ ദിവസം തന്നെ ഇത്തരത്തിലുള്ള ഒരു പ്രകടനത്തിനായി തിരഞ്ഞെടുത്ത വിജയുടെ രാഷ്ട്രീയം ഇതിൽ നിന്നും വ്യക്തമാണ്.

  വിജയ് എന്ന മനുഷ്യനെ ദൈവത്തെ പോലെ കാണുന്ന ആരാധകർ ഇന്ന് അദ്ദേഹത്തിനുണ്ട്. ഒരു പക്ഷെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഡൈ ഹാർട്ട് ആരാധകരും ഇദ്ദേഹത്തിന് തന്നെയാവും. നാടിന് ഗുണമായി എങ്ങനെ ഈ സ്റ്റാർഡം ഉപയോഗപ്പെടുത്താം എന്ന ചിന്തയിലായിരിക്കാം ഇത്തരമൊരാശയം ഉടലെടുത്തത്.അക്ഷരം തെറ്റാതെ മാസ്സ് എന്ന് വിളിക്കേണ്ടി വരും.ഈ മെസേജ് കൊടുക്കാൻ ഇതിനേക്കാൾ പറ്റിയ ദിവസം വേറെ ഇല്ല.ഇതൊക്കെ അയാൾക്ക് സ്റ്റാർഡം ഉണ്ടാക്കാൻ വേണ്ടി ആണെന്ന് വിശ്വസിക്കുന്ന നിഷ്കളങ്കർ നിശബ്ദത പാലിക്കു..ഇയാളെക്കാൾ വലിയ സ്റ്റാർ ഇന്ന് തമിഴ് സിനിമയിൽ ഇല്ലെന്ന് എല്ലാവർക്കും അറിയാം..!അദ്ദേഹത്തിന്റെ രാഷ്ട്രീയം വ്യക്തമാണ്…! മൂല്യമുള്ളതാണ്…! അതിലുപരി ജനത്തിന് ഗുണമുള്ളതാണ്…! നന്ദി വിജയ്, വന്ന വഴി മറക്കാത്തതിന്. ജയ് വിളിക്കുന്ന ആരാധകരെ എപ്പോഴും ഓർക്കുന്നതിന്.

  **

  Aswin Raj ന്റെ കുറിപ്പ് 

  വിജയ് എന്ത് ചെയ്താലും രാഷ്ട്രീയ ലക്ഷ്യം എന്ന് ചിലര്‍ പറയുന്നുണ്ട്. അരാഷ്ട്രീയവാദി ആയി ഇരിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. തന്റെ രാഷ്ട്രീയം മനുഷ്യ പക്ഷത്താണെന്ന് വിജയ് പലപ്പോഴും തുറന്ന് കാണിച്ചതാണ്. പലപ്പോഴും പലരും മടിച്ച് നിന്നപ്പോള്‍ ഉറക്കെ പലതും തുറന്ന് പറഞ്ഞിട്ടുള്ളയാളാണ് വിജയ്. കാരവാന്‍ സുഖത്തില്‍ മിണ്ടാതെയിരിക്കാമായിരുന്നു വിജയ്ക്ക്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയ്ക്ക് കേന്ദ്ര സര്‍ക്കാരിനെതിരെ നേരിട്ട് പ്രതിഷേധവും വിമര്‍ശനവും തുറന്നുപറയാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് അയാള്‍. നോട്ട് നിരോധനം നല്ലതാണെന്ന് പലരും പറഞ്ഞപ്പോഴും എന്ത് വലിയ തീരുമാനമാണെങ്കിലും 80 ശതമാനം ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു തീരുമാനം തെറ്റാണെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട് അയാള്‍.

  ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടികര്‍ സംഘം പ്രശ്‌നത്തില്‍ ഇടപെടുന്നതിന് മുന്‍പ് തന്നെ ചെന്നൈ മറീന ബീച്ചില്‍ ആള്‍കൂട്ടത്തിനിടയില്‍ മുഖം മറച്ച് അവരില്‍ ഒരാളായി നിന്നിട്ടുണ്ട് അയാള്‍. തന്റെ സിനിമയായ മെര്‍സലില്‍ ബി.ജെ.പി സര്‍ക്കാരുകളെ വിമര്‍ശിച്ചു എന്നതിന്റെ പേരില്‍ സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് താരത്തിനും സിനിമക്കും നേരിടേണ്ടി വന്നത്. വിജയ് ക്രിസ്ത്യാനിയാണെന്നും അതുകൊണ്ടാണ് അമ്പലങ്ങള്‍ക്ക് പകരം ആശുപത്രി വേണം എന്നുള്ള ഡയലോഗ് സിനിമയില്‍ പറഞ്ഞതെന്നുമായിരുന്നു സംഘപരിവാറിന്റെ വിമര്‍ശനം. വിജയുടെ മുഴുവന്‍ പേര് ജോസഫ് വിജയ് ആണെന്നതായിരുന്നു ഇതിന് അവര്‍ കണ്ടെത്തിയ ന്യായം.

  എന്നാല്‍ ഈ പ്രചരണത്തെ വിജയി പ്രതിരോധിച്ചത് ജോസഫ് വിജയ് എന്ന തന്റെ പേരില്‍ നിന്ന് കൊണ്ട് തന്നെയായിരുന്നു. ജീസസ് രക്ഷിക്കട്ടെ എന്ന് ലെറ്റര്‍ പാഡില്‍ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്ന തന്റെ മുഴുവന്‍ പേര് വിജയി എഴുതി അതിലെന്താണ് തെറ്റെന്ന് ചോദിച്ചു.തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് ഗ്രൂപ്പിനെതിരായി നടന്ന ജനങ്ങളുടെ സമരത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ട ആളുകളുടെ വീട്ടില്‍ അദ്ദേഹമെത്തി. രജനികാന്ത് അടക്കമുള്ളവര്‍ സമരം ചെയ്തവര്‍ക്ക് എതിരെ നിന്നപ്പോള്‍ അവര്‍ക്ക് പിന്തുണ വിജയ് നല്‍കിയിട്ടുണ്ട്. ഒരു മാധ്യമങ്ങളെയും അറിയിക്കാതെ. വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാല്‍ വളരെ രഹസ്യമായിട്ടായിരുന്നു വിജയ് ഈ കുടുംബങ്ങളെ കാണാനെത്തിയത്.

  ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിജയുടെ സന്ദര്‍ശനത്തെപ്പറ്റി മാധ്യമങ്ങള്‍ അറിഞ്ഞത്.ആദായ നികുതി റെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്തിയിട്ടും അയാള്‍ ധൈര്യത്തോടെ നിലവിലെ തമിഴ്‌നാട്ടിലെ ഭരണമുന്നണിക്കെതിരെ ഇത്തരത്തില്‍ എങ്കിലും പ്രതിഷേധിക്കുന്നത് വലിയ പ്രതീക്ഷയാണ്. അയാള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടെങ്കില്‍ ആ രാഷ്ട്രീയം ശരിയോ തെറ്റൊ എന്നാണ് പരിശോധിക്കേണ്ടത്. അല്ലാതെ മൂന്നാംകിട ഫാന്‍ ഫൈറ്റ് അല്ല.

  **

  Nishan Krish ന്റെ കുറിപ്പ്

  നെറികേടും വർഗീയതയും മാത്രം കൈമുതലായുള്ള സംഘപരിവാർ രാഷ്ട്രീയത്തിന്റെ നെഞ്ചിലൂടെയാണ് ജോസഫ് വിജയ് എന്ന തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ ആ സൈക്കിൾ ചവിട്ടി ഇറക്കിയത്. ഇ ഡി, എൻ ഐ എ, കസ്റ്റംസ് തുടങ്ങി കേന്ദ്ര സർക്കാർ ഉമ്മാക്കികൾ പിന്നാലെ വരുമെന്ന് ഉറപ്പുണ്ടായിട്ടും വിജയ് തന്റെ രാഷ്ട്രീയ നിലപാട് പ്രത്യക്ഷമായി തന്നെ വിളിച്ചു പറഞ്ഞതിനോട് ഐക്യപ്പെടാതിരിക്കാൻ ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികൾക്ക് ആവില്ല. മനുഷ്യത്വത്തിന്റെ പക്ഷം നിൽക്കാത്ത സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങൾ പ്രതീക്ഷയുണ്ടാക്കുന്നതാണ്. സിനിമയിൽ എന്തിന് രാഷ്ട്രീയം പറയുന്നു എന്ന ചോദ്യമുയർത്തുന്ന നിഷ്പക്ഷ വർഗീയ വാദികളുടെ മുഖമടച്ചുള്ള മറുപടിയാണ് വിജയിയെ പോലൊരു സൂപ്പർ സ്റ്റാറിന്റെ പക്ഷത്ത്‌ നിന്നുള്ള രാഷ്ട്രീയ സ്റ്റേറ്റ്മെന്റ്.

  ഒരു മാസ്സ് മസാല ചിത്രത്തിലെ നായകനപ്പുറത്തേക്ക് വിജയ് എന്ന നടൻ ഇത്രത്തോളം ഓപ്പൺ ആയ ഒരു രാഷ്ട്രീയ നിലപാട് എടുത്തത് അഭിനന്ദനാർഹമായ കാര്യമാണ്. വിജയിയെ പോലൊരാളുടെ സംഘപരിവാറിന് എതിരായ സ്റ്റേറ്റ്മെന്റ് സോഷ്യൽ മീഡിയ പ്രിവിലേജില്ലാത്ത ഗ്രൗണ്ട് ലെവൽ മനുഷ്യരോട് ആണ് കമ്മ്യൂണിക്കേറ്റ് ആവുന്നത്. സംഘപരിവാർ സ്ഥാനാർഥിക്ക് വോട്ട് അഭ്യർത്ഥിക്കുന്ന മലയാളം സൂപ്പർ സ്റ്റാറും സിനിമ ഡയലോഗ് പറയുന്ന പോലെ വെറിയോടെ വർഗീയത വിളിച്ചു കൂവുന്ന സംഘപരിവാർ സ്ഥാനാർഥിയായ മലയാളം സൂപ്പർ സ്റ്റാറും ഒക്കെ മാതൃകയാക്കേണ്ട നിലപാട് ആണ് വിജയിയുടേത്. ഇന്ന് ഇലക്ഷനാണ്, നമ്മളോർമിക്കേണ്ട ഒരു കാര്യമുണ്ട്, സംഘപരിവാറിനെതിരെ, സംഘപരിവാറിന്റെ വർഗീയ നിലപാടുകൾക്ക് എതിരെ നമ്മളെടുക്കുന്ന ഓരോ തീരുമാനവും ഈ നാടിന്റെ ജനാധിപത്യ വ്യവസ്ഥിതിയുടെ സംരക്ഷണത്തിന് ഒരു മുതൽക്കൂട്ട് ആണ്. ദൈവങ്ങൾക്ക് വേണ്ടി വോട്ട് ചോദിക്കുന്ന വർഗീയ ശക്തികളെ അകറ്റി നിർത്തി നാടിന്റെ നന്മക്കും വർഗീയതയോടുള്ള ചെറുത്ത്‌ നിൽപ്പിനും വേണ്ടി നന്മയുടെ പക്ഷത്തിനെ തിരഞ്ഞെടുക്കാം. ഹാപ്പി വോടിംഗ്.