ബിനാലെയിലെ ‘കുപ്പിയും പാട്ടയും’പോലെ ലിജോയുടെ ജെല്ലിക്കെട്ടും ഇപ്പോഴും വ്യഖ്യാനിച്ചു തീർന്നിട്ടില്ല

0
134

Harinarayanan

പെല്ലിശ്ശേരിയും ബിനാലെയും തമ്മിലെന്ത് ബന്ധം ?

കലയെ വ്യാഖ്യാനിക്കുന്നവരുടെ മനഃശാസ്ത്രം പഠിച്ചു തുടങ്ങിയാൽ ഭയങ്കര കോമഡിയാണ്.
വഴീല് കാണുന്ന വല്ലോ ആക്രിസാമാനങ്ങൾ, അതായത് വല്ലോ ‘കുപ്പിയും പാട്ടയും’ എടുത്തോണ്ട് ബിനാലെ നടക്കുന്ന സമയത്ത് ആസ്പിൻ വാളിൽ കൊണ്ട് വെറുതെ തൂക്കിയിട്ടാൽ മതി, കാണുന്നവർ അതിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് വല്യ യമണ്ടൻ അർത്ഥങ്ങളൊക്കെ ചാർത്തി കൊടുക്കും. സംഗതി ‘ബിനാലെ’ എന്ന ബ്രാൻഡ് ആയതോണ്ട് വെറുതെ കിടക്കുന്ന ആക്രിസാമാനത്തിന് വരെ അങ്ങനെ ലോകോത്തര അർത്ഥങ്ങൾ വന്നു ചേരും, അല്ല വ്യാഖ്യാനിച്ചുണ്ടാക്കും. ഇങ്ങനെ അർത്ഥങ്ങൾ വ്യാഖ്യാനിച്ചുണ്ടാക്കിയില്ലേൽ തങ്ങൾക്ക് ‘കലാസാക്ഷരത’ ഇല്ലാന്ന് ആരേലും വിചാരിച്ചാലോ എന്നാണ് കുറേ പേരുടെ ആകുലത.

Image may contain: one or more people, text that says "Lijo Jose Pellissery"ഏതാണ്ട് ഇത് പോലെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജെല്ലിക്കെട്ട്’ന്റെ അവസ്ഥ. ഇവിടെ ബ്രാൻഡ് ‘ലിജോ’ ആണ്. Ljp യുടെ സിനിമയല്ലേ, ഇതിലെന്തോ വൻ സംഭവം കാണുംന്ന് കരുതി കുത്തിയിരുന്ന് അർത്ഥങ്ങൾ ഉണ്ടാക്കിയാൽ അടിപൊളിയായി…  Ljp യുടെ സിനിമക്ക് യൂണിവേഴ്സൽ അർത്ഥങ്ങൾ ഉണ്ടാക്കിയില്ലേൽ തങ്ങൾക്ക് ‘സിനിമാസാക്ഷരത’ ഇല്ലാന്ന് ആരേലും കരുതിയാലോ എന്ന് ഒരു കൂട്ടരുടെ ചിന്ത. ജെല്ലിക്കെട്ടിനെ പൊക്കി കുറച്ചു artistic തള്ളുകൾ ഇട്ടാൽ തങ്ങൾ ‘സിനിമാസാക്ഷരത’ നിറഞ്ഞു തുളുമ്പുന്നവരാണെന്ന് മറ്റുള്ളവർ കരുതുമെന്ന് മറ്റൊരു കൂട്ടരുടെ വിശ്വാസം😎.

