സിനിമയും വർണ്ണവെറിയും

73

Harinarayanan

മലയാളസിനിമയിലെ ഒരു ‘racist frame’ എന്ന് വിളിക്കാവുന്ന ഒരു ഫ്രെയിം ആണിത്. വെളുത്ത തൊലിയുള്ള നായിക (in focus ൽ)Frame ന്റെ depth കൂട്ടാൻ നായികയുടെ foreground ൽ നിരത്തിയിരിക്കുന്ന കറുത്ത തൊലിയുള്ള മനുഷ്യർ (out of focus ൽ).ചിത്രം ‘ഒരു മെക്സിക്കൻ അപാരത’.’പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്’ സംബന്ധിച്ച വിമർശനങ്ങളിൽ ബഹുഭൂരിപക്ഷവും കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലോ ഭാഷയിലോ വേഷത്തിലോ ഐഡന്റിറ്റിയിലോ സിനിമയുടെ കഥയിലോ മാത്രമായി ചുരുങ്ങിപ്പോകാറാണ് പതിവ്.സിനിമയിൽ കഥയുടെ totality യുമായി നേരിട്ട് ബന്ധമില്ലാത്ത ചില ഫ്രെയിമുകൾ അതിന്റെ visual composition കൊണ്ട് ഉല്പാദിപ്പിക്കുന്ന ചില പൊളിറ്റിക്കൽ ശരികേടുകളുണ്ട്.

മലയാളസിനിമയിൽ Cinematography സംബന്ധിച്ച ‘പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്’ വിമർശനങ്ങൾ കുറേക്കൂടി ഉയർന്നു വരേണ്ടതുണ്ട്. നമ്മുടെ ശ്രദ്ധ പെട്ടെന്ന് പതിയാത്ത, അധികം ശ്രദ്ധിക്കാതെ വിട്ട് കളയുന്ന എത്രയോ വിഷലിപ്തമായ ഫ്രെയിമുകൾ ‘മലയാളസിനിമാ സിനിമാട്ടോഗ്രാഫി’യിലുണ്ട്. ഒരെണ്ണം ഓർമ്മ വന്നപ്പോൾ പങ്കു വച്ചെന്നേയുള്ളൂ.’മെക്സിക്കൻ അപാരത’ യുടെ trailer ഇറങ്ങിയ കാലത്ത് തന്നെ ഈ ഫ്രെയിം ചർച്ച ചെയ്യപ്പെട്ടിരുന്നു, എങ്കിലും ആ ചർച്ചകൾ സിനിമാപ്രേമികളുടെ ഒരു ചെറിയ സ്പേസിൽ മാത്രമായി ഒതുങ്ങിപ്പോയിരുന്നു എന്നാണ് തോന്നിയത്.

പൂർണ്ണമായ ഒരു വിശദീകരണം നൽകുവാനായി ചിലർ ഉന്നയിച്ച ചോദ്യങ്ങളെക്കൂടി ഞാനിവിടെ ആശ്രയിക്കുകയാണ്.

Q) “എങ്ങനെയാണ് ‘മെക്സിക്കൻ അപാരത’ യിലെ ഈ ഫ്രെയിം Racist/വർണ്ണവെറി ആയി മാറുന്നത്”?

ആദ്യമേ പറയട്ടെ, ഈ ഫ്രെയിം അതിന്റെ visual composition കൊണ്ടാണ് പൂർണ്ണമായും racist ആയി മാറുന്നത്. ഫ്രെയിമിന്റെ/ഷോട്ട് ന്റെ composition നോക്കുക (ചിത്രം1). വളരെ വെളുത്ത തൊലിയുള്ള ‘നായിക’/subject, ശ്രദ്ധിക്കണം വെളുത്തതാണ് ‘നായിക’. നായികയിലാണ് ഷോട്ട് ന്റെ ഫോക്കസ് (focal point). Foreground ൽ അതായത് നായികയുടെ മുൻപിൽ dark skin ഉള്ള കുട്ടികൾ. ഇവിടെ ‘നിറ’ത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന subject ആയ ‘വെളുത്ത’ നായികയെ ഫ്രെയിമിൽ വേർതിരിച്ചു നിർത്തുന്നു. Visual attention അഥവാ പ്രേക്ഷകന്റെ ശ്രദ്ധാകേന്ദ്രം വെളുത്ത നായികയിലേക്ക് കൊണ്ട് വരാൻ അറിഞ്ഞോ അറിയാതെയോ കറുത്ത തൊലിയുള്ള മനുഷ്യർ ഉപയോഗിക്കപ്പെടുന്നു. ഇതിൽ നായികയെ വേർതിരിച്ചു നിർത്തുന്നതിന്റെ അപ്പുറത്ത് എന്തായിരുന്നു സിനിമയിൽ ഈ ഷോട്ടിന്റെ purpose/ഉദ്ദേശം?

സിനിമയുടെ അവതരണത്തിൽ ഒഴിവാക്കാൻ സാധിക്കാത്ത വിധത്തിൽ എന്ത് പ്രാധാന്യമാണ് ഈ ‘ഷോട്ടി’നുള്ളത്. കഥാഗതിക്ക് വളരെ അനിവാര്യമായ സിനിമയെ അർത്ഥപൂർണ്ണമാക്കാനുള്ള ഒരു ഷോട്ട് ആയിരുന്നു ഇതെന്ന വാദം സിനിമ കണ്ടവർ പറയുമെന്ന് തോന്നുന്നില്ല. കൂടാതെ ഈ dark skin tone ഉള്ള കുട്ടികൾ ഈ ഫ്രെയിമിനപ്പുറത്ത് കഥാപാത്രങ്ങളേയല്ല, ഈ പ്രത്യേക ഷോട്ടിൽ ‘വെളുത്ത’ നായികക്ക് visual attention നൽകാൻ വേണ്ടിയും composition ന്റെ visual depth കൂട്ടാൻ വേണ്ടിയും മാത്രം ഉപയോഗിക്കപ്പെട്ട ഒരു ടൂൾ മാത്രമാണ് മുന്നിലുള്ള കുട്ടികളുടെ dark skin. ഒരു ഫ്രെയിമിൽ, കഥക്ക് ഒരാവശ്യവുമില്ലാതെ, വെളുത്ത നിറത്തിന്റെ അടിസ്ഥാനത്തിൽ ഒരു വ്യക്തിക്ക് ശ്രദ്ധ കൂടുതൽ ലഭിക്കത്തക്ക രീതിയിൽ കറുത്ത നിറമുള്ളവരെ അവതരിപ്പിക്കുന്നതും, നിറത്തിന്റെ ഈ വിത്യാസത്തിലൂടെ വെളുത്ത ആൾക്ക് പ്രാധാന്യം കൊടുക്കുന്നതും നായികാ/നായക പരിവേഷം കൊടുക്കുന്നതും പ്രത്യക്ഷത്തിൽ racism തന്നെയാണ്. ഈ frame racist തന്നെയാണ്, എന്തെന്നാൽ കാഴ്ച്ചയിൽ തൊലിവെളുപ്പിന്റെ അടിസ്ഥാനത്തിൽ നായികയെ വേർതിരിച്ചു ശ്രദ്ധ ക്ഷണിക്കലല്ലാതെ ഈ ഷോട്ടിന് മറ്റൊരു കടമയും ഈ സിനിമയിൽ ചെയ്യാനില്ല.

