ഇന്ദ്രിയങ്ങൾ അഞ്ചും കൊണ്ട് കളിക്കളം കീഴടക്കുന്ന ധോണിക്ക് ഒരു പകരക്കാരൻ ഇനി ഉണ്ടാകുമോ എന്നാണ് നാം ആലോചിക്കേണ്ടത്

0
102

Hari Narayanan എഴുതുന്നു 

എഴുതിയാലും എഴുതിയാലും തീരാത്ത, ഏഴു വർണ്ണങ്ങളാൽ ശബളമാക്കാൻ കഴിയാത്ത, ഏഴാം മാസം ഏഴാം തീയതിയിൽ മണ്ണിലേക്കവതരിച്ച ഏഴാം നമ്പർ വിസ്മയത്തിന് ഈ ആരാധകന്റെ ചെറിയ “വലിയ” മാരത്തൺ സമ്മാനം.
“വർഷങ്ങൾക്കിപ്പുറം ഞാൻ ആഗ്രഹിക്കുകയാണ് 2003 വേൾഡ് കപ്പ് ഫൈനലിൽ തോറ്റ ആ ടീമിൽ ധോണി കൂടി ഉണ്ടായിരുന്നെങ്കിൽ..! ആ സമയം ധോണി റെയിൽവേ ടിക്കറ്റ് കളക്ടറായി ജോലി ചെയ്യുകയായിരുന്നു എന്നെനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല”

കോഴ വിവാദത്തിൽ തകർന്നടിഞ്ഞു പോയ ഇന്ത്യൻ ടീമിനെ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർക്കൊപ്പം തോളിലേറ്റി ഏറ്റവും മികച്ച ലോകകപ്പ് എന്ന് ക്രിക്കറ്റ് വിദഗ്ദർ വിശേഷിപ്പിക്കുന്ന 2003 ലെ “ഡ്രീം ലോകകപ്പ്” ഫൈനലിൽ എത്തിച്ച ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ വാക്കുകളാണിത്.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും ക്രിക്കറ്റിനെ മാറോട് ചേർത്തു പിടിച്ച ചുരുക്കം ചില താരങ്ങളെയുള്ളൂ. എന്നാൽ അതേ മനുഷ്യരിൽ ഒരാൾ ഇന്ന് ഇന്ത്യൻ മഹാരാജ്യത്ത് ഏറ്റവും കൂടുതൽ നികുതിയടക്കുന്ന താരമായാൽ ചിന്തിക്കാവുന്നതിലപ്പുറമായിരിക്കും അദ്ദേഹത്തിന്റെ കഠിനപ്രയത്നം.
മഹേന്ദ്ര സിംഗ് ധോണി…!

You can't pick and choose, dear Dhoniപ്രത്യാശയുടെ പുതുയുഗപിറവിയെന്നോണം 2004 ഡിസംബറിൽ റാഞ്ചിയെന്ന ചെറു പട്ടണത്തിൽ നിന്നും ഇന്ത്യൻ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതാനായി അദ്ദേഹം ആ 22 യാർഡുകളിലേക്ക് നടന്നു നീങ്ങി. ചെമ്പണിഞ്ഞ നീളൻ മുടിയും, കൊഴുത്ത ശരീരവും, ശാന്തതയില്ലാതെ വേഗതയിൽ കുതിച്ചു പായുന്ന ആ നടത്തവും.
അക്ഷരാർത്ഥത്തിൽ ഒരു “കാളകൂറ്റൻ”….!
പക്ഷെ ഇനിയങ്ങോട്ട് വിജയിക്കാൻ പോകുന്നവന്റെ തുടക്കത്തിൽ കാലം കാത്തുവച്ച കാവ്യനീതി മറ്റൊന്നായിരുന്നു. നേരിട്ട ആദ്യ ബോളിൽ തന്നെ റൺ ഔട്ട്….!ഒരു തുടക്കക്കാരന്റെ മനസ്സ് മരവിച്ചു പോകാൻ ഇതിൽ കൂടുതൽ എന്ത് വേണം…?
വരുന്ന ഒന്നര ദശാബ്ദത്തോളം കാലം വിക്കറ്റിന് മുന്നിലും പിന്നിലുമായി മഹേന്ദ്ര ജാലം കാട്ടാൻ പോകുന്ന ഒരു മനുഷ്യന് ഓരോ ഇഞ്ചും എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കി കൊടുത്ത മുഹൂർത്തങ്ങൾ.
പരാജയം അറിഞ്ഞവനെ വിജയിച്ചിട്ടുള്ളൂ എന്ന് പണ്ടാരോ പറഞ്ഞത് ധോണിയുടെ കരിയറിൽ അക്ഷരാർത്ഥത്തിൽ ശെരിവച്ചു.
ചിരവൈരികളായ പാകിസ്താനെ നേരിടാൻ ഇന്ത്യൻ സംഘം വിശാഖപട്ടണത്തേക്ക് വിമാനം കയറുമ്പോൾ അദ്ദേഹം അസ്വസ്ഥനായിരുന്നു. എങ്ങനെയും ടീമിൽ സ്ഥാനമുറപ്പിക്കണം. ഇന്നത്തെ യുവതാരങ്ങൾ നേരിട്ട അതേ വ്യാകുലത അദ്ദേഹത്തെയും അലട്ടിയിരുന്നു.

ഒരു തുടക്കക്കാരൻ എന്ന നിലയിൽ പരാജയമായിരുന്നു ആ അതികായൻ. എന്നാൽ മഹേന്ദ്ര സിംഗ് ധോനിയെന്ന മഹാമേരുവിന്റെ വിസ്ഫോടന ശേഷി ക്രിക്കറ്റ് ലോകം കാണാൻ കിടക്കുന്നതേയുള്ളായിരുന്നു. ടോസ്സ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ആഗ്രഹിച്ച തുടക്കമല്ല ഇന്ത്യക്ക് കിട്ടിയത്. ഓർക്കുക ഒരു ടീമിന്റെ വിജയത്തോളം പ്രാധാന്യമുള്ള സച്ചിന്റെ വിക്കറ്റ് പോയാൽ തോൽവി ശീലമാക്കിയ ടീം. എന്നാൽ മൂന്നാമത്തെ ഓവറിൽ രണ്ടാം പന്തിൽ മുഹമ്മദ് യൂസഫിന്റെ രൂപത്തിൽ സച്ചിൻ റൺ-ഔട്ട്…! 8 ബോളിൽ ഒരു റണ്ണു മായി സച്ചിൻ ഗാലറിയിലേക്ക് തലകുനിച്ചു നടന്നു നീങ്ങി. വൺ ഡൗണായി ഗാംഗുലിയെ പ്രതീക്ഷിച്ചു നിന്ന ഇന്ത്യൻ ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഒരു നീളൻ മുടിക്കാരൻ പയ്യൻ ആ 22 യാർഡുകളിലേക്ക്…! ക്രിക്കറ്റ് ലോകം ആശ്ചര്യത്തോടെ നോക്കി നിന്ന നിമിഷങ്ങൾ.
അദ്ദേഹമെത്തി, ഇരു കൈകളും ഉയർത്തി ഹെൽമെറ്റിനിടയിലൂടെ രണ്ട് കണ്ണുകളെയും ശാന്തമാക്കി പാഡുകളിൽ രണ്ട് തട്ട് തട്ടി ചുറ്റുമുള്ള ആരാധകരെയും ഫീല്ഡിങ് സെറ്റ് അപ്പുകളും പഠിച്ചു മുകളിലേക്ക് നോക്കി ഒരു ദീർഘ ശ്വാസം വിട്ട് ആദ്യ ബോൾ നേരിടാൻ ഒരുങ്ങുന്നു.
No run…! It’s a dot ball.

MS Dhoni Biography, Records, Stats, Net worth, Awards, Wife, Movieരണ്ടാം ബോളിൽ രണ്ട് റൺസ് എടുത്ത്കൊണ്ട് അദ്ദേഹം സ്കോറിങ് തുടങ്ങി. മറു എൻഡിൽ സെഹ്‌വാഗ് അടിച്ചു തകർക്കുന്ന തിരക്കിലായിരിക്കണം ധോണിയെ ആരും ശ്രദ്ധിക്കാതെ പോയത്. പതിമൂന്നാം ഓവറിൽ സൽമാൻ ഭട്ടിന് ക്യാച്ച് നൽകി 40 ബോളിൽ 74 റൺസ് എടുത്ത് സെഹ്‌വാഗ് മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് ഭേദപ്പെട്ട നിലയിൽ. ആക്രമണത്തിന്റെ വന്യമായ സൗന്ദര്യം മുഴുവൻ ആവാഹിച്ചു മടങ്ങി സെഹ്‌വാഗും. അപ്പോൾ മഹേന്ദ്ര സിംഗ് ധോണി 35 ബോളിൽ 41 റൺസ്.
സെഹ്‌വാഗിന്റെ പുറത്താവൽ സ്കോർ ബോർഡിൽ ബാധിക്കാതിരിക്കാനായിരിക്കണം ധോണി സ്കോറിങ് വേഗത കൂട്ടി. ശരാശരി 7 പോയിരുന്ന ഇന്ത്യൻ സ്കോർ ബോർഡ് 8ലേക്കായി. സെഹ്‌വാഗ് പുറത്തായിട്ടും റൺ റേറ്റ് കുറയുന്നില്ല. ഒരു പക്ഷെ അപ്പോഴായിരിക്കും പാകിസ്ഥാൻ ധോണിയെ ശ്രദ്ധിച്ചു തുടങ്ങിയത്. 49 ബോളിൽ 50 റൺസ് തികച്ച് കാണികളെ അഭിവാദ്യം ചെയ്ത ധോനിയെ പിടിച്ചു നിർത്താൻ പാക് ബൗളർമാർ നന്നായി വിയർത്തു.
ഒരു വശത്ത് രാഹുൽ ദ്രാവിഡിന്റെ വക പ്രതിരോധവും മറു വശത്ത് ധോണിയുടെ വക ആക്രമണവും. ആഹാ….! എന്താണ് ഭംഗി. ക്രിക്കറ്റിൽ ഇത്രയും നല്ല മുഹൂർത്തങ്ങൾ ചുരുക്കം ചിലത് മാത്രമാണ്.
“CRICKET AT IT’S BEST”

ICC says army logo on Indian cricketer Dhoni's gloves has to go ...കമെന്ററി ബോക്‌സ് രവി ശാസ്ത്രിയുടെ രൂപത്തിൽ ചിലച്ചു. പാക് ബൗളിംഗിനെ നിലം തൊട്ടും തൊടാതെയും ശിക്ഷിച്ചു കൊണ്ട് ധോണിയും. അങ്ങനെ മുപ്പത്തിയൊന്നാം ഓവറിൽ ഷാഹിദ് അഫ്രീദിയെ ബൗണ്ടറിക്കും ശേഷമൊരു സിംഗിളിനും ശിക്ഷിച്ചു കൊണ്ട് ധോണിയുടെ
കന്നി സെഞ്ചുറി…..!
ലോങ് ഓണിലേക്ക് ബോള് തട്ടി ഇട്ട ശേഷം ഇരു കൈകളും ഉയർത്തി ഒരു കൊച്ചു കുട്ടിയെ പോലെ കാണികളെ അഭിവാദ്യം ചെയ്തു. ഇന്നും ക്രിക്കറ്റിലെ ഏറ്റവും രസകരമായ സെലിബ്രേഷനുകളിൽ ഒന്നാണ് അത്. സെഞ്ചുറി കഴിഞ്ഞ് സിക്സറും ഫോറുകളും കൊണ്ട് വിശാഖ പട്ടണത്ത് അക്ഷരാർത്ഥത്തിൽ ധോണി ആറാടുകയായിരുന്നു. കമെന്ററി ബോക്സിൽ രവി ശാസ്ത്രിയും.
Unstoppable dhoni, How to stop this mahn…! Mahendra singh dhoni absolutely magnificent.
ഒരു ബ്രേക്ക് ത്രൂവിന് മുഹമ്മദ് ഹഫീസിനെ കൊണ്ട് വന്ന പാക് ക്യാപ്റ്റന്റെ തന്ത്രം ഫലിച്ചു. ഷോയിബ് മാലിക്കിന് ക്യാച്ച് നൽകി ധോണി പുറത്ത്. 123 ബോളുകളിൽ 148 റൺസ്. 15 ഫോറുകളും 4 സിക്സറുകളും ആ ഇന്നിങ്സിന് മാറ്റ് കൂട്ടി. മത്സരം ഇന്ത്യ ജയിക്കുകയും മഹേന്ദ്ര സിംഗ് ധോണി മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റു വാങ്ങുകയും ചെയ്തു.
ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ഇരിപ്പിടത്തിലേക്ക് ഇനി വരുന്ന ഒന്നര ദശാബ്ദത്തോളം കാലം ആ മഹാ രാജാവിന്റെ പട്ടാഭിഷേകമാണ് അന്ന് അവിടെ കഴിഞ്ഞത്.

