സാക്ഷാൽ ദാവൂദ് ആണെങ്കിലും ശെരി അവിടെ വച്ചു പർലോകിനെ കൊല്ലാൻ പറ്റില്ല

54

Harimohan G

“यह कोई मजाक नहीं,यूसुफ मलिक…”
“ഇതു തമാശയല്ല യുസുഫ് മാലിക്. ബോംബയിൽ അതും ബാന്ദ്രയിൽ വച്ച് ഇങ്ങനൊരു കില്ലിംഗ് അതൊരിക്കലും നടക്കില്ല. സാക്ഷാൽ ദാവൂദ് ആണെങ്കിലും ശെരി അവിടെ വച്ചു പർലോകിനെ കൊല്ലാൻ പറ്റില്ല.”
അന്ധേരിയിലെ ഒഴിഞ്ഞ കമ്പനി കെട്ടിടത്തിൽ ചർച്ചകൾക്ക് ചൂടു പിടിക്കുകയായിരുന്നു.
“इसे मारे बिना नहीं बढ़ सकता…”
കൊല്ലണം. മറിച്ചൊന്നും ആലോചിക്കാനുള്ള സമയം പിന്നീട് നമുക്ക് കിട്ടിയെന്നു വരില്ല…
“कौन मारेगा…?”
ആര്…? ആരു കൊല്ലും?
നിലവിൽ ബോംബയിൽ നിന്നല്ല എവിടെ നിന്നാണെങ്കിലും. പരലോകിനെ കുറിച്ച് അറിയുന്ന ആർക്കും ഇതിനു ധൈര്യമുണ്ടാവില്ല. പോർട്ട്‌ അടക്കം ദാവൂദിന്റെ ഇന്ത്യയിലേക്കുള്ള സകല ബിസിനസ്സും നിയന്ത്രിക്കുന്ന ചെയ്‌നാണ് പരലോക്. അവൻ അവസാനിച്ചാൽ കൈ വരാൻ പോകുന്ന പുതിയ മുംബൈയുടെ അധികാരം. യൂസുഫിനും ഗെയ്ക്ക് വാദിനും അതു മാത്രമായിരുന്നു ചിന്ത.
പക്ഷെ ആര് കൊല്ലും!!??
ഗെയ്ക്‌വാദിന്റെ ഏറ്റവും വലിയ സംശയവും അതു തന്നെയായിരുന്നു. ഇതേക്കുറിച്ചു വേറെ എവിടെയെങ്കിലും ആലോചിച്ചാൽ കൂടി ആ നിമിഷം പരലോക് അറിഞ്ഞിരിക്കും. ഇനി അവരെയെല്ലാം മറി കടന്ന് അവനടുത്ത് എത്തിയാൽ തന്നെ മുന്നിലൊരു രക്ഷാ കവചം പോലെ പരലോകിനു മുന്നിൽ അവനുണ്ട്…
…ബിലാൽ..!!
അവൻ എങ്ങനെ ചിന്തിക്കുമെന്നോ എങ്ങനെ എപ്പോൾ പ്രവർത്തിക്കുമെന്നോ പറയാൻ പറ്റില്ല. പരലോകിനെക്കാൾ അപകടകാരിയാണവൻ, വികാരങ്ങൾ തീണ്ടാത്ത ജന്മം. ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ…
“…സാല മദ്രാസി കുത്തേ..”
അനുസരണയുള്ള വേട്ടപ്പട്ടി..
