സ്വന്തം നാട്ടിൽ നിന്ന് കിട്ടിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് നാളുകളേറെ ബ്രിട്ടീഷ് സൈന്യം ഇവിടെ അരങ്ങുവാണത്

0
162

Hari Narayanan

സംഘ മിത്രങ്ങളെ വിമർശിക്കുന്നവർ ഒന്നിവിടെ വരെ വന്നിട്ട് പോകുക. ഞാൻ അവർക്ക് വേണ്ടി വാദിക്കുകയല്ല. പക്ഷെ ഒരു വിഷയത്തെ പറ്റി സംസാരിക്കുമ്പോൾ സമഗ്രമായ ഒരു പഠനം നടത്തി എല്ലാ വശങ്ങളിലൂടെയും നമ്മൾ കടന്ന് പോകണമല്ലോ. പ്രത്വിരാജ് സുകുമാരൻ , ആദ്യമേ പറയട്ടെ കേരളം സൈബർ ആക്രമണങ്ങളുടെ ബാലപാഠം പഠിച്ചു കൊണ്ടിരുന്ന സമയത്ത് അത് നേരിട്ട വ്യക്തിയാണ് അദ്ദേഹം. അപ്പോൾ അദ്ദേഹത്തെ പോലൊരു ആളെ ചൊറിയാൻ വരുമ്പോൾ ഓർക്കുക നിങ്ങളുടെ നഖമേ പോവുകയുള്ളൂ.

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പ്രമേയമാകുന്ന സിനിമയിൽ അദ്ദേഹം ലീഡ് റോളിൽ എത്തുന്നു. താടി വളർത്തിയാൽ, താടി വടിച്ചാൽ, ക്രിക്കറ്റ് കളിച്ചാൽ, എന്തിനേറെ പറയുന്നു അദ്ദേഹത്തിന്റെ പേര് പോലും സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങാണ്. അപ്പോൾ അദ്ദേഹത്തിന്റെ ഒരു പ്രോജക്ട് വൈറൽ ആകുന്നതിൽ അത്ഭുതമില്ല. ഒന്നുകൂടെ ഓർമിപ്പിക്കാം ഞാൻ സംഘ മിത്രങ്ങളെ അനുകൂലിക്കുകയല്ല.

ആരാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി…?

ബ്രിട്ടീഷ് വാഴ്ചക്കെതിരെ പൊരുതിയ ഖിലാഫത്ത് നേതാവായിരുന്നുവാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഏറനാട് കലാപത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ദേശാഭിമാനി ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ മുൻനിരയിൽ നിന്ന് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ആലി മുസ്ലിയാരുടെ സന്തത സഹചാരിയും, ശിഷ്യനുമായിരുന്നു അദ്ദേഹം. 90 വർഷത്തെ ബ്രിട്ടിഷ് രാജ ഭരണത്തിൽ നേതാജി സുഭാഷ്ചന്ദ്ര ബോസിനേപ്പോലെ ഒരു സമാന്തരഭരണകൂടം സ്ഥാപിക്കാൻ സാധിച്ച ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു വാരിയൻകുന്നത്ത്. 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്.

ഇനിയാണ് പ്രധാനപ്പെട്ട ഭാഗം, ഇത് മനസ്സിൽ വച്ച് വേണം ബാക്കി ഉള്ളത് വായിക്കാൻ.
“ജന്മി ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല”

മിത്രങ്ങൾ എന്നോട് ക്ഷമിക്കുക ; ഇത്രയും ഞാൻ നിങ്ങളെ പിടിച്ചിരുത്തിയത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ആരാണെന്നെങ്കിലും നിങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ്. മിനിമം ഇത്രയും അറിവ് ഉൾക്കൊണ്ടിട്ട് വേണം മറ്റുള്ളവരോട് തർക്കിക്കാൻ മുതിരാൻ. ഇനി ഞാൻ പറയുന്ന “ചരിത്രം” നിങ്ങൾക്ക് അറിയാമോ എന്ന് എനിക്ക് അറിയില്ല. ഒരു പക്ഷെ നിങ്ങൾക്ക് അത് വളരെയേറെ അസ്വസ്ഥത ഉണ്ടാക്കും ഉറപ്പ്.

പോർട്ടുഗീസുകാരും, ഡച്ചുകാരും പൂണ്ട് വിളയാടിയിട്ട് കേരളം വിട്ടപ്പോൾ ജാതീയമായ വേർതിരിവുകൾ ശക്തിയാർജ്ജിച്ചു കഴിഞ്ഞിരുന്നു. വാസ്‌ഗോഡ് ഗാമ കാപ്പാട് വന്നിറങ്ങിയതോടെ സമൂതിരിമാർ അസ്വസ്ഥരായി. എന്നാൽ രാജാക്കന്മാർ അവരെ സ്വീകരിക്കുകയും ചെയ്തു. പിന്നീട് ഡച്ചുകാർ കേരളം പിടിച്ചതോടെ പോർട്ടുഗീസുകാർ പിൻവാങ്ങുകയും ചെയ്തു. ശേഷം ബ്രിട്ടീഷ് സൈന്യം വാണിജ്യത്തിനായി തന്നെ കേരളത്തെ ആക്രമിച്ചപ്പോൾ ഡച്ച് & ഫ്രഞ്ച് സൈന്യം വഴിമാറി കൊടുക്കേണ്ടിയും വന്നു. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ , ശൂദ്രർ എന്നിങ്ങനെ ആരോ പടച്ചുവിട്ട ചാതുർവർണ്യ വ്യവസ്ഥയിൽ ബ്രിട്ടീഷ് സൈന്യം ഏകാധിപത്യം സ്ഥാപിച്ചു.