ഇത് മനഃപൂർവം racist മനസ്സോടു കൂടി സൃഷ്ടിച്ചതാണ് എന്ന വാദം എനിക്കില്ല, അതെനിക്കറിവില്ല. ഈ ഷോട്ട് ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് അണിയറപ്രവർത്തകരിൽ ചിലർ ഇത് മോശം മനസ്സോടു കൂടി ഷൂട്ട് ചെയ്തതല്ലെന്നും യാദൃശ്ചികമായി സംഭവിച്ചതാണെന്നും പങ്കു വച്ചിരുന്നു, അതുമായി ബന്ധപ്പെട്ട മറുപടി ഇതിന്റെ അവസാനം ചേർക്കാം.ഏതായാലും ഒരു വ്യക്തി ശ്രദ്ധിക്കപ്പെടേണ്ടതും പ്രാധാന്യം കല്പ്പിക്കപ്പെടേണ്ടതും ആകർഷിക്കപ്പെടേണ്ടതും തൊലിവെളുപ്പിന്റെ അടിസ്ഥാനത്തിലല്ല. അറിഞ്ഞോ അറിയാതെയോ ഇതിന് വിരുദ്ധമായ ആശയം ഉൽപ്പാദിപ്പിക്കുന്ന ഏതൊരു കലാസൃഷ്ട്ടിയും Racism ത്തിന്റെ പരിധിയിൽ വരും.

അറിഞ്ഞും അറിയാതെയും സിനിമയുൾപ്പെടുന്ന മലയാളദൃശ്യസംസ്കാരം കാലങ്ങളായി promote ചെയ്തു കൊണ്ടിരിക്കുന്ന ഒന്നാണ് racism. ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മലയാളസിനിമയിൽ വർണ്ണവിവേചനത്തിന്റെ അംശങ്ങൾ അങ്ങോളമിങ്ങോളം കാണാം. ‘വെളുത്ത’ നായികയുടെ ഒപ്പം ഒരു ഫ്രെയിമിൽ ഉൾപ്പെടുന്ന നായികയുടെ തോഴിമാർക്ക് നായികയുടേതിന് സമാനമായതോ നായികക്കാളും കൂടുതലോ തൊലിവെളുപ്പുണ്ടാവാത്തത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല, മുൻപ് പറഞ്ഞ ‘നിറ’ത്തിന്റെ അടിസ്ഥാനത്തിലുള്ള ശ്രദ്ധയാകർഷിക്കലിന്റെ ഭാഗമായി ബോധപൂർവ്വം കൈക്കൊണ്ട തീരുമാനങ്ങളാണ് ഇതൊക്കെ. ‘തൊലിവെളുപ്പ്’ നായികക്ക് ഉണ്ടാവേണ്ട പ്രഥമ ക്വാളിറ്റിയായാണ് ഭൂരിപക്ഷ മലയാളസിനിമയും കണ്ടു പോരുന്നത്. കറുത്ത കഥാപാത്രങ്ങൾക്കായി വെളുത്ത അഭിനേത്രികളെ ഛായം പൂശി കറുപ്പിക്കുന്നത് പോലും ഈ കാഴ്ചാശീലങ്ങളെ ഖണ്ഡിക്കാനുള്ള മലയാളസിനിമയുടെ മടി കൊണ്ടാണ്.

ഇവിടെ ഭൂരിപക്ഷം സിനിമകളിലും നായക കഥാപാത്രങ്ങളിൽ നിന്ന് കറുത്തവർ മാറ്റി നിർത്തപ്പെട്ടു കൊണ്ടിരുന്നു. അതിപ്പോ നെഗറ്റീവ് shades ഉള്ള നായകകഥാപാത്രം ആണെങ്കിൽ കൂടിയും ‘നായകൻ’ ആവാനുള്ള യോഗ്യത കറുത്തവർക്കില്ലായെന്ന് ഭൂരിപക്ഷസിനിമാക്കാരും വിശ്വസിച്ചു പോന്നു. അത് കൊണ്ടായിരിക്കാം, ഷേക്‌സ്‌പിയറിന്റെ ‘ഒഥല്ലോ’ എന്ന കൃതി സംവിധായകൻ ജയരാജ്‌ മലയാളസിനിമയിൽ പുനരാവിഷ്കരിച്ചപ്പോൾ ഷേക്‌സ്പിയറിന്റെ ‘കറുത്തവനായ ഒഥല്ലോ’ യായി വെളുത്ത സുരേഷ് ഗോപി make-down ചെയ്ത് അഭിനയിക്കേണ്ടി വന്നത്. സംവിധായകന്റെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പരിധിയിൽപ്പെടുത്തി ഇത്തരം വിമർശനങ്ങളെ മലയാളസിനിമ റദ്ദ് ചെയ്താണ് മുന്നോട്ട് പോയത്. കറുത്ത നിറമുള്ള സത്യൻ മാഷ് ഇതിന് ഒരപവാദമായി നിന്നെങ്കിലും ബ്ലാക്ക് ആൻഡ് വൈറ്റ് മലയാളസിനിമയിൽ ഇതൊക്കെ അപൂർവ്വങ്ങളിൽ അപൂർവ്വമായിരുന്നു. മാത്രമല്ല അദ്ദേഹത്തിന് പോലും make-up ചെയ്തും മുഖത്ത് വെള്ള ഛായം പൂശിയും അഭിനയിക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ സത്യൻ മാഷ് യഥാർത്ഥത്തിൽ കറുത്തിട്ടാണെന്ന് പലർക്കും അറിവില്ല.