മഹേന്ദ്ര സിംഗ് ധോണി എന്നത് ക്രിക്കറ്റിന് ഒരു സാധാരണ മനുഷ്യനല്ല എന്ന് ഇതിനോടകം തന്നെ ഒരു അടക്കം പറച്ചിലുണ്ടായിരുന്നു. അതിനെ സാധൂകരിക്കാനെന്നോണം ഇന്ത്യൻ ടീം ശ്രീ ലങ്കക്ക് എതിരായ ഏകദിനത്തിന് ജയ്പൂരിലേക്ക് വണ്ടി കയറി. ധോണി എന്ന മനുഷ്യന്റെ വിസ്ഫോടന ശേഷി ക്രിക്കറ്റ് ലോകം അടുത്തറിഞ്ഞ നിമിഷം.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്ക മരതക ദ്വീപിന്റെ മാണിക്യങ്ങളായ കുമാർ സങ്കക്കാരയുടെ സെഞ്ചുറിയുടെയും മഹേള ജയവർദ്ധനെയുടെ അർധ സെഞ്ചുറിയുടെയും മികവിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് മുൻപിൽ ഉയർത്തിയ വിജയ ലക്ഷ്യം 50 ഓവറിൽ 299 റൺസ്…! അക്കാലത്ത് അപ്രാപ്യമായ ഒന്ന്. ഇന്ത്യൻ സംഘത്തിന് നേരിടേണ്ടത് ചാമിന്ദ വാസും, ഫെർണൻഡോയും , മഹറൂഫും, മുത്തയ്യ മുരളീധരനും അടങ്ങുന്ന ലോകോത്തര ബോളിങ് നിരയെ. സച്ചിനും സെഹ്‌വാഗും ക്രീസിലേക്ക്. ഇന്ത്യൻ ഇന്നിംഗ്സിന്റെ അഞ്ചാം ബോളിൽ തന്നെ സാക്ഷാൽ സച്ചിന്റെ വിക്കറ്റ് നഷ്ടം. കമെന്ററി ബോക്സ് ചിലച്ചു…
Tendulkar departs early and the crowd is stunned into silence…!
Dhoni is the next man in….!

Dhoni dropped from central contracts list; BCCI says no relation ...ആദ്യ ഒരു വിക്കറ്റ് പോയാൽ ചീട്ടു കൊട്ടാരം പോലെ തകർന്നു വീഴുന്ന ടീമിൽ അടുത്ത ഒന്നൊന്നര പതിറ്റാണ്ടിലേക്ക് ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലാവൻ ക്രിക്കറ്റിലെ ഭൂതഗണങ്ങളെല്ലാം ധോണിയുടെ രൂപത്തിൽ അവതരിച്ച നിമിഷം.
അതേ ധോനിയെന്ന മൂർത്തിയുടെ രൗദ്ര ഭാവം എത്രത്തോളം ഭയാനകരമെന്ന് ക്രിക്കറ്റ് ലോകമറിഞ്ഞ കുറച്ചു നിമിഷങ്ങൾ. രണ്ടാമത്തെ ഓവറിലെ മൂന്നാം ബോളിൽ കവറിന് മുകളിലൂടെ ചാമിന്ദ വാസിനെ സിക്സറിന് ശിക്ഷിച്ചു കൊണ്ട് ധോണി ആരംഭിച്ചു. സിക്സ് നമ്പർ ഒന്ന്…! വീണ്ടും സിംഗിളുകളും ഡോട്ട് ബോളുകളും. സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്യാൻ സെഹ്‌വാഗ് ഒരുപാട് ബുദ്ധിമുട്ടി. വീണ്ടും ഇന്ത്യൻ സ്കോർ ബോർഡിൽ പ്രഷർ. അടുത്ത എൻഡിൽ വീണ്ടും ബൗൾ ചെയ്യാനെതിയത് വാസ് ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞ ബോൾ നേരിട്ടത് ധോണി. ബോളിനെ കവർ ഫെൻസിലൂടെ അരിഞ്ഞിട്ട് നിലം തൊടാതെയുള്ള അടുത്ത പ്രഹരം. സിക്സ് നമ്പർ രണ്ട്…! ഇന്ത്യൻ സ്കോർ പതിയെ കുതിക്കാൻ തുടങ്ങി അടുത്തത് മഹറൂഫിന്റെ ഊഴമായിരുന്നു. ഫുൾ ലെങ്ത്തിൽ എറിഞ്ഞ മഹറൂഫിനെ ക്രീസിന് മുൻപിലേക്ക് സ്റ്റെപ്പ് ഔട്ട് ചെയ്തു കളിച്ച ധോണി ഇത്തവണ പറത്തിയത് ലോങ് ഓഫിന് മുകളിലൂടെ. സിക്സ് നമ്പർ മൂന്ന്…! മഹറൂഫിന്റെ തന്നെ ആ ഓവറിലെ അവസാന പന്ത് കവർ ഫീൽഡേഴ്സിനെയും കടന്ന് ബൗണ്ടറിയിലേക്ക് പാഞ്ഞു. മൂന്ന് സിക്സറുകൾ കൊണ്ട് തുടങ്ങിയ ആ ഇന്നിംഗ്‌സിലെ ആദ്യ ഫോർ.

MS Dhoni net worth, salary and real story behind '₹1 lakh ...ഈ മുടിയൻ പയ്യൻ എന്തോ ഒരുങ്ങി തന്നെയാണ് വന്നേക്കുന്നതെന്ന് ലങ്കൻ ബൗളിംഗ് മനസ്സിലാക്കിയ നിമിഷം. നിശ്ചിത ഇടവേളകളിൽ ലങ്കൻ ബോളിങ്ങിനെ ബൗണ്ടറികൾകളിലേക്ക് നിലം തൊട്ടും തൊടാതെയും അദ്ദേഹം പ്രഹരിച്ചുകൊണ്ടേയിരുന്നു. ബോളിനെ നിന്ന നിൽപ്പിൽ കറക്കുന്ന മുരളീധരനും ആ “ബാസിന്റെ ബാസ്” അറിഞ്ഞു. ഇന്ത്യൻ ഇന്നിംഗ്സിന്റെ തുടക്കത്തിലെ ബാറ്റിങ് ഭാരം സ്വന്തം ചുമലിലേക്ക് ആവാഹിച്ച ആ മനുഷ്യൻ വളരെ വേഗത്തിലായിരുന്നു. പതിനൊന്നാമത്തെ ഓവറിന്റെ അഞ്ചാം പന്തിൽ വാസിനെ ബൗണ്ടറിക്ക് ശിക്ഷിച്ചു കൊണ്ട് അദ്ദേഹം ഒരു കൊച്ചു കുട്ടിയെ പോലെ ബാറ്റെടുത്ത് ഉയർത്തി. 41 ബോളിൽ 50 റൺസ്. വീണ്ടും ബാറ്റിങ്ങിന്റെ വേഗത കൂട്ടിയ ധോണി ഇന്ത്യൻ സ്കോർ ബോർഡ് ഓവറിൽ 7 റൺസ് എന്ന ശരാശരിയിലായിരുന്നു കൊണ്ടുപോയത്. ഇരുപത്തിനാലാം ഓവറിന്റെ ആദ്യ പന്തിൽ സിംഗിൾ ഇട്ടുകൊണ്ട് ആ മുടിയാനായ പയ്യൻ തികച്ചത് ശ്രീലങ്കക്കെതിരെ ഒരു ഇന്ത്യൻ ബാറ്റ്സ്മാന്റെ അതിവേഗ സെഞ്ചുറി ആയിരുന്നു. ഫോറുകളെക്കാൾ സിക്സറുകൾ മേമ്പൊടി ചാർത്തിയ ഇന്നിംഗ്സ്. 85 ബോളിൽ 100 റൺസ്…!

തീർന്നില്ല ഇനിയാണ് യഥാർത്ഥ വെടിക്കെട്ട് ആരംഭിക്കാൻ പോകുന്നത്. അത് വരെ ബോളേഴ്സിന്റെ മുഖം നോക്കാതെയുള്ള അടിയായിരുന്നെങ്കിൽ ഇവിടുന്നങ്ങോട്ട് ആ കാളകൂറ്റന്റെ അഴിഞ്ഞാട്ടം ആയിരുന്നു. വന്നവനും പോയവനുമൊക്കെ കണക്കിന് കിട്ടി. ലങ്കയുടെ പ്രധാന ബൗളേഴ്സ് എല്ലാം കളി മറന്നപ്പോൾ ഒരു ബ്രേക്ക് ത്രൂവിനായി വന്ന തിലകരത്നെ ദിൽഷനും കിട്ടി 5 ഓവറിൽ 33 റൺസ്. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് പോകുമ്പോഴും ധോണി പതറിയില്ല.
അമ്പതും, നൂറും,നൂറ്റിയൻപതും കഴിഞ്ഞ് ധോണിയുടെ ബാറ്റ് “ഏകദിനത്തിൽ അപ്രാപ്യമായ” ഒരു സംഖ്യയിലേക്ക് കുതിക്കുന്നു…! തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശി ഏകദിനത്തിലും റൺസ് ശരാശരി അതിവേഗം കുതിപ്പിച്ചു.
ഇനി നാല് ഓവറിൽ 6 വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യക്ക് വേണ്ടത് 2 റൺസ് മാത്രം. ധോണി 144 ബോളിൽ 177…! നാൽപ്പത്തിയാറാം ഓവർ എറിയാൻ വന്ന ദിൽഷനും അത് പ്രതീക്ഷിച്ചു കാണില്ല. കലിയടങ്ങാത്ത ആ ബാറ്റ് ബൗണ്ടറിക്ക് മുകളിലൂടെ പാഞ്ഞു. സിക്സ് നമ്പർ പത്ത്…!

There it is! Dhoni dances down the track and swings across,that’s his 10th six of the innings and India have won in grand style…!
അതേ ധോണി ഗ്രൗണ്ടിൽ നൃത്തം ചെയ്യുകയായിരുന്നു…!
അങ്ങനെ 145 ബോളിൽ 183* റൺസ് നേടി ക്രീസ് വിടുമ്പോൾ ധോണിക്കൊപ്പം പോന്നത് ഒരുപറ്റം റെക്കോർഡുകൾ. ശ്രീലങ്ക കുറച്ച് റൺസ് കൂടി നേടിയിരുന്നെങ്കിൽ എന്ന് ഇന്ത്യൻ ആരാധകർ ഒരുപോലെ ആഗ്രഹിച്ച നിമിഷം. അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ സച്ചിനും മുൻപ് ധോണി ആദ്യ ഏകദിന 200 സ്വന്തമാക്കുമായിരുന്നു. അതോടെ ഇന്ത്യൻ ടീമിലെ വിക്കറ്റ് കീപ്പിങ് ഇരിപ്പിടത്തിലേക്ക് അദ്ദേഹം സ്ഥിര പ്രതിഷ്ഠ നേടുകയായിരുന്നു.
പിന്നീടുമുണ്ടായി എണ്ണം പറഞ്ഞ ഒരുപിടി നല്ല ഇന്നിംഗ്സുകൾ.

സാക്ഷാൽ സൗരവ് ഗാംഗുലി കിരീടവും ചെങ്കോലും അഴിച്ചു വച്ചപ്പോൾ ഒഴിഞ്ഞുകിടന്നത് ഇന്ത്യൻ ടീമിലെ സുവർണ്ണ സിംഹാസനമാണ്. ഗാംഗുലി ബാക്കി വച്ച ഒരു ടീമിനെ നയിക്കുക എന്നത് വലിയൊരു വെല്ലു വിളി തന്നെയായിരുന്നു. അത് കൊണ്ട് തന്നെയാകാം ആ സിംഹാസനത്തിൽ നാൾ തോറും ആളുകൾ വന്നു പോയത്. ദ്രാവിഡ്, സച്ചിൻ, സെഹ്‌വാഗ് അങ്ങനെ എത്ര എത്ര…? സച്ചിനും പത്തി താഴ്ത്തി മടങ്ങിയപ്പോൾ ക്യാപ്റ്റൻ സ്ഥാനം യുവാക്കൾക്ക് കൈ മാറാൻ മുൻ താരങ്ങൾ മുറവിളി കൂടി. ബി സി സി ഐ യും അത് ചെവി കൊണ്ടു. യുവരാജ് സിംഗ്, ഗൗതം ഗംഭീർ, വീരേന്ദർ സെഹ്‌വാഗ്, സഹീർ ഖാൻ തുടങ്ങിയവർക്കായിരുന്നു മുൻഗണന.
എന്നാൽ ധോണി എന്ന വിക്കറ്റ് കീപ്പറുടെ വിക്കറ്റിന് പിന്നിലെ തന്ത്ര പരമായ നീക്കങ്ങൾ മുൻ ക്യാപ്റ്റനായ സച്ചിൻ വീക്ഷിക്കുന്നുണ്ടായിരിക്കണം. അത് കൊണ്ട് തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി എന്ന പേര് അദ്ദേഹം ചൂണ്ടി കാട്ടിയത്. അല്ലെങ്കിൽ തന്നെ സച്ചിൻ ടെണ്ടുൽക്കർക്ക് എന്താണ് തെറ്റിയിട്ടുള്ളത്…? ആദ്യ ടി 20 ക്യാപ്റ്റൻ വീരേന്ദർ സെഹ്‌വാഗ് ആയിരുന്നെങ്കിലും പിന്നീടങ്ങോട്ട് മഹേന്ദ്ര സിംഗ് ധോനിയെന്ന ബുദ്ധിമാനായ ക്യാപ്റ്റന്റെ ചടുലമായ നീക്കങ്ങൾ ആയിരുന്നു.
അങ്ങനെ പ്രഥമ ടി 20 ലോകകപ്പിന് ഒരുപറ്റം ചെറുപ്പക്കാരെയും കൂട്ടി “പിള്ളേര് പോയി കളിച്ചിട്ടു വരട്ടെ” എന്ന മട്ടിൽ
ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടി കയറി. 2007 സെപ്തംബർ 14 മത്സരം പാകിസ്താനെതിരെ. ഓർക്കണം കപ്പിനെക്കാൾ വലുതാണ് നമുക്ക് ആ മത്സരം. മത്സര ഫലം സമനില. ലോക ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ആദ്യത്തെ ബോൾ ഔട്ട് നടക്കാൻ പോകുന്നു. അവിടുന്ന് പ്രവർത്തിക്കാൻ തുടങ്ങുകയായിരുന്നു ധോണിയുടെ ‘തല’…! പാകിസ്ഥാൻ വിക്കറ്റ് കീപ്പർ നോർമൽ വിക്കറ്റ് കീപ്പിംഗ് നടത്തി. പാക്കിസ്ഥാൻ ക്യാപ്റ്റൻ മിസ് ബാ നോർമൽ ബൗളേർസിന് ബോളിംഗും കൊടുത്തു. എന്നാൽ ധോണി ചിന്തിച്ചത് മറ്റൊരു രീതിയിലാണ്. ഒരു സ്പെഷ്യലിസ്റ് ബോളറും രണ്ട് പാർട് ടൈമേഴ്സും. ഹർഭജൻ , സെഹ്‌വാഗ് , ഉത്തപ്പ ചരിത്ര വിജയത്തിൽ ബോളെടുത്തത് ഇവർ. എന്നാൽ അവിടെ വർക്ക് ചെയ്ത ധോണി ബ്രില്ലിൻസ് ആരും ശ്രദ്ധിച്ചിരുന്നില്ല. മത്സര ശേഷം ഹർഭജൻ പറയുകയുണ്ടായി

