“അവന്റെ ബാറ്റിംഗ് കാണാൻ താൻ സിംഗിൾ ഇട്ടു കൊടുത്തിട്ടുമുണ്ട്”

0
104
Hari Narayanan

ക്രിക്കറ്റിന്റെ അടിസ്ഥാന പാഠപുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരാൾ നീലകുപ്പായത്തിൽ ബാറ്റ് വീശുന്നു. ഏറ്റവും മികച്ച പ്രതിരോധം ആക്രമണമാണെന്ന് അതേ പുസ്തകത്തിൽ തന്നെ ആലേഖനം ചെയ്ത മനുഷ്യൻ.

“അവന്റെ ബാറ്റിംഗ് പ്രകടനം കണ്ടിട്ട് താൻ തന്നെ മറന്നു പോയിട്ടുണ്ട് മാത്രമല്ല അവന്റെ ബാറ്റിംഗ് കാണാൻ താൻ സിംഗിൾ ഇട്ടു കൊടുത്തിട്ടുമുണ്ട്”
ഇന്ത്യൻ ക്രിക്കറ്റിന്റെ ദൈവമെന്ന് കരുതപ്പെടുന്ന സച്ചിൻ ടെൻഡുൽക്കറുടെ വാക്കുകളാണിത്. പറയുന്നത് മറ്റാരെപ്പറ്റിയുമല്ല ഇന്ത്യൻ ക്രിക്കറ്റിലെ ബാറ്റിംഗ് വിസ്ഫോടനം സാക്ഷാൽ വീരേന്ദർ സെഹ്വാഗിനെ പറ്റിയാണ്.
ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാൾ, ക്രീസിലെത്തിയാൽ ബാറ്റിങ്ങ് വിസ്ഫോടനം. സച്ചിനെ അനുകരിക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട എന്ന വ്യക്തി. സച്ചിനേക്കാൾ ബോളർമാരുടെ പേടിസ്വപ്നമായവൻ. രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളി. തിരിഞ്ഞുനോക്കിയാൽ വീരചരിതം ഒട്ടേറെ.
അദ്ദേഹത്തിന്റെ മുപ്പത്തിയേഴാം വയസ്സിലായിരുന്നു വിരമിക്കൽ പ്രഖ്യാപനം. എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളാണ് കളി മതിയാക്കി മടങ്ങുന്നത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ ചിരവൈരികളായ പാകിസ്താനെതിരെ പൂജ്യത്തിന് പുറത്താവുക. പിന്നീട് ടീമിൽ നിന്നും പുറത്തേക്ക്. ഒരു തുടക്കക്കാരൻ കളി മതിയാക്കാൻ ഇതു തന്നെ ധാരാളം. പക്ഷേ ഡൽഹിക്കാരൻ വീരേന്ദർ സെഹ്‌വാഗ് 20 മാസത്തിനു ശേഷം വീണ്ടും ടീമിൽ തിരിച്ചെത്തി. 69 പന്തിൽ സെഞ്ച്വറി നേടിക്കൊണ്ട് വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന പേരും നേടി. ക്രിക്കറ്റിലെ 3 ഫോർമാറ്റിലും 80 മുകളിൽ സ്ട്രൈറ്റ് ഉള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് വീരു. ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടിയിരുന്ന താരങ്ങളിൽ താരം.
സച്ചിനെപ്പോലെ കളിയ്ക്കാൻ ഇഷ്ടപ്പെട്ടിരുന്ന താരം. സച്ചിൻ പരിക്കേറ്റ് ടീമിന് പുറത്തായപ്പോൾ പകരക്കാരനായി വന്ന് മോശം ഫോം പുറത്തെത്തിച്ച താരം തിരിച്ചുവന്നത് നീല കുപ്പായത്തിനു പുറകിൽ നമ്പർ ഇല്ലാതെ.