ന്യൂസ്‌ ചാനലുകളിലും മറ്റും കറുത്ത നിറമുള്ള വാർത്താ അവതാരകർ ഉണ്ടാവാത്തത് കറുത്തവർക്ക് നന്നായി അവതരിപ്പിക്കാൻ അറിയാത്തത് കൊണ്ടല്ല. ഇതൊക്കെ യാദൃശ്ചികമായി സംഭവിക്കുന്നതുമല്ല. നല്ല പ്രസന്റേഷൻ സ്‌കിൽ ഉൾപ്പെടെ മാധ്യമപ്രവർത്തകർക്കുണ്ടാവേണ്ട എല്ലാ കഴിവും, മികച്ച academic മെറിറ്റും ഉണ്ടായിട്ട് പോലും തൊലി കറുത്തു പോയെന്ന ഒറ്റക്കാരണത്താൽ ന്യൂസ്‌റൂമിൽ ക്യാമറക്ക് മുന്നിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരെ വ്യക്തിപരമായി അറിയാം. എന്റർടൈൻമെന്റ് ചാനലുകളിലെ സ്ഥിതിയും ഇത് തന്നെ.

മലയാളസിനിമയിൽ ഈ സിസ്റ്റത്തെ ബ്രേക്ക് ചെയ്ത സംവിധായകർ വളരെ കുറവാണെങ്കിലും ‘കറുപ്പിനെ’ കാഴ്ചയിൽ നിന്ന് അകറ്റി നിർത്തുന്നതിൽ മറ്റ് ദൃശ്യമാധ്യമങ്ങൾ കാണിക്കുന്നയത്ര ‘racist ജാഗ്രത’ ‘സിനിമ’ എന്ന മാധ്യമം കാണിച്ചിട്ടില്ല. മുഖ്യധാരാ മലയാളസിനിമയിൽ ‘ഗുണ്ട’, ‘കോമാളി’ എന്നിങ്ങനെ കറുത്തവർക്ക് ലഭിക്കുന്ന stereotype റോളുകളെ ഭേദിച്ച് കൊണ്ട് ലാലും, വിനായകനും, ചെമ്പൻ വിനോദുമൊക്കെ മൂല്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടിക്കൊണ്ടിരിക്കുന്നു.

Q) ”മെക്സിക്കൻ അപാരത’യിലെ ഈ ഫ്രെയിമിൽ ഞാൻ കുറേ മനുഷ്യരെ മാത്രമേ കണ്ടുള്ളു, കറുപ്പും വെളുപ്പും ഒന്നും കണ്ടില്ല. Racism ഒക്കെ കാണുന്നവന്റെ കണ്ണിലല്ലേ” ?

അമേരിക്കയിലെ മിനിയാപൊളിസില്‍ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗക്കാരൻ വർണ്ണവെറിയനായ ഒരു വൈറ്റ് പോലീസുകാരന്റെ മുട്ടിനടിയിൽ കിടന്ന് ശ്വാസം മുട്ടി കൊല്ലപ്പെട്ടിരുന്നു. ശേഷം വർണ്ണവെറിക്കെതിരെ അമേരിക്കയിൽ വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കപ്പെട്ടു. അന്ന് അവിടെയും ഒരു കൂട്ടം ‘നിഷ്കളങ്ക’ മനുഷ്യസ്നേഹികളുണ്ടായിരുന്നു, അവരുടെ വാദം “ഇതൊക്കെ racism ആയി കാണണോ, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ ആക്രമിക്കുന്നതായി മാത്രം കണ്ടാൽ പോരേ, കറുപ്പും വെളുപ്പും വേർതിരിച്ചു കാണുന്നവരുടെ കണ്ണിലാണ് racism” എന്നൊക്കെ വാദിച്ചിരുന്നു ഈ നിഷ്കളങ്കർ. Racism ത്തിന്റെ തീവ്രത ഏത് അളവിലാണെങ്കിലും ഏത് മേഖലയിൽ ആയാലും പെട്ടെന്ന് തിരിച്ചറിയപ്പെടാത്ത രീതിയിൽ എത്ര മനോഹരമായി അവതരിപ്പിക്കപ്പെട്ടാലും, അത് അറിഞ്ഞു കൊണ്ടായാലും അറിയാതെ ആയാലും racism racism അല്ലാതാവുന്നില്ല. Racism ത്തിനെതിരെ സംസാരിക്കുമ്പോൾ മറുപടിയായി കിട്ടാറുള്ള പഴകി തേഞ്ഞ വാദമാണ്, ‘കാണുന്നവന്റെ കണ്ണിലാണ് racism’ എന്നത്. കേരളം പോലെ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനത്തിലുള്ള ‘നിഷ്കളങ്ക’ മനുഷ്യസ്നേഹികളിൽ നിന്ന് കുറച്ചു കൂടി ഫ്രഷ് ആയിട്ടുള്ള ഒരു കൗണ്ടർ വാദം ആഗ്രഹിക്കുന്നതിൽ തെറ്റില്ല എന്ന് തോന്നുന്നു.

Q) “നായികാ കഥാപാത്രത്തിലേക്ക് ശ്രദ്ധ വരുത്താൻ cinematographer നിറത്തെ ഉപയോഗിച്ചെന്നല്ലേയുള്ളൂ, അതൊരു തെറ്റാണോ” ?

ശ്രദ്ധ ക്ഷണിക്കാൻ ഉപയോഗിക്കുന്ന നിറം തൊലിയുടേതാണെങ്കിൽ സിനിമയുടെ സന്ദർഭമനുസരിച് അത് തെറ്റാവാനുള്ള സാധ്യതയുണ്ട്. ചോദ്യം അനുസരിച്ച്, ഈ ഷോട്ടിൽ വെളുത്ത നായികയിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ ക്ഷണിക്കാൻ ചുറ്റുമുള്ളവരുടെ കറുത്ത തൊലിയാണല്ലോ ഉപയോഗിച്ചിരിക്കുന്നത്. സിനിമാട്ടോഗ്രഫിയിൽ, സിനിമയുടെ കഥാഗതിയോ ആശയമോ ഡിമാൻഡ് ചെയ്യുന്ന ഒരു പ്രത്യേക കാരണം കൊണ്ടല്ലാതെ ഒരു വെളുത്ത കഥാപാത്രത്തെ ഫ്രെയിമിൽ വേർതിരിച് എടുത്തു കാണിക്കാനും ശ്രദ്ധ ക്ഷണിക്കാനും കറുത്ത നിറമുള്ളവരെ ചുറ്റും നിർത്തുന്നത് തികച്ചും അപഹാസ്യമാണ്. അക്ഷരങ്ങളെ വായിക്കാൻ കറുത്ത ബോർഡിൽ വെളുത്ത ചോക്ക് കൊണ്ടെഴുതുന്ന ലാഘവത്തോടെയാവരുത് ഒരു സിനിമാറ്റോഗ്രഫർ മനുഷ്യന്റെ തൊലിയുടെ നിറത്തെ ഉപയോഗിച്ച് ഷോട്ട് ഡിസൈൻ ചെയ്യേണ്ടത്.

