ഹിന്ദുത്വത്തിനു ഓശാനപാടുന്ന ന്യായാധിപന്മാർ ആണ് ചൈനയേക്കാൾ വലിയ വെല്ലുവിളി, അവർ പഴയ രാജാക്കന്മക്കു അധികാരം അനുവദിച്ചു ജനാധിപത്യത്തെ കശാപ്പ് ചെയ്യും

55

Hari Narayanan

പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ അധികാരം രാജകുടുംബത്തിന് എന്ന വാർത്ത പരക്കെ പ്രചരിക്കുന്നുണ്ട്. അത് തീർത്തും തെറ്റായ വാർത്ത മാത്രമാണ്. ശെരിയായ വാർത്ത ഇതാണ്,ക്ഷേത്രത്തിന്റെയും സ്വത്തുവകകളുടെയും അവകാശം രാജകുടുംബത്തിലെ അംഗങ്ങളും, സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അഞ്ച് പേരടങ്ങുന്ന ഒരു സംഘവും ചേർന്നുള്ള പ്രത്യേക സമിതിയായിരിക്കും ഇനിയങ്ങോട്ട് ഭരിക്കുക. ഇതിൽ സുപ്രീംകോടതിയും കേന്ദ്രവും ചേർന്നുള്ള ഒരു കള്ളക്കളി പ്രത്യക്ഷമായോ അല്ലെങ്കിൽ ചിലർക്കെങ്കിലും പരോക്ഷമായോ കാണാൻ കഴിയും.

കേരളത്തിൽ ഏറ്റവും കൂടുതൽ ഹിന്ദുമത വിശ്വാസികൾ വസിക്കുന്ന സ്ഥലമാണ് പണ്ടത്തെ അനന്തപുരിയും, തിരുവിതാംകൂറുമൊക്കെയായ ഇന്നത്തെ തിരുവനന്തപുരം. വർഷങ്ങൾ നീണ്ട നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് സുപ്രീംകോടതി കേസിന്റെ പ്രഥമ ഘട്ടത്തിലെ വിധി പുറത്തിറക്കുന്നത്. സർക്കാർ ഉന്നയിച്ചത്, ക്ഷേത്രാധികാരം പൂർണമായും സർക്കാരിന് എന്നപോലെ രാജകുടുംബവും വാദിച്ചു ഇങ്ങനെ തന്നെ.ശ്രീ ചിത്തിര തിരുനാളിന്റെ അന്ത്യത്തോടെയും , സർക്കാർ എന്നൊരു ജനാധിപത്യ സംവിധാനത്തിന്റെ ഉദയത്തോടെയും ക്ഷേത്രം അന്യമായി. പുറമെ രാജഭരണം അവസാനിച്ചപ്പോൾ രാജകുടുംബങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും വൃണപ്പെട്ടു തുടങ്ങി.

എങ്ങനെയാണ് കണക്കില്ലാത്ത അത്രയും സ്വത്തുവകകൾ ക്ഷേത്രത്തിൽ കുമിഞ്ഞു കൂടിയത്…? ജനങ്ങളുടെ കയ്യിൽ നിന്ന് നികുതി പിരിച്ചെടുത്ത സ്വത്തുവകകളാണ് ഏറെയും, പാടത്തും പറമ്പിലും മുണ്ട് മുറുക്കി പണിയെടുത്ത “കണ്ടന്റെയും കോരന്റെയും” വരെ വിയർപ്പുണ്ട് ഇന്ന് തമ്മിലടിക്കുന്ന ആ സ്വത്തിനു മേൽ. മാത്രമല്ല വിദേശ ആക്രമണത്തിൽ നിന്നും രക്ഷപെടാനും, തങ്ങളുടെ ഓരോ നാട്ടുരാജ്യത്തിന്റെയും സ്വത്തുക്കൾ സംരക്ഷിക്കാനും അന്നത്തെ രാജാക്കന്മാർ ഒരു ഖജനാവ് എന്ന നിലയിലായിരുന്നു ക്ഷേത്രത്തെ കണ്ടിരുന്നത്. ക്ഷേത്രത്തിന് പ്രകൃതിയുമായും ബന്ധമുണ്ടാക്കാൻ പിന്നീട് ഒരു മിത്തും സൃഷ്ടിച്ചു, നിലവറകൾ തുറന്നാൽ കേരളം കടലെടുക്കുമെന്നും ശംഖുമുഖം കരയിലേക്ക് കയറുമെന്നും വിശ്വാസങ്ങൾ രൂപപ്പെടുത്തിയെടുത്തു. നമ്മുടെ കേരളത്തിലെ തന്നെ സാമ്പത്തിക സ്ഥിതി ഇടിഞ്ഞാൽ അത് തിരിച്ചു പിടിക്കാൻ വേണ്ടി ഒരു തമാശരൂപേണ നമ്മൾ പറഞ്ഞു ചിരിക്കുന്ന ഒരു കാര്യമുണ്ട്.
” പത്മനാഭന്റെ ഒരു കിണ്ടി എടുക്കട്ടേ..?”