വ്യാഖ്യാനിച്ചുണ്ടാക്കാൻ നിന്നാൽ ഈ ലോകത്തിലെ സകല സാമാനങ്ങൾക്കും ലോകോത്തര അർത്ഥങ്ങൾ ഉണ്ടാക്കാം. ഉപ്പ് തൊട്ട് കർപ്പൂരത്തിന് വരെ പല വ്യാഖ്യാനങ്ങൾ ചാർത്തികൊടുക്കാം. ചുമ്മാ കണ്ണടച്ചാൽ കാണുന്ന ഇരുട്ടിന് വരെ ഇങ്ങനെ അർത്ഥങ്ങൾ ഉണ്ടാക്കിക്കൊടുക്കാൻ പ്രാപ്തിയുണ്ട് മനുഷ്യർക്ക്.

ജെല്ലിക്കെട്ട് തീയറ്ററിൽ കാണുന്ന നേരത്ത് ഇടയിൽ പവർ failure വന്ന് സ്‌ക്രീനിൽ ഇരുട്ടായിരുന്നെങ്കിൽ അതറിയാതെ ആ ഇരുട്ടിന് വരെ ഒരായിരം അർത്ഥങ്ങൾ വ്യാഖ്യാനിച്ചുണ്ടാക്കിയേനെ ഫാൻസ്‌കാർ. ഒരു പക്ഷേ ‘LJP’യുടെ ഡയറക്ടർ ബ്രില്ല്യൻസ് ആയി ആ ‘ഇരുട്ട് ഷോട്ട്’ വിലയിരുത്തപ്പെടുകയും ചെയ്തേനെ 😜. ഏതായാലും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു.

ഇനി മറ്റൊരു കൂട്ടരുണ്ട്, ‘നിഷ്കളങ്ക പ്രേക്ഷകർ’. സിനിമ കണ്ടിട്ട് ആസ്വദിക്കാൻ പറ്റിയില്ലെങ്കിലും പ്രസ്തുത സിനിമയെക്കുറിച്ച് മറ്റുള്ളവർ തള്ളുന്ന വ്യാഖ്യാനങ്ങൾ കണ്ടിട്ട്, “ഇതൊക്കെ ഞാൻ കണ്ടിട്ട് മനസ്സിലായില്ലല്ലോ, ഇതൊക്കെ മനസ്സിലാവാത്തത് എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കും” എന്ന് സ്വയം പഴി ചാരി സിനിമ തന്നേം പിന്നേം ആവർത്തിച്ചങ്ങു കാണും. അവസാനം കഷ്ട്ടപ്പെട്ട് ഇല്ലാത്ത അർത്ഥങ്ങളൊക്കെ അങ്ങ് വ്യാഖ്യാനിക്കും, ഒരു മനഃസംതൃപ്തി.

ഇതിനെല്ലാം പുറമേ മറ്റൊരു കൂട്ടമുണ്ട്, വെട്ടുകിളി ഫാൻസ്‌. സിനിമയെ പൊക്കി നാല് ലോകോത്തര തള്ളുകൾ ഉണ്ടാക്കുന്നതിനെക്കാൾ കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ സിനിമ കണ്ടിട്ട് ഇഷ്ട്ടപ്പെടാത്തവരെ ‘ലോകസിനിമ കാണാത്ത ഊളകൾ’ എന്ന് വിളിക്കാനായിരിക്കും.

ഏതെങ്കിലും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രസ്തുത സിനിമ കയറിയാൽ പിന്നെ ഇത്തരം വെട്ടുകിളി ഫാൻസ്‌ തങ്ങളുടെ ആക്രമണത്തിന്റെ മൂർച്ച കൂട്ടാറുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ലോകത്തെ ഒന്നാം നിര ചലച്ചിത്രമേളയായ ‘Cannes film festival’ ലിൽ ബാഹുബലി പ്രദർശിച്ചപ്പോൾ ‘രാജമൗലി’ ഫാൻസൊന്നും ഇത്ര തള്ളലുകൾ നടത്തിയതായി അറിവില്ല. യൂറോപ്യൻ, അമേരിക്കൻ ചലച്ചിത്ര മേളകളിലൊക്കെയുള്ള പൊളിറ്റിക്സിനെക്കുറിച്ചും അവിടൊക്കെ സിനിമ സെലക്ട്‌ ചെയ്യാൻ സ്വീകരിക്കുന്ന അലിഖിത മാനദണ്ഡങ്ങളെക്കുറിച്ചും ഇവിടെയുള്ള ബഹുഭൂരിപക്ഷമലയാളികൾക്കുള്ള അജ്ഞതയിൽ നിന്നാണ് ഈ ടൈപ്പ് ‘ലോകസിനിമാ ഫാൻസ്’ ഉണ്ടാവുന്നത്.