ഒരു ‘ഗ്രൂപ്പ്‌ ഷോട്ടിൽ’ ഒരു പ്രത്യേക കഥാപാത്രത്തെ മറ്റുള്ളവരിൽ നിന്നും വേർതിരിച് എടുത്ത് കാണിക്കാനും അയാളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ കൊണ്ട് വരാനും സിനിമാട്ടോഗ്രഫിയിൽ ഒരുപാട് വിദ്യകളുണ്ട്, അതിൽ ചിലത് പറയാം;
1)Lighting (natural and artificial) – ശ്രദ്ധ വേണ്ട കഥാപാത്രത്തിന് ശ്രദ്ധ കിട്ടത്തക്ക രീതിയിൽ light ചെയ്യുക.
2)Lensing – (ലെൻസിന്റെ ഫോക്കൽ ലെങ്തോ, depth of field ഓ വിത്യാസപ്പെടുത്തി പ്രധാന subject/കഥാപാത്രത്തിലേക്ക് ശ്രദ്ധ കൊണ്ട് വരാം, ശ്രദ്ധ വേണ്ട കഥാപാത്രത്തിലേക്ക് മാത്രം ഫോക്കസ് പരിമിതപ്പെടുത്തുന്നത് (shallow focus) സിനിമയിൽ സാധാരണ കാഴ്ചയാണ്.
3)Image size/Subject size – ഫ്രെയിമിൽ ശ്രദ്ധിക്കപ്പെടാൻ തക്ക വലിപ്പത്തിൽ കഥാപാത്രത്തെ കാണിക്കാം.
4)Camera angle – കഥാപാത്രത്തിന് ശ്രദ്ധ കിട്ടത്തക്ക രീതിയിൽ ക്യാമറയുടെ സ്ഥാനം vertical ആയി വിത്യാസപ്പെടുത്താവുന്നതാണ്. High angle, eye-level, low angle, dutch angle അങ്ങനെ ഏത് ആംഗിളും ഉദേശമനുസരിച് ഉപയോഗിക്കാം.
5)Subject’s positioning/placing – പല visual aesthetics അനുസരിച് ഫ്രെയിമിൽ ശ്രദ്ധ കിട്ടുന്ന ഒരു പോയിന്റിൽ ശ്രദ്ധ വേണ്ട കഥാപാത്രത്തെ പ്ലേസ് ചെയ്യുന്ന രീതിയിൽ ഫ്രെയിം പൊസിഷനിംഗ് ചെയ്യുക, Rule of thirds പോലെയുള്ള conventional methods ഉപയോഗിക്കാവുന്നതാണ്.
6)Subject’s movement – (ശ്രദ്ധ വേണ്ട subject/കഥാപാത്രത്തിന് മാത്രമായി movement കൊടുക്കുക, ഏകദേശം നിശ്ചലമായ ദൃശ്യമുള്ള ഒരു ഷോട്ടിൽ movement ഉണ്ടാവുന്ന ഭാഗത്തേക്ക്‌ മനസ്സിന്റെ ശ്രദ്ധ പോകുന്നത് മനുഷ്യന്റെ സഹജമായ വാസനയാണ്, സിനിമയിൽ മാത്രമല്ല ജീവിതത്തിലും).

സിനിമാട്ടോഗ്രഫിയിൽ ഇനിയുമുണ്ട് വിദ്യകൾ, ഇപ്പോ പറഞ്ഞതൊക്കെ DSLR ൽ ഷോർട്ട് ഫിലിമെടുക്കുന്ന തുടക്കക്കാർക്ക് പോലും ബോധ്യമുള്ള കാര്യങ്ങളാണ്. ആ നിലയ്ക്ക്, film industry യിൽ ജോലി ചെയ്യുന്ന ഒരു professional സിനിമാട്ടോഗ്രാഫർക്ക് തീർച്ചയായും ഇതിലും കൂടുതൽ വഴികൾ അറിയാം. മേല്പറഞ്ഞ വിദ്യകൾ കൂടാതെ Art direction വിഭാഗത്തിലുമുണ്ട് ചില വിദ്യകൾ. ഫ്രെയിമിൽ ശ്രദ്ധിക്കപ്പെടേണ്ട കഥാപാത്രത്തിന് മറ്റുള്ളവരുടേതിൽ നിന്ന് വിത്യസ്തമായതോ wavelength കൂടിയതോ ആയ നിറമുള്ള വസ്ത്രങ്ങളോ, തൊപ്പി, കുട, ബാഗ് പോലുള്ള സാധനങ്ങളോ കൊടുക്കാവുന്നതാണ്. വസ്ത്രങ്ങളുടെയോ സാധനങ്ങളുടെയോ നിറത്തിന്റെ പ്രത്യേകതയാൽ പ്രസ്തുത കഥാപാത്രത്തിലേക്ക് പ്രേക്ഷകശ്രദ്ധ കൃത്യമായി വരും.
ഒരുപാട് ആൾക്കാരുള്ള ‘ഗ്രൂപ്പ്‌ ഷോട്ടി’ൽ ഒരു പ്രത്യേക കഥാപാത്രത്തിലേക്ക് പ്രേക്ഷകശ്രദ്ധ കൊണ്ട് വരാൻ മാത്രം സിനിമയിൽ ഇത്രയും വിദ്യകൾ നിലനിൽക്കെ പ്രേക്ഷകശ്രദ്ധ ക്ഷണിക്കാൻ മനുഷ്യന്റെ തൊലിയുടെ നിറത്തെ ആശ്രയിക്കുന്ന സിനിമാട്ടോഗ്രാഫി ദുരന്തസമാനമാണ്.