ധോണിയുടെ കീഴിൽ കീരിടം നേടിയ 2 വേൾഡ് കപ്പിലും വീരുവിന്റെ സാന്നിധ്യമുണ്ടായിരുന്നു. 2011 ലെ വേൾഡ് കപ്പിൽ 6 മത്സരങ്ങളിൽ ബൗണ്ടറി കടത്തിയാണ് സെഹ്‌വാഗ് ഇന്നിങ്‌സ് തുടങ്ങിയത്. വിരമിക്കുന്നതിന്റെ അവസാന രണ്ടു വർഷങ്ങൾക്ക് മുൻപ് ടീമിൽ നിന്ന് പുറത്തായ സെവാഗ് 2013 ലാണ് അവസാനമായി നീലകുപ്പായത്തിൽ കാണുന്നത്. ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടിയും കിംഗ്‌ ഇലവൻ പഞ്ചാബിന് വേണ്ടിയും സേവനം അനുഷ്ടിച്ചു.
സച്ചിനായിരുന്നു എപ്പോഴും സേവഗിന്റെ റോൾ മോഡൽ. ഇന്ത്യൻ ഓപ്പണിങ് സ്ഥാനത്തേക്ക് പ്രമോഷൻ ലഭിച്ചതോടെ സച്ചിന്റെ അപരൻ എന്നറിയപ്പെടാൻ തുടങ്ങി. സച്ചിൻറെ പ്രതിഭയുടെ നിഴലിൽ ആയെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ മഹാമേരുവായി അദ്ദേഹം ആഴ്ന്നിറങ്ങുകയായിരുന്നു.
സൗരവ് ഗാംഗുലി ആണ് ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്സ്മാനെ ഇന്ത്യയ്ക്കായി സമ്മാനിച്ചത്. 2001ൽ ശ്രീലങ്കയിൽ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര. കാലിന് പരിക്കേറ്റ് പുറത്തായ സച്ചിൻ ഇല്ലാത്ത നിർണായക മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ആര് ബാറ്റിങ് ഓപ്പൺ ചെയ്യും എന്ന ആശങ്ക. ഇന്നിംഗ്സ് ഓപ്പൺ ചെയ്യാൻ ഗാംഗുലി സേവാഗിനോട് ആവശ്യപ്പെട്ടു. അതിവേഗം സ്കോർ ഉയർത്തണമെന്ന് മാത്രമായിരുന്നു നിബന്ധന. ക്യാപ്റ്റന്റെ വിശ്വാസം സേവാഗ് കാത്തു. 69 പന്തിൽ കന്നി സെഞ്ച്വറി…! ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറി. തൊട്ടടുത്തവർഷം ഗാംഗുലിയുടെ പരിക്ക് സേവാഗിനെ വീണ്ടും ഓപ്പണറാക്കി.
സച്ചിൻ ആരാധനകനായ സേവാഗ് സച്ചിനൊപ്പം ബാറ്റേന്തി. സച്ചിന്റെ ബാറ്റിംഗ് അദ്ദേഹം ആസ്വദിച്ചു; സച്ചിൻ സെവാഗിന്റെയും.ഇരുവരും ഹെൽമെറ്റ് ധരിച്ച് ക്രീസിൽ വന്നാൽ തിരിച്ചറിയുക പോലും പ്രയാസം. അത്രമേൽ സാദൃശ്യം ആയിരുന്നു ഇരുവർക്കും.
“സച്ചിൻ കളിക്കുന്നത് കാണുന്നത് തന്നെ എനിക്ക് പ്രചോദനമാണ്, നെറ്റിലെ പരിശീലനത്തിനിടെ സച്ചിൻ എനിക്ക് തരുന്ന ഉപദേശങ്ങൾ എപ്പോഴും ഗുണകരമാണ്” സെഹ്‌വാഗ് അഭിപ്രായപ്പെട്ടു.
പാക്കിസ്ഥാനിൽ വച്ച് ആദ്യ സെഞ്ച്വറി നേടിയപ്പോൾ മറുവശത്ത് സച്ചിനായിരുന്നു. “190ൽ എത്തിയപ്പോൾ ആവേശം അടക്കിയത് സച്ചിനാണ്. ശ്രദ്ധിച്ചു കളിക്കാൻ സച്ചിൻ ഉപദേശിച്ചു”. ട്രിപ്പിൾ അടിച്ചശേഷം സേവാഗിനെ വാക്കുകളാണിത്.
