“അനിമൽ” ..

Hari Thambayi

അനിമൽ എന്ന റൺബീർ കപൂർ നായകനായ സിനിമ കണ്ടു, ഇത് റിവ്യൂ ഒന്നുമല്ല ചില കാര്യങ്ങൾ ചുരുക്കി പറയണം എന്ന് തോന്നി .ഈ സിനിമയെ വിമർശിക്കുന്നവർ പറഞ്ഞ ഒരു രംഗത്തിൽ നിന്ന് തന്നെ തുടങ്ങാം , “അച്ഛന് വേണ്ടിയാണ് താൻ അവിഹിതം നടത്തിയത്” എന്ന് നായകൻ നായികയോട് പറയുന്ന രംഗത്തെക്കുറിച്ച് ഭയങ്കരമായ പരാമർശങ്ങൾ നടത്തപ്പെട്ടതായി കണ്ടു (ആ രംഗത്തിൻ്റെ പ്രസക്തി വിവരിക്കുന്നില്ല) ആ രംഗത്തിൽ നായിക “എന്നാൽ ഞാനും ഇങ്ങനെ കാരണങ്ങൾ ഉണ്ടാക്കി അവിഹിതങ്ങളിലേക്ക് കടക്കാം” എന്ന് നായകനോട് പറഞ്ഞാൽ എങ്ങനെയിരിക്കും എന്ന് ഒരാൾ ചോദിച്ചത് കേട്ടു .. ആക്ചലി അവർ സിനിമ കാണാത്തത് കൊണ്ടാണോ എന്നറിയില്ല സിനിമയിൽ ആ രംഗത്ത് നായിക അത് അങ്ങനെ തന്നെ നായകനോട് ചോദിക്കുന്നുണ്ട് , അതിന് നായകൻ പറയുന്ന മറുപടിയാണ് ആ കഥാപാത്രത്തെ രൂപപ്പെടുത്തിയതിന്റെ അളവുകോൽ .. നായകൻ പറയുന്നത് “നീ ഒരിക്കലും അത് ചെയ്യില്ല, ഒരുത്തനെയും ഞാൻ നിൻറെ അടുത്തേക്ക് അടുപ്പിക്കില്ല, വല്ലവനും വന്നാൽ അവനെ ഞാൻ കൊല്ലും” .. സിംപിൾ, ദേ ഇതാണ് ആ സിനിമയിലെ നായക കഥാപാത്രത്തിന്റെ ക്യാരക്ടർ ..

നന്മയ്ക്ക് വേണ്ടി പോരാടുന്ന, നാടിനെ രക്ഷിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന, സമൂഹത്തിന് ഉയർന്ന തലത്തിലുള്ള സന്ദേശങ്ങൾ നൽകാൻ വേണ്ടി പ്രയത്നിക്കുന്ന, വളരെ തമാശക്കാരനും നാട്ടുകാരുടെ കണ്ണിലുണ്ണിയും ആയ ഒരു നായകനൊന്നുമല്ല ഈ സിനിമയിലെ നായകൻ .. തൻറെ ബാല്യകാലത്ത് അത്രമേൽ ഹൈപ്പർ ആക്റ്റീവ് ആയി നടന്നിരുന്ന ഒരു പയ്യൻ, തന്റെ അച്ഛനെ ലോകത്ത് മറ്റെന്തിനേക്കാളും മുകളിൽ ഇഷ്ടപ്പെടുന്ന, ഭ്രാന്തമായി സ്നേഹിക്കുന്ന ഒരുത്തൻ, എന്നാൽ അത്തരത്തിൽ താൻ സ്നേഹിക്കുന്ന അച്ഛനിൽ നിന്നും തിരിച്ച് സ്നേഹത്തോടെയുള്ള ഒരു പരിഗണനയും ലഭിക്കാതെ വന്ന ഒരുത്തൻ .. അവൻ അതിസമ്പന്നനാണ്, വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അടുത്ത അവകാശിയാണ് .. എന്നിരുന്നാലും പല പ്രശ്നങ്ങളാൽ കുടുംബത്തിൽ നിന്ന് വിട്ടു ദൂരെ താമസിക്കുന്നു .. അഛനെക്കുറിച്ച് തെറ്റായി ഒരു വാക്ക് പറഞ്ഞതിന് ബെഡ്റൂമിലേക്ക് എ കെ 47 എടുത്തു കൊണ്ടുവന്ന് ഭാര്യയുടെ തലയ്ക്ക് നേരെ ഉന്നം പിടിക്കുന്നുണ്ട് ഈ നായകൻ .. അങ്ങനെയുള്ള ഒരാൾ തന്റെ അച്ഛന് നേർക്ക് വധശ്രമം നടന്നുവെന്നും, രണ്ടു ബുള്ളറ്റുകൾ ദേഹത്ത് തറച്ചുകയറി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായി എന്നും കേട്ടാൽ അതിനോട് എങ്ങനെ, ഏത് രീതിക്ക്, എത്രത്തോളം മൃഗീയമായി പ്രതികരിക്കും എന്ന് നിങ്ങൾ ചിന്തിക്കുക ..

