ആ കൃഷ്ണമണികളിലേക്ക് ഒരുവട്ടം നോക്കു, ഒരു നൂറ്റാണ്ട് ഇന്ത്യയെ കണ്ട കണ്ണുകളാണത്രേ, ഇപ്പോഴിതാ ഇന്ത്യന്‍ജീവിതം റദു ചെയ്യപ്പെട്ടിരിക്കുന്നു

0
861
Harikrishnan Thachadan
ആ നരച്ച കണ്‍പീലികള്‍ക്കു താഴെ തിമിരം ബാധിച്ച കൃഷ്ണമണികളിലേക്ക് ഒരുവട്ടം നോക്കു.. ഒരു നൂറ്റാണ്ട് ഇന്ത്യയെ കണ്ട കണ്ണുകളാണത്. 102 വര്‍ഷങ്ങള്‍ക്ക് മുമ്പ് വടക്കു കിഴക്കന്‍ ഇന്ത്യയിലെവിടെയോ ജനിച്ച് ആ മണ്ണില്‍ പലകാതങ്ങള്‍ സഞ്ചരിച്ച്, പണിയെടുത്ത്, ഉണ്ടും ഉറങ്ങിയും പ്രജനനം നടത്തിയും തന്‍റെ തലമുറകള്‍ വളരുന്നത് കണ്ട് ജീവിച്ച ഒരു മനുഷ്യന്‍.മുസല്‍മാനായി ജനിക്കുകയും ജീവിക്കുകയും ചെയ്യേണ്ടി വന്നു എന്ന ഒറ്റ കാരണത്താല്‍ ഒരു നൂറ്റാണ്ടുകാലത്തെ രേഖകളില്ലാത്ത ഇന്ത്യന്‍ജീവിതം റദു ചെയ്യപ്പെട്ടിരിക്കുന്നു എന്ന സത്യം ആ പാവം അറിഞ്ഞത് അടുത്തിടെയായിരിക്കാം.ഇന്നയാള്‍ അസമിലെ ഉള്‍ഗ്രാമങ്ങളില്‍ നിന്ന് 500ലധികം കിലോമീറ്ററുകള്‍ താണ്ടി അപ്പര്‍ ജില്ലകളില്‍ എത്തി ചേരണമെന്ന് അധികൃതര്‍ പറയുന്നു. പൗരത്വം തെളിയിക്കാന്‍ കേവലം ഒരു ദിവസം കാലാവധി ശേഷിക്കുന്ന 2900 മുസ്ലീമുകള്‍ക്കൊപ്പം ആ വയോധികന്‍ തന്‍റെ ജീവിതത്തിന്‍റെ സായാഹ്നത്തില്‍ നിന്ന് 500 കിലോമീറ്റര്‍ താണ്ടുകയാണ്.
അച്ചുകൂടങ്ങള്‍ സജീവമല്ലാത്ത കാലത്ത് താനീ രാജ്യത്ത് ജീവിച്ചിരുന്നു എന്നു തെളിയിക്കുന്ന അച്ചടിരേഖയുമായി അയാളിനി തന്‍റെ ഊഴം വരും വരെ ഏതോ സര്‍ക്കാര്‍ കാര്യാലയത്തിന്‍റെ വരാന്തയില്‍ കാത്തു നില്‍ക്കണം.പുറന്തള്ളപ്പെടും മുമ്പ് അര്‍ത്ഥശൂന്യമായി പോയ തന്‍റെ ജീവിതത്തിനെ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മണ്ണില്‍ തന്നെ അടയാളപ്പെടുത്താനാവുമോ എന്ന പ്രതീക്ഷയോടെ.. കണ്ണുനിറയെ ആശങ്കകളോടെ.. ഒരു മനുഷ്യന്‍! മതേതര സോഷ്യലിസ്റ്റ് ജനാധിപത്യ റിപബ്ലിക്കിന്‍റെ വാതില്‍ കാവിക്കോമരങ്ങള്‍ കൊട്ടിയടക്കും മുമ്പു വരെ ആ വയസ്സന്‍ അവിടെ നിന്ന് അലമുറയിട്ടു കൊണ്ടിരിക്കും.അതു കേള്‍ക്കാന്‍ നമുക്കു കാതുകളുണ്ടാവട്ടെ…മണ്ണിനെയും മാടിനെയും വിറ്റൊഴിച്ച് കെട്ടുമാറാപ്പുകളുമായി മനുഷ്യരുടെ പലായനം തുടങ്ങും മുമ്പേ.. ഇനിയും തുറക്കാത്ത കണ്ണുകളേ.. നിങ്ങള്‍ക്ക് സമയമുണ്ട്. ഇനിയും ഉയരാത്ത മുഷ്ടികളെ.. നിങ്ങള്‍ക്ക് സമയമുണ്ട്.