“അക്മൽ നോർമൽ വിക്കറ്റ് കീപ്പിംഗ് നടത്തിയപ്പോൾ ധോണി പ്ലേസ് ചെയ്തത് സ്റ്റപ്സിനു നേരെയായിരുന്നു. ധോണിയെ ലക്ഷ്യം വച്ചെറിഞ്ഞാൽ വിക്കറ്റ് തെറിക്കും”.
അതേ അവിടുന്ന് തലയുടെ തല പ്രവർത്തിക്കാൻ തുടങ്ങിയതാണ്…. ഇത് വരെ നിലച്ചിട്ടില്ല ഇനി നിലക്കുകയിമില്ല. പിള്ളേര് പോയി കളിച്ചിട്ടു വരട്ടെന്ന മുതിർന്ന താരങ്ങളുടെ താഴ്ത്തികെട്ടലും നിന്നു. ആ സ്പാർക്ക് പ്രഥമ ലോകകപ്പിന്റെ ഫൈനലിലേക്കുള്ള പ്രവേശനത്തിൽ എത്തി നിന്നു.
ഒരു തുടക്കകാരൻ ക്യാപ്റ്റന്റെ ആദ്യ ഫൈനൽ , ഓർക്കുക ലോകകപ്പ് ഫൈനൽ…! ഇന്ന് അദ്ദേഹത്തെ വിമർശിക്കുന്ന വിരോധികൾക്ക് ഊഹിക്കാൻ പറ്റുന്നുണ്ടോ അദ്ദേഹത്തിന്റെ റേഞ്ച്….? ധോണി എന്ന ക്യാപ്റ്റന്റെ ദീർഘ വീക്ഷണം എത്രത്തോളം ഉണ്ടെന്നു മനസ്സിലാക്കുക. അവസാന ഓവർ വരെ നീണ്ടു നിന്ന ലോകകപ്പ് ഫൈനലിൽ അവസാന ഓവർ ഏൽപ്പിച്ചത് ആവറേജിലും താഴ്ന്ന നിലവാരമുള്ള ജോഗീന്ദർ ശർമയെ….! ക്രിക്കറ്റ് ലോകം ആകെ ഞെട്ടിത്തരിച്ച നിമിഷം. പരിചയ സമ്പന്നനായ ഹർഭജൻ സിങ്ങിന് ഓരോവർ ബാക്കിയും. പുതിയ ക്യാപ്റ്റന്റെ പാകത ഇല്ലായ്മ എന്ന് ക്രിക്കറ്റ് വിദഗ്ധർ മുദ്ര കുത്തിയ നിമിഷം. മത്സരം ഇന്ത്യ 5 റൺസിന് ജയിച്ചു. സാക്ഷാൽ സൗരവ് ഗാംഗുലിക്ക് പോലും സാധിക്കാത്ത ചരിത്ര നേട്ടം ഈ മുടിയൻ പയ്യന് നേടാൻ കഴിഞ്ഞു. ഇന്ത്യക്ക് പ്രഥമ ടി 20 ലോകകപ്പ്…!

ജോഹന്നാസ് ബർഗിൽ ആഘോഷങ്ങൾ കെട്ടടങ്ങും മുൻപേ തുടങ്ങിയ പോസ്റ്റ് മാച്ച് പ്രസന്റേഷനിൽ ധോണി നേരിട്ട ആദ്യ ചോദ്യവും അത് തന്നെയായിരുന്നു. “ഹർഭജൻ സിങ്ങിന് ഓവർ ബാക്കി നിൽക്കെ ജോഗീന്ദർ ശർമ്മക്ക് ബോള് കൊടുത്തത് എന്തിനായിരുന്നു…?” ഒരു ചെറു പുഞ്ചിരിയോടെ ‘ആ പാകത ഇല്ലാത്ത പയ്യൻ’ മത്സര ശേഷം പറഞ്ഞത് ഇങ്ങനെ
“ജോഗീന്ദർ ആണ് താരം, അദ്ദേഹം മികച്ച ഒരു ബൗളറാണ്. മിസ് ബാ അവസാന വിക്കറ്റിൽ ഒരിക്കലും സ്‌ട്രൈക്ക് റോട്ടേറ്റ് ചെയ്യാൻ ശ്രമിക്കില്ല, “- ധോണി
“ശ്രീയെ മുൻപോട്ട് ഞാൻ എത്തിക്കാം നി അതിനനുസരിച്ചു ബോൾ ചെയ്യുക, ഞാനാണ് ക്യാപ്റ്റൻ. തോൽവിയാണ് ഫലം എങ്കിൽ അതിന്റെ മുഴുവൻ ഉത്തരവാദിത്തവും എനിക്കായിരിക്കും. ആ വാക്കുകളാണ് എനിക്ക് പ്രചോദനവും ധൈര്യവും തന്നത്” – ജോഗീന്ദർ ശർമ്മ.
അവിടെ തുടങ്ങുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ നിന്നും ഇന്ത്യ കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനിലക്കുള്ള “ക്യാപ്റ്റൻ കൂളിന്റെ” തേരോട്ടം.

അങ്ങനെ ആദ്യ ടി 20 വേൾഡ് കപ്പ് ഇന്ത്യൻ ഷെൽഫിൽ പ്രതിഷ്ഠിച്ചു കൊണ്ട് “ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി” കപ്പുകൾക്കായുള്ള മഹേന്ദ്ര ജാലം ആരംഭിച്ചു. പിന്നീട് സി ബി സീരീസ്, ശ്രീലങ്കൻ മണ്ണിൽ ആദ്യ പരമ്പര വിജയം, ഓസ്ട്രേലിയൻ മണ്ണിൽ വച്ച് ഓസ്‌ട്രേലിയയെ വൈറ്റ് വാഷ് ചെയ്യുക, ഓസ്‌ട്രേലിയയെ ടെസ്റ്റിൽ വൈറ്റ് വാഷ് ചെയ്യുക, ത്രിരാഷ്ട്ര കപ്പ് , ഏഷ്യ കപ്പ് , എണ്ണം പറഞ്ഞ ബൈലാറ്ററൽ ട്രോഫികൾ, ഇന്ത്യൻ പ്രീമിയർ ലീഗ് ടൈറ്റിലുകൾ, ടെസ്റ്റ് മെയ്സ്, ചാമ്പ്യൻസ് ലീഗ് ട്രോഫികൾ, ചാമ്പ്യൻസ് ട്രോഫി അതിലെല്ലാം ഉപരി 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു ഏകദിന ലോകകപ്പ്….! ഇതിലുപരി എന്തുണ്ട് ഒരു ക്യാപ്റ്റന് നേടാൻ…?
വർഷങ്ങൾക്കിപ്പുറം ഈ 2020 ൽ കൂടി ധോണി എന്ന ഇതിഹാസത്തെ ഇന്ത്യൻ ടീമിലേക്ക് സെലക്ട് ചെയ്ത മുൻ ചീഫ് സെലക്ടർ സയ്യിദ് കിർമാണി പറയുകയുണ്ടായി

“കഴിഞ്ഞ 20 വർഷത്തിനിടയിൽ ഇന്ത്യൻ ടീമിൽ സംഭവിച്ച ഏറ്റവും മികച്ച കാര്യം എന്തെന്നാൽ മഹേന്ദ്ര സിംഗ് ധോണിയെ 2007ൽ പ്രഥമ ലോകകപ്പിൽ ക്യാപ്റ്റനായി സൗത്ത് ആഫ്രിക്കയിലേക്ക് വിട്ടു” എന്നതാണ്.
2011 ലെ ലോകകപ്പ് ഫൈനലിൽ മാത്രമാണ് ധോണി മികച്ച ബാറ്റിങ് പ്രകടനം കാഴ്ച്ച വെച്ചതെന്ന് പറയുന്ന “ഓൺലൈൻ സെലക്ടർമാരും ഓൺലൈൻ ക്രിക്കറ്റ് വിദഗ്ധരും” അറിഞ്ഞുകൊണ്ട് കണ്ണടക്കുന്നതാണ് പാകിസ്താനെതിരെ സച്ചിൻ ടെണ്ടുൽക്കർക്ക് കൊടുത്ത ചെറിയ വലിയ സപ്പോർട്ടിങ് ഇന്നിംഗ്സ്. ഒരു ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ ധോണിയുടെ ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച സപ്പോർട്ടിങ് ഇന്നിംഗ്‌സും അത് തന്നെ.

42 ബോളുകളിൽ 2 ഫോറുകൾ ഉൾപ്പടെ 25 റൺസ്…!
പറയുമ്പോൾ അത്ര വലിയ ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയാത്ത റൺസ്,അതും ഏകദിനത്തിൽ. അപ്പോഴും ആരും ആ ഇന്നിംഗ്സ് കളിക്കാനുള്ള സാഹചര്യം മനസ്സിലാക്കുന്നില്ല. 4 വർഷങ്ങൾക്കിപ്പുറം ഒരിക്കൽ മാത്രം സംഭവിക്കുന്ന ഏകദിന ലോകകപ്പ്, സച്ചിന്റെ അവസാന ലോകകപ്പ്, ഇന്ത്യൻ മണ്ണിൽ നടക്കുന്ന ലോകകപ്പ് ഇന്ത്യക്ക് കിരീടത്തിലെത്താൻ ഉതകുന്ന അനുകൂല സാഹചര്യങ്ങളേറെ. അതിലൊക്കെ ഉപരി പാകിസ്താനെതിരെ ഒരു സെമി ഫൈനൽ…! സമ്മർദ്ദം ഏറെ. സാമാന്യം ഭേദപ്പെട്ട തുടക്കം. പക്ഷെ നിശ്ചിത ഇടവേളകളിൽ വഹാബ് റിയാസ് ഇന്ത്യൻ തൂണുകൾ ഓരോന്നായി പിഴുതു മാറ്റി. 116 റൺസ് ആയപ്പോഴേക്ക് ഗംഭീറിനെ നഷ്ടമാകുന്നു. സച്ചിനൊപ്പം ഇന്ത്യൻ സ്കോർ ബോർഡിൽ 25 റൺസ് കൂട്ടി ചേർക്കുമ്പോഴേക്ക് കോഹ്‌ലിയും, കോഹ്‌ലിക്ക് തൊട്ടടുത്ത ബോളിൽ ഗോൾഡൻ ഡക്കായി വേൾഡ് കപ്പ് ഹീറോ യുവിയും മടങ്ങുന്നു. ഇന്ത്യൻ സ്കോർ 25 ഓവറിൽ 141 /4 കാണികൾക്കും കമെന്ററി ബോക്സിനും ഇന്ത്യൻ ജനതക്കും നിരാശ. നേരിയ പ്രതീക്ഷ സച്ചിനിൽ മാത്രം. അപ്പോഴേക്കും പാക് ഫീൽഡേഴ്‌സ് 4 തവണ സച്ചിനെ “കൈ വിട്ടിരുന്നു”.

ധോണി ബാറ്റിങ്ങിനിറങ്ങുന്നു. ഡോട്ട് ബോളുകളും സിംഗിളും ഡബിളും. അനാവശ്യമായ ഒരു റണ്ണിനു വേണ്ടിയും അദ്ദേഹം ക്രീസ് വിട്ടില്ല. പതിയെ പാക് ബോളർമാരെ ബഹുമാനിച്ചു കൊണ്ട് തന്നെ ഇന്നിംഗ്സ് പടുത്തുയർത്തി. സച്ചിൻ ഫ്രീ ആയി കളിക്കാൻ തുടങ്ങി. ബോള് നന്നായി കുത്തി തിരിഞ്ഞ പിച്ചിൽ സയ്യിദ് അജ്മലിനെ നേരിടാൻ ധോണി ഇനിഷ്യേറ്റിവ് എടുക്കുന്നു. സച്ചിൻ അത്രയും ഫ്രീ ആകുമല്ലോ. ധോണിയും നന്നായി പതറി തന്നെയാണ് അജ്മലിനെ നേരിട്ടത്. സച്ചിനൊപ്പം അഞ്ചാം വിക്കറ്റിൽ ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറിയ 46 റൺസ് പാർട്ണർഷിപ്. അജ്മലിനെതിരെ അഫ്രീദിയുടെ കൈകളിലെത്തി സച്ചിൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡ് 36 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187 റൺസ്. വീണ്ടും റൈനയുമൊത്ത് 18 റൺസ് പാർട്ട്ണർഷിപ്പ്.

