ചാതുർവർണ്യം മാറിയാൽ ഹിന്ദുത്വം ഉണ്ടോ? അതിന്റെ ഭീകരത ശ്രി.ബുദ്ധന് മനസിലായതുപോലെ പിന്നീട് ഇന്ത്യയിൽ മനസ്സിലാക്കിയവർ ചുരുക്കമാണ്

222

Harihara Kurup

………..”ഹിന്ദുത്വം” എന്നത് മുഖം മൂടി മാത്രം. യഥാർഥത്തിൽ ആര്യന്മാരാണ് ഇന്ത്യ ഭരിക്കുന്നത്. ബ്രാഹ്മണ മേധാവിത്വം ആണതിന്റെ അടിത്തറ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭഗവത് ഗീത എന്ത് പങ്കാണ് വഹിക്കുക എന്ന് അറിയാമോ? മനുസ്മൃതി യുടെ പങ്ക് മനസിലാക്കണമെങ്കിൽ RSS ന്റെ അടിത്തറ അറിയണം. ഹിന്ദു എന്ന വാക്ക് ഒരു പുരാണത്തിലും ഇല്ല. ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ എന്നീ മൂന്നു വിഭാഗങ്ങളുടെ ദാസ്യ ജോലിയാണ് ശൂദ്രരുടേതെന്നാണ് മനുസ്മൃതിക്കാരൻ പറയുന്നത്. നായരും മേനോനും ഒക്കെ അതിൽ വരും. പിന്നെ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ല. ക്ഷേത്ര ത്തിൽ പ്രവേശിച്ച ദളിത് ബാലനെ തല്ലികൊല്ലുന്നത് അതിന്റെ ഭാഗം ആണ്.

ചാതുർ വർണ്യം മാറിയാൽ ഹിന്ദുത്വം ഉണ്ടോ? എല്ലാത്തിന്റെയും അടിസ്ഥാനം ബ്രാഹ്മണത്വം ഉയർത്തി പിടിക്കലാണ്. അതിന്റെ ഭീകരത ശ്രി.ബുദ്ധന് മനസിലായതുപോലെ പിന്നീട് ഇന്ത്യയിൽ മനസ്സിലാക്കിയവർ ചുരുക്കമാണ്. അതുകൊണ്ടാണ് ബ്രാഹ്മണത്വം ശ്രീ.ബുദ്ധനെ ഇന്ത്യയിൽ നിന്നും നാടുകടത്തിയത്. അത് മനസിലാക്കിയത് കൊണ്ടാണ് അമ്പദ്ക്കർ മനുസ്മൃതി കത്തിച്ചതും ബുദ്ധമതത്തിൽ ചേർന്നതും. സംഘപരിവാറിന് ഒപ്പം നിൽക്കുന്നവർക്കും എന്താണ് യഥാർഥത്തിൽ “ബ്രാഹ്‌മണത്വം” (ഹിന്ദുത്വം) എന്ന് മനസിലാക്കുന്നവരല്ല.

……….CAB യുടെ ലക്ഷ്യം മതേതര ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കി മാറ്റുക എന്നതാണ്. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷ് കാർക്കൊപ്പം നിന്നവർ ബ്രിട്ടീഷ് കാർക്കെതിരെ പോരാടിയ ഗാന്ധിജിയെ ആദ്യം തന്നെ വധിച്ചു. ഇപ്പോൾ മുസ്ലിങ്ങൾക്കെതിരെ യാണ്. പിന്നെ മറ്റുള്ളവരുടെ നേരെ തിരിയും. ജമ്മു – കാഷ്മീരിനെ രണ്ടു കേന്ദ്ര ഭരണ പ്രദേശങൾ ആക്കി മാറ്റി. പൗരത്വം മതത്തിന്റെ അടിസ്ഥാനത്തിൽ ആക്കി മാറ്റാനുള്ളതാണ് CAB.

