ഹരി നാരായണൻ

എന്നെ ഏറ്റവും അടുത്തറിയുന്ന ചിലർക്ക് പോലും അറിയില്ലായിരിക്കാം ഞാനേത് മാനസികാവസ്ഥയിൽ കൂടി കടന്നുപോകുന്നു എന്ന കാര്യം…!അതിൽ നിന്നെല്ലാം ഒരുവേളയെങ്കിലും എന്നെ കരകയറ്റുന്നതും, കൂടുതൽ ആഴങ്ങളിലേക്ക് തള്ളിയിടുന്നതും പാട്ടുകളാണ്. പാട്ടുകളെന്ന് പറഞ്ഞാൽ ഒരുപാടൊന്നുമില്ല ; മൂന്നെണ്ണം. “നിലാ മലരേ.. ” “ഇന്നലെ എന്റെ നെഞ്ചിലെ മൺവിളക്കൂത്തിയില്ലേ” “‘അമ്മ മഴക്കാറിന് കൺനിറഞ്ഞു”. കേട്ട് കഴിയുമ്പോഴോ കേട്ടുകൊണ്ടിരിക്കുമ്പോഴോ തന്നെ ഹൃദയത്തിൽ നിന്നും ഒരു കഷണം മുറിച്ചു മാറ്റുന്ന ഫീലാണ്.

നിലാമലരെ പാട്ടിലുള്ള
“മഴവിരലിൻ ശ്രുതി…ആ..
മണലിലൊരു വരി എഴുതുമോ ഇനി,
ഒരു ജലകണം, പകരുമോ ഇനി.
ഒരു നറുമൊഴി അതുമതിയിനി”

എന്ന ഭാഗം വ്യക്തമായി ശ്രദ്ധിച്ചാൽ പശ്ചാത്തലത്തിലുള്ള പുല്ലാങ്കുഴൽ സംഗീതം നമ്മെ കരയിച്ചു കളയും. അതു കൊണ്ട് തീരുന്നില്ല, അടുത്ത വരി മറ്റൊരു തലത്തിലേക്കാണ് കൊണ്ടുപോകുന്നത്. ‘മഴവിരലിൻ ശ്രുതി’എന്റെ ജീവിതത്തോട് അത്രയേറെ അടുത്തു നിൽക്കുന്നതാണ്.
“ഈറൻ കാറ്റിൽ പാറി, ജീവോന്മാദം ചൂടി
പോരു പൂവിതളെ”

ഹോ..! നമിക്കണം വിദ്യാജി. എങ്ങനെയാണ് ഇത് സാധ്യമാകുന്നത്?
സാധാരണ ഒരുമനുഷ്യനിങ്ങനെ ചെയ്യാനാവുമോ. ഒരേസമയം സന്തോഷവും സങ്കടവും തരുന്നു. തന്റെ സിനിമ ജീവിതത്തിൽ നിന്നും നീണ്ട ഇടവേളയെടുക്കാൻ ആഗ്രഹിക്കുന്ന സമയത്താണ് നിലാമലരിന്റെ വരികൾ വിദ്യയെ തേടിയെത്തുന്നത്. പുതിയ എഴുത്തുകാരും, സംവിധായകരും, നായകനും, നായികയുമൊക്കെ. പുതിയ പിള്ളേരുടെ ആത്മാവിനെ തൊടണം എന്നുമാത്രമേ അദ്ദേഹം കരുതി കാണൂ. പക്ഷെ ഡയമണ്ട് നേക്ലെസ് ഇന്നും അറിയപ്പെടുന്നത് ഈ പാട്ടിലൂടെ എന്നത് മറ്റൊരു വസ്തുത.
ഞാൻ എത്ര തവണ ഈ പാട്ട് വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇട്ടിട്ടുണ്ട് എന്നതിന് കൃത്യമായൊരു കണക്കില്ല. ഇന്നും ഈ 2.55am നും ഇടും. കാരണം എന്റെ സ്റ്റാറ്റസ് കൂടുതൽ കാണുന്നത് ഞാൻ മാത്രമായിരിക്കും.

ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് അച്ഛനെയും അമ്മയെയുമാണ്. എന്നാൽ എനിക് പലപ്പോഴും അവരെ കാണാൻ പറ്റിയിട്ടില്ലെന്ന് തോന്നാറുണ്ട്. എന്നാലിന്നങ്ങനെയല്ല. പക്ഷെ ഒരിക്കൽ പോലും അവരെ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഓർമിക്കാൻ വേണ്ടിയോ ഞാൻ മനപ്പൂർവം ശ്രമിച്ചിട്ടില്ല. അവരെപ്പറ്റി വാട്‌സ്ആപ്പ് സ്റ്റാറ്റസോ മറ്റോ ഒന്നുപോലും ഇട്ടിട്ടില്ല. അച്ഛനോ അമ്മയോ നഷ്ടപ്പെട്ടവർ ഞാൻ കാരണം അവരെ ഓർക്കാൻ ഒരിടവരരുത് എന്നാഗ്രഹിച്ചു മാത്രമാണത്.