പക്ഷെ ബിലാൽ നിൽക്കുമ്പോൾ പരലോകിലേക്ക് അടുക്കുക എന്നത് ചിത്രഗുപ്തനെ മറികടന്നു കാലനിലേക്ക് എത്തുന്നത് പോലെയാണ്. പക്ഷെ നാളെ ഇതു നടക്കണം നടന്നെ തീരൂ. നാളത്തെ പോർട്ട്‌ ഡീൽ, അതുവഴിയുള്ള അനിയന്ത്രിതമായ ആയുധയിടപാടുകൾ. രാഷ്ട്രീയത്തിൽ ഉണ്ടാകാൻ പോകുന്ന അധികാര കലാപങ്ങൾ ഇങ്ങനെ എല്ലാം പരലോകിൽ കേന്ദ്രീകരിക്കപ്പെടും. ബോംബയിൽ ദാവൂദ് അവനെ പൂർണ്ണമായി അംഗീകരിക്കും. ഇല്ല, അതൊന്നും സംഭവിക്കാൻ പാടില്ല. യുസുഫ് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
“നാളെ ഉച്ചയ്ക്ക് കൃത്യം 12 മണിക്ക് ബാന്ദ്രയിലെ സ്വദേശ് കഫെയിൽ വച്ചാണ് ഉടമ്പടി കരാർ ഒപ്പ് വയ്ക്കുന്നത്. ചുറ്റിലും ബിലാലിന്റെ കണ്ണുകളുണ്ടാകും. അവിടുന്ന് ഇറങ്ങിയാൽ പിന്നെ പരലോകിനെ തൊടാൻ പോലും കഴിയില്ല. അവിടെ.. അവിടെ തന്നെ വച്ചു തീർക്കണം…”
“ഇനിയും നീ ആളാരാണെന്നു പറഞ്ഞില്ല യുസുഫ്..??”
“हमारा शिकारी कौन है?”
ആരാണ് നമ്മുടെ വേട്ടക്കാരൻ..??
ഗെയ്ക്‌വാദ് വീണ്ടും സംശയം പ്രകടിപ്പിച്ചു…
“ഹ… ഹ.. ഹ..”
മറുപടിയെന്നോണം യുസുഫ് ഒന്നു ചിരിച്ചു.
“यह शार्क नहीं है जिसे शार्क का शिकार करने के लिए नीचे लाया जाना है..!!”
സ്രാവിനെ വേട്ടയാടാൻ സ്രാവിനെ തന്നെയല്ല ഇറക്കേണ്ടത്. അതിനു മുതലയെ കൊണ്ടു വരണം. ഞാനൊരു മുതലയെ കണ്ടെത്തി ഗെയ്ക്‌ വാദ്. യുസുഫിന്റെ മുഖത്തൊരു ക്രൂരമായ പുഞ്ചിരി വിരിയുന്നത് ഗെയ്ക്‌വാദ് ശ്രദ്ധിച്ചു.
ആരാണവൻ?? ഗെയ്ക്‌വാദിന് സംശയമടക്കാൻ കഴിഞ്ഞില്ല..
“ഹ… ഹ… ഹ…”
യുസുഫ് ചിരിച്ചു..
ചില കേൾവികളേക്കാൾ നല്ലത് കാഴ്ച്ചയാണ് ഗെയ്ക്‌വാദ്. എങ്കിലും അതാരായിരിക്കും ബാന്ദ്രയിൽ വച്ച് പരലോകിനെ കൊല്ലാൻ പോന്നവൻ അതും ബിലാലിനെ മറികടന്ന് ഇല്ല അതൊരിക്കലും സാധ്യമല്ല. സാക്ഷാൽ കാലന് പോലും സാധ്യമല്ലാത്ത കാര്യമാണത്. യൂസഫിന്റെ വാക്കുകൾ ഗെയ്ക്‌വാദിന് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു. പക്ഷെ യുസുഫിന്റെ മുഖത്തു കണ്ട വിശ്വാസം അതിന്റെ മൂർച്ച. അത്‌ എന്തൊക്കെയോ പ്രതീക്ഷ നൽകുകയും ചെയ്യുന്നു..!!