ഒരു ഫ്രെയിമിൽ വെളുത്ത തൊലിയിലേക്ക് പ്രേക്ഷകശ്രദ്ധ വേഗം പതിയുമെന്നു വാദിക്കുന്നവർ ‘മായാനദി’ യിലെ ഈ wide ഷോട്ട് (ചിത്രം2) ഒന്ന് നോക്കുക. ഇതിൽ നായകനെയും നായികയെയും മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചു നിർത്തുന്നത് തൊലിയുടെ നിറമല്ല, ‘ഫോക്കസും’ കഥാപാത്രങ്ങളിലേക്ക് വരുന്ന ‘നാച്ചുറൽ ലൈറ്റിംഗും’ ‘Rule of third’ അനുസരിച്ചുള്ള frame പൊസിഷനിംഗുമാണ്. തൊട്ടടുത്ത ഷോട്ടിൽ (ചിത്രം3) പ്രധാനകഥാപാത്രങ്ങളുടെ മുൻപിലുള്ള ആൾക്കാരും വെളുത്ത തൊലിയുള്ളവർ തന്നെയാണ്, പക്ഷേ സിനിമാട്ടോഗ്രഫർ രണ്ട് പ്രധാന കഥാപാത്രങ്ങളിലേക്ക് മാത്രമായി ഫോക്കസ് പരിമിതപ്പെടുത്തിയിരിക്കുന്നു (shallow focus), ഫ്രെയിമിൽ ശ്രദ്ധിക്കത്തക്ക ഇമേജ് സൈസിലുമാണ് കഥാപാത്രങ്ങൾ, അങ്ങനെയാണ് ആ കഥാപാത്രങ്ങളിലേക്ക് പ്രേക്ഷകശ്രദ്ധ കൊണ്ടു വന്നിരിക്കുന്നത്. ഒരു ഫ്രെയിമിൽ വെളുത്ത ഒരാളെ വേർതിരിച്ചു കാണിക്കാൻ അയാൾക്ക് ചുറ്റും കറുത്തവരെ ഉപയോഗിക്കണമെന്ന racist ധാരണയെ തിരുത്തുവാനാണ് ഈ ഉദാഹരണം പറഞ്ഞത്.

ഒരു ഗ്രൂപ്പ്‌ ഷോട്ടിൽ, ഒരു കഥാപാത്രത്തിലേക്ക് പ്രേക്ഷകശ്രദ്ധ കൊണ്ട് വരാനും ഒരു ആശയം convey ചെയ്യാനും മനുഷ്യന്റെ തൊലിയുടെ നിറവിത്യാസത്തെ പൊളിറ്റിക്കലി കറക്റ്റ് ആയി ഉപയോഗപ്പെടുത്തിയിട്ടുള്ള ചില ഉദാഹരണങ്ങൾ പറയാം. 2006ൽ പുറത്തിറങ്ങിയ ‘The Pursuit of Happyness’ എന്ന സിനിമ കണ്ടവർ ഒരിക്കലും മറക്കാനിടയില്ലാത്ത ഒരു ഷോട്ടുണ്ട്, സിനിമയുടെ അവസാനഭാഗത്ത്‌ വിൽ സ്മിത്ത് അവതരിപ്പിക്കുന്ന Chris Gardner എന്ന കഥാപാത്രം ഓഫീസിൽ നിന്ന് ഇറങ്ങി ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ നടക്കുന്നത് (ചിത്രം4). മെക്സിക്കൻ അപാരതയിലെ വിമർശനവിധേയമായ ആ ഗ്രൂപ്പ്‌ ഷോട്ടിന് ഏതാണ്ട് സമാനമായ ഇമേജ് സൈസിലാണ് ഈ ഷോട്ടും compose ചെയ്തിരിക്കുന്നത് (mid to medium long shot). ഈ ഷോട്ടിൽ ഒരു കാര്യം ശ്രദ്ധിച്ചാൽ മനസ്സിലാവും, ഒരുപാട് ആൾക്കാരുൾപ്പെടുന്ന ഈ ഫ്രെയിമിൽ Will smith ഒഴികെ ബാക്കിയുള്ള ബഹുഭൂരിപക്ഷം പേരും whites ആണ്. അവരൊന്നും സിനിമയിലെ കഥാപാത്രങ്ങളേയല്ല, വഴിയാത്രക്കാർ മാത്രം, ഈ ഷോട്ടിന് വേണ്ടി മാത്രം ഉപയോഗിക്കപ്പെട്ടവർ.

അമേരിക്ക പോലെ racism ശക്തമായ ഒരു രാജ്യത്ത്, തന്റെ ദുർഘട സാഹചര്യങ്ങളോടും പ്രതിസന്ധികളോടും പൊരുതി കറുത്ത വർഗക്കാരനായ Chris gardner എന്ന കഥാപാത്രം ജീവിതത്തിൽ വലിയൊരു നേട്ടമുണ്ടാക്കുന്നതാണ് കഥാസന്ദർഭം. ശേഷം Chris വെള്ളക്കാർക്കിടയിലേക്ക് നടന്ന് കയറി വന്ന് നിറഞ്ഞ കണ്ണുകളോടെ കൈ കൊട്ടി സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് അവർക്കിടയിലൂടെ നടന്ന് വരുന്ന ആ ഷോട്ടിൽ, പ്രധാന കഥാപാത്രവും ചുറ്റുമുള്ളവരും തമ്മിലുള്ള ‘തൊലിയുടെ നിറവ്യത്യാസം’ കൊണ്ട് അടയാളപ്പെടുത്തുന്നത് സിനിമയുടെ totality യുമായി ചേർന്ന് കിടക്കുന്ന ‘വിമോചനം’ എന്ന വലിയൊരാശയമാണ്. വെള്ളക്കാർക്കും Chris gardner ക്കും ഇടയിലെ തൊലിയുടെ നിറവ്യത്യാസം സിനിമയോട് കൂട്ടിച്ചേർക്കുമ്പോൾ അർത്ഥപൂർണ്ണവും മഹത്തരവുമാകുന്നു. കൃത്യമായ Lensing ഉം shallow ഫോക്കസും കഥാപാത്രത്തെ കൂടുതൽ മനസ്സിലേക്ക് അടുപ്പിക്കുന്നു.അപ്പോൾ ന്യായമായും ഒരു ചോദ്യം ഉയർന്നു വരാം,നേരെ തിരിച് കറുത്തവർക്കിടയിൽ ഒരു വെളുത്ത നിറമുള്ളയാൾ വേർതിരിച്ചു കാണിക്കപ്പെടുമ്പോൾ അത് racism ആയി വ്യാഖ്യാനിക്കപ്പെടുമോ?