“ഇന്നലെ എന്റെ നെഞ്ചിലെ മൺവിളക്കൂത്തിയില്ലേ” പാട്ട് ഒരു പാഠ പുസ്തകമാണ്. യൂ ട്യൂബിലോ മറ്റോ ആ പാട്ട് കേട്ടുകൊണ്ട് കമന്റ് ബോക്സ് വായിക്കണം. കണ്ണുനിറഞ്ഞില്ലെങ്കിൽ അത്ഭുതമാണ്. ആരെയും തിരിച്ചറിയാൻ സാധിക്കാത്തതിനാൽ മുഴുവൻ വികാരങ്ങളും അവിടെ കാണാം. ഏറിയവയും ‘ജീവിച്ചിരിക്കുന്ന കാലത്ത് അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുത്’ എന്നതാണ്. സത്യമാണത്. സ്വന്തമെന്ന് പറയാൻ അവരെ നമുക്കുള്ളൂ. വേശ്യാവൃത്തി നടത്തുന്നവരാണെങ്കിൽ പോലും അവർ അമ്മയും അച്ഛനുമാണ്. നഷ്ടപ്പെടുമ്പോൾ മാത്രം ദൃശ്യമാകുന്ന അത്ഭുതമായ ഒരു വിടവ്. ഒരു വലിയ വിടവ്…!
“ഉള്ളിനുള്ളിൽ അക്ഷരപൂട്ടുകളാദ്യം തുറന്നു തന്നു.
കുഞ്ഞിക്കാലടി ഒരടി തെറ്റുമ്പോൾ കൈതന്ന് കൂടെ വന്നു” ആദ്യഗുരുവാണ് നമ്മുടെ അച്ഛന്മാർ. അവരാണ് കൈപിടിച്ചു ലോകത്തെ കാട്ടി കൊടുക്കുന്നത്. അടുത്ത വരികളാണ് ഹൃദയ ഭേദകം.
“ജീവിത പാതകളിൽ ഇനിയെന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാൻ പുണ്യം പുലർന്നിടുമോ”
ഒരിക്കലും നടക്കാത്ത രണ്ടുകാര്യങ്ങൾ. അതേ അച്ഛനത് ഒന്നേയുള്ളൂ…!

ഒരു പ്രണയനഷ്ടത്തെ തേപ്പുകാരി എന്നൊക്കെ വ്യാഖ്യാനിക്കുമ്പോഴും അവളിൽ ആരോപിക്കപ്പെടുന്ന കുറ്റം സ്വന്തം അച്ഛനും അമ്മയ്ക്കും വേണ്ടി സ്വയം ഏറ്റെടുക്കുന്നതാണെന്ന് മനസ്സിലാക്കിയാൽ മാത്രം മതി എതിരെ നിൽക്കുന്നവന് മനസ്സമാധാനം കണ്ടെത്താൻ. മറിച്ച് അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നു ചിന്തിച്ചു തുടങ്ങുന്നിടത്ത് ആ പ്രശ്ങ്ങൾക്കുള്ള പരിഹാരം കിട്ടി തുടങ്ങും.

അതേ ഓരോ വ്യക്തിയുടെയും മരണം അവരുടെ അച്ഛന്റെ മരണത്തിൽ നിന്നും ആരംഭിക്കുന്നു. ബാലേട്ടനിൽ ഈ ഗാനം വേണ്ടെന്ന് സംവിധായകൻ തീരുമാനിച്ചിരുന്നു. എന്നാൽ പിന്നീട് യേശുദാസും, ഗിരീഷ് പുത്തഞ്ചേരിയും കൂടി സമ്മതിപ്പിക്കുകയായിരുന്നു. ചർച്ചക്കിടെ വിദ്യാജിയോട് അച്ഛന്റെ വിലാപത്തെപറ്റി ഒരു പാട്ട് വേണമെന്ന് മാത്രം പറയുകയുണ്ടായി. നിമിഷ നേരം കൊണ്ട് ഈണം ഗിരീഷേട്ടന്റെ മുൻപിൽ എത്തിച്ചു. അത്ഭുതത്തോടെയിരുന്ന പുത്തഞ്ചേരിക്ക് എഴുതാൻ വരികൾ കിട്ടിയില്ല. ഈ ഗാനമെഴുതിയത് ഗിരീഷ് പുത്തഞ്ചേരിയല്ല എന്ന്‌ പറഞ്ഞാൽ വിശ്വസിക്കണം. കാരണം ചിത്ര ചേച്ചിയാണ് “ഇന്നലെ എന്റെ നെഞ്ചിലെ എഴുതിയത്”. ഗിരീഷേട്ടൻ സ്വന്തം അച്ഛന്റെ വേർപാട് പറഞ്ഞു കൊടുത്തു അത്ര മാത്രം..! സിനിമയിൽ നിന്ന് കട്ട് ചെയ്യാനാവശ്യപ്പെട്ട പാട്ട് സിനിമായേക്കാൾ ഹിറ്റ് ആവുക. ഗിരീഷേട്ടാ പ്രണാമം.