ഇന്നിംഗ്സ് വളരെ സ്ലോ ആക്കിയെന്ന പേരിൽ ഒരു സംഘം ആൾക്കാർ തന്നെ ആക്രമിക്കുമെന്ന് മനസ്സിലാക്കി തന്നെയായിരിക്കാം അദ്ദേഹം ആ ഇന്നിംഗ്സ് കളിച്ചതും. 46 റണ്ണിന്റെയും 18 റണ്ണിന്റെയും പാർട്ണർഷിപ്പിന്റെ വില എത്രത്തോളമാണെന്ന് മത്സരം ലൈവായി കണ്ട ഏതൊരു ക്രിക്കറ്റ് ആരാധകനും മനസ്സിലാകും.
മഹീ…, ആ 42 ബോളിലെ 25 റൺസിന് ആ ലോകകപ്പോളം പ്രാധാന്യം ഉണ്ടാകുമെന്ന് ക്രിക്കറ്റ് ലോകം മനസ്സിലാക്കിയാൽ ഒരു പക്ഷെ ഇന്ന് താങ്കൾക്ക് പേരിന് പോലും ഒരു വിരോധി ഉണ്ടാകുമായിരുന്നിരിക്കില്ല…!
മഹേന്ദ്ര സിംഗ് ധോണി എന്ന ബാറ്റ്സ്മാന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സും, മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്റെ ഏറ്റവും മികച്ച തീരുമാനവും ആ ലോകകപ്പിൽ തന്നെയായിരുന്നു. സെമിയിൽ പാക് പടയെ കശക്കിയെറിഞ്ഞു ഇന്ത്യ 2011 ലോകകപ്പ് ഫൈനലിൽ.
ഏപ്രിൽ 2 വാങ്കഡെയിൽ ടോസ് ഇട്ടത് മുതൽ നാടകീയത. രണ്ട് ടോസ്…! ജയവർദ്ധനെയുടെ സെഞ്ചുറി മികവിൽ ആദ്യം ബാറ്റ് ചെയ്ത ലങ്ക 274 റൺസ്…! ഒരു വലിയ ടൂർണമെന്റ് ഫൈനലിൽ വലിയൊരു സ്കോർ തന്നെയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 32 റൺസ് എടുക്കുന്നതിനിടയിൽ ഇരട്ട പ്രഹരമേറ്റു. സച്ചിനും സെഹ്‌വാഗും മടങ്ങി. ഗ്യാലറികൾ നിലച്ചു.
മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്റെ ചങ്കൂറ്റവും ഇവറസ്റ്റോളം പോന്ന ആത്മവിശ്വാസവും അതിലുപരി ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച തീരുമാനവുമെല്ലാം നടന്നത് ആ ഒറ്റ രാത്രിയിൽ…. ആ ഒറ്റ നിമിഷത്തിൽ….! ഗംബീറിനു കൂട്ടായി ബാറ്റിംഗ് ഓർഡറിൽ മാറ്റം വരുത്തി 132 കോടി ജനങ്ങളുടെ സമ്മർദ്ദവും ആ റീബോക്കിൽ ആവാഹിച്ചു കൊണ്ട് ക്യാപ്റ്റൻ സ്വയം എഴുന്നള്ളി. സുധീറിന്റെ ത്രിവർണ്ണ പതാക വാങ്കഡെയിൽ ഉയർന്നു പാറി. . . . . പ്രതീക്ഷകൾ മുഴുവൻ ഇടം കൈ വലം കൈ കോമ്പിനേഷനിൽ. ഗംഭീർ സിംഗിളുകളും ഡബിളുകളും ഇടുമ്പോൾ ക്യാപ്റ്റൻ ബോളിനെ അതിർത്തി കടത്തി. ക്യാപ്റ്റൻ 50 തികക്കുമ്പോൾ പോലും അദ്ദേഹം അതറിഞ്ഞിരുന്നില്ല. കാരണം വേൾഡ് കപ്പ് മാത്രം ലക്ഷ്യം വച്ചാണ് ആ മനുഷ്യൻ 22 വാരങ്ങളിലേക്ക് നടന്നു വന്നത്. ഒടുവിൽ 48.2 ഓവറിൽ കുലശേഖരയെ സിക്സറിന് പറത്തി ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി 28 വർഷങ്ങൾക്കിപ്പുറം ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ കൊണ്ടെത്തിച്ചു. കമന്ററി ബോക്സ് രവിശാസ്ത്രിയുടെ രൂപത്തിൽ ചിലച്ചു…..

Dhoni finishes off in style. A magnificent strike into the crowd! India lift the World Cup after 28 years!”
തല്ലാനൊരു ബാറ്റും എവറസ്റ്റോളം ആത്മവിശ്വാസവും കൈമുതലായുള്ള ആ നീളൻ മുടിക്കാരൻ “കാളകൂറ്റൻ” ആ രാത്രിയിൽ അവിടെ അവസാനിച്ചു. പിന്നീട് കപിൽ ദേവിനും, സച്ചിൻ തെണ്ടുൽക്കർക്കും, രാഹുൽ ദ്രാവിഡിനും, സൗരവ് ഗാംഗുലിക്കുമൊക്കെയൊപ്പം റാഞ്ചിയെന്ന ചെറുപട്ടണത്തിൽ നിന്നും വന്ന ആ പയ്യനും സിംഹാസനമുറപ്പിച്ചു. ലോകത്തിന്റെ നെറുകയിൽ ഇന്ത്യൻ ക്യാപ്റ്റന്റെ നാമധേയം സാക്ഷാൽ സ്റ്റീവ് വോ, ക്ലൈവ് ലോയ്ഡ്, കപിൽ ദേവ്, റിക്കി പോണ്ടിങ് എന്നിവർക്കൊപ്പം തങ്ക ലിപികളാൽ എഴുതപ്പെട്ടു….! മഹേന്ദ്ര സിംഗ് ധോണി പകരക്കാരനില്ലാത്ത ഇതിഹാസമായി, മഹേന്ദ്രജാലമായി അങ്ങനെ വളർന്നു.
പകരം വെക്കാനാവാത്ത നേട്ടങ്ങൾ ഒരുത്തൻ കൊയ്യുമ്പോൾ വിമർശകരുണ്ടാവുക എന്നത് സ്വാഭാവികം. യഥാർത്ഥത്തിൽ മഹേന്ദ്ര സിംഗ് ധോണി എന്ന അതികായന് അസൂയാവഹമായ ഫാൻ ബേസ് ഉണ്ടാവാൻ തുടങ്ങുകയായിരുന്നു അന്നുമുതൽ. വെറുമൊരു ധോണി ഫാൻസ് എന്ന നിലയിൽ നിന്ന് അതിവേഗമായിരുന്നു ഡൈ ഹാർഡ് MSDIANS എന്ന നിലയിലേക്ക് അവരുടെ ചുവട് മാറ്റം.
സൗരവ് ഗാംഗുലി നട്ടു വളർത്തിയ വൃക്ഷങ്ങളിൽ നിന്ന് ധോണി ഫലമെല്ലാം കൊയ്യുന്നു എന്ന അടച്ച ആക്ഷേപം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പരിചയസമ്പത്ത് തീരെ ഇല്ലാത്ത ഒരു യുവ നിരയെയും കൊണ്ട് അമരക്കാരനായി ധോണി ഇംഗ്ലണ്ടിലേക്ക് പറന്നു. ധോണിയുടെ റോട്ടേഷൻ പോളിസി കൊണ്ട് എന്ത് ഗുണമെന്നു ചോദിക്കുന്നവർ ഇന്ന് ശ്രീ ലങ്കക്കും , വെസ്റ്റ് ഇൻഡീസിനും , ആഫ്രിക്കയുമൊക്കെ നേരിട്ട അവസ്ഥ കണ്ടു തന്നെ അറിയുന്നതാണ്. റൊട്ടേഷൻ എന്നാൽ ടീമിൽ എടുക്കാതെ ഇരിക്കുകയായിരുന്നില്ല, ഓരോ മത്സരത്തിലും യുവ താരങ്ങളെയും സീനിയർ താരങ്ങളെയും റൊട്ടേറ്റ് ചെയ്തു കളിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. സീനിയർ താരങ്ങൾ കളമൊഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ അധപധനം നേരിടേണ്ടത് ഇന്ത്യയായിരുന്നു.പക്ഷെ അതുണ്ടായില്ല.

എന്നാൽ ഇന്ത്യ മറുപടി പറഞ്ഞത് 2013 ചാമ്പ്യൻസ് ട്രോഫി ഉയർത്തിക്കൊണ്ടാണ്.
രോഹിതിനു ബാറ്റിങ്ങിൽ പ്രമോഷൻ നൽകി ധവാനൊപ്പം ഓപ്പൺ ചെയ്യിച്ചു. കോഹ്ലിക്ക് കൃത്യമായി മൂന്നാം നമ്പർ കൊടുത്തു. നാലാം നമ്പറിലും, അഞ്ചാം നമ്പറിലും, ആറാം നമ്പറിലും ആളുകളെ മാറ്റി മാറ്റി പരീക്ഷിച്ചു. ഇന്നത്തെ ഇന്ത്യൻ ടീമിന്റെ നട്ടെല്ലായ ടോപ്പ് ഓർഡർ ആയിരുന്നു ആ ചാപ്യൻസ് ട്രോഫിയിൽ അദ്ദേഹം രൂപപ്പെടുത്തിയത്.
ഫൈനലിൽ അത്രയും നേരം അടി വാങ്ങിയ ഇഷാന്തിനെ വീണ്ടും വിശ്വസിച്ചു അദ്ദേഹം പന്ത് നൽകി. ക്യാപ്റ്റന്റെ വിശ്വാസം അദ്ദേഹം കാത്തു. മോർഗന്റെ ഉൾപ്പടെ വിലപ്പെട്ട 2 വിക്കറ്റ് നേടി ഇഷാന്ത് കളി ടൈറ്റ് ചെയ്തു. അവസാന ഓവർ ഒരു സീമറിന് കൊടുക്കാതെ സ്പിന്നറിന് കൊടുത്ത ധോണിയുടെ ആ ചങ്കൂറ്റം തന്നെയാണ് അദ്ദേഹത്തിന്റെ കൈ മുതൽ. അത് വരെ “അരക്കപ്പ്” മാത്രമുള്ള ചാമ്പ്യൻസ് ട്രോഫി കിരീടം “മുഴുക്കപ്പായി” ഇന്ത്യയിലെത്തി.
മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന് മറ്റുള്ള ക്യാപ്റ്റന്മാർ വിത്തിട്ടു പാകിയ നിലത്തിൽ നിന്ന് വിള കൊയ്യാനെ അറിയൂ എന്ന ആക്ഷേപത്തിന് അതോടെ വിരാമമായി. മുൻപേ നടന്നവർക്കും മുൻപിൽ നടക്കാൻ റാഞ്ചിയിൽ നിന്നുള്ള ഈ നീളൻ മുടിക്കാരൻ പഠിച്ചു കഴിഞ്ഞു. വന്നവരും നിന്നവരുമെല്ലാം ധോണി എന്ന ക്യാപ്റ്റനെ പാഠപുസ്തകമാക്കാൻ തുടങ്ങി. 2011 ൽ ഇന്ത്യ ലോക കിരീടത്തിൽ മുത്തമിട്ടപ്പോൾ തിരശീലക്ക്‌ പിറകിൽ പ്രവർത്തിച്ച പ്രധാന കൈകളുടെ ഉടമ ഗാരി ക്രിസ്ത്യൻ ഒരിക്കൽ പറയുകയുണ്ടായി.

“ഞാൻ ഒരു യുദ്ധത്തിന് പോകാനും തയ്യാറാണ്;ധോണിയാണ് നയിക്കുന്നതെങ്കിൽ…!”
അത്രക്കുമുണ്ട് ആ “തല”ച്ചോറിന്റെ പ്രവർത്തനം. ഓരോ ക്രിക്കറ്റ് താരങ്ങൾക്കും അവരുടെ ആയുധം ബാറ്റും ബോളുമൊക്കെയാണെങ്കിൽ ധോണിയുടെ ആയുധം തലച്ചോറായിരുന്നു. ചടുലമായ പത്തോ ഇരുപതോ കരുനീക്കങ്ങൾക്കും അപ്പുറമാണ് ഒരു പിടി ക്ഷമ എന്ന് അദ്ദേഹം കളിക്കളത്തിൽ തെളിയിച്ചികൊണ്ടേയിരുന്നു.
മഹേന്ദ്ര സിംഗ് ധോണി എന്ന മഹാമേരുവിന്റെ മുൻപിൽ അടിയറവ് പറയാത്ത ക്യാപ്റ്റന്മാർ ഇന്നീ ലോകത്തില്ല; മുട്ടുമടക്കാത്ത ടീമും…! ഏറ്റവും കൂടുതൽ മത്സരങ്ങൾ നയിച്ച ക്യാപ്റ്റൻ, പിൻ തള്ളിയത് സാക്ഷാൽ പോണ്ടിങ്ങിനെ. ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ. എല്ലാ ICC ട്രോഫികളും നേടിയ ഒരേയൊരു ക്യാപ്റ്റൻ. ഓസ്‌ട്രേലിയയെ ഓസ്ട്രേലിയയിൽ ചെന്ന് വൈറ്റ് വാഷ് അടിച്ച ഏക ക്യാപ്റ്റൻ, ഏറ്റവും കൂടുതൽ തവണ ICC തിരഞ്ഞെടുത്ത ടീമിൽ ക്യാപ്റ്റനായ വ്യക്തി….! അങ്ങനെ നീളുന്നു ധോണീവിജയ ഗാഥ.