സിനിമയിൽ ഷോട്ടിന്റെ ഉദ്ദേശം അഥവാ purpose അനുസരിച്ചാവും അത് വിലയിരുത്തപ്പെടുക.
പ്രധാന സബ്ജെക്റ്റായ വെളുത്ത ആളിലേക്ക് ‘ശ്രദ്ധ ക്ഷണിക്കാനും, ആ സബ്ജെക്ട് ആകർഷിക്കപ്പെടാനും’ മാത്രമാണ് കറുത്ത തൊലിയുള്ളവരെ ചുറ്റും നിർത്തി ഷോട്ട് compose ചെയ്തതെങ്കിൽ മാത്രമാണ് അതിന് racist വശം വന്നു ചേരുന്നത്.കറുത്തവർക്കിടയിൽ നിൽക്കുന്ന വെളുത്തയാൾ മാത്രം ഫോക്കസ് ചെയ്യപ്പെടുന്ന, പൊളിറ്റിക്കലി കറക്റ്റ് ആയ നിരവധി ഷോട്ടുകൾ സിനിമകളിലുണ്ട്.

Terrance Malik സംവിധാനം ചെയ്ത
‘The thin red line’ എന്ന ചിത്രത്തിൽ Jim caviezel അവതരിപ്പിക്കുന്ന white ആയ കഥാപാത്രം കറുത്തവർക്കിടയിൽ നിൽക്കുന്ന ഒരുപാട് ഷോട്ടുകളുണ്ട് (ചിത്രം5). സിനിമ കണ്ടവർക്ക് അറിയാം, ഈ shot compositions ഒക്കെ സിനിമയുടെ കഥാസന്ദർഭങ്ങളുമായി ബന്ധപ്പെട്ട് അനിവാര്യമായതും അർത്ഥപൂർണ്ണമായവയുമാണ്. അമേരിക്കൻ പട്ടാളക്കാരനായ Jim caviezel സൗത്ത് പസഫിക്കിലെ melanesian കറുത്ത വർഗക്കാരോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നതാണ് കഥാസന്ദർഭം. അമേരിക്കൻ വാർ മൂവിയെന്ന നിലയിലുള്ള പൊളിറ്റിക്കൽ ശരികേടുകളൊക്കെ ഈ സിനിമക്കുണ്ടെങ്കിലും, കറുത്തവരോടൊപ്പം നിൽക്കുമ്പോൾ വെളുത്തവനായ Jim caviezel ഫോക്കസ് ചെയ്യപ്പെടുന്ന ഒരു ഫ്രെയിമിലും racism കാണാൻ കഴിയില്ല. കഥക്ക് ആവശ്യമായ ഒരു മീനിങ് ഉൽപ്പാദിപ്പിക്കുകയെന്നതാണ് ഈ ഷോട്ടുകളുടെ ഉദ്ദേശം, അല്ലാതെ വെളുത്ത നായകന്റെ ബാഹ്യമായ രൂപത്തെ സൗന്ദര്യവൽക്കരിച്ച്, വേർതിരിച്ചു കാണിച്ചു നായകപരിവേഷം കൊടുക്കാനല്ല. സമാനമായ രീതിയിൽ ‘Django unchained’ എന്ന ചിത്രത്തിൽ കറുത്തവർക്കിടയിൽ നിൽക്കുന്ന Dicaprio യെ കാണാം (സിനിമയിൽ Dicaprio യുടെ കഥാപാത്രം അടിമക്കച്ചവടക്കാരനായ പ്രഭുവും കറുത്തവർ അടിമകളുമാണ്). രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലും കറുത്ത നിറമുള്ളവർക്കിടയിൽ വെളുത്ത ദുൽക്കർ സൽമാൻ ഫോക്കസ് ചെയ്യപ്പെടുന്ന നിരവധി ഷോട്ടുകളുണ്ട്. ഈ ഷോട്ടുകളിലൊന്നും racism കാണാൻ കഴിയില്ല, സിനിമയുടെ ആശയത്തോട് നീതി പുലർത്തുന്ന സിനിമക്ക് അനിവാര്യമായ ഷോട്ടുകളാണിവ, അല്ലാതെ തൊലിവെളുപ്പിനെ മാത്രം ഫ്രെയിമിൽ വേർതിരിച്ചു നായകവൽക്കരിക്കാനല്ല (കമ്മട്ടിപ്പാടത്തിൽ നായകസ്ഥാനത്ത് എന്ത് കൊണ്ട് കറുത്ത ഒരാളെ കൊണ്ട് വന്നില്ല എന്നത് ചർച്ച ചെയ്യപ്പെടേണ്ട/ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന മറ്റൊരു ചോദ്യം).

‘മെക്സിക്കൻ അപാരത’യിലെ ‘racist frame’, ഫ്രെയിം ബ്യൂട്ടിക്ക് വേണ്ടിയാണെന്നും നായികയുടെ സ്ക്രീൻപ്രെസെൻസിന്റെ ഗുണമാണെന്നൊക്കെ പറഞ്ഞു ന്യായീകരിക്കുന്നവർ മേൽപ്പറഞ്ഞ സിനിമകളൊക്കെ വെറുതെ ഒന്ന് കണ്ടു നോക്കി വിത്യാസം മനസ്സിലാക്കാവുന്നതാണ്. ജീവിതത്തിലായാലും സിനിമാട്ടോഗ്രഫിയിലായാലും സ്ക്രീൻപ്രെസെൻസും ഫ്രെയിം ബ്യൂട്ടിയുമൊക്കെ തൊലിയുടെ നിറത്തിന്റെ അടിസ്ഥാനത്തിലല്ല ഉണ്ടാവുന്നത്. മറിച്ചാണെന്ന് ഒരാൾ പറഞ്ഞാൽ അയാളിൽ അറിഞ്ഞോ അറിയാതെയോ ഒരു racist അംശം ഉണ്ടെന്ന് മനസ്സിലാക്കിക്കോണം. സമൂഹത്താൽ കണ്ടിഷൻ ചെയ്യപ്പെട്ട് വളർന്നു വന്ന നമ്മളെല്ലാവരെയും സമൂഹത്തിന്റെ ന്യൂനതകളും സ്വാധീനിച്ചിട്ടുണ്ട്. അതൊരു തെറ്റല്ല, തിരിച്ചറിയുമ്പോ തിരുത്താത്തതാണ് തെറ്റാവുന്നത്.
‘മെക്സിക്കൻ അപാരത’ യിലെ വിമർശനവിധേയമായ ഷോട്ടിലേക്ക് വരാം. ഈ ഷോട്ട് മനപ്പൂർവം മോശം ഉദേശത്തോടെ ഷൂട്ട് ചെയ്തതല്ലെന്നും, ഒരു സ്കൂളിലെ കുട്ടികൾ ആ സന്ദർഭത്തിൽ അവിടെ വന്നപ്പോൾ പെട്ടെന്നെടുത്ത തീരുമാനത്താൽ അവരുടെ അനുവാദത്തോട് കൂടി അവരെ ഷോട്ടിൽ ഉൾപ്പെടുത്തിയതാണെന്നും ചിലർ പറഞ്ഞിരുന്നു.

