ഭാരതീയ ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ആയുധം നരേന്ദ്രമോദിയോ, അമിത് ഷായോ വികസനമോ മാനവനീതിയോ ഒന്നുമല്ല, ഭക്തിയും മതവർഗ്ഗീയതയും മാത്രം

137

Hari Narayanan എഴുതുന്നു 

അയോദ്ധ്യയിൽ ശ്രീ രാമക്ഷേത്രം.കുറച്ച് പേർ ഇവിടെ ഒരു മൂലക്കിരുന്ന് എത്ര പന്തംകൊളുത്തി പ്രതിഷേധങ്ങൾ നടത്തിയാലും കേന്ദ്രം കുലുങ്ങില്ല എന്ന് ഇതോടെ മനസ്സിലായിക്കാണുമല്ലോ. ഹൈന്ദവ രാജ്യം, അതേ ആ ലക്ഷ്യത്തിലേക്ക് അവർ ഒരു പടികൂടി അടുത്തു. അതിന്റെ തറക്കല്ലിടൽ രാജ്യം ആഘോഷിക്കാൻ പോകുന്നു. അയോദ്ധ്യയിൽ മൂന്നുനിലകള്‍, 280 അടി വീതി, 300 അടി നീളം , 161 അടി ഉയരം , ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ക്ഷേത്രത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിൽ ശിലാസ്ഥാപനം നടത്തുക .2.77 ഏക്കറടക്കം 67 ഏക്കറിലായിരിക്കും രാമക്ഷേത്രം യാഥാര്‍ത്ഥ്യമാകുക. 2023 പകുതിയോടെ ക്ഷേത്രം പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് നിര്‍മ്മാണ ചുമതലയുള്ള ലാര്‍സണ്‍ ആന്‍റ് ട്യൂബ്രോ കമ്പനിക്ക് നല്‍കിയിരിക്കുന്നത്.
നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പത്ത് വർഷമാണ് വേണ്ടി വരുക . ആദ്യഘട്ട നിർമ്മാണം മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും . ക്ഷേത്രത്തിന് വേണ്ട ഭീമൻ തൂണുകളടക്കം നേരത്തെ നിര്‍മ്മിച്ചിരുന്നു. പുതിയ ക്ഷേത്ര നിര്‍മാണത്തിനായി ക്ഷേത്രഭൂമിയില്‍ ഇപ്പോഴുള്ള ഒമ്പത് ക്ഷേത്രങ്ങള്‍ രാമക്ഷേത്രത്തിനായി പൊളിച്ചുമാറ്റും. ഇവിടത്തെ വിഗ്രഹങ്ങള്‍ ആചാരവിധി പ്രകാരം പുതിയ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കും.പന്ത്രണ്ടാം നൂറ്റാണ്ടിൽ നിർമ്മിച്ച കംബോഡിയ യിലെ അങ്കോർവാട്ട് ക്ഷേത്രമാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രം 401 ഏക്കറിലാണിത് . മഹാവിഷ്ണുവിനായി പണി കഴിപ്പിച്ചതാണ് ഈ ക്ഷേത്രം . പിന്നീട് ഇത് ബുദ്ധൻ ആരാധനാലയമാക്കി മാറ്റി. യുനെസ്കോ യുടെ ലോക പൈതൃകപട്ടികയിലും ഇതുൾപ്പെടുന്നു .155 ഏക്കറിലെ തമിഴ്‌നാട് തിരുച്ചിറപ്പള്ളി ശ്രീരംഗനാഥൻ ക്ഷേത്രമാണ് രണ്ടാമത്തെ വലിയ ക്ഷേത്രം. നിര്‍മാണം പൂര്‍ത്തിയായാല്‍ അയോധ്യക്ഷേത്രം ഈ പട്ടികയില്‍ മൂന്നാമതാകും .