2017ലെ കാൻസ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഔദ്യോഗിക നോമിനേഷൻ ആയിരുന്നു ബാഹുബലി. Ministry of information and broadcasting സംഘടിപ്പിച്ച ‘india pavilion’ എന്ന വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്, സിനിമ തിരഞ്ഞെടുക്കാൻ ഫിലിം ഫെസ്റ്റിവലുകൾ സ്വീകരിക്കുന്ന രാഷ്ട്രീയം പോലെ തന്നെയാണ് സിനിമ അങ്ങോട്ടേക്ക് അയക്കാൻ വിവിധ സർക്കാരുകൾ സ്വീകരിക്കുന്ന രാഷ്ട്രീയവും. കാൻസ് ഫെസ്റ്റിവലിൽ ‘ബാഹുബലി’ ഇന്ത്യയെ പ്രതിനിധീകരിച്ചതിന്റെ പിന്നിലുള്ള രാഷ്ട്രീയം പ്രത്യേകം വ്യക്തമാക്കേണ്ടല്ലോ.

ചലച്ചിത്രമേളകളിലെ സെലക്ഷൻ നോക്കി സിനിമക്ക് അർത്ഥങ്ങൾ ഉണ്ടാക്കാൻ നിക്കുന്നവർ, ബാഹുബലിയെക്കുറിച്ചു കൂടി കുറച്ചു ‘അക്കാഡമിക് ലേഖനങ്ങൾ’ എഴുതണമെന്ന് അഭ്യർത്ഥന.പറഞ്ഞു വന്നത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ എൻട്രി കിട്ടുന്ന സിനിമകളെല്ലാം മോശമാണെന്നല്ല. ആ ‘എൻട്രി’ കിട്ടിയത് കൊണ്ട് മാത്രം ഒരു സിനിമയും ലോകനിലവാരമുള്ള സിനിമയാവണമെന്നില്ല, അതാണ് പറഞ്ഞത്.

ഏതായാലും അർത്ഥങ്ങൾ വ്യഖ്യാനിച്ചുണ്ടാക്കുന്നതൊക്കെ ഓരോരുത്തരുടെ സ്വാതന്ത്ര്യം.. അതൊക്കെ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ വരുമ്പോൾ നാല് വർത്താനം പറഞ്ഞു പ്രതിരോധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ എഴുത്ത്, അങ്ങനെ കൂട്ടിയാൽ മതി.. ബിനാലെയിലെ ‘കുപ്പിയും പാട്ടയും’ തുടർച്ചയായുള്ള വ്യാഖ്യാനിക്കപ്പെടലിൽ നിന്ന് മോചിതരായെങ്കിലും ലിജോയുടെ ‘ജെല്ലിക്കെട്ട്’ ഇപ്പോഴും വ്യഖ്യാനിക്കപ്പെട്ട് തീർന്നിട്ടില്ല എന്നാണ് അറിവ്..

ഇതൊക്കെ വായിച്ചിട്ട് ദഹിക്കാൻ ബുദ്ധിമുട്ടുള്ളവർ ഈ എഴുത്ത് ‘ആധുനിക മനുഷ്യന്റെ മൃഗീയതയോ അല്ലെങ്കിൽ മനുഷ്യൻ എന്ന മൃഗത്തിന്റെ വയലൻസോ’ ആയി കണ്ടാൽ മതി, ച്ഛേ ‘വ്യാഖ്യാനിച്ചാൽ’ മതി. 🥴