മോശം മനസ്സോടെ മനപ്പൂർവം എടുത്ത ഷോട്ടല്ല ഇതെന്നറിഞ്ഞതിൽ സന്തോഷം, അത് അംഗീകരിക്കുന്നു. പക്ഷേ ആ കാരണത്താൽ ഈ ‘ഷോട്ട്’ racist അല്ലാതാവുന്നില്ല. മനഃപൂർവം ചെയ്ത തെറ്റല്ല എന്ന വസ്തുത അംഗീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, മനപ്പൂർവം അല്ലാതെ ചെയ്യുന്ന തെറ്റുകൾ തെറ്റല്ലെന്നും ആ തെറ്റുകൾ വിചാരണ ചെയ്യപ്പെടരുതെന്നും ആ തെറ്റിനെ ‘സ്വാഭാവികത’യുടെ കൂടെ ഉൾപ്പെടുത്തി അംഗീകരിക്കണമെന്നുമുള്ള വാദം ശരിയല്ല. അബദ്ധത്തിൽ ചെയ്യുന്ന കുറ്റങ്ങൾക്കും കൊലപാതകങ്ങൾക്കും പോലും കേസും വിചാരണയുമുള്ള നാടാണല്ലോ നമ്മുടേത്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ ‘മനപ്പൂർവമല്ലാത്ത നരഹത്യ’ക്ക് 304(A) വകുപ്പനുസരിച്ച് കേസും വിചാരണയുമുണ്ട്, അറിയാതെ ചെയ്ത കുറ്റമായത് കൊണ്ട് വിചാരണ ചെയ്യപ്പെടാതിരുന്നിട്ടൊന്നുമില്ല. ‘മനഃപൂർവം ചെയ്തതല്ലെന്ന വാദം’ സംഭവിച്ച തെറ്റിനെ ലഘൂകരിക്കാനായി ഉപയോഗിക്കരുത് എന്ന് പറയാനാണ് ഈ ഉദാഹരണം പറഞ്ഞത്, അല്ലാതെ സംവിധായകൻ ഇവിടെ കൊലപാതകതുല്യമായ ക്രൈം ചെയ്തുവെന്നല്ല.

ഷൂട്ട് ചെയ്തത് മനപ്പൂർവ്വം മോശം വിചാരത്തോടെയല്ലെന്ന കാര്യം മനസ്സിലാക്കാം. പക്ഷേ ഈ ‘ഫ്രെയിം’ ഉൽപ്പാദിപ്പിക്കുന്ന തെറ്റായ ആശയം തിരിച്ചറിയാനും പിന്നീട് തിരുത്തുവാനുമുള്ള രാഷ്ട്രീയജാഗ്രത സംവിധായകനും എഡിറ്റർക്കും എന്ത് കൊണ്ട് ഇല്ലാതെ പോയി. ഈ ‘രാഷ്ട്രീയജാഗ്രത’ ഉണ്ടായിരുന്നെങ്കിൽ ഷൂട്ടിംഗ് ന് ശേഷമോ, Playback ന് ശേഷമോ Post production നിൽ Editing ന്റെ സമയത്തോ ഈ ഫ്രെയിം സിനിമയിൽ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു. എന്ത് കൊണ്ട് അങ്ങനെ സംഭവിച്ചില്ല? സിനിമയുടെ കഥാഗതിക്ക് ‘വളരെ അനിവാര്യമായ’, ‘ഒട്ടും ഒഴിവാക്കാൻ പറ്റാത്തത്ര’ എന്ത് പ്രാധാന്യമാണ് സിനിമയിൽ ഈ ഷോട്ടിനുള്ളത്.
സിനിമയിൽ ഓരോ ഷോട്ടും ഓരോ തീരുമാനങ്ങളാണ്‌, തീരുമാനങ്ങളിൽ ഉണ്ടാകുന്ന പിഴവുകൾ തിരിച്ചറിയാനും തിരുത്താനും Post production വരെ സംവിധായകന് സമയമുണ്ട്. തിരിച്ചറിയാനുള്ള രാഷ്ട്രീയജാഗ്രതയുടെ അഭാവം കൊണ്ട് സംഭവിച്ചതാവും ഈ തെറ്റ്. ആരായാലും ഒരു തെറ്റ് തിരുത്തണമെങ്കിൽ അത് തെറ്റാണെന്നുള്ള ബോധ്യം ആണ് ആദ്യം വരേണ്ടത്. ഇത്തരം തെറ്റുകളുടെ ഉത്തരവാദിത്തം അഭിനേതാക്കൾക്കല്ല സിനിമയുടെ സൃഷ്ട്ടാക്കൾക്കാണ് എന്ന് കൂടി ഓർമ്മിപ്പിക്കട്ടെ.

Q) “ഇത്തരം പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് വിമർശനങ്ങൾ റിയലിസ്റ്റിക് സിനിമയുടെ അന്ത്യം കുറിക്കില്ലേ? പൂർണ്ണമായും പൊളിറ്റിക്കലി കറക്റ്റ് ആയ മനുഷ്യരില്ലല്ലോ ആ നിലയ്ക്ക് ഇത്തരം വിമർശനങ്ങൾക്ക് പ്രസക്തിയുണ്ടോ? ഇത്തരം വിമർശനങ്ങൾ സിനിമയുടെ ക്രീയേറ്റീവ് വശങ്ങളെ ബാധിക്കില്ലേ”?

ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിലനിൽക്കുന്ന ഒരിടത്ത് വിമർശിക്കാനുള്ള സ്വാതന്ത്ര്യവും അതേ അളവിലുണ്ടാവും. ‘പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്’ വിമർശനങ്ങൾ റിയലിസ്റ്റിക് സിനിമയുടെ അന്ത്യം കുറിക്കുമെന്ന വാദം അർത്ഥശൂന്യമാണ്‌. സിനിമ ഉണ്ടായ കാലം മുതൽക്കേ ഇത്തരം വിമർശനങ്ങളും ഉണ്ട്. 1915ൽ ‘The birth of a nation’ എന്ന ചിത്രത്തിലൂടെ ‘Ku Klux Klan’ എന്ന വെള്ളക്കാരുടെ racist തീവ്രവാദപ്രസ്ഥാനത്തെ മഹത്വവൽക്കരിക്കാൻ ശ്രമിച്ച സംവിധായകൻ ഗ്രിഫിത്ത് തൊട്ട്, ഹിറ്റ്ലറിനെ മഹത്വവൽക്കരിച് സിനിമയെടുത്ത ലെനി റീഫൻസ്റ്റാൾ വരെ ലോകജനതയിൽ നിന്നും political correctness ഡിമാൻഡ് ചെയ്തു കൊണ്ടുള്ള വിമർശനങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. ലെനി റീഫൻസ്റ്റാളിന്റെ ‘ Triumph of the will’ എന്ന ചിത്രം നാസികളുടെ വിഷലിപ്തമായ ആശയങ്ങൾ പ്രചരിപ്പിക്കുന്ന സിനിമയാണെങ്കിൽക്കൂടി അതിന്റെ അസാമാന്യ മേക്കിങ് മികവ് കൊണ്ട് പല നിരൂപകരും ഇതിനെ ‘fantastic fascism’ എന്ന് വിശേഷിപ്പിക്കുക കൂടി ചെയ്തിട്ടുണ്ട്. ലോകസിനിമകളെല്ലാം തന്നെ ഉണ്ടായ കാലം തൊട്ട് ഇത്തരം വിമർശനങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തിരുത്തലുകൾക്ക് വിധേയമായി അതിന്റെ സംവിധായകരൊക്കെ മുന്നോട്ടു പോയിട്ടുമുണ്ട്. ഒരുപാട് നല്ല സിനിമകൾ പിന്നീട് ഉണ്ടായിട്ടുമുണ്ട്. ‘ക്രീയേറ്റീവ്’ ആയ മനുഷ്യരെ സംബന്ധിച്ച് ഈ വിമർശനങ്ങളൊന്നും അവരുടെ ക്രീയേറ്റീവിറ്റിയെ ബാധിക്കില്ല (ക്രീയേറ്റീവിറ്റി ഉണ്ടെങ്കിൽ) മറിച്ച് രാഷ്ട്രീയമായ കാഴ്ച്ചപ്പാടിനെ സ്വാധീനിച്ചിട്ടേയുള്ളൂ. മാത്രമല്ല ഇത്തരത്തിലുള്ള ഒരു വിമർശനവും ഒരു സംവിധായകന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനും ഭംഗം വരുത്തിയിട്ടില്ല നമ്മുടെ നാട്ടിൽ. ഒരു മറുവശം കൂടിയുണ്ട്, പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് ഒരുമിച്ച് കൂട്ടിയിട്ട് വേവിച്ചു വച്ചാൽ നല്ല സിനിമയാവണമെന്നും ഇല്ല. ഏതായാലും ഒരു കലാസൃഷ്ടി സമൂഹത്തിലേക്ക് പടച്ചു വിടുമ്പോൾ അത് സമൂഹത്തെ പിന്നോട്ട് നയിക്കുന്നതാകരുത് എന്ന് പറയാനുള്ള അവകാശം എല്ലാ പൗരൻമാർക്കുമുണ്ട്, മനുഷ്യരെല്ലാം പൂർണ്ണമായി പൊളിറ്റിക്കലി കറക്റ്റ് ആയാൽ മാത്രം ലഭിക്കുന്ന അവകാശമല്ലിത്.
പറഞ്ഞു വന്നത്, ‘Cinematographic racism’ അറിഞ്ഞോ അറിയാതെയോ മലയാളസിനിമ promote ചെയ്യുന്നുണ്ട്, അറിഞ്ഞോ അറിയാതെയോ നമ്മളൊക്കെ അതിന്റെ ഭാഗമാവാറുമുണ്ട്, സിനിമയുടെ racism കണ്ടു പിടിക്കുന്നത് പോലെ എളുപ്പമല്ല സിനിമാട്ടോഗ്രഫിയുടെ(ക്യാമറ) racism കണ്ടു പിടിക്കുന്നത്. നിർഭാഗ്യവശാൽ മലയാളസിനിമയിലെ racism സംബന്ധിച്ച വിമർശനങ്ങളും പഠനങ്ങളും ”വെളുത്ത നായകനും നായികക്കും പകരം കറുത്ത നായകനും നായികയും ഉണ്ടാവാത്തതെന്തേ” എന്ന ചോദ്യത്തിൽ മാത്രമായി കുരുങ്ങിക്കിടക്കുകയാണ്‌. ‘സിനിമാട്ടോഗ്രഫി’ എന്ന സങ്കേതമുപയോഗിച്ച് മനുഷ്യന്റെ തൊലിയുടെ ‘കറുപ്പും വെളുപ്പും’ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, എങ്ങനെ വ്യാഖ്യാനിക്കപ്പെടുന്നു എന്നതിലേക്ക് കൂടുതൽ വിമർശനങ്ങളും പഠനങ്ങളും ആവശ്യമാണ്. അതിനാദ്യം ‘cinematographic racism’ എന്നൊരു സംഗതി ഇവിടെ ഉണ്ടെന്ന് മനസിലാക്കുകയാണ് വേണ്ടത്. പെട്ടെന്ന് മാനസികമായി അംഗീകരിക്കാൻ ഒരു ബുദ്ധിമുട്ടൊക്കെയുണ്ടാവും പക്ഷേ സത്യമാണത്.

ഒരിക്കൽ കൂടി ആവർത്തിക്കുന്നു, മനഃപൂർവം സൃഷ്ടിച്ചതാണെങ്കിലും അല്ലെങ്കിലും ‘ഒരു മെക്സിക്കൻ അപാരത’യിലെ ഈ ഫ്രെയിം മലയാളസിനിമയിലെ വർണ്ണവെറിയെ പ്രതിനിധീകരിക്കുന്ന ഒരു typical ‘racist frame’ തന്നെയാണ്.