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മുന്‍പത്തെ രൂപകൽപന 1988 ലാണ് തയാറാക്കിയത്. പുതുക്കിയ രൂപകൽപന പ്രകാരം, ക്ഷേത്രത്തിന്റെ ഉയരം 141 അടിയിൽ നിന്ന് 161 അടിയായി ഉയർത്തി. രണ്ടു താഴിക കുടങ്ങളോടെ 140 അടി വീതിയും 268 അടി നീളവും 161 അടി ഉയരവുമുള്ള രണ്ടുനില ക്ഷേത്രമാണ് നേരത്തേ വിഭാവനം ചെയ്തിരുന്നത്. 1983-ല്‍ വിഎച്ച്പി നേതാവ് അശോക് സിംഗാൾ ആവശ്യപ്പെട്ടതനുസരിച്ചാണ് ചന്ദ്രകാന്ത് സോംപുര രാമക്ഷേത്രത്തിന് രൂപരേഖ തയ്യാറാക്കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ പുണ്യഭൂമിയിൽ ഭൂമി പൂജ നടത്തുന്നതിനൊപ്പം രാജ്യത്തെയും ലോകത്തെയും രോഗങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രീരാമാർച്ചനയും പ്രധാനമന്ത്രി നടത്തും. ഈ പ്രത്യേക പൂജയ്ക്കായി കാശി വിധാഠ് പരിഷത്തിലെ മൂന്ന് ആചാര്യന്മാർ തിങ്കളാഴ്ച അയോദ്ധ്യയിലെത്തി.ലോകത്തെ 36 പ്രമുഖ പരമ്പരകളിലെ 135 സന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിലാണ് നടക്കുന്ന ചടങ്ങുകള്‍. ദീപാവലി ആഘോഷ പ്രതീതിയിലാണ് സരയൂ തീരം. അയോദ്ധ്യയിലെത്തി ഭൂമിപൂജയിൽ പങ്കെടുക്കുന്ന ഓരോ അതിഥികൾക്കും വെള്ളി നാണയങ്ങളാണ് സമ്മാനമായി നൽകുക .

പൊതുവെ സംഘ മിത്രങ്ങളുടെ പോസ്റ്റുകൾക്ക് റിയാക്റ്റ് ചെയ്യാനോ, കമന്റുകളിൽ കൂടി പ്രതികരിക്കാനോ , ജനം ടിവി പോലുള്ളവ കാണാനോ ശ്രമിക്കാത്ത ഒരാളാണ് ഞാൻ. എന്തായാലും കാര്യങ്ങൾ ഇത്രത്തോളമായി , നാട്ടിലെയും പിന്നെ ചുറ്റുമുള്ളതും, കേരളത്തിന്റെ മുഴുവനായുള്ള സംഘ മിത്രങ്ങളുടെയും ഫേസ്ബുക് ഗ്രൂപ്പുകളും പേജുകളും പ്രൊഫൈലുകളും കയറി ഇറങ്ങി അരിച്ചു പെറുക്കി നോക്കി. കൂട്ടത്തിൽ കുമ്മനം, സുരേന്ദ്രൻ പോലുള്ള രാഷ്ട്രീയ നേതാക്കളുടെയും. അതിലൂടെ മനസ്സിലാക്കിയ അറിവ് മാത്രം വച്ചാണ് ഇത്രയും കാര്യങ്ങൾ എഴുതിയത്.

ഇനി എനിക്ക് അത്രയേറെ വിഷമകരമായ കാര്യം തോന്നിയത് എന്തെന്ന് വച്ചാൽ സമൂഹത്തിൽ ഏറ്റവും താഴെക്കിടയിൽ എന്ന് മുദ്രകുത്തപ്പെട്ടവരെ പോലും ഇവർക്ക് ബ്രെയിൻ വാഷ് ചെയ്യാനായി എന്നതാണ്. ഈ ഗ്രൂപ്പുകളിൽ ഏറിയ പങ്കും(ഏകദേശം 80 ശതമാനത്തോളം) പേരിന് കൂടെ വാലായി ജാതി വച്ചുള്ള പ്രൊഫൈലുകളാണ്. നമ്പൂതിരി, അയ്യർ, കൈമൾ , ശർമ്മ , നായർ , ഉണ്ണിത്താൻ , പിള്ള , മേനോൻ , വർമ്മ , കുറുപ്പ് , ആചാരി , നമ്പ്യാർ , നമ്പീശൻ , പിഷാരടി , പൊതുവാൾ , വാര്യർ , കിണി …. അങ്ങനെ പോകുന്നു ആ നിര. ഒന്ന് രണ്ട് “മത്തായി”മാരെയും “മുഹമ്മദ്”മാരെയും അവിടിവിടങ്ങളിൽ കാണാനായെങ്കിലും ഒക്കെയും വ്യാജ പ്രൊഫൈലുകളായിരുന്നു. അപ്പോഴാണ് ജയ് ശ്രീ റാം എന്ന ഹാഷ് ടാഗ് ട്രെൻഡിങ് ആക്കാൻ ഒരു മിത്രം ഒരു പോസ്റ്റിന്റെ താഴെ തുടരെ തുടരെ കമെന്റ് ഇട്ട്‌ വച്ച് പിൻവാങ്ങിയെക്കുന്നത് കാണാനായത്. പേര് നോക്കിയപ്പോൾ ജാതി പേരോ കുലത്തിന്റെ പേരോ വാലായി ഇല്ല. ആ പ്രൊഫൈലും അരിച്ചു പെറുക്കിയപ്പോൾ സംഭവം അങ്ങനെ ഒരാളുണ്ട് (അക്കൗണ്ട് മെൻഷൻ ചെയ്യുന്നില്ല) . അദ്ദേഹം ഒരു താഴ്ന്ന ജാതിക്കാരനും. പ്രൊഫൈൽ മുഴുവൻ കാവി മയം. എല്ലാം ഷെയർ ചെയ്ത പോസ്റ്റുകൾ. വേണ്ട വണ്ണം എഴുത്തോ വായനയോ ഇല്ല എന്ന് വ്യക്തം. കൂടുതൽ നോക്കിയപ്പോൾ പുള്ളി “സമൂഹം പറയുന്ന” ഒരു താഴ്ന്ന ജാതിക്കാരനാണെന്ന് മനസ്സിലായി. പിന്നീട് ആ നോട്ടം അവിടെ നിർത്തി എന്റെ എഴുത്താരംഭിച്ചു.

മതത്തെ കൂട്ടുപിടിച്ചു നടത്തുന്ന ഈ നര നായാട്ട് എങ്ങോട്ടാണ്. ഇന്നും ഇന്നലെയുമൊക്കെ എന്റെ കുറച്ചു പെൺ സുഹൃത്തുക്കളും ശ്രീരാമ വാട്സ്ആപ് സ്റ്റാറ്റസുകൾ ഇടുന്നത് കണ്ടു. ഇവർക്കൊന്നും രാഷ്ട്രീയം എന്താണെന്നോ എങ്ങനെയാണെന്ന് പോലുമോ അറിയില്ല. ഇതിൽ നിന്ന് മനസ്സിലാക്കാം ന്യൂട്രലായി നിൽക്കുന്നവരെ പോലും ക്യാൻവാസ് ചെയ്യാൻ ഈ കാവിക്കൂട്ടർക്ക് കഴിയുന്നു.
ഭാരതീയ ജനതാ പാർട്ടി എന്ന പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ ആയുധം നരേന്ദ്രമോദിയോ, അമിത് ഷായോ ഒന്നുമല്ല. ഭക്തിയാണ്….! കറ തീർന്ന മത വികാരം. ഇതേ അവസരത്തിൽ പണ്ട് ഇ എം എസ്സ് പറഞ്ഞ ഒരു കാര്യം ഓർത്തു പോകുകയാണ്.”ബാബ്‌റി മസ്ജിദ് പ്രശ്‌നവും രാമജന്മഭൂമി പ്രശ്‌നവും പരിഹരിക്കാന് ഞാനൊരു നിര്‌ദ്ദേശം വെയ്ക്കുന്നു. ഞാനാണ് നിര്‌ദ്ദേശം വെയ്ക്കുന്നതെന്നതുകൊണ്ട് തന്നെ അവരത് അംഗീകരിക്കുകയില്ല. പള്ളിയും ക്ഷേത്രവും ആ സ്ഥലത്ത് പ്രവര്ത്തിച്ചുകൂടേ? ഒരു ഭാഗത്ത് പള്ളി, മറുഭാഗത്ത് ക്ഷേത്രം. അല്ലെങ്കില് കെട്ടിടത്തിന്റെ മുകളില് പള്ളി, താഴെ ക്ഷേത്രം. അല്ലെങ്കില് മുകളില് ക്ഷേത്രം താഴെ പള്ളി. എന്നാലും തർക്കം തീരില്ല. കെട്ടിടത്തിന്റെ താഴെ പള്ളി വേണം, അമ്പലം വേണം എന്നതാവും പിന്നീട് തർക്കം.”അതിൽ നിന്നും ഊഹിക്കാമല്ലോ… അവരുടെ ഉദ്ദേശം. “രാമക്ഷേത്രം പണിയണം” “രാമക്ഷേത്രം മാത്രം” മതത്തിന്റെ പേരിൽ ഒരു ഒത്തുചേരൽ അവർ ആഗ്രഹിക്കുന്നില്ല.