2017 ലെ പുതുവർഷത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു ഞെട്ടലോടെയാണ് തുടക്കമിട്ടത്. പത്ത് വർഷത്തോളം കാലം നീലപ്പടയുടെ അമരക്കാരനായി നിന്ന ധോണി തന്റെ ക്യാപ്റ്റൻ പദവി മതിയാക്കുന്നു. 2016 ലെ ഏഷ്യ കപ്പ് നേടി കിരീടം ജസ്പ്രീത് ബുംറക്ക് നേരെ വച്ചു നീട്ടിയപ്പോൾ ബുംറയും വിചാരിച്ചു കാണില്ല ആ “ഇതിഹാസത്തിന്റെ അവസാന കിരീടമാണ്” തനിക്ക് നേരെ വച്ചു നീട്ടുന്നതെന്ന്.
10 വർഷത്തോളക്കാലം ഇൻഡ്യൻ ജേഴ്സിയുടെ നായകനായി നേടാനൊന്നും ബാക്കി വെക്കാതെ അദ്ദേഹം ഒരു സാധാരണ കളിക്കാരനായി മാറി.
“വെറും ഒരു കളിക്കാരൻ…!”
ഇന്ത്യൻ ക്രിക്കറ്റിൽ മഹേന്ദ്ര സിംഗ് ധോണി എന്ന ക്യാപ്റ്റന്റെ റോൾ അവസാനിച്ചു കഴിഞ്ഞു. ഇനി അദ്ദേഹമൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രം.
അധിക നാൾ വെറുമൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി അദ്ദേഹം ടീമിൽ നിലനിൽക്കില്ല എന്ന് ക്രിക്കറ്റ് ലോകം അടക്കം പറഞ്ഞു തുടങ്ങി. വിമർശനങ്ങളുടെ കൂരമ്പുകൾ തന്നിലേക്ക് വർഷിക്കുമ്പോഴും പുതിയ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്ക് മുൻപിൽ ഒരു മറയായി നിന്ന് കൊണ്ട് അദ്ദേഹം രാഷ്ട്രത്തെ സേവിക്കുകയായിരുന്നു. ഒരു സ്ഥിരം ക്യാപ്റ്റൻ എങ്ങനെ ആവണം എന്ന ബാലപാഠങ്ങൾ കോഹ്‌ലിക്ക് പഠിപ്പിച്ചു കൊടുത്തു അദ്ദേഹം.

എന്നാൽ 2018 ൽ ചെന്നൈ സൂപ്പർ കിങ്സിനെ മൂന്നാം തവണയും IPL ടൈറ്റിലിൽ മുത്തമിടീപ്പിച്ചു കൊണ്ട് ഇന്നും ആ തലച്ചോറിന് കാര്യമായ മങ്ങൽ ഏറ്റിട്ടില്ലെന്ന് തെളിയിച്ചു. മാത്രമല്ല 2019ൽ നാലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈക്ക് കപ്പിനും ചുണ്ടിനുമിടയിൽ വെറും ഒരു റൺസിന് മാത്രമായിരുന്നു കിരീടം നഷ്ടമായത്. അതേ ധോണി എന്ന ക്യാപ്റ്റൻ കൈ വച്ചാൽ വിജയിക്കാത്ത മേഖലകൾ ഒന്നും തന്നെയില്ലായിരുന്നു. കൂടാതെ രണ്ട് തവണ ചെന്നൈ സൂപ്പർ കിങ്‌സ് ചാമ്പ്യൻസ് ലീഗ് ട്രോഫിയിൽ മുത്തമിട്ടപ്പോഴും “തല” മഹി തന്നെയായിരുന്നു.
ഒന്നോ രണ്ടോ വിക്കറ്റ് ഇന്നിങ്സിന്റെ തുടക്കത്തിലേ നഷ്ടമായാൽ എങ്ങനെ പിടിച്ചു നിൽക്കണമെന്ന് അറിയാത്ത ഇന്ത്യൻ ക്രിക്കറ്റ് ബാറ്റിംഗ് നിരയിൽ ധോണി എന്നത് വേറിട്ടൊരു ശബ്ദമായിരുന്നു. കാലം അദ്ദേഹത്തെ തുഴയനെന്ന് പരിഹസിച്ചു. എങ്കിലും “ക്യാപ്റ്റൻ അല്ലാത്ത ധോണി” ആ ജോലി ഒരു മടിയും കൂടാതെ തുടർന്നു കൊണ്ടേയിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മോശം ഇന്നിംഗ്സുകളിലൊന്നായി കരുതുന്ന ധോണിയുടെ
114 ബോളിൽ 54 റൺസ്…!

ഇന്ത്യയിൽ മത്സരം ടെലികാസ്റ്റ് ചെയ്യുന്നത് രാത്രി ഏറെ വൈകിയിരുന്നതിനാലാകണം അധികമാരും ലൈവായി കാണാൻ സാധ്യത ഇല്ലാത്ത മത്സരം. പിറ്റേന്ന് ഉറക്കമുണർന്നു നോക്കിയാൽ ധോണിയുടെ ഈ ഇന്നിംഗ്സാണ് തോൽവിയിലേക്ക് നയിച്ചതെന്ന മിഥ്യാ ധാരണയെ ഉണ്ടാകൂ.
ആ ഇന്നിംഗ്സ് അത്രയും പരിചയ സമ്പന്നനായ ധോണി എന്ത് കൊണ്ട് കളിച്ചു…? എന്നാരും ചിന്തിക്കാത്തതെന്ത്.?
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 50 ഓവറിൽ എടുത്തത് വെറും 189 റൺസ് മാത്രം. 3 വിക്കറ്റുകൾ വീതമെടുത്ത സീമേഴ്‌സ് ഹർദിക് പാണ്ഡ്യയും ഉമേഷ് യാദവും വിൻഡീസ് ബാറ്റ്‌സ്മാൻമാരെ അരിഞ്ഞിട്ടപ്പോൾ തന്നെ പിച്ചിന്റെ സ്വഭാവം വ്യക്തം. നല്ല പേസും ബൗൺസും. ഇന്ത്യൻ ബാറ്റിങ്ങും കാത്തിരുന്നത് വിൻഡീസിന്റെ അതേ അവസ്‌ഥ. ഇന്ത്യൻ ബൗളർമാർ കൊടുത്ത അതേ നാണയത്തിൽ വിൻഡീസ് സീമേഴ്സും തിരിച്ചടിച്ചു. ജയ്സൻ ഹോൾഡറും, അൽസാരി ജോസഫും തീ തുപ്പുന്ന പന്തുകൾ വർഷിച്ചു. ബോൾ ഇരു വശങ്ങളിലേക്കും സ്വിങ് ചെയ്ത് അവർക്ക് വേണ്ട സാഹചര്യങ്ങൾ സൃഷ്ടിച്ചു.

രണ്ടാം ഓവറിൽ തന്നെ ശിഖർ ധവാൻ കൂടാരം കയറി, പിന്നാലെ തന്നെ കോഹ്‌ലിയും ദിനേശ് കാർത്തിക്കും. ഇന്ത്യൻ സ്കോർ 12 ഓവറിൽ 47/3. ചെറിയ സ്കോറാണ് ചെയ്‌സ് ചെയ്യേണ്ടതെന്ന ധാരണ മാറി കഴിഞ്ഞു. പതിയെ സിംഗിളുകളും ഡബിളും വരാൻ തുടങ്ങുന്നു. 91 ബോളിൽ 60 റൺസ് എടുത്ത രഹാനെയും പുറത്തായതോടെ ഇന്ത്യൻ ഡ്രസിങ് റൂം നിശബ്ദം. അപ്പോഴും പ്രായം തളർത്താത്ത ആ പോരാളി അസാമാന്യ ഫിറ്റ്നെസ്സോടെ ഒരു പറ്റം വാലറ്റക്കാരയും കൂട്ടുപിടിച്ചു ഇന്ത്യൻ കപ്പൽ തുഴഞ്ഞ് തുഴഞ്ഞ് കരക്കടുപ്പിക്കുകയായിരുന്നു. ആവശ്യത്തിന് ബോളുകളും സപ്പോർട്ട് തരാൻ ഒരു സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനോ ഇല്ലാത്ത സാഹചര്യം. വേണമെങ്കിൽ മുൻപ് വന്നവർ ചെയ്ത പോലെ അദ്ദേഹത്തിനും അനാവശ്യമായ ഒരു ഷോട്ട് കളിച്ചു പുറത്താവാമായിരുന്നു. വിജയം മാത്രം ശീലമാക്കിയ കോഹ്ലി പടക്ക് സീരീസ് വിജയിക്കാൻ വേണ്ടത് കേവലം ഒരു ജയം; ബാക്കി ഉള്ളത് 2 മത്സരങ്ങളും.

പക്ഷെ ധോണി എന്ന മനുഷ്യന് സ്വന്തം രാജ്യത്തെ തോൽവിയിലേക്ക് തള്ളിയിടാൻ തീർത്തും ആഗ്രഹമേ ഇല്ലായിരുന്നു. പണ്ടത്തെ ആ ക്യാപ്റ്റനെ പോലെ തന്നെ തോൽവി എങ്കിൽ മുഴുവൻ ഉത്തരവാദിത്തവും സ്വയം ഏറ്റെടുത്ത് കൊണ്ട് അദ്ദേഹം ഇന്ത്യൻ നൗക വീണ്ടും “തുഴഞ്ഞു..!” 100 റണ്ണിൽ നിന്ന് ഒരുകൂട്ടം ബൗളർമാരെയും മറുവശത്ത് കൂട്ടുപിച്ചു മുപ്പതാം ഓവറിൽ നിന്ന് തുഴഞ്ഞു തുടങ്ങിയ ആ ഇന്നിംഗ്സ് വന്ന് നിന്നത് നാല്പത്തിയെട്ടാം ഓവർ വരെ. മറു എൻഡിൽ ഒരു ബോളർ ആയിരുന്നതിനാലായിരിക്കണം അദ്ദേഹം നാല്പത്തിയെട്ടാം ഓവറിലെ അവസാന പന്തിൽ സിംഗിളിന് ശ്രമിച്ചു കീഴടങ്ങേണ്ടി വന്നു. അപ്പോൾ ഇന്ത്യ ജയത്തിന് വെറും 14 റൺസ് മാത്രം. ധോണി മുൻ കൂട്ടി കണ്ട പോലെ തന്നെ സംഭവിച്ചു. അടുത്ത ഓവറിലെ ആദ്യ ബോളിൽ തന്നെ അടുത്ത വിക്കറ്റും നഷ്ടം. ആ ഒരു പിച്ചിൽ 12 ബോളിൽ 14 റൺസ് ഇന്ത്യൻ ബോളേർസ് എടുക്കില്ലെന്ന് അദ്ദേഹത്തിനും ഉറപ്പായിരുന്നു. ജയത്തിനരികെ വരെ കൊണ്ടെത്തിച്ചിട്ടും ജയത്തിലേക്ക് എത്തിക്കാനായില്ലല്ലോ എന്ന നിരാശയോടെ തോൽവിയുടെ മുഴുവൻ ഭാരവും ഏറ്റെടുത്തുകൊണ്ട് ധോണിയും പവലിയിനിലേക്ക്.

114 ബോളിൽ 54 റൺസ്.
എന്നും എന്റെ ക്രിക്കറ്റ് കണക്ക് പുസ്തകത്തിൽ ഞാൻ ഈ ഇന്നിംഗ്സിനെ തങ്കലിപികളിലായിരിക്കും രേഖപ്പെടുത്തുക. ധോണിക്ക് സ്വന്തമായി ഒന്നും നേടാനില്ലായിരുന്നു. സ്വന്തം കുഞ്ഞ് ജനിച്ചപ്പോൾ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്ട്രേലിയയിൽ ആയിരുന്ന ധോണി ആ ടൂർണമെന്റ് അവിടെ ഉപേക്ഷിച്ചു പോകാനോ തന്റെ പ്രിയ പത്നിയെയും , കുഞ്ഞിനെയും ഒരു നോക്ക് കാണാനോ മുതിർന്നില്ല. അപ്പോഴും അദ്ദേഹത്തിന് വലുത് രാജ്യം തന്നെയായിരുന്നു.
“We are all servants; we are all doing national duty”
– MS Dhoni

അതേ അത് മാത്രമായിരുന്നു അദ്ദേഹത്തിന് എല്ലാം. അത് കൊണ്ട് തന്നെയാവാം തോൽവിയിൽ എല്ലാ വിമർശനങ്ങളും അദ്ദേഹം ഒറ്റക്ക് ഏറ്റെടുത്തത്. തന്റെ ഇന്നിംഗ്സുകളെക്കാൾ അദ്ദേഹം മുൻതൂക്കം കൊടുത്തത് തന്റെ രാജ്യത്തിനായിരുന്നു. അത് കൊണ്ട് തന്നെ ധോണി എന്ന “ബാറ്റ്സ്മാന്” ഒരുപാട് വിരോധികൾ ഉണ്ടായി. അപ്പോഴും അവർ ചിന്തിക്കുന്നില്ലല്ലോ അതിന്റെ മറുപുറം എന്താണെന്ന്…? വീണ്ടും ഉണ്ടായി അതേപോലെ ഇന്ത്യയുടെ രക്ഷകനായ മത്സരങ്ങൾ.
കിഴക്ക് വെള്ള കീറും മുൻപേ മലമുകളിലെ ധർമ്മശാലയിൽ ടോസ് കൊയ്‌ൻ ഉയർന്നു. കൊടും തണുപ്പിലും ഇന്ത്യൻ രാജ്യത്തെ ചൂടുപിടിപ്പിക്കാൻ വന്ന ആരാധകർ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ഇന്നിംഗ്സ് ആയിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിന് അയച്ച ലങ്ക ആഗ്രഹിച്ചതിലും അവിശ്വസനീയ തുടക്കമാണ് ലഭിച്ചത്. സ്കോർ ഒന്നിൽ നിൽക്കെ ശിഖർ ധവാനും രണ്ടിൽ നിൽക്കെ രോഹിത് ശർമയും എട്ടിൽ നിൽക്കെ ദിനേശ് കാർത്തിക്കും പുറത്തേക്ക്. പിന്നീട് വന്ന മനീഷ് പാണ്ഡയും, ശ്രയേസ് അയ്യരും, ഹർദിക് പാണ്ഡ്യയും, ഭുവനേശ്വർ കുമാറും വന്നതിലും വേഗത്തിൽ മടങ്ങി. അപ്പോൾ ഇന്ത്യൻ സ്കോർ
16 ഓവറിൽ 29/7….!