പക്ഷെ, അത് കേവലം ഒരു ചിരിയിൽ ഒതുക്കേണ്ട ഒന്നല്ല. കാരണം അവിടുള്ള സ്വർണത്തിനെക്കാൾ മൂല്യം അതിന്റെ പഴക്കത്തിനാണ്. സുപ്രീംകോടതിക്ക് മേൽ കേന്ദ്രം ചുമത്തുന്ന സമ്മർദ്ദം വ്യക്തമാണ്. 5 അംഗങ്ങൾ അടങ്ങിയ സമിതിയെ സർക്കാരിന് നാമനിർദ്ദേശം ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഒരു കാര്യം ചൂഴ്ന്നു കാണാം, ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കാമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി എന്നും ക്ഷേത്രത്തിൽ തങ്ങൾക്ക് അധികാരമുണ്ടെന്ന തിരുവിതാംകൂർ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി പൂർണമായും അംഗീകരിക്കുകയുമായിരുന്നു.

രാജകുടുംബത്തിന് മേൽ എന്ത് കൊണ്ട് കൃത്യമായി ഒരു കണക്ക് രൂപപ്പെടുത്തിയില്ല. മാത്രമല്ല ഇനി വരുന്ന തലമുറക്കും ഈ നിയമത്തിൽ തുടർന്ന് പോകാം.സംസ്ഥാന സർക്കാരിനാണ് ക്ഷേത്രത്തിൽ അധികാരമെന്ന കേരള ഹൈക്കോടതിയുടെ വിധി നേരത്തെ തന്നെ സുപ്രീംകോടതി തള്ളിയിരുന്നു. കേരളത്തെ ഹിന്ദുമതത്തിൽ തളച്ചിടാനും രാജകുടുംബങ്ങൾക്ക് പോയ്‌മറഞ്ഞ അധികാരങ്ങൾ പരോക്ഷമായെങ്കിലും ഇന്നും നിലനിൽക്കുന്നു എന്നൊരു വിളിച്ചറിയിപ്പ് കൂടിയാണ് ഈ പ്രഥമ വിധി. പോറ്റിയും നമ്പൂതിരിയും അടക്കിവാണ തിരുവിതാംകൂറാണ് നമുക്ക് ഉണ്ടായിരുന്നത്. ഇന്ന് അത് ജനാധിപത്യത്തിന് വഴിമാറിയെന്ന് നാം അഭിമാനത്തോടെ പറയുന്നുണ്ടെങ്കിലും ഈ തീരുമാനത്തിൽ എവിടെയാണ് കോടതീ… “ജനാധിപത്യം”.

കോടതി വിധിയിൽ കേന്ദ്രത്തിന്റെ ഇടപെടൽ ഇല്ലെന്ന് വാദിക്കുന്ന “കുബുദ്ധി കൂട്ടങ്ങൾ” ഓർത്തോളൂ അടുത്ത നിങ്ങളുടെ ലക്ഷ്യം ശബരിമല ആണെന്ന് സങ്കി അല്ലാത്ത ഓരോ മലയാളിക്കും മനസ്സിലാവും. പന്തളം കൊട്ടാരത്തിന് ശബരിമലക്ക്മേൽ അധികാരം സ്ഥാപിച്ചെടുക്കാൻ ആ രാജകുടുംബവും മുന്നിട്ടിറങ്ങും…! അന്നും ഈ കേന്ദ്രം തന്നെയാണ് ഭരിക്കുന്നതെങ്കിൽ നിങ്ങൾ തന്നെ വിജയിക്കും. താഴ്ന്ന ജാതിയെന്ന് മുദ്രകുത്തപ്പെട്ട വിഭാഗങ്ങൾ ഇന്നും കാവിയെ പിന്തുണക്കുന്നുണ്ടെങ്കിൽ ഒന്നോർത്തോളൂ നിങ്ങൾ “കണ്ടനും കോരനു”മൊക്കെ ആകുന്ന കാലം വിദൂരമല്ല.