“ഇന്ത്യ നാളെ പൂർണമായി ഒരു ഭാരതം” ആയി കഴിഞ്ഞാൽ “പൂണൂലിട്ടവർ” കുലം കുത്തി വാഴും. “അച്ചിക്കോന്തന്മാരായ ചെവിയിൽ പൂടയുള്ളവർ” അവരെ സേവിക്കും. ഇക്കൂട്ടർക്ക് ഭാവിയിൽ നേട്ടങ്ങൾ ഉണ്ടായിട്ടാണ് സങ്കി ആയതെന്ന് മനസ്സിലാക്കാം. പക്ഷെ വൈശ്യനും ശൂദ്രനും എന്ത് കണ്ടിട്ടാണ് അവരെ തുണക്കുന്നത്…?ഓർത്തോളൂ ക്രിസ്ത്യാനിയും മുസൽമാനും ഇന്നും ഭാരതത്തിൽ ഉള്ളത്കൊണ്ട് മാത്രമാണ് ആറടി അകലം പാലിക്കാതെ നിങ്ങൾക്ക് നമ്പൂതിരിയുടെ കൂടെ നിൽക്കാൻ കഴിയുന്നത്. ഇനിയും അവരെ വളർന്ന് വരാൻ തന്നെയാണ് അനുവധിക്കുന്നതെങ്കിൽ നിങ്ങൾ കണ്ടനും കോരനുമാകുന്ന കാലം വിദൂരമല്ല.അതുകൊണ്ടാണല്ലോ പത്മനാഭസ്വാമി ക്ഷേത്രാധികാരം രാജകുടുംബത്തിന് ലഭിച്ചപ്പോൾ അവർ സന്തോഷിച്ചതും ; വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ചുള്ള ചരിത്ര സിനിമകളെ അവർ പേടിക്കുന്നതും. ലോകം മുഴുവൻ കോവിഡ് മഹാമാരി അടിച്ച് തകർത്ത് മുന്നേറുന്ന ഈ സാഹചര്യത്തിൽ ഇന്ത്യ ക്ഷേത്രം പണിയാൻ തയാറെടുക്കുന്നു. മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ പുണ്യഭൂമിയിൽ ഭൂമി പൂജ നടത്തുന്നതിനൊപ്പം രാജ്യത്തെയും ലോകത്തെയും രോഗങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള ശ്രീരാമാർച്ചനയും പ്രധാനമന്ത്രി നടത്തും. ഈ പ്രത്യേക പൂജയ്ക്കായി കാശി വിധാഠ് പരിഷത്തിലെ മൂന്ന് ആചാര്യന്മാർ തിങ്കളാഴ്ച അയോദ്ധ്യയിലെത്തുകയും ചെയ്തു. സാമാന്യ ബോധമുള്ള കാവി കൂട്ടമേ ഒന്ന് ചിന്തിച്ചൂടെ സൗത്ത് ഇന്ത്യയാണ് ഒരുപാട് നിരക്ഷരൻ ഉണ്ട്, കൂടാതെ ഒരുപാട് കോവിഡ് രോഗികളും. ഒരു ആശുപത്രി..? അല്ലെങ്കിൽ ഒരു സ്‌കൂൾ…? പോരായിരുന്നോ….? മതവികാരത്തെ അടക്കി ഭരിക്കാൻ ഇനിയും പിടികൊടുക്കാത്ത മനസ്സുകൾക്ക് ഉടമകൾ ഉണ്ടെങ്കിൽ തണുത്ത മനസ്സോടെ ഒന്ന് ചിന്തിച്ചു നോക്കൂ.

