മലയാളികളുടെ ചീഞ്ഞ കപട സദാചാര ബോധത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന രണ്ട് ചെറുപ്പക്കാരാണ്

215

Hari Narayanan

ഏറ്റവും പുതിയതായി മലയാളികളുടെ ചീഞ്ഞ കപട സദാചാര ബോധത്തിന് ഇരയായിക്കൊണ്ടിരിക്കുന്ന രണ്ട് ചെറുപ്പക്കാരാണ് ചുവടെയുള്ളത്.

സംഗതി വെഡ്ഡിങ് ഫോട്ടോഗ്രാഫിയാണ്. അതിൽ വന്നേക്കുന്ന കമന്റുകൾ കണ്ടാൽ ബഹുകേമം. ആ ഫോട്ടോ അപ്‌ലോഡ് ചെയ്ത ഏതോ ഹതഭാഗ്യൻ അതിൽ കേരളഹിന്ദു വെഡ്ഡിങ് ഫോട്ടോഗ്രാഫി എന്നൊരു ഹാഷ് ടാഗ് ഇട്ടിരുന്നു.
“മോളെ കല്യാണം കഴിഞ്ഞ് കാണിക്കേണ്ടത് എന്തിനാണ് ഇപ്പോഴേ തുറന്നു കാട്ടുന്നതെന്ന്” ഒരു അറുപതുകളുടെ വസന്തം.
“എന്തിനാട ഹിന്ദുക്കളെ കൂട്ടുപിച്ചു ഇത് പോലെ ചെറ്റത്തരം കാണിക്കുന്നതെന്ന്” ഒരു കാവിപോരാളിയായ ചേച്ചി.
വിവാഹമെന്ന ആചാരത്തിന്റെ സംസ്കാരവും പൈതൃകവും ഒരുപന്യാസം പോലെയെഴുതിയ ശേഷം ആ പെൺകുട്ടിയെ തെറിപറഞ്ഞവരെ ശകാരിക്കുന്ന ഓൺലൈൻ ആങ്ങള. അങ്ങനെ നീണ്ടു പോവുന്നു.

ആ ചിത്രത്തിലെ ചെറുപ്പക്കാരുടെ അച്ഛനെയും അമ്മയെയും വരെ പച്ചക്ക് വലിച്ചു കീറുന്ന തരത്തിലുള്ള അസ്സഹനീമായ കമന്റുകൾ. ഇനിയും കേരളം എന്ത് കൊണ്ടാണ് മാറി ചിന്തിക്കാത്തത്…? അതോ നിങ്ങൾക്ക് നിങ്ങളുടെ കല്യാണത്തിന് ഇങ്ങനെ ചിത്രങ്ങൾ എടുത്തു വെക്കാൻ കഴിയാത്ത നിരാശയാണോ…? നിങ്ങൾക്ക് അതിന് സാധിക്കാതെ പോയതാണോ അതോ അന്നത്തെ എത്തിനോട്ടങ്ങൾ നിങ്ങളെ അതിന് സമ്മതിക്കാഞ്ഞതോ…? എങ്കിൽ തെറ്റി അമ്മാവോ ഇത് കാലം മാറി. പ്രായപൂർത്തിയായ രണ്ട് പേർക്ക് സ്വന്തമായി തീരുമാനിക്കാനും അത് നടപ്പിലാക്കാനും ഇന്ന് സാധിക്കും.

അത് മാത്രമേ ഇവരും ചെയ്തുള്ളൂ. ഈ ചിത്രത്തിലുള്ള രണ്ട് പേർക്കും മുഖത്ത് അത്രയേറെ സന്തോഷമാണ്. അതിൽ നിന്ന് മനസ്സിലാവും അവർ അത്രയേറെ ആഗ്രഹിച്ചാവും ഈ ഷൂട്ട് നടത്തിയത്. അവർ ഒരുമിച്ച്‌ ഒരു ജീവിതം നയിക്കാൻ തയ്യാറെടുക്കുകയാണ്. അവർ ഇതിനോടകം തന്നെ ജീവിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നുകിൽ നിങ്ങൾ അവരുടെ ജീവിതത്തിലേക്ക് എത്തിനോക്കാതിരിക്കുക. അല്ലെങ്കിൽ അവർ ചെയ്യുന്നത്‌ കാണുക ; ഈ സമൂഹം ചെറുപ്പക്കാരിലൂടെ മാറി തുടങ്ങുന്നു എന്ന് ചിന്തിക്കുക. ഇനി ആ ചിത്രമെടുത്ത ഫോട്ടോഗ്രാഫറുടെ മാനസിക അവസ്ഥയും, ഷൂട്ട് കഴിഞ്ഞപ്പോൾ അവനെന്തോ “പോയി” എന്നുള്ള കമന്റുകളും കണ്ടു.

അവരോടാണ് ഇനി പറയുന്നത് , നിങ്ങൾ ജീവിതത്തിൽ ക്യാമറ ഉപയോഗിച്ചു ഒരു ഫോട്ടോ എങ്കിലും എടുത്തു നോക്കിയിട്ടുണ്ടോ. കാണില്ല…! അത് കൊണ്ട് മാത്രമാണ് ഇത് പോലുള്ള കമന്റുകൾ അവിടെ ശർദ്ദിച്ചു വച്ചത്. ഈ വൈറലായ ഫോട്ടോയിൽ നിങ്ങൾക്ക് കാണാൻ സാധിച്ചത് കേവലം 7 അല്ലെങ്കിൽ 8. അതിന് പിന്നിൽ ഒരുപക്ഷേ 200 മുതൽ 300 അതുമല്ലെങ്കിൽ 500 വരെ ഫോട്ടോകൾ എടുത്തെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടോ…?

ലൈറ്റ് നോക്കണം , എന്തിനേറെ പറയുന്നു തണുത്ത ആ തേയില തോട്ടത്തിലെ ഈർപ്പത്തിന്റെ അളവ് വരെ നോക്കണം..!
അവരുടെ ചിത്രങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിൽ അവർ വിജയിച്ചു. അത് കൊണ്ട് തന്നെയാണല്ലോ ഇന്നിതിത്ര ചർച്ചയാവുന്നതും. മറ്റുള്ളവർ എന്തു ചെയ്യുന്നു എന്ന് അയലത്തേക്ക് നോക്കി ഇരിക്കാതെ സ്വന്തമായി എന്ത് ചെയ്യാനാകുമെന്ന് എന്നാണ് മലയാളികൾ ചിന്തിക്കുന്നത്…?

വ്യക്തി സ്വാതന്ത്ര്യത്തിന് മുൻഗണന കൊടുത്തുള്ള ഇത്തരം ഫോട്ടോ ഷൂട്ടുകളും മറ്റും ഇന്ന് കൂടി വരികയാണ്. വരട്ടെ…! എത്തിനോട്ടങ്ങൾ കുറയട്ടെ..! അവരുടെ ആദ്യരാത്രി ദൃശ്യങ്ങളും ചിത്രങ്ങളും പ്രതീക്ഷിച്ചു വായിൽ വെള്ളമൂറ്റി ഇരിക്കുന്ന ഒരുപറ്റം “അറുപതുകളുടെ വസന്തങ്ങളും” “സൈബർ ആങ്ങളമാരുമുണ്ട് അവരോടാണ്. “യോഗമില്ല അമ്മിണിയെ പായ അങ്ങട് മടക്യോളി”.

**