‘അമ്മ. ലോകത്ത് ഒന്നേയുള്ളൂ, ഗിരീഷേട്ടൻ അമ്മയെക്കുറിച്ചെഴുതിയിട്ടുള്ളത് ഒറ്റത്തവണ മാത്രം. തന്റെ അമ്മയുടെ വിലാപമോർത്ത് മാടമ്പിയിൽ രചിച്ച “അമ്മ മഴക്കാറിന്” കേട്ടപ്പോഴൊക്കെ മലയാളി കരഞ്ഞിട്ടുണ്ട്. ‘അമ്മ ജീവനോടെയുള്ളവർ പോലും കരഞ്ഞു പോകും. അപ്പോൾ ആ ഭാഗ്യം ഇപ്പോഴില്ലാത്തവരോ…? അച്ഛന്റെ വേർപാട് സ്വന്തം മകനിൽ നിന്ന് അനുഭവിക്കുന്ന അമ്മയുടെ വൈധവ്യാവസ്ഥ ഇത്രയും മനോഹരമായി ആവിഷ്കരിക്കുന്ന ഒരു രചന ഇതിന് മുൻപോ ശേഷമോ ഉണ്ടായിട്ടില്ല എന്നത് വാസ്തവം.

ലാലേട്ടൻ പറഞ്ഞത് പോലെ “ഗിരീഷിന്റെ എഴുത്തും വിദ്യാസാഗറിന്റെ സംഗീതവും ചേർന്നപ്പോൾ മാടമ്പി സിനിമ പോലും ആ ഗാനത്തിന് ശേഷം രണ്ടാമതായി”
നിങ്ങൾ തിരിച്ചറിവുകൾ നൽകി കരയിക്കുന്നവരാണ്. ഞാനാലോചിക്കാറുണ്ട് ദിവസവും ഒരു നല്ല മലയാളം പാട്ട് വീതം എല്ലാവരും കേട്ടിരുന്നെങ്കിൽ ഈ കൊച്ചു കേരളത്തിൽ ഇത്രയും പ്രശ്നങ്ങൾ പോലുമുണ്ടാവില്ലായിരുന്നു. ഗിരീഷേട്ടാ നിങ്ങൾ ഇപ്പോഴുമുണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ പേന എടുത്തവരെല്ലാം പാട്ടുകാരാവില്ലായിരുന്നു. നിങ്ങൾക്ക് ഹൃദയത്തെ കീറി മുറിക്കാൻ അറിയാം.

താങ്കളുടെ കാമുകിയോട് ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, ആ പ്രണയം സ്വീകരിക്കാതിരുന്നതിന്. താങ്കളുടെ അച്ഛനെയെയും അമ്മയെയും സ്നേഹത്തോടെ സ്മരിക്കുന്നു. അത്ര നല്ല ഓർമ്മകൾ നൽകിയതിനാലാവണമല്ലോ ഇത്ര നല്ല വരികൾ ഞങ്ങൾക്ക് ലഭിച്ചത്. വിദ്യാജി, താങ്കളെ വർണ്ണിക്കാനുള്ള പദസമ്പത്ത് എനിക്കില്ല. പുലർച്ചെ 3.35നും ഒരാൾ താങ്കളെ പറ്റി എഴുതണമെങ്കിൽ,അതേ, അയാൾ സംഗീതത്തിന്റെ രാജാവാണ്…!

You May Also Like

ബലാത്സംഘത്തിനിരയായ പെണ്‍കുട്ടി, അതിന്‍റെ “ഭാരവും” പേറി…വീഡിയോ കാണാം

എമ്മാ സല്കോവിച്ച് എന്ന കൊളംബിയന്‍ വിദ്യാര്‍ത്ഥിനിയാണ് തനിക്കെതിരെ നടന്ന ദുരന്തത്തിന്‍റെ പ്രതീകാത്മകമായി ‘ഭാരവും’ ചുവന്നു കൊണ്ട് ജീവിക്കുന്നത്.

‘വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ’, എന്നാ സിനിമയാ…. ഇത് ഇവിടത്തെ 12TH മാൻ അല്ല കേട്ടോ

വിധി അദൃശ്യൻ ആക്കിയ മനുഷ്യൻ നിള മൈനസ് 1.3°C നും പൂജ്യത്തിനും ഇടയിലുള്ള കൊടിയ തണുത്ത…

മലയാളം സീരിയൽ നായിക ഹോട്ട് ഗ്ലാമർ ലുക്കിൽ

ജീവിത നൗകയിൽ ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും പ്രേഷകരുടെ മനസ്സിൽ ഇടം നേടിട്ടുണ്ട്. കാണികൾ പ്രതീക്ഷിക്കാത്ത കഥാന്ത്യമായിരുന്നു പരമ്പരയിൽ

ലില്ലി – കഥ

അത്രയും ദൂരം ഓടിയിട്ടും ജനവാസമുള്ള ഒരു സ്ഥലം കാണാന്‍ അവര്‍ ക്കായില്ലായിരുന്നു. വിജനത അവരെ ഭൂതകാലം പോലെ പിന്തുടര്‍ ന്നു.