നീതിപീഠം കാണിച്ച അനീതിയുടെ സ്മാരകം
ഇന്ത്യൻ നീതിപീഠം കാണിച്ച അനീതിയുടെ സ്മാരകമാണ് ഉയരാൻ പോകുന്നത്, കൊറോണ പൂന്തു വിളയാടിക്കുന്ന ഈ കാലത്ത് നല്ല ആശുപത്രികൾ പണിയാതെ 5110 ബി സി ഇ ജനുവരി പത്താം തിയ്യതി ജനിച്ചു എന്ന് കേവലം കഥകളിലൂടെ വിശ്വസിക്കുന്ന ഒരു കാർട്ടൂൺ കഥാപാത്രത്തിന് അമ്പലം പണിയാൻ നടക്കുന്ന കോമാളികൾ ഇന്ത്യയിൽ മാത്രമേ കാണൂ (ത്രേതാ യുഗത്തിൽ ആണ് രാമൻ ജനിച്ചത്, ത്രേതാ യുഗം 1296000 മനുഷ്യ വർഷങ്ങൾ ചേർന്നതാണ്, ചുമ്മാ സൂചിപ്പിച്ചു എന്ന് മാത്രം )സംഘികൾ എല്ലാ പുരാതനമായ ഇസ്‌ലാമിക ദേവാലയങ്ങളും ഓരോ തെരഞ്ഞെടുപ്പിന്റെയും പേരും പറഞ്ഞു അവകാശവാദം ഉന്നയിക്കും എന്നകാര്യത്തിൽ എനിക്കൊരു സംശയവും ഇല്ല.
ഇനി മിസ്റ്റർ പ്രധാന മന്ത്രീ, താങ്കളോടാണ്
ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥലങ്ങൾ രാമന്റെ ജന്മസ്ഥലം ആണെന്ന് അവകാശപ്പെടുന്നുണ്ട്, നേപ്പാളിൽ ആണെന്ന് അവിടത്തെ പ്രധാന മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു, രാമായണത്തിൽ നോക്കിയാലും രാമൻ അയോധ്യയിൽ ജനിച്ചിട്ടില്ല എന്ന് കാണാൻ കഴിയും, അതെന്തെങ്കിലും ആവട്ടെ, അയോധ്യയാണ് രാമൻ ജനിച്ച സ്ഥലം എന്ന് വിശ്വസിക്കുകയും അവിടെ ക്ഷേത്രം പണിയാൻ തീരുമാനിക്കുകയും ചെയ്ത സ്ഥിതിക്ക് മറ്റുള്ള സ്ഥലങ്ങളിലെ അവകാശവാദങ്ങൾ ഉപേക്ഷിക്കാൻ അതുന്നയിക്കുന്നവരോട് പ്രധാന മന്ത്രി “മങ്കീ ബാത്തി”ലൂടെ പറയണം എന്നൊരു അപേക്ഷയുണ്ട്, ഒരുത്തനു പലയിടത്തു ജനിക്കാൻ പറ്റില്ലല്ലോ, അങ്ങനെ എങ്കിൽ അതുപോലെ ഉള്ള അവകാശവാദങ്ങളിൽ ഉണ്ടായേക്കാവുന്ന ചെറുതും വലുതുമായ പ്രശ്ങ്ങളെ എങ്കിലും പരിഹരിക്കാൻ ഈ കെട്ടിടം പണികൊണ്ട് കഴിയും. ഇന്ത്യയിലെ നൂറ്റി മുപ്പത് കോടി ജനങ്ങൾക്ക് ഈ ക്ഷേത്രം കൊണ്ട് എന്ത് ഗുണം ആണുണ്ടാകാൻ പോകുന്നത് എന്നുകൂടി പ്രധാന മന്ത്രി സൂചിപ്പിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
ഇന്ന് നമ്മൾ മൂകരായിരിയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാഷ്ട്രമെന്നഭിമാനിയ്ക്കുന്ന രാജ്യത്തിൻ്റെ ‘മതേതര’ പ്രധാനമന്ത്രി ഹിന്ദുവിൻ്റെ രാമക്ഷേത്രത്തിന് വേണ്ടി ശിലാസ്ഥാപനം നടത്തുന്നു.ഒന്നോർത്തു കൊള്ളു, ഓരോ മോസ്കുകളും, ക്രിസ്ത്യൻ പള്ളികളും, ബുദ്ധഗോഡകളും,ദ ലിത് അമ്പലങ്ങളും,ആദിവാസി മലദൈവനി ർമ്മിതികളും;വരാൻ പോകുന്ന കാലങ്ങളിൽ രാമലക്ഷ്മണൻമാരുടെയും സേവക ഹനുമാ ൻ്റെയും കൽവിഗ്രഹം പേറുന്നക്ഷേത്ര സമുച്ചയങ്ങളാകാൻ പോകുന്നതിൻ്റെ തയ്യാറപ്പെടുകളാണ് അയോദ്ധ്യ ക്ഷേത്ര നിർമ്മാണം.