പക്ഷെ അദ്ദേഹത്തിന് ഇന്ത്യൻ സംഘം കൂപ്പുകുത്തുന്നത് കണ്ടുനിൽക്കാൻ കഴിയില്ലല്ലോ. വീണ്ടും വാലറ്റത്തെ കൂട്ടുപിടിച്ച് ഇന്ത്യൻ കപ്പൽ കരക്കടുപ്പിക്കാൻ ആ കപ്പിത്താൻ അവതാരമെടുത്തു. ധോണി തുടങ്ങി. പതിയെ സിംഗിളും ഡബിളും. ഒന്നര ദശാബ്ദത്തോളം കാലം ഇന്ത്യൻ ജേഴ്‌സി അണിഞ്ഞ അദ്ദേഹത്തിനും കാണില്ലേ തോറ്റിട്ടും തോറ്റുകൊടുക്കാൻ കഴിയാത്ത ഒരു മനസ്സ്. ആ ഇന്നിംഗ്സിന്റെ അവസാനമായി ഇന്ത്യൻ സഖ്യത്തിന്റെ കപ്പിത്താൻ വീഴുമ്പോൾ ഇന്ത്യൻ സ്കോർ 38 ഓവറിൽ 112 റൺസ്…! തീർത്തും അവിശ്വസിനീയം. മറ്റ് 9 ബാറ്റ്സ്മാൻമാർ എല്ലാവരും കൂടി 47 റൺസ് നേടിയപ്പോൾ അദ്ദേഹം മാത്രം 65 റൺസ് എടുത്തിരുന്നു. ധോണീ ഈ ഒരു ഇന്നിംഗ്സ് താങ്കൾ കളിച്ചതിൽ ഞങ്ങൾ അത്ഭുതപ്പെടില്ല. കാരണം താങ്കളുടെ നിയോഗമിതാണ്.
87 ബോളിൽ 65 റൺസ്…!
65 റണ്ണുകൾ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് സംഭാവന നൽകിയ ധോണിയുടെ ഇന്നിംഗ്സിനെ ക്രിക്കറ്റ് വിദഗ്ധർ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്
“മികച്ച കളിക്കാരും മഹാന്മാരായ കളിക്കാരും തമ്മിൽ ഒരന്തരമുണ്ട്; അതിതാണ്”
തീർത്തും വർണനകൾക്കും അതീതമായിരുന്നു ആ ഇന്നിംഗ്സ്. അപ്പോഴും അദ്ദേഹം “വെറുമൊരു വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി” തന്റെ രാജ്യത്തെ സേവിച്ചുകൊണ്ടേയിരുന്നു.
വിദേശ രാജ്യങ്ങളിൽ ഇന്ത്യക്ക് വേണ്ടി ഒരു സെഞ്ചുറി ഇല്ലാത്ത താരമാണ് ധോണി എന്ന വിമർശനം ഉയരുമ്പോഴും അദ്ദേഹം അതിനൊന്നും ചെവി കൊടുത്തില്ല. കേവലം ഒരു സെഞ്ചുറിയേക്കാൾ വിലയേറിയ എത്രയോ ഇന്നിംഗ്സുകൾ അദ്ദേഹം വിദേശത്ത് കളിച്ചിട്ടുണ്ട്.

2019 ൽ ഇംഗ്ലണ്ടിൽ വച്ചു നടക്കുന്ന ഏകദിന ലോകകപ്പിൽ ധോണിയെ സ്ക്വാഡിൽ ഉൾപ്പെടുത്തണോ വേണ്ടായോ എന്നതിനെപ്പറ്റി ഒരു വ്യക്തതയും ഇല്ലാതെയിരിക്കുമ്പോളായിരുന്നു ഓസ്ട്രേലിയക്കെതിരെ ഏകദിനത്തിനായി ഇന്ത്യ വിമാനം കയറുന്നത്. ഒരു പക്ഷെ ഇന്ത്യൻ ജേഴ്സിയിൽ ധോണിയുടെ അവസാന വിദേശ പര്യടനമെന്ന് വിദഗ്ധർ വിധിയെഴുതി. വിദേശ പിച്ചുകൾ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് എന്നും ശവപ്പറമ്പാണല്ലോ. അത് തന്നെ ഈ സീരിസിലും ആവർത്തിച്ചു. പക്ഷെ തോറ്റുകൊടുക്കാൻ കഴിയാത്ത ആ പോരാളി ഇന്ത്യൻ നിരയിൽ ഉണ്ടായിരുന്നു. ബെഹൻഡ്രോഫും, റിച്ചാർട്സണും, സിഡിലും തീ തുപ്പികൊണ്ട് പന്തിനെ വിക്കറ്റുകൾക്ക് ഇരു വശങ്ങളിലുമായി മൂളി പറത്തിയപ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയിലെ ഓരോ വന്മരങ്ങളും കടപുഴകി.
ആദ്യ ഏകദിനത്തിൽ 289 ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് നാല് റൺസ് എടുക്കുന്നതിനിടെ ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടം. അഞ്ചാമനായി ധോണി ബാറ്റിങ്ങിന് ഇറങ്ങിയത് നാലാം ഓവറിൽ. അവിടെ നിന്ന് ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടും തൂണായി മാറുകയായിരുന്നു അദ്ദേഹം. മത്സരം ഇന്ത്യ തോറ്റെങ്കിലും രോഹിത് ശർമ്മയുമൊത്ത് ഇന്ത്യൻ ഇന്നിംഗ്സിനെ 4/3 എന്ന നിലയിൽ നിന്ന് 141/4 എന്ന ഭേദപ്പെട്ട നിലയിൽ അദ്ദേഹം കൊണ്ടെത്തിച്ചു. നേടിയത്
96 ബോളിൽ 55 റൺസ്…!

ഇന്ത്യൻ മാധ്യമങ്ങൾ സടകുടഞ്ഞെഴുന്നേറ്റു. സ്ലോ ഇന്നിംഗ്സ് കളിച്ച പേരിൽ വിമർശനം. അപ്പോഴും അവർ ഓർക്കുന്നില്ലല്ലോ ആ ഇന്നിംഗ്സ് ഉണ്ടാവാനുള്ള സാഹചര്യം. ഒറ്റയക്കത്തിൽ പുറത്തായ ധവാൻ, കോഹ്ലി, കാർത്തിക് തുടങ്ങിയവരെക്കാൾ തോൽവിയുടെ പഴി ഏറ്റുവാങ്ങേണ്ടി വന്നത് 55 റൺസ് എടുത്ത ധോണിക്ക്…!
രണ്ടാം ഏകദിനം അഡ്ലെയ്ഡിൽ നടക്കുന്നു. ഇന്ത്യൻ സംഘം 299 റൺസ് ചെയ്‌സ് ചെയ്യാനിറങ്ങുന്നു. പീറ്റർ സിഡിൽ നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കൊണ്ടിരിക്കുന്നു. ധോനിക്ക് ഇന്ത്യയെ അങ്ങനെ കൈവിടാൻ പറ്റുമോ. ഒരു എൻഡ് കാത്തുകൊണ്ട് കോഹ്‌ലിക്ക് സപ്പോർട്ട് ചെയ്തു കൊടുത്തു. മത്സരം ഇന്ത്യ 6 വിക്കറ്റിന് വിജയിച്ചു. ധോണിയുടെ സമ്പാദ്യം
54 ബോളിൽ 55 റൺസ്…!
മൂന്നാം ഏകദിനം മഴ മൂടിയ അന്തരീക്ഷത്തിൽ മെൽബണിൽ. ഇന്ത്യ 231 റൺസ് ചെയ്‌സ് ചെയ്യാനിറങ്ങുന്നു. വീണ്ടും സിഡിൽ കൊടുങ്കാറ്റായി. ബോളുകൾ നന്നായി ഉയർന്നു പൊങ്ങുന്നു. ബൗൺസ് കിട്ടിയ പിച്ചിൽ സിഡിലിന് ധോണിക്ക് മുൻപുള്ള ബാറ്റ്സ്മാനെ വരെ മാത്രമേ വീഴ്ത്താനായുള്ളൂ. ഒരു എൻഡ് കാത്തുകൊണ്ട് ധോണി നങ്കൂരമിട്ട് നിന്നു. മത്സരം ഇന്ത്യ 7 വിക്കറ്റിന് വിജയിച്ചു. ധോണി നേടിയത്
114 ബോളിൽ 87 റൺസ്…!

ഇനിയുമുണ്ട് ഇങ്ങനെ ഒരുപാട് ഒരുപാട് , 2009 ൽ വെസ്റ്റ് ഇന്ത്യൻ ടൂറിൽ വെറും 7 റൺസിന് 3 വിക്കറ്റ് പോയപ്പോൾ അഞ്ചാമനായി ഇറങ്ങിയത് ധോണി. മറു എൻഡിൽ നിന്ന് പ്രവീൺ കുമാർ എട്ടാമനായി പുറത്താകുമ്പോൾ ഇന്ത്യ 82ന് 7വിക്കറ്റ് നഷ്ടം. ശേഷം ധോണിയുടെ ചെറുത്തുനിൽപ്പ്, വാലറ്റത്തെ കൂട്ടുപിടിച്ചു പത്താമനായി ധോണി പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ 188 റൺസ്..!
ധോണി 130 ബോളിൽ 95 റൺസ്…!
2007ജൂലൈ 19 ന് ക്രിക്കറ്റിന്റെ മെക്കയായ മൈതാനത്ത് ഇന്ത്യൻ സഖ്യം നേരിടുന്നത് ഇംഗ്ലണ്ടിനെ. ഇന്ത്യക്ക് മുൻപിൽ ഇംഗ്ലണ്ട് ഉയർത്തിയത് 380 റൺസ് വിജയ ലക്ഷ്യം. രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യക്ക് 145 റൺസ് എടുക്കുന്നതിനിടെ വസിം ജാഫർ, ദിനേശ് കാർത്തിക്,രാഹുൽ ദ്രാവിഡ്,സച്ചിൻ ടെണ്ടുൽക്കർ,സൗരവ് ഗാംഗുലി,വി വി എസ് ലക്ഷ്മൺ എന്നിവരുടെ വിക്കറ്റുകൾ നഷ്ടം. ധോണിക്ക് കൂട്ടിന് അനിൽ കുംബ്ലെ, സഹീർ, ആർ പി സിങ് ,ശ്രീശാന്ത് എന്നിവർ. തോൽവി ഒഴിവാക്കാൻ ഇന്ത്യക്ക് ഇനി വേണ്ടത് അഞ്ചാം ദിനം മുഴുവൻ പിടിച്ചു നിൽക്കുക അല്ലെങ്കിൽ 235 റൺസ് നേടുക കയ്യിലുള്ളത് 4 വിക്കറ്റുകൾ മാത്രം. വീണ്ടും പ്രതീക്ഷയുടെ ഭാരം ധോണിയിൽ , ഇന്ത്യൻ നൗകയെ കരക്കടുപ്പിക്കാൻ ആ “തുഴയൻ” തുഴഞ്ഞു തുടങ്ങി. ആ ദിവസം മുഴുവൻ വാലറ്റത്തെ കൂട്ടുപിടിച്ചു ധോണി ഇംഗ്ലണ്ട് ബൗളിംഗിനെ ചെറുത്തു നിന്നു;മത്സരം സമനില.
ധോണി 159 ബോളിൽ 76…!

വിദേശ മണ്ണിൽ ധോണിക്ക് സെഞ്ചുറി ഇല്ലെന്ന് പറയുന്നതിനേക്കാൾ ധോണിയുടെ സെഞ്ചുറി ആഘോഷിക്കാൻ വിദേശ മണ്ണുകൾക്ക് ഭാഗ്യമില്ലെന്ന് പറയുന്നതാകും കൂടുതൽ ശെരി. കാരണം ക്രിക്കറ്റിന്റെ ദൈവത്തിന് പോലും ക്രിക്കറ്റിന്റെ മെക്കയിൽ ഒരു സെഞ്ചുറി ഇല്ലല്ലോ…!
തീർത്തും സ്ലോ ഇന്നിംഗ്സുകൾ ധോണിക്ക് പ്രശ്നമേ ആയിരുന്നില്ല. കാരണം തന്റെ സ്വദേശം ആരുടെ മുൻപിലും തലകുനിച്ചു നിൽക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. സ്വന്തം ഇന്നിംഗ്സുകളെക്കാൾ അദ്ദേഹം രാജ്യത്തിന്റെ വിജയത്തെ പരിഗണിക്കുമായിരുന്നു.
മഹേന്ദ്ര സിംഗ് ധോണി എന്നത് ഒരു സൂര്യനാണെങ്കിൽ അതിനെ വലയം വെക്കുന്ന നക്ഷത്രങ്ങളാണ് എണ്ണിയാലൊടുങ്ങാത്ത അദ്ദേഹത്തിന്റെ ആരാധകർ. ഒരു പക്ഷെ ഇതു വരെയുള്ള ക്രിക്കറ്റ് ചരിത്രത്തിൽ മറ്റെല്ലാ ആരാധകരെയും എടുത്തു തൂക്കിയാലും ധോണി എന്ന മനുഷ്യന്റെ ആരാധകരുടെ തട്ട് താഴ്ന്നിരിക്കും. ധോണിക്കുള്ളത് വെറും ഫാൻസ് എന്നൊരു ഘടകം ആയിരുന്നില്ല,ഡൈ ഹാർട്ട് ഫാൻസ് എന്നു വേണം പറയാൻ. ക്രിക്കറ്റിലെ ഏറ്റവും വലിയ ഈ ഫോഴ്സിനെ മൂന്നായി വേണം തരംതിരിക്കാൻ. ഒന്ന് ധോണിയെ പോലെ തന്നെ : വിമർശകർക്ക് നേരെ വാക്കുകൾ കൊണ്ട് പോലും നോവിക്കാൻ താല്പര്യമില്ലാത്തവർ, കാരണം അവർക്ക് ധോണി ആരാണെന്നും ധോണിയുടെ ലെവൽ എന്താണെന്നും കൃത്യമായി അറിയാം അത് ആരെയും ബോധിപ്പിക്കേണ്ട ആവശ്യം അവർക്കില്ല. അതിനാൽ തന്നെ അവർ പൊതുവെ ശാന്ത സ്വഭാവക്കാരായിരിക്കും.