സമയം ഉച്ചയ്ക്ക് 11.55
ബാന്ദ്രയിലെ സ്വദേശ് കഫെയുടെ മുന്നിലേക്ക് വരുന്ന പരലോകിന്റെ കാറുകളുടെ നിര. ബ്ലാക്ക് ലിമോസിനിൽ വന്നിറങ്ങിയ പരലോക്. മെലിഞ്ഞുണങ്ങിയ പ്രകൃതം. കൂർത്ത മുഖവും കണ്ണുകളും. പരലോക് ഇറങ്ങും മുൻപ് തന്നെ ചുറ്റിലും നിരീക്ഷിച്ച് സുരക്ഷ ഉറപ്പു വരുത്തുന്ന ബിലാൽ. അയാളുടെ വലം കൈയിൽ ഒതുക്കിപ്പിടിച്ചൊരു റിവോൾവർ സദാ ആക്രമണത്തിന് സജ്ജമായിരുന്നു. സാഹചര്യം സുരക്ഷിതം എന്നുറപ്പാക്കി പരലോകിനെ സ്വീകരിച്ച് ബിലാൽ കഫേയിലേക്കു കയറി. അവിടെ സാധാരണയെന്നോണം ആളുകളുടെ തിരക്കുണ്ട്. സർക്കാരുമായുള്ള കരാർ ഉറപ്പിക്കുന്നതിനു എത്തിയ മാനവ് താക്കറെ പരലോകിനു മുന്നിലേക്കിരുന്നു. അയാളുടെ സംഘവും ചുറ്റിലും സുരക്ഷയുറപ്പാക്കി നിൽപ്പുണ്ടായിരുന്നു.
കുറച്ചകലെയുള്ള കെട്ടിടത്തിന്റെ മുകളിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിക്കുന്ന യുസുഫും ഗെയ്ക്‌വാദും ആകാംഷയോടെ അവിടിരിക്കുന്നു.
സമയം 11.59
കരാർ ഒപ്പ് വച്ച് കൈകൊടുത്തു പിരിയുന്ന പരലോകും മാനവും. ബിലാലിന്റെ കൈകൾ റിവോൾവറിൽ മുറുകി പിടിച്ചു. കഫേയിലെ ക്ലോക്കിൽ സമയം 12 അടിക്കുന്ന ശബ്ദം മുഴങ്ങി.
ടക്…ടക്…ടക്…ടക്…
പെട്ടെന്ന് തലങ്ങും വിലങ്ങും ചിതറുന്ന ഗ്ലാസുകളുടെ ചീളുകൾ. ഓരോ ടേബിളിലും ഇരുന്ന ചെറിയ ചായ ഗ്ലാസുകൾ ശക്തമായി എറിയുന്ന വെയ്റ്റർ പയ്യന്മാർ.
“Clear…
ബിലാൽ പരലോകിനെ മറച്ചു പിടിച്ച് പുറത്തേക്ക്‌ കൊണ്ടു വന്നു. പക്ഷെ ബിലാലിനെ ഞെട്ടിച്ചു കൊണ്ടു പുറത്തേ ആൾക്കൂട്ടവും ഭ്രാന്തമായി ഗ്ലാസ്‌ ചില്ലുകൾ എറിയുകയാണ്. തോക്കെടുക്കാൻ വയ്യാത്ത അവസ്ഥ. മാനവിനെ തനിക്കു പിന്നിൽ മറച്ചു പിടിച്ച് ബിലാൽ കാറിലേക്ക് അടുത്തു കൊണ്ടിരുന്നു.
“ഖുട്.. ട്… ട്…”
ചാറ്റൽ മഴയുടെ ഇരമ്പത്തിനൊപ്പം ചിതറുന്ന ഗ്ലാസ്‌ ചീളുകൾക്കിടയിലൂടെ വരുന്നൊരു ഹെൽമെറ്റ്‌ വച്ച ഡീസൽ ബുള്ളറ്റിന്റെ ഇരമ്പം.. ബിലാലിന്റെ ശ്രദ്ധ അവിടേക്ക് പതിയും മുൻപ് തന്നെ അയാളൊരു പഴയ മോഡൽ റിവോൾവർ പുറത്തെടുത്തു പരലോകിലേക്ക് ഉന്നം പിടിച്ചു കഴിഞ്ഞിരുന്നു..
“ഠോ..യ്…”
ഒരേയൊരു ബുള്ളറ്റിന്റെ മുഴക്കം..!!