ഡിസംബർ 6 നൊപ്പം ആഗസ്റ്റ് 5 ഉം ഓർത്തുവെക്കാൻ മുസ്ലീം സഹോദരങ്ങ ളോടൊപ്പം നമ്മളും തയ്യാറാവുക. ഈ കെട്ട കാലത്തിൽ ചാണകക്കുഴിയിൽ വീണു കിട ക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ഉറച്ച തൂണുകളിലൊന്നായ ജൂഡിഷ്യറിയെ രക്ഷിയ്ക്കാൻ പുതിയൊരവതാരം ഉണ്ടാവു മോ എന്ന് കാത്തിരിയ്ക്കേണ്ടിവന്നേക്കാം.
ഭരണഘടനയ്ക്ക് പകരംമനുസ്മൃതിയുടെ ശാസനങ്ങൾ നോക്കി വിധി പ്രസ്താവിയ്ക്കു മ്പോൾ,ദലിതൻ്റെ ചെവിയിൽ ഈയം ഉരുക്കി യൊഴിയ്ക്കാനും സ്ത്രീകളെ മുക്കാലിയിൽ കെട്ടി അടിയ്ക്കാനും, സതിഅനുഷ്ഠിയ്ക്കാ ൻ ചിതയിലേക്ക് ഒരുക്കിക്കൊണ്ടുവരാനും സദാ സന്നദ്ധരായവർ ഓംകാര നാദം മുഴക്കി നമുക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുമ്പോൾ നാം കൈകൂപ്പി മുതുക് വളച്ച് റാൻ,റാൻ മൂളി ജനാധിപത്യത്തിൻ്റെ മരണ മുഴക്കത്തിൽ ആ കൃഷ്ടരായി നാം ഭയപ്പെടാൻ പോലും കഴിയാ ത്ത ജീവച്ഛവങ്ങളായി മാറണം. അതാണ് നമ്മുടെ തലവിധിയെന്ന് സ്വയം സമാധാ നിച്ചാൽ പിന്നെയെന്തൊരു സുഖമാണ് .

പതിനഞ്ചോ ഇരുപതോ വർഷം മുൻപ് വരെ സൊമാലിയയിലെയും എത്യോപ്പ്യയിലെയും പട്ടിണി മാറ്റാൻ പിടിയരി പിരിച്ചവരാണ് ഇന്ത്യക്കാർ അടക്കമുള്ള ലോക രാജ്യങ്ങൾ.എത്യോപ്പ്യ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങൾ ഇന്ന് യൂറോപ്പിനെ വെല്ലുന്ന വികസന കുതിപ്പിലാണ്.റോഡ്, പാലം, ആശുപത്രികൾ, വിദ്യാലയങ്ങൾ, പാർപ്പിടങ്ങൾ, കുടിവെള്ളം, വൈദ്യുതി പട്ടിണി നിർമാർജനം, തൊഴിൽ തുടങ്ങി അടിസ്ഥാന സൗകര്യ വികസനങ്ങളിലെല്ലാം അമ്പരപ്പിക്കുന്ന കുതിപ്പാണ് ഈ ഭൂഖണ്ഡം നടത്തിക്കൊണ്ടിരിക്കുന്നത്.ബംഗ്ളാദേശ് എന്ന രാജ്യത്തിന്റെ പൗരന്മാരുടെ ജീവിതനിലവാരത്തിലുണ്ടായ വളർച്ച ഈയിടെ ഐക്യ രാഷ്ട്ര സഭ വരെ പ്രശംസിച്ചതാണ്.അടിസ്ഥാന സൗകര്യ വികസനത്തിൽ ബംഗ്ലാദേശ് എന്ന രാജ്യം കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലാണ് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്.