ഗംഭീര പ്രകടനമാണ് അഭിനയിച്ച എല്ലാവരും നടത്തിയിരിക്കുന്നത്. ഏറെക്കുറെ 6-7 ഗെറ്റപ്പിൽ വരുന്ന രൺബീർ ഓരോ ലുക്കിലും അത്രമേൽ നന്നായി ചെയ്തിട്ടുണ്ട്. സിനിമയുടെ പേര് അത്രമേൽ കൃത്യമായി ചേരുന്നതാണ് അതിൻ്റെ കഥയും. ഒരു സാധാരണ പ്രേക്ഷകന് മൃഗീയം തന്നെയാണ് പല രംഗങ്ങളും എങ്കിലും പലവിധത്തിലുള്ള പല ഭാഷകളിലുള്ള വയലൻസ് ആൻഡ് ഹൊറർ സിനിമകൾ കണ്ട് വന്ന ഒരാൾക്ക് ഇതിൽ വയലൻസിന്റെ അതിപ്രസരം എന്നൊന്നും പറയാനില്ല .. രണ്ടാമത് സിനിമ സ്ത്രീവിരുദ്ധമായതാണ് എന്നാണ് പരാതി. നായികയുടേത് എല്ലാം സഹിച്ച് ജീവിക്കുന്ന ഒരു അടിമജീവിതം പോലെ കാണിച്ചു എന്നൊക്കെയാണ് പറഞ്ഞു കേട്ടത്, പക്ഷേ എനിക്ക് തോന്നിയത് നേരെ തിരിച്ചാണ് കാരണം ആ സിനിമയിൽ നായകനെ നേരിട്ട് തല്ലുന്നത് വെറും മൂന്നു പേരാണ്. ഒന്ന് നായകൻറെ അച്ഛൻ, രണ്ട് വില്ലൻ, മൂന്നാമത്തേത് നായിക .. അതിൽ തന്നെ തല്ലിയ അച്ഛനോട് നന്നായി എതിർത്ത് പ്രതികരിക്കുന്നുണ്ട് നായകൻ, അതുപോലെ തന്നെ തല്ലിയ വില്ലനെ കഴുത്തറുത്ത് കൊല്ലുന്നുമുണ്ട് .. എന്നാൽ അടികിട്ടി നിശബ്ദനായി മിണ്ടാതെ ഇരിക്കുന്നത് നായികയുടെ മുന്നിൽ മാത്രമാണ്. ആൽഫ (സിഗ്മ) മെയിൽ , ആൺ അധികാരം, പേശി ബലം കൊണ്ടുള്ള തീർപ്പ് കൽപ്പിക്കൽ എന്നൊക്കെ പറഞ്ഞ സ്ഥലത്ത് നായികയുടെ ഒരു അടി കിട്ടിയാണ് മുകളിലെ വിശേഷണങ്ങൾ എല്ലാം ചാർത്തപ്പെട്ട നായകൻ മിണ്ടാതെ നിൽക്കുന്നത് ..