ബിലാലിനെ മറഞ്ഞു നിന്ന പരലോകിന്റെ തലയും മറികടന്ന് അതു പിന്നിലേക്ക് തെറിച്ചു പോയി. ബിലാലിന്റെ മറവിൽ നിന്നു ഗ്ലാസ്‌ ചീളുകൾക്കിടയിലേക്ക് വീഴുന്ന നിർജീവമായ പരലോകിന്റെ ശരീരം.
“സാലെ…. യ്…”
ബിലാൽ നിന്ന് അലറി. അപ്പോഴേക്കും ആ ബുള്ളറ്റിന്റെ മുഴക്കം മെല്ലെ തിരിഞ്ഞ് ആൾക്കൂട്ടത്തിലേക്ക് കയറിയിരുന്നു..
“യുസുഫ്… എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാമോ!!??”
ഇങ്ങനെ നേർക്ക് നേരെ നിന്ന് പരലോകിനെ, ഇല്ല ഞാനിത് വിശ്വസിക്കില്ല യുസുഫ്. തരിച്ചു നിന്ന ഗെയ്ക്‌വാദിന് ശബ്ദം പോലും പുറത്തേക്ക്‌ വരുന്നില്ലായിരുന്നു. യുസുഫ് ഒരു സിഗരറ്റിനു തീ പിടിപ്പിച്ചു. എന്നിട്ട് മെല്ലെയൊന്നു ചിരിച്ചു..
“കാഴ്ച്ചകൾ കള്ളം പറയില്ല ഗെയ്ക്‌വാദ്…”
“ആരാണ്.. ആരാണ് ഇവൻ..??”
ഗെയ്ക്‌വാദിന്റെ ചോദ്യത്തിന് അവരുടെ പിന്നിലെ ഇരുളിൽ നിന്നാണ് ഉത്തരം വന്നത്.
…രാജു..!!
“मेरा नाम राजू हे…”
അവൻ ഇരുളിൽ നിന്ന് മുന്നിലേക്ക്‌ വന്ന് മേശപ്പുറത്തേക്ക് റിവോൾവർ വച്ചു. അലക്ഷ്യമായ മുടിയിഴകളെ മാടിയൊതുക്കി പിരിഞ്ഞ മീശയൊന്നു വലിച്ച് യുസുഫിൽ നിന്ന് സിഗരറ്റ് സ്വീകരിച്ചൊന്നു പുകച്ചു..
“तुम कौन हो??”
ആരാണ് നീ…
ഗെയ്ക്‌വാദിന് സംശയം തീരുന്നില്ലായിരുന്നു..
“वो मेरा नाम राजू है..”
ഒറ്റയ്ക്കു വന്നവനാണ് ഞാൻ. തന്തയ്ക്കു പിറന്നവനല്ല. എന്റെ അച്ഛൻ ആരാണെന്ന് എനിക്കറിയില്ല. പക്ഷെ വളർത്തച്ഛനെ അറിയാം. അയാളൊരു രാജകുമാരനായിരുന്നു. അയാളാണ് എന്നെ വളർത്തിയത്.
“മിസ്റ്റർ. വിൻസെന്റ് ഗോമസ്..!! അതാണ് അയാളുടെ പേര്‌, എന്റെ അച്ഛന്റെ പേര്‌..
ഞാൻ രാജു വിൻസെന്റ് ഗോമസ്…!!”
ഗെയ്ക്‌വാദിന്റെ കണ്ണുകൾ വിറച്ചു. തന്നിലേക്ക് ചേർന്നു നിന്ന പഴയൊരു കുഴലിന്റെ തണുപ്പും മൂർച്ചയും അയാൾക്ക്‌ വീണ്ടും ഓർമ്മ വന്നു. കാലം പിന്നിട്ടു സഞ്ചരിക്കുകയാണോ??
വിൻസെന്റ് ഗോമസ്…!!!
“അയാളുടെ വളർത്തു മകൻ.. അവൻ.. അവൻ.. എന്തിന് ഇവിടേക്ക് വന്നു..??”
വലിയ ചോദ്യങ്ങളാണ് മുന്നിലുള്ളത്..!!