പട്ടിണിയിലും ദാരിദ്ര്യത്തിലും വികസന മുരടിപ്പിലും കിടന്ന ഒട്ടുമിക്ക ഏഷ്യൻ രാജ്യങ്ങളും വികസനത്തിന്റെ കുതിപ്പിലാണ്. വികസന മുന്നേറ്റത്തിൽ നിന്ന് ശിലായുഗത്തിലേക്ക് തിരിഞ്ഞു നടക്കുന്ന ലോകത്തെ ഒരേയൊരു രാജ്യം ഇന്ന് ഇന്ത്യയായി മാറുകയാണ്.മതവും ദൈവങ്ങളും ലഹരിയായി മാറിയ ഇന്ത്യക്കാർക്ക് അത് ആവശ്യാനുസരണം സിരകളിലേക്ക് കുത്തിവെച്ച് നൽകുന്ന ഒരു ഭരകൂടവും കൂടി കൂടിച്ചേർന്നപ്പോൾ രാജ്യ വികസനം എന്നത് പഴങ്കഥയായി മാറി.മതം വിളമ്പാൻ കഴിവ് തെളിയിച്ച ബി ജെ പി വരുന്ന പതിനഞ്ച് വർഷത്തേക്കെങ്കിലും എല്ലാ സംസ്ഥാനങ്ങളിലും ലോകസഭാ ഇലക്ഷനുകളിലും നിർത്താതെ ജയ് ശ്രീ രാം വിളിക്കും.കോൺഗ്രസ്സ് അടക്കമുള്ള മറ്റ് പാർട്ടികൾക്കും അത് എറ്റ് വിളിക്കാതെ നിവൃത്തിയില്ലന്നാകും.വരുന്ന പതിനഞ്ച് വർഷത്തേക്കെങ്കിലും രാജ്യര്യത്തിന്റെ വികസനമോ ജനങ്ങളുടെ പ്രശ്നങ്ങളോ ഒരിടത്തും സംസാരവിഷയമാകുകയേയില്ല..
ഇന്ത്യയുടെ ഭരണം പിടിക്കാൻ ശ്രമിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും രാജ്യത്തിന്റെയോ ജനങ്ങളുടെയോ വികസനമല്ല ലക്ഷ്യമിടുന്നത്.

രാജ്യത്തെ കൊള്ളയടിക്കുകയും കോർപ്പറേറ്റ് വൽക്കരിക്കുകയും ചെയ്യുക എന്നതാണ്.അതിന് ഇന്ത്യയിലെ ജനങ്ങളെ മതത്തിൽ മയക്കി കിടത്തണം.വളരെ എളുപ്പമുള്ള കാര്യമാണത്. അതുകൊണ്ടാണ് പറഞ്ഞത് വരുന്ന ഒന്നര പതിറ്റാണ്ടിനുള്ളിൽ ലോകത്തെ ഏറ്റവും പ്രാകൃതമായ രാജ്യമായിത്തീരും ഇന്ത്യ എന്ന് പറഞ്ഞത്.ഇനി ഒരു ദൈവത്തിനും കഴിയില്ല ഇന്ത്യയെ രക്ഷിക്കാൻ.

ആദ്യത്തെ മുകൾ ചക്രവർത്തി ബാബറിൻ്റെ ജനറൽ ആയിരുന്ന മിർ ബാഖിയാണ് അയോധ്യയിൽ മുസ്ലിം ആരാധ ന ല യ മാ യ ബാബരി മസ്ജിദ് നിർമ്മിക്കുന്നത്. പണി തീർന്ന് ആരധനക്കായി തുറന്നത് 1529-ൽ ആയിരുന്നു .18-ാം നൂറ്റാണ്ടിലാണ് ചില ഹൈന്ദവർ രാമ ജന്മഭൂമി ലാ ണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് എന്ന പ്രചരണം ആരംഭിക്കുന്നത്. അവിടെയുണ്ടായിരുന്ന ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചത് എന്ന് പിന്നീട് പ്രചരിപ്പിക്കപ്പെട്ടു. രണ്ടും തെളിയിക്കപ്പെടാത്ത അവകാശ വാദങ്ങളും ആരോപണങ്ങളുമായി ഇന്നും നില നിൽക്കുന്നു. 1992-ഡിസമ്പർ 6-ന് ഹിന്ദു തീവ്റ വാദികളായ കർസേവകർ മസ്ജിദ് തകർത്തു തരിപ്പണമാക്കി. ലക്ഷക്കണക്കിന് മതഭ്രാന്തന്മാരാണ് അതിനായി അവിടെ തമ്പു ചെയ്തത്. ഒരു നിയമവും അവരെ തടഞ്ഞില്ല. ആ സ്ഥലത്താണ് രാമക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധിയുണ്ടായത്. നിർമ്മാണത്തിന് പിന്തുണയും രാജ്യത്തിൻ്റെ ഖജനാവിൽ നിന്നുമുള്ള സമ്പത്തുമായി മോദി സർക്കാർ തന്നെ പിന്നീട് കളത്തിൽ ഇറങ്ങുന്നതാണ് നാം കാണുന്നത്.