……….ഇൻഡ്യയുടെ ചരിത്രം പരിശോധിച്ചാൽ ആദി ഭാരതീയർ എന്ന് അവകാശപ്പെടാവുന്നത് ദ്രാവിഡ വിഭാഗത്തിനാണ്. യൂഫ്രട്ടീസ്-ടൈഗ്രിസ് തടത്തിൽ നിന്ന് എത്തിയ വിഭാഗമാണ് ആര്യന്മാർ എന്ന് വിളിക്കപ്പെടുന്നത്. ഇറാൻ വഴി ഇൻഡ്യയിലേക്കു വന്നവർ ആദി ദ്രാവിഡരെ ആക്രമിച്ചു കൊന്നൊടുക്കിയതിന്റെ തെളിവുകളാണ്‌ ഹാരപ്പ-മോഹൻജെദാരോ പ്രദേശത്തു് കണ്ടെത്തിയത്. അവരുടെ നേതാവായിരുന്നു ഇന്ദ്രൻ. അദ്ദേഹത്തിന്റെ ആസ്ഥാനം ആയിരുന്നു ഇന്ദ്രപ്രസ്ഥം. (ഇപ്പോൾ ഡൽഹി). ഇന്ദ്രപ്രസ്ഥം ആണ് ദേവന്മാരുടെ ആസ്ഥാനം ആയിരുന്നത്. അത് ആകാശത്ത് ഒന്നും ആയിരുന്നില്ല. തുടർന്ന് ദേവ-അസുര യുദ്ധം എന്നറിയപ്പെടുന്നത് ആര്യ-ദ്രാവിഡ ഏറ്റുമുട്ടലുകളാണെന്ന്‌ അനുമാനിക്കാം. അന്ന് യുദ്ധത്തിൽ പരാജയ പെട്ടവരെ അടിമകളാക്കി. ആ അടിമകളെ കൊണ്ട് പണിയിച്ചിട്ടുള്ളവയാണ് നമ്മുടെ ശിലാക്ഷേത്രങ്ങളും മറ്റും. സ്വയം ആരും അടിമകൾ ആവില്ല. ആര്യന്മാരെ തുടർന്ന് അലക്‌സാണ്ടറും ബാബറും ഇന്ത്യ ആക്രമിച്ചതിന്റെ ചരിത്രം നമുക്കറിയാം. തുടർന്ന് പോർച്ചു ഗീസുകാരും ഡച്ചുകാരും ഇഗ്ളീഷ് കാരും ഭാരതത്തെ ആക്രമിക്കുകയും ഭരിക്കുകയും ചെയ്തു. ഇന്ന് ഭാരതം എന്നാൽ എല്ലാവരും ചേരുന്നതാണ്. അതായത് നാനാത്വത്തിൽ ഏകത്വം.

അത് അംഗീകരിക്കാതെ ഏതെങ്കിലും ജനവിഭാഗത്തിനെതിരെ ആരെങ്കിലും തിരിയുക എന്നാൽ ആദ്യമായി തിരിയേണ്ടത് ആര്യന്മാർക്കെതിരെയാണ്. ആദ്യം പോകേണ്ടത് ആര്യന്മാർ ആണ്. കാരണം ആദി ഭാരതീയ സംസ്ക്കാരം എന്നത് ദ്രാവിഡ സംസ്കാരം ആയിരുന്നു എന്നത് തന്നെ. അതായത് ചാതുർ വർണ്യത്തിന് മുന്പുണ്ടായിരുന്നത്. നമ്മുടെ ഓണം അനുസ്മരിക്കുന്ന “കള്ളവും ചതിയും ഇല്ലാത്ത; മാനുഷരെല്ലാം ഒന്നുപോലെ” കഴിഞ്ഞ മാവേലിയുടെ കാലം; നമ്മുടെ ഓണക്കാലം അനുസ്മരിപ്പിക്കുന്നത് ആര്യന്മാർക്കും മുൻപ് ഭാരതത്തിലുണ്ടായിരുന്ന ദ്രാവിഡ സംസ്കാരം എത്റ മഹത്തരം ആയിരുന്നു എന്നുകൂടിയാണ്. ആര്യ സംസ്ക്കാരത്തിന്റെ ഭാഗമാണ് ബ്രാമണാധിപത്യം. അതിന്റെ തുടർച്ചയാണ് മാവേലിയെ ഇല്ലാതാക്കിയ ആര്യ ആധിപത്യം. അതാണ്‌ ഇന്ന് ഇന്ത്യ ഭരിക്കുന്നത്. “മാവേലി”യേ ഇല്ലാതാക്കിയപ്പോൾ ഇല്ലതായത് മഹത്തായ “ദ്രാവിഡ ” സംസ്ക്കാരം കൂടിയായിരുന്നു.

……… ആധുനിക ഇന്ത്യയുടെ അടിത്തറ എല്ലാവരും ചേരുന്നതാണ്. നാനാത്വത്തിൽ ഏകത്വം. നന്മയും തിന്മയും എല്ലാ വിഭാഗങ്ങളിലും ഉണ്ടായിരുന്നു. അത് മനുഷ്യസഹജം എന്ന് കരുതിയുള്ള പരസ്പര സഹകരണമാണ് എല്ലാവരുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. മതങ്ങൾക്കുപരി എല്ലാവരും മനുഷ്യരാണ് എന്ന ബോധം എല്ലാവരിലും ഉണ്ടാകാതെ ഇന്ത്യയ്ക്ക് മുന്നോട്ടു പോകാനാവില്ല.