പിന്നീടുള്ളതാണ് രണ്ടാം കാറ്റഗറി: “ഉരുളക്ക് ഉപ്പേരി” പോലെ മറുപടി കൊടുക്കുന്നവർ. അവരെ തടഞ്ഞു നിർത്താനോ നിയന്ത്രിച്ചു നിർത്താനോ ഏറെ ദുഷ്കരം. കാരണം ഈ വിഭാഗത്തിന് മറ്റ് രണ്ട് കൂട്ടർ ചെയ്യുന്ന ജോലി ഒറ്റക്ക് ചെയ്ത് തീർക്കാൻ സാധിക്കും. മാത്രമല്ല ധോണിക്ക് വേണ്ടി മരിക്കാൻ പോലും ഇവർ തയ്യാർ..! ബുദ്ധിക്ക് മന്ദത സംഭവിച്ചവരെന്ന് മറ്റുള്ളവർ പരിഹസിച്ചാൽ അപ്പോഴും പ്രതികരിക്കും ഈ കൂട്ടർ. പക്ഷെ അവർ ഉള്ളിന്റെ ഉള്ളിൽ അതും ഒരു സന്തോഷമായി കണക്കാക്കും. അവരോട് ക്രിക്കറ്റിൽ ഇഷ്ടം ആരെ എന്നു ചോദിച്ചാലും ഫുട്ബോളിൽ ഇഷ്ടം ആരെയെന്ന് ചോദിച്ചാലും, ഗോൾഫിൽ ഇഷ്ടം ആരെയെന്ന് ചോദിച്ചാലും, ഒക്കെ കിട്ടുന്നത് ഒരു ഉത്തരം മാത്രമായിരിക്കും;
മഹേന്ദ്ര സിംഗ് ധോണി….!

പിന്നീടുള്ളത് മൂന്നാം കാറ്റഗറി. ധോണിയുടെ വിവേകവും, ബുദ്ധിയും കാര്യങ്ങൾ ഏറ്റെടുക്കാൻ സന്നദ്ധതയും നേതൃപാഠവും ഉള്ളവർ. കേരളത്തിൽ ധോണിയെ പരിഹസിച്ചു സച്ചിൻ ഫാൻസ് ഒരു പോസ്റ്റർ ഉയർത്തിയപ്പോൾ ഇക്കൂട്ടർ മറുപടി കൊടുത്തത് വിശക്കുന്നവർക്ക് ഭക്ഷണം നൽകിയാണ്;ശേഷം അവരുടെ ദൈവം കേരളത്തിന്റെ മണ്ണായ അനന്തപുരിയിലേക്ക് കാല് കുത്തിയപ്പോൾ അവർ സ്വീകരിച്ചത് കേരളം ഇത് വരെ ഒരു സ്പോർട്സ് താരത്തിന്റെ പേരിൽ കാണാത്ത അത്രയും വലിയ കട്ട് ഔട്ട് ഉയർത്തിക്കൊണ്ടാണ്.
AKDFA അല്ലെങ്കിൽ ALL KERALA DHONI FANS ASSOCIATION. കേരളത്തിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ പേരിൽ തുടങ്ങുന്ന ആദ്യത്തെ രജിസ്റ്റെർഡ് സംഘടന. 14 ജില്ലകളിലായി 14 യൂണിറ്റുകൾ. തുടങ്ങി മൂന്ന് വർഷം തികയുന്നതിനും മുൻപേ നിരവധി ചാരിറ്റി പ്രവർത്തികൾ. രക്ത ദാനം മുതൽ ക്രിക്കറ്റിൽ കഴിവുള്ള ഒരു കുഞ്ഞിനെ സാഹചര്യങ്ങൾ കാരണം തോൽക്കുവാൻ സമ്മതിക്കാത്തത് വരെ..! ടൂർണമെന്റുകൾ സംഘടിപ്പിക്കുക, കഴിവുണ്ടായിട്ടും ലോകമറിയാത്ത ഒരുപാട് “ധോണിമാരെ” പുറത്തേക്ക് കൊണ്ട് വരിക എന്നതൊക്കെ തന്നെയാണ് ഇവരുടെ നേട്ടങ്ങൾ. കൂടാതെ ധോണി ഫാൻസിനുള്ള പ്രധാന ക്വാളിറ്റി എന്തെന്നാൽ അങ്ങ് കാസർഗോഡ് മുതൽ ഇങ്ങ് തിരുവന്തപുരവും കഴിഞ്ഞ് തമിഴ്നാട് വരെ കാണും ഇവർക്ക് നേരിട്ട് കണ്ടും കാണാതെയുമുള്ള നല്ല നല്ല സുഹൃത്ത് ബന്ധങ്ങൾ.

ക്രിക്കറ്റ് എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം കാണും ധോണി എന്ന മനുഷ്യന് ആരാധകർ. ഇന്ത്യയുടെ ചിരവൈരികളായ പാകിസ്താനിലുമുണ്ട് ഡൈ ഹാർട്ട് ധോണി ഫാൻസ്. ധോണിയുടെ ജേഴ്സിയും ധരിച്ചു കൊണ്ട് ഇന്ത്യ പാക് മത്സരം കാണുന്ന പാക് ആരാധകനൊക്കെ മറ്റ് താരങ്ങൾക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷബ് പന്ത്, സഞ്ജു സാംസൺ, ഇംഗ്ലണ്ട് കീപ്പർ ജോസ് ബട്ലർ , ബംഗ്ലാദേശ് ക്രിക്കറ്റർ സാബിർ റഹ്മാൻ, അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ഷെഹ്‌സാദ് തുടങ്ങിയവരെല്ലാം ധോണിയെ ആരാധിച്ചും ഗുരുവായും കണ്ട് വളർന്നു വരുന്ന ധോണി ആരാധകർ തന്നെയാണ്. ഇന്ത്യൻ യുവ സ്പിന്നർ യൂസവേന്ദ്ര ചാഹലിനും, യുവ ബൗളർമാരായ ദീപക് ചഹറിനും, ശർദുൽ താക്കൂറിനും , ബാറ്റ്സ്മാൻ സുരേഷ് റൈന, ഓൾ റൗണ്ടർ രവീന്ദ്ര ജഡേജക്കും ധോണി എന്ന് പറഞ്ഞു തുടങ്ങിയാൽ വാ തോരില്ല. ഹർദിക് പാണ്ഡ്യക്കാവട്ടെ ധോണി എന്നത് ഇന്നും പഠിച്ചു തീർക്കാനാവാത്ത ഒരു പുസ്തകവും….! മൈക്കിൾ ഹസി, സ്റ്റീഫൻ ഫ്ലെമിംഗ് തുടങ്ങിയ മുൻ താരങ്ങൾ പോലും ആരാധിക്കുന്ന ഇതിഹാസമാണ് മഹേന്ദ്ര സിംഗ് ധോണി. ഇവരൊക്കെ ക്രിക്കറ്റ് എന്ന സർക്കിളിന് ഉള്ളിൽ നിന്ന് കൊണ്ട് അദ്ദേഹത്തെ ആരാധിക്കുന്നവർ കൂടിയാണ്.

ഇനിയുമുണ്ട് , ദീപിക പദുക്കോൺ , അക്ഷയ് കുമാർ, സണ്ണി ലിയോൺ, പ്രീതി സിന്ധ, അമീർ ഖാൻ, ദിഷ പഠാണി, ശ്രയ ഘോഷാൽ, സുശാന്ത് സിങ് രാജ്പൂത്,വരുൺ ധവാൻ ചിയാൻ വിക്രം… തുടങ്ങിയ സിനിമാ സെലിബ്രിട്ടികളും.
ലയണൽ മെസ്സി എന്ന ഇതിഹാസവും ക്യാപ്റ്റൻ എന്ന നിലയിൽ ധോണിയുടെ നീക്കങ്ങളെയാണ് ഫോളോ ചെയ്യുന്നത്.
2019 ലെ ലോകകപ്പിലേക്ക് താനല്ലാതെ മറ്റൊരു ഓപ്ഷൻ ഇനിയും ചിന്തിക്കാനായിട്ടില്ല എന്ന് അദ്ദേഹം വിമർശകരേയും ക്രിക്കറ്റ് കുതുകികളെയും ഒന്നുകൂടി ഓർമ്മപ്പെടുത്തികൊണ്ട് ഓസ്ട്രേലിയയിൽ നിന്ന് വിമാനം കയറി. വേൾഡ് കപ്പ് ടീം പ്രഖ്യാപനം; ആദ്യം തിരഞ്ഞെടുത്തത് ക്യാപ്റ്റൻ വിരാട് കോഹ്ലിയെ. ശേഷം മറ്റൊന്നിനെ പറ്റി ആലോചിക്കേണ്ടിയിരുന്നില്ല, വിക്കറ്റ് കീപ്പറായി ധോണിയെയും…! മൂന്നാമനായി ബുംറയും നാലാമനായി ശിഖർ ധവാനും. ശേഷം അഞ്ചും ആറും ഏഴും സ്ഥാനങ്ങൾ രോഹിത് ശർമ, രവീന്ദ്ര ജഡേജ, ഹർദിക് പാണ്ഡ്യ എന്നിവർക്ക്. പതിനഞ്ചാമനായി വിജയ് ശങ്കറും കൂടി ടീം ലിസ്റ്റിൽ കരാർ ഒപ്പുവച്ചു കൊണ്ട് ഇംഗ്ലണ്ടിലേക്ക് വിമാനം കയറി.

ധോണിയെ എന്തിന് ടീമിലെടുത്തു എന്നു ചോദിക്കുന്നവർക്കുള്ള ഉത്തരമായി സന്നാഹ മത്സരത്തിൽ തന്നെ ധോണിയുടെ ബാറ്റ് ആകാശത്തിലേക്ക് ഉയർന്നു പൊങ്ങി. 73 ബോളിൽ സെഞ്ചുറി…!
ടൂർണമെന്റ് ഫേവറേറ്റുകളായ ഇന്ത്യ സെമിയിലേക്ക് കടന്നു. ഇന്ത്യക്ക് നേരിടേണ്ടത് ശക്തരായ കിവികളെ. ഓൾഡ് ട്രാഫോഡിന്റെ മഴ മൂടിയ അന്തരീക്ഷത്തിൽ പച്ച പുതച്ച മണ്ണിൽ ആദ്യ സെമി ഫൈനൽ നടന്നു കൊണ്ടിരിക്കുന്നു. ഈർപ്പമുള്ള പിച്ചിൽ ന്യൂ സീലാന്റ് ബാറ്റിംഗ് വന്മരങ്ങൾ ഓരോന്നായി കട പുഴകി കൊണ്ടിരുന്നപ്പോഴും കെയിൻ വില്യംസൻ എന്ന വേര് കിവീസ് ഇന്നിംഗ്സിനെ വീഴാതെ പിടിച്ചു നിർത്തി. മറ്റാരേക്കാളും പരിചയ സമ്പത്ത് കൂടുതലുള്ള റോസ് ടെയ്‌ലർ തന്റെ സംഭാവനയും സ്കോർ ബോർഡിൽ തുന്നി ചേർത്തു. ഇരുവരുടെയും ബാറ്റിംഗ് മികവിൽ ഇന്ത്യക്കു മുൻപിൽ കിവീസ് ഉയർത്തിയത് 50 ഓവറിൽ 240 റൺസ് വിജയ ലക്ഷ്യം…! ശേഷം രസം കൊല്ലിയായി മഴ എത്തുന്നു. മത്സരം അടുത്ത ദിവസത്തിലേക്ക് മാറ്റി വെയ്ക്കുന്നു. ഇതു വരെ പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ട് ഹോം വർക്കുകളും പൂർത്തിയാക്കി രണ്ടാം ദിനത്തിൽ ഇന്ത്യൻ ഓപ്പണിങ് സഖ്യം ആ 22 യാർഡുകളിലേക്ക്. പക്ഷെ എതിരാളികൾക്ക് കെയ്ൻ വില്യംസൻ എന്ന തന്ത്രശാലിയായ ക്യാപ്റ്റൻ ഉള്ള കാര്യം എപ്പഴോ നാം മറന്നു പോയി.

ഈർപ്പമുള്ള പിച്ചിൽ കൃത്യമായി ബൗളിംഗ് മാറ്റങ്ങൾ വരുത്തി ആദ്യ 5 റൺസ് എടുക്കുന്നതിനുള്ളിൽ ഇന്ത്യൻ ടോപ്പ് ഓർഡറിനെ കൂടാരം കയറ്റി. ഋഷബത് പന്തിനൊപ്പം ബാറ്റ് ചെയ്ത ദിനേശ് കാർത്തിക്കും മുട്ടുമടക്കിയ സാഹചര്യത്തിലാവാം ഇന്ത്യൻ ക്യാപ്റ്റന് പിഴച്ചത്. പരിചയ സമ്പത്ത് തീരെയില്ലാത്ത പന്തിനൊപ്പം ബാറ്റിങ്ങിനയച്ചത് പക്വത തീരെയില്ലാത്ത ഹർദികിനെ. പരിചയ സമ്പത്തും, ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒരുപാട് കൈകാര്യം ചെയ്തത ധോണി ഇരിക്കിക്കവേ അക്ഷരാർത്ഥത്തിൽ ഓൾഡ് ട്രാഫോഡ് സ്തബ്ധരായ നിമിഷം…! 23 ഓവറിൽ 71 റൺസിന് 5 വിക്കറ്റ് നഷ്ടമായി റിഷബ് പന്ത് മടങ്ങുമ്പോൾ ധോണി ഇറങ്ങുന്നത് ഏഴാമനായി….!
അദ്ദേഹത്തിന് വേണമെങ്കിൽ മുൻപ് വന്നവരേ പോലെ അനാവശ്യമായി ബാറ്റ് വീശി വിക്കറ്റ് വലിച്ചെറിയാമായിരുന്നു. പക്ഷെ അദ്ദേഹം അതിന് മുതിർന്നില്ല. കാരണം അദ്ദേഹം ധോണിയായിരുന്നു. 15 വർഷം നീണ്ട തന്റെ കരിയറിന് ശുഭമായ ഒരു പര്യവസാനം അദ്ദേഹവും ആഗ്രഹിച്ചു കാണുമായിരിക്കണം. എന്നാൽ 221 റൺസ് കൂട്ടി ചേർക്കുന്നതിനിടെ പാണ്ഡ്യയും ഗ്യാലറി കയറിയപ്പോൾ നീലപ്പട നെറ്റി ചുളിച്ചു. പക്ഷെ അപ്പോഴും അവർക്ക് പ്രതീക്ഷ ഉണ്ടായിരുന്നു കാരണം ക്രീസിൽ നിൽക്കുന്നത് അതിജീവനത്തിന്റെ ആൾരൂപമായിരുന്നു. പതിയെ സിംഗിളുകളും ഡബിളുകളും കൊണ്ട് അദ്ദേഹം ഒരു നങ്കൂരമിട്ട് നിന്നു.