ഏകദിനത്തിൽ ഡബിൾ സെഞ്ചുറി അടിച്ചതോടെ പരസ്യ കമ്പനികൾ വീരുവിന് പിന്നാലെയായി.
ക്രിക്കറ്റിലെ ദൈവം ഏകദിനത്തിൽ ഇരട്ട സെഞ്ചുറി കുറിച്ചപ്പോൾ മറ്റൊരാൾക്കും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടം എന്ന് വിദഗ്ധർ കുറിച്ചു. സച്ചിന് പുറകിൽ രണ്ടാമൻ ആയെങ്കിലും വീരേന്ദർ സേവാഗ് സ്വന്തം കയ്യൊപ്പിൽ ഇരട്ട സെഞ്ച്വറി കുറിച്ചു. ടെസ്റ്റ് ഏകദിനം ട്വൻറി20 ഫോർമാറ്റ് ഏതായാലും വീരുവിന്റെ ബാറ്റിങ് ശൈലി മാറിയില്ല. ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി രണ്ട് തവണ നേടിയ സേവാഗ്, സെഞ്ചുറി അർദ്ധസെഞ്ച്വറിയെക്കാൾ കൂടുതലുള്ള 5 താരങ്ങളിലൊരാളാണ്.
2004 പാകിസ്ഥാനെതിരെ മുൾട്ടാനിൽ കുറിച്ചത് 300 റൺസ്. ആ ഇന്നിംഗ്സാണ് വീരുവിനെ മുൾട്ടാനിലെ സുൽത്താൻ ആക്കി മാറ്റിയത്. നാലു വർഷങ്ങൾക്കിപ്പുറം ചെന്നൈയിൽ സൗത്താഫ്രിക്കക്കെതിരെ വീണ്ടും 300 റൺസ്…! ഒരു ഇന്നിംഗ്സിൽ രണ്ട് ഇരട്ട സെഞ്ചുറി പാർട്ട്ണർഷിപ്പ് എന്ന നേട്ടവും അദ്ദേഹം ഈ മത്സരത്തിൽ സ്വന്തമാക്കി. ടെസ്റ്റിൽ 6 തവണയാണ് അദ്ദേഹം ഇരട്ട സെഞ്ചുറി സ്വന്തമാക്കിയത്…!ഏറ്റവും കൂടുതൽ തവണ ഇത് 250 നേടിയവരിൽ സാക്ഷാൽ ഡോൺ ബ്രാഡ്മാന്റെ പുറകിലാണ് വീരുവിന്റെ സ്ഥാനം. ടെസ്റ്റിലും ഏകദിനത്തിലും 7500ന് മുകളിൽ റൺസ് ഉള്ള ഏക ഓപ്പണർ ആണ് വീരേന്ദ്ര സേവാഗ്. അതുകൊണ്ട് തന്നെയാണ് ബാറ്റ് വീശുന്ന അതേ ആത്മവിശ്വാസത്തോടെ “നേടാൻ ഉള്ളതെല്ലാം നേടി” എന്ന് അദ്ദേഹത്തിന് ചങ്കൂറ്റത്തോടെ പറയാൻ കഴിഞ്ഞതും.
സാധ്യമായതെല്ലാം നേടിക്കൊണ്ട് അദ്ദേഹം കളിക്കളം വിടുമ്പോൾ ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിച്ചിരുന്നു വീരോചിതമായ ഒരു വിടവാങ്ങൽ;പക്ഷെ അതുണ്ടായില്ല. ഇന്ത്യൻ ക്രിക്കറ്റിലെ മഹാമേരുവിനെ ഓരോ ആരാധകനും അത്രമാത്രം ബഹുമാനത്തോടെയും അതിലുപരി ഒരു നീറ്റലോടെയും മാത്രമേ എന്നും താങ്കളെ സ്മരിക്കുകയുള്ളൂ.
വീഡിയോ