കൃത്യമായി ആണ്ടുകൾ തോറും വിദേശ സൈന്യം കേരളത്തെ ആക്രമിച്ചപ്പോൾ സമൂതിരിമാർക്കും, രാജാക്കന്മാർക്കും, മറ്റ് ജന്മി പ്രമാണികൾക്കും നിലനിൽപ്പ് ഇല്ലാതെ വന്നു. സ്വാഭാവികമായി അവർ ബ്രിട്ടീഷ് സൈന്യത്തിന്റെ താറ് താങ്ങാനും മൂട് താങ്ങാനും പ്രേരിതരായി. നിലനിൽപ്പിനായി നമ്പൂതിരിയും, നായരും (എല്ലാവരും ഇല്ല) സ്വന്തം നാട്ടിലെ കീഴാളരെ ഒറ്റികൊടുത്തും കൂട്ടി കൊടുത്തും അവരുടെ തനി സ്വഭാവം പുറത്തെടുത്തു. അവരുടെ ഷൂ നക്കി കൊടുത്ത് എങ്ങനെയും തങ്ങൾക്ക് കേരളത്തിലുള്ള ആധിപത്യം ഊട്ടിയുറപ്പിച്ചു.

സ്വന്തം നാട്ടിൽ നിന്ന് കിട്ടിയ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് നാളുകളേറെ ബ്രിട്ടീഷ് സൈന്യം ഇവിടെ അരങ്ങുവാണതെന്ന് ചരിത്രമറിയുന്ന ഓരോ വ്യക്തികൾക്കും തിരിച്ചറിവുള്ള കാര്യമാണ്.
ഇനി വരിയൻ കുന്നത്തിനെ എന്ത് കൊണ്ട് സങ്കികൾ ഭയക്കുന്നു….? മുകളിൽ ഓർത്തു വച്ചോളാൻ പറഞ്ഞ കാര്യം ഒന്നുകൂടി ഓർമിപ്പിക്കാം.

“ജന്മി ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല”

ഈ ചിത്രം പുറത്തിറങ്ങുമ്പോൾ വീണ്ടും ഒരു “കേരള വർമ്മ പഴശ്ശിരാജ” ആയിപോയെങ്കിൽ എന്നവർ ഭയക്കുന്നുണ്ടാവും. ചരിത്രത്തെ കീറി മുറിക്കരുതെന്ന ആവശ്യം ഉന്നയിച്ച് 2009ലും ഇത്തരത്തിലുള്ള വിവാദങ്ങൾ സംവിധായകൻ ഹരിഹരൻ നേരിട്ടിരുന്നു. പ്രശ്നങ്ങളെല്ലാം തരണം ചെയ്തുകൊണ്ട് മമ്മൂട്ടിയെ നായകനാക്കി അദ്ദേഹം 2009ൽ തന്നെ സിനിമ റിലീസ് ചെയ്യുകയും വൻ വിജയമാവുകയും ചെയ്തു.

ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ വീണ്ടുമിതാ ചരിത്രം…! ഏറ്റവും പുതിയ ട്രെൻഡ് മേയ്ക്കർ പ്രത്വിരാജ് സുകുമാരൻ നായകൻ.
എന്തിനാണ് മിത്രങ്ങൾ “കേരള ചരിത്രത്തെ” ഇത്രയേറെ ഭയക്കുന്നത്…? പഴയ ചതുർവർണ്യ വ്യവസ്ഥയും, ജന്മി കൂടിയാൻ വ്യവസ്ഥയുമൊക്കെ പുതിയ കുട്ടികൾ തിരിച്ചറിയുമെന്ന് ഭയന്നിട്ടാണോ…? വിദേശികളുടെ താറു താങ്ങിയും ഷൂ നക്കിയും സ്വന്തം നാട്ടിലെ ജനങ്ങളെ കുഴിയിൽ ഇരുത്തി ഭക്ഷണം തീറ്റിച്ചും തിണ്ണമിടുക്ക് കാട്ടി സ്വന്തം നാടിനെ ഒറ്റികൊടുക്കുമ്പോഴും ഇതൊക്കെ ആലോചിക്കണമായിരുന്നു.

പ്രീയപ്പെട്ട പ്രത്വിരാജ്… ശേ, അല്ല രാജുവേട്ടാ നിങ്ങൾ ഈ പ്രോജക്ട് പൂർത്തിയാക്കണം. കാരണം വൻ വിജയമാകുമെന്ന് ഉറപ്പാണ്. മിത്രങ്ങൾ ബഹിഷ്‌കരിക്കുന്ന എല്ലാറ്റിന്റെയും അവസ്‌ഥ അതാണല്ലോ.
മറ്റൊരു കാലാപാനിയും, കായംകുളം കൊച്ചുണ്ണിയും, കേരളവർമ്മ പഴശ്ശിരാജയുമൊക്കെ ഇനിയും സൃഷ്ടിക്കപ്പെടട്ടേ. ആഷിഖ് അബു – പ്രത്വി കൂട്ടുകെട്ടിൽ പിറക്കാൻ പോകുന്ന വിജയ ചിത്രത്തിന് എല്ലാ വിധ ആശംസകളും.
© Hari Narayanan