പണ്ട് ജഡേജയെ ടീമിൽ എടുത്ത പേരിൽ ഒരുപാട് കുത്തു വാക്കുകൾ കേട്ട ധോണിയോട് അദ്ദേഹത്തിന് കൂറ് കാണിക്കാവുന്ന ഏറ്റവും മികച്ച അവസരം കൂടി ആയിരുന്നു അത്. തന്റെ ഗുരുവിനെ സാക്ഷിയാക്കി സമ്മർദ്ദം സ്വന്തം ചുമലിൽ ഏറ്റെടുത്ത് ജഡേജ ഗിയർ ചെയ്ഞ്ച് ചെയ്തു. ധോണി ഒന്നും രണ്ടും നേടി തന്റെ ശിഷ്യന് വേണ്ട എല്ലാ വിധ സപ്പോർട്ടും കൊടുത്തു. 92ൽ നിന്നും ഇരുവരും ചേർന്ന് ഇന്ത്യൻ സ്കോർ 208ൽ കൊണ്ടെത്തിച്ചു. തോൽവി ഭയന്ന ഇന്ത്യൻ ആരാധകരുടെ മനസ്സിൽ വീണ്ടും പുഞ്ചിരി പടർന്നു. പൊടുന്നനെ അത് സംഭവിച്ചു ജഡേജയും പുറത്ത്…! പക്ഷെ അപ്പോഴും കിവികൾക്ക് ആഘോഷിക്കാൻ വക ഉണ്ടായിരുന്നില്ല.
ഇന്ത്യൻ ഇന്നിംഗ്‌സിലെ നാല്പത്തി ഒൻപതാം ഓവർ എറിയനെത്തിയത് ലോക്കി ഫെർഗ്യൂസൻ, ഇന്ത്യക്ക് വിജയിക്കാനാവശ്യം 12 ബോളിൽ 31 റൺസും. കയ്യിലുള്ളത് ഒരേ ഒരു ധോണിയും ഒപ്പം രണ്ട് വാലറ്റത്തെ വിക്കറ്റുകളും. പക്ഷേ ന്യൂസീലൻഡ് ഒരല്പം പോലും ആശ്വസിച്ചിരുന്നില്ല.പന്തെറിയാനെത്തിയ ലോക്കി ഫെർഗ്യൂസൻ്റെ മുഖത്ത് പരിഭ്രമമുണ്ടായിരുന്നു. സ്‌ട്രൈക്കിൽ ധോണി,143 കിലോമീറ്റർ വേഗതയിൽ കുതിച്ചു പാഞ്ഞ പന്ത് പിച്ച് ചെയ്ത് ധോണിയുടെ തോളിനൊപ്പം. ഓഫ് സൈഡിൽ വില്യംസൻ സംരക്ഷണ കവചം തീർത്തിട്ടുണ്ടായിരുന്നു. പക്ഷെ ബോൾ ഫീൽഡറുടെയും തലക്ക് മുകളിലൂടെ വെടിയുണ്ട പോലെ വന്നതിലും വേഗത്തിൽ പാഞ്ഞു.
സിക്സ്…!

ആ ഒരു ഒറ്റ ഷോട്ടിൽ ധോണി തന്റെ നയം വ്യക്തമാക്കിയിരുന്നു. ഒപ്പം ഇന്ത്യൻ ഡ്രസിങ് റൂമിൽ പ്രതീക്ഷയുടെ പുതു കിരണങ്ങളും. ലോഫ്റ്റഡ് സ്ക്വയർ കട്ട് ; 2011 വേൾഡ് കപ്പ് ഫൈനൽ ആരെങ്കിലുമൊക്കെ ഒന്നു കൂടി ഓർത്തിട്ടുണ്ടായിരുന്നിരിക്കണം.
അടുത്തത് ഡോട്ട് ബോൾ, ഫെർഗ്യൂസനും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. മൂന്നാം ബോളും നേരിടുന്നത് ധോണി. ഒരു പക്ഷെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഒരു യുഗത്തിന്റെ അവസനമായിരുന്നിരിക്കും ആ ഡെലിവറി. ലെഗ് സൈഡിലേക്ക് ധോണി ആ ബോളിനെ തഴുകി വിട്ടു. വിക്കറ്റിനിടയിലുള്ള ഓട്ടത്തിൽ ലോകത്ത് ആർക്കും ഇന്നും തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല ഈ മനുഷ്യനെ. പക്ഷെ ആ ബോൾ ചെന്നു നിന്നത് മാർട്ടിൻ ഗപ്ടിലിന്റെ കൈകളിൽ. അത്രയേറെ സമ്മർദ്ദം അനുഭവിക്കുന്ന സാഹചര്യത്തിലും ഗപ്ടിലിന് പിഴച്ചില്ല. ധോണി ക്രീസിലേക്ക് എത്തുന്നതിന് സെന്റി മീറ്ററുകൾക്കും മുൻപേ ഗപ്ടിലിന്റെ കയ്യിൽ നിന്ന് പാഞ്ഞ ബോൾ ശര വേഗത്തിൽ വിക്കറ്റ് തെറിപ്പിച്ചു.
ഡയറക്ട് ഹിറ്റ്…!
നഗ്ന നേത്രങ്ങൾ കൊണ്ട് ഒരു തീരുമാനമെടുക്കാൻ കഴിയുമായിരുന്നില്ല. ലോകം ക്യാമറ കണ്ണുകളിലേക്ക് ചുരുങ്ങിയ നിമിഷം. അതേ, ധോണിക്ക് പിഴച്ചു. അദ്ദേഹം ക്രീസിൽ നിന്നും മില്ലി മീറ്ററുകൾ വ്യത്യാസത്തിൽ പുറത്താണ്. ബിഗ് സ്ക്രീനിൽ ആ വാർത്ത ഡിസ്പ്ലേ ചെയ്തു
ഔട്ട്….!
പക്ഷെ തീരുമാനം എത്തുന്നതിനു മുൻപ് അയാൾ ഗാലറിയിലേക്ക് നടന്നു തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും കണ്ണുനീർ പൊടിയുന്നുണ്ടായിരുന്നു. ബൗണ്ടറിക്ക് പുറത്ത് ആരാധകർക്ക് അദ്ദേഹത്തെ തൊടാൻ പറ്റുന്ന അത്ര ദൂരത്തായിരുന്നു ; പക്ഷെ ആരും അതിന് മുതിർന്നില്ല. ഒരു ആശ്വാസ വാക്ക് അദ്ദേഹത്തെ തകർത്തു തരിപ്പണമാക്കിയേക്കുമെന്ന് അവർക്കും അറിയാമായിരുന്നു.

ബിഗ് സ്ക്രീനിൽ ആ ലോകകപ്പിലെ ഇന്ത്യൻ ഹീറോ രോഹിത് ശർമ്മ കരയുന്നത് തെളിഞ്ഞു കാണാമായിരുന്നു. സ്റ്റേഡിയത്തിൻ്റെ പടികൾ സാവകാശം കയറിയ ധോണിയെ രവിശാസ്ത്രിയും ജസ്പ്രീത് ബുംറയും ചേർത്തുപിടിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹമതിന് കൂട്ടാക്കിയില്ല. അവർക്ക് പിടിനൽകാതെ അയാൾ എങ്ങോ മറഞ്ഞു.
ധോനി അത്രത്തോളം ആഗ്രഹിച്ചിരുന്നു ഇന്ത്യയെ ഫൈനലിലേക്ക് എത്തിക്കാൻ എന്നത് വ്യക്തം.
ബാക്കിയുള്ള രണ്ട് വിക്കറ്റ് കൂടി നേടിക്കൊണ്ട് കിവികൾ ചടങ്ങുകളെല്ലാം പൂർത്തിയാക്കി. കളി കഴിഞ്ഞപ്പോൾ ഒരു കൊച്ചുകുട്ടി സ്റ്റേഡിയത്തിലിരുന്ന് കരയുന്നത് എല്ലാവരും ശ്രദ്ധിച്ചതാണ്. ക്യാമറ കണ്ണുകൾ അവസാന നിമിഷങ്ങൾ അവനിലേക്ക് മാത്രമാണ് ഫോക്കസ് ചെയ്തത്. അവന്റെ കയ്യിലുള്ള ബാനറിൽ ഇപ്രകാരം ആലേഖനം ചെയ്തിരുന്നു
”No fear when Dhoni is here…!! ‘

ക്രിക്കറ്റിലെ അടിസ്ഥാന ടെക്സ്റ്റ് ബുക്കുകൾക്കൊന്നും അദ്ദേഹം പിടി കൊടുത്തിട്ടില്ല. ക്ലാസിക് ഷോട്ടുകൾ ശീലിച്ചിട്ടില്ല. ഫുട് വർക്കുകൾ പരമ്പരാഗത ശൈലിയിൽ അല്ല. പക്ഷേ അയാൾക്ക് അയാളുടേതായ ഒരു ശൈലിയുണ്ടായിരുന്നു,തന്ത്രങ്ങളും. അങ്ങനെയാണ് ധോണി ഇന്ത്യയ്ക്ക് വെറുമൊരു പേരല്ലാതായി മാറിയത്. ഗാംഗുലിയിൽ നിന്ന് പാകപ്പെട്ടു വന്ന ഇന്ത്യൻ സംഘത്തെ നേർവഴിക്ക് നയിക്കാൻ റാഞ്ചിലെ നീളൻ മുടിക്കാരനായി അദ്ദേഹം മാറി. പിഞ്ച് ഹിറ്റിൽ നിന്നും ക്യാപ്റ്റൻ കൂളിലേക്കുള്ള മാറ്റം അതിവേഗമായിരുന്നു. നായകസ്ഥാനം ഏറ്റെടുത്തത് മുതൽ മുന്നിൽനിന്ന് നയിച്ചു. ആദ്യ ട്വൻറി 20 ലോകകപ്പ്, 2011 ൽ നടന്ന ഏകദിന ലോകകപ്പ്, 2013ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി, ടെസ്റ്റ് മെയ്സ് അങ്ങനെ ധോണിയുടെ ഇന്ത്യക്ക് മുന്നിൽ കീഴടങ്ങാത്തതായി ഒന്നുമില്ല. കീഴടങ്ങാത്തവരായി ആരുമില്ല. എതിരാളികളെ അറിഞ്ഞ് പഠിച്ചു കളിക്കുന്ന ഒരാൾ, തന്ത്രങ്ങളുടെ തലവനാണ് ധോണി.അല്ലെങ്കിൽ തല മുഴുവൻ തന്ത്രങ്ങൾ എന്നും പറയാം. കണക്കുകൂട്ടലുകളുമായി ബാറ്റ് ചെയ്യുന്ന ഫിനിഷർ. കരിയറിൽ ഭൂരിഭാഗവും മധ്യനിരയിൽ ബാറ്റ് ചെയ്താണ് ഏകദിനത്തിൽ 10,000 റൺസ് എടുത്തത് എന്ന കണക്ക് നമ്മളെ അത്ഭുതപ്പെടുത്തും. എന്നാൽ വിക്കറ്റിന് പിന്നിൽ അത്ര കൂൾ അല്ല നമ്മുടെ ക്യാപ്റ്റൻ. മിന്നൽ സ്റ്റമ്പിങ് എന്നൊരു പദം രൂപപ്പെടുത്തിയെടുത്തു മഹി. വിമർശനങ്ങളുടെ മൈതാനത്തായിരുന്നു ധോണിയുടെ എന്നുമുള്ള നിൽപ്പ്. ഒരുപക്ഷേ ധോണിക്ക് ഒരു പകരക്കാരൻ ഇനി ഉണ്ടാകുമോ എന്നാണ് നാം ആലോചിക്കേണ്ടത്.

ഇന്ദ്രിയങ്ങൾ അഞ്ചും കൊണ്ട് കളിക്കളം കീഴടക്കുന്ന, തലച്ചോറിനെ ആറാം ഇന്ദ്രീയമാക്കുന്ന, വേരുറപ്പിച്ചാൽ എതിരാളികൾക് മേൽ ആഴ്ന്നിറങ്ങുന്ന, 2 തവണ ലോകത്തിന്റെ നായകനായ, ഒരു തവണ ചാംപ്യൻമാരുടെയും ചാമ്പ്യനായ, എഴുതിയാലും എഴുതിയാലും തീരാത്ത, ഏഴു വർണ്ണങ്ങളാൽ ശബളമാക്കാൻ കഴിയാത്ത, ഏഴാം മാസം ഏഴാം തീയതിയിൽ മണ്ണിലേക്കവതരിച്ച ഏഴാം നമ്പർ വിസ്മയമേ താങ്കൾക്ക് മുൻപിൽ ശിരസ്സ് നമിക്കുന്നു…!