മസ്ജിദ് പൊളിച്ച കേസുമായി അദ്വാനിയടക്കമുള്ള നേതാക്കളും കർസേവകരും കോടതി കയറി ഇറങ്ങി ശിഷ്ടകാലം ജീവിക്കുമ്പോൾ ശ്രീരാമ ക്ഷേത്രത്തിൻ്റെ മുഴുവൻ ക്രഡിറ്റും തൻ്റെ മാത്രം എക്കൗണ്ടിൽ വരാനായി മോദി ഇറങ്ങിയിരിക്കുന്നു. ഒരു രാജ്യത്ത് ജീവിക്കുന്ന ന്യൂനപക്ഷമയ ജന വിഭാഗങ്ങളെ ഭൂരിപക്ഷത്തിൻ്റെ പിന്തുണ നേടാമെന്ന രാഷ്ട്രീയ ചിന്തയോടെ ചില പാർട്ടികൾ വേട്ടയാടുകയും അവരുടെ സ്ഥാപനങ്ങൾ തകർക്കുകയും ചെയ്യാമോ? അത്തരം ഘട്ടങ്ങളിൽ അവരെ സംരക്ഷിക്കുകയല്ലേ ഭരണകൂടങ്ങൾ ചെയ്യേണ്ടത് ? ഓരോ പൗരൻ്റേയും ജീവനും സ്വത്തിനും ഭരണകൂടത്തിൻ്റെ സംരക്ഷണം ആവശ്യമില്ലേ ? തീർച്ചയായും ഉണ്ട്. ബാബരി മസ്ജിദ് തകർത്തതിന് പകരമായി മറ്റൊന്ന് നിർമ്മിച്ചു നൽകുന്നതിനെപ്പറ്റിയാണ് ഒരു മതേതര ജനാധിപത്യ ഭരണം ആദ്യം ആലോചിക്കേണ്ടിയിരുന്നത്‌. ന്യൂന പക്ഷ സംരക്ഷണം ഭരണഘടനാ ബാധ്യതയായ സർക്കാരിൻ്റെ നേതൃ നായകനായ പ്രധാനമന്ത്രി തന്നെയാണ് നാളെ അയോധ്യയിൽ ക്ഷേത്ര നിർമ്മാണ തുടക്കത്തിന് കാർമ്മികത്വം വഹിക്കുന്നത് എന്നതിൽ നിന്നു തന്നെ ഇപ്പോഴത്തെ ഭരണകൂടം ന്യൂനപക്ഷങ്ങളെ എങ്ങനെയാണ് സംരക്ഷിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാണ്.അയോധ്യയിൽ ആയിരം രാമക്ഷേത്രങ്ങൾ ഉണ്ട്. ഇനിയും ആയിരം ക്ഷേത്രങ്ങൾ വന്നാലും ഇതര മതസ്ഥർക്ക് പ്രശ്നമൊന്നുമുണ്ടാകാനും പോകുന്നില്ല.ബാബരി മസ്ജിദ് ആരാധനക്കായി ഉപയോഗിച്ചിരുന്ന മുസ്ലിം ഭക്തർ നിസ്സഹായരായി നില്ക്കേണ്ടി വരുന്നു.ശ്രീരാമൻ നീതിമാനായ ഭരണാധികാരിയായിട്ടാണ് അറിയപ്പെടുന്നത്. ജന കോടികൾക്ക് ദൈവവുമാണ്.രാമ രാജ്യം സ്വപ്നം കണ്ട മഹാനാണ് മഹാത്മാഗാന്ധി. ആ ശ്രീരാമൻ്റെ പേരിലാണ് ഇതൊക്കെ നടക്കുന്നത് എന്നത് എത്ര വിരോധാഭാസമാണ് എന്ന് അവർ ചിന്തിക്കുന്നേയില്ല.ശ്രീരാമൻ എന്ന ദൈവം ഇത്തരം അനീതികളും അബലരോടുള്ള ശക്തരുടെ ധാർഷ്ട്യവും അംഗീകരിക്കുമെന്ന് സ്വബോധമുള്ള ആരങ്കിലും കരുതുമോ?