എന്തായാലും ഇതിൻ്റ സംവിധായകൻ സന്ദീപ് വാങ്ങ റെഡ്ഡിയെ സമ്മതിക്കാതെ വയ്യ “അർജുൻ റെഡ്ഡി” എന്നൊരു സിനിമയെടുത്ത് അതിൽ ഇതിനു സമാനമായ വിമർശനങ്ങൾ കേട്ട് വന്ന ശേഷം അതിൻറെ പതിമടങ്ങുള്ള അതേ ഐറ്റംസ് വച്ച് അടുത്ത പടം ഇറക്കി, ഇറക്കുക മാത്രമല്ല അത് സൂപ്പർഹിറ്റ് ആക്കുക കൂടി ചെയ്തിരിക്കുന്നു സംവിധായകൻ. പച്ചിലയും, പഴങ്ങളും, പൊ.കയും, നന്മയുടെ പതാകാവാഹകരും മാത്രമല്ലാതെ ഒന്നര HP മോട്ടർ വെച്ച് ഞരമ്പിൽ അഡ്രിനാലിൽ പമ്പ് ചെയ്ത് വിട്ട് പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന അനിമലുകളും ഇവിടെ വരട്ടെ ന്നേ …

എത്ര സ്പീഡ് ആയി നീങ്ങുന്ന കഥയാണെങ്കിലും OTT യിൽ കാണുമ്പോൾ ഞാൻ പല രംഗങ്ങളും ‘ഓടിച്ചു’ വിടാറുണ്ട് .. എന്നാൽ മൂന്നുമണിക്കൂർ 12 മിനിറ്റുള്ള ഈ സിനിമയിൽ ഒരു സ്ഥലത്തും അത്തരത്തിൽ ഓടിച്ചു വിടാൻ സ്ക്രീനിലേക്ക് കൈനീട്ടിയില്ല .. ആക്ഷൻ രംഗങ്ങൾ അത്രമേൽ ഗംഭീരം തന്നെയാണ്, റോക്കി ഭായിക്ക് ശേഷം എല്ലാ പടത്തിലും നായകന്മാർക്ക് വലിയ ഭീമാകാരമായ തോക്കുകൾ എടുക്കാതെ വയ്യ എന്ന് ആയിട്ടുള്ളത് ലേശം ക്രിഞ്ച് ആയി തോന്നി പക്ഷേ ആ സീൻ നന്നായി ചെയ്ത് വച്ചു. പിന്നെ അത്രമേൽ കിടിലൻ എൻട്രിയും സ്വാഗും ഉള്ള വില്ലന് കുറച്ചുകൂടി സ്ക്രീൻ ടൈം നൽകാമായിരുന്നു എന്നും തോന്നി .. എന്തായാലും ഇതിൻ്റെ രണ്ടാം ഭാഗത്തിലേക്ക് ഒരു വെടിച്ചില്ല് കശാപ്പുകാരൻ വരുന്നുണ്ട് ..നടക്കാൻ പോകുന്ന ചോരക്കളി കണ്ടുതന്നെ അറിയാം ..

You May Also Like

കരീന എന്ന ഗ്ലാമറസ് സ്റ്റാറിന് വഴങ്ങുന്നതായിരുന്നില്ല നിസ്സഹായയും ഭയചകിതയും ദുർബലയുമായ ഒരു സിംഗിൾ മദറിന്റെ വേഷം

ജാനെ ജാൻ (തുടർന്ന് വായിക്കുമ്പോൾ ചില സ്‌പോയ്‌ലറുകൾ ഉണ്ടെന്ന് ഓർമ്മ വെയ്ക്കുക) Vani Jayate കെയ്‌ഗോ…

മരണത്തിനും ജീവിതത്തിനും ഇടയിൽ മരണാസന്നനായി കിടക്കുന്നുണ്ടോ വരുൺ…!

ദൃശ്യം 3 The Confession Of Murder. Jamshad KP ആ നശിച്ച രാത്രി അന്ന്…

മമ്മൂട്ടിയും മാധവിയും എലൈറ്റ് ഹോട്ടലിൽ വച്ച് ഒറ്റദിവസം കൊണ്ടാണ് വാൾപയറ്റ് പഠിച്ചതെന്ന് നിർമ്മാതാവ്

മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായിരുന്നു ഒരു വടക്കൻ വീരഗാഥ . എംടി എന്ന പ്രതിഭയുടെ…

“അക്കുവിൻ്റെ പടച്ചോൻ ” ഇന്നു മുതൽ

“അക്കുവിൻ്റെ പടച്ചോൻ ” ഇന്നു മുതൽ ദാദാ ഫാൽക്കെ ഫിലിം ഫെസ്റ്റിവലിൽ ഓണറബിൾ ജൂറി മെൻഷൻ…