ഹരിപ്പാട് സജിപുഷ്ക്കരൻ
സംവിധായകനായ അരുൺകുമാർ അരവിന്ദ് നിർമ്മിച്ച്,നവാഗതനായ ശംഭുപുരുഷോത്തമൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് വെടിവഴിപാട്.അതി പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നടക്കുന്ന തലസ്ഥാനനഗരിയിൽ ,പൊങ്കാല നടക്കുന്ന ആ മണിക്കൂറുകൾക്കുള്ളിലെ കഥയാണ് സിനിമ പറയുന്നത്.സഞ്ജയ്(സെെജു കുറുപ്പ്),പ്രദീപ്(ശ്രീജിത്ത് രവി),രാഹുൽ(മുരളീഗോപി)എന്നീ സുഹൃത്തുക്കൾ അന്നേ ദിവസം തങ്ങളുടെ ഭാര്യമാരെ ഒഴിവാക്കി ഒരന്യ സ്ത്രീയുമായി (അനുമോൾ) രമിക്കാൻ ശ്രമിക്കുന്നതും അതേ സമയം തന്നെ അവരുടെ ഭാര്യമാർ (സെെജുവിൻെറ ഭാര്യയായ അനുശ്രീ പൊങ്കാല റിപ്പോർട്ടറായും ,മുരളീഗോപിയുടെ ഭാര്യ (പേരറിയില്ല)പൊങ്കാലയിടാൻ എത്തുന്നതും ശ്രീജിത്ത് രവിയുടെ ഭാര്യ (മെെഥിലി) രവിയുടെ തന്നെ സഹപ്രവർത്തകനായ ജോസഫ് (ഇന്ദ്രജിത്ത്)നോടൊത്ത് അന്നേ ദിവസം കഴിയുന്നതായുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
വിവാദമായ രംഗങ്ങളുണ്ടെന്നുള്ള കാരണത്താൽ സെൻസർ ബോർഡ് ആദ്യം ഈ ചിത്രത്തിന് പ്രദർശനാനുമതി നല്കിയിരുന്നില്ല.പിന്നീട് ‘എ’ സർട്ടിഫിക്കറ്റ് നല്കിയാണ് ചിത്രം പുറത്തിറങ്ങിയത്.2013ലെ ക്രിസ്തുമസ്സിനു മുൻപായി ചിത്രം ഇറങ്ങിയെങ്കിലും എ സർട്ടിഫിക്കറ്റും ടെെറ്റിലും ചിത്രത്തെ ഫാമിലി പ്രേക്ഷകനിൽ നിന്നും അകറ്റിയെന്നു തോന്നുന്നു.തൊട്ടടുത്ത ആഴ്ചയിൽതന്നെ ദൃശ്യവും ഇറങ്ങിയതോടെ വെടിവഴിപാട് തിയേറ്ററിൽ നിന്നും നിഷ്കാസനായി.ഇന്നത്തെ ഒാ ടി ടി പ്ളാറ്റ്ഫോമിൽ ഈ ചിത്രം ഇറങ്ങിയിരുന്നേൽ കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ട് വിവാദചർച്ചകൾക്കും കാരണമായേനേ.മലയാളത്തിൽ വളരെ അപൂർവ്വമായ സെക്സ് കോമഡി വിഭാഗത്തിൽപ്പെട്ട ഈ ചിത്രം ഇറക്കാനുള്ള അണിയറക്കാരുടെ ധെെര്യം അഭിനന്ദനാർഹമാണ്.