മാധ്യമ വിചാരണയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസ്

433

എഴുതിയത്  : Hariraj Madhav Rajendran

മാധ്യമ വിചാരണയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസിൽ മുഖ്യധാരാ മാധ്യമങ്ങൾ നമുക്കുമുന്നിൽ കാഴ്ചവെക്കുന്നത് .

രണ്ടുദിവസം മുമ്പ് മാതൃഭൂമിയിൽ “സയനൈഡ് കലർത്തി കൊന്നതെന്ന് നിഗമനം” എന്നാണ് തലക്കെട്ട്. വാർത്തയിൽ അത് പ്രാഥമികനിഗമനം ആയിരുന്നു എന്ന് പറയുന്നെങ്കിലും ”നിഗമനം” എന്നതിലാണ് ഊന്നൽ.

അടുത്ത ദിവസം കൊലപാതകങ്ങൾ ചെയ്തത് ഇന്ന ആളാണ് എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന തലക്കെട്ടാണ് നമ്മൾ കാണുന്നത്. അന്നുതന്നെ ഉള്ളിലെ ഒരു പേജു മുഴുവൻ ഈ വിഷയത്തിൽ അത്യന്തികമായ അഭിപ്രായം രേഖപ്പെടുത്തുന്ന വിധം തലക്കെട്ടുകളും വാർത്തയും നൽകിയിട്ടുണ്ട് .

No photo description available.കൊലപാതകമാണെന്നും കൊലപാതകി ഇന്ന ആളാണെന്നും ഒരു സംശയവും ബാക്കി നിൽക്കുന്നില്ല എന്ന ഭാവത്തിലാണ് വാർത്തകളുടെ അവതരണം.

ഇന്നത്തെ പത്രത്തിൽ “തെളിവ് തേടി ” എന്നാണ് തലക്കെട്ട്. എന്ന് വെച്ചാൽ ഇതുവരെ പറഞ്ഞതെല്ലാം ഇപ്പോഴും കിട്ടിയിട്ടില്ലാത്ത തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്നല്ലേ അർത്ഥം ?

തെളിവുകൾ തേടിക്കൊണ്ടിരിക്കുന്നതേയൊള്ളു? നിഗമനങ്ങളിൽ നിന്ന് തെളിവുകളിലേക്കാണോ അതോ തെളിവുകളിൽ നിന്ന് നിഗമനങ്ങളിലേക്കാണോ നമ്മൾ യാത്ര ചെയ്യേണ്ടത് ?

സംശയങ്ങൾ നിഗമനങ്ങൾ ആയി മുഖ്യധാരാ മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത് വലിയ പോരായ്മയല്ലേ?

ഇതൊന്നും ആലോചിക്കാതെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകളും വാർത്തകളും നൽകുക, കുറ്റാരോപിതരായവരുടെ ചിത്രങ്ങൾ അടക്കം പ്രസിദ്ധപ്പെടുത്തി അവരെ സമൂഹ സമക്ഷം കരിതേക്കുക, നിർഭാഗ്യകരമായ മരണ പരമ്പര നാട്ടിൽ ഒരു ആഘോഷമാക്കി മാറ്റുക ഇതൊക്കെ നല്ല മാധ്യമങ്ങൾക്ക് ചേർന്നതാണോ?

അച്ഛനും അമ്മയും ചെറുപ്പത്തിൽ ഇട്ടു തന്ന (ദു)ശീലം ആയതുകൊണ്ട് മാത്രമാണ് രാവിലെ പത്രം നോക്കാതെ പോകാൻ സാധിക്കാത്തത്. അതുകൊണ്ട് മാത്രമാണ് ഇപ്പോഴും ഇതൊക്കെ വായിച്ചു പോകുന്നത്. മാതൃഭൂമി മാത്രമല്ല മറ്റുള്ള മലയാള പത്രങ്ങളും ഈ ആഘോഷത്തിൽ പങ്കുചേർന്നിട്ടുണ്ട്. വീട്ടിൽ വരുത്തുന്നത് മാതൃഭൂമി ആയതുകൊണ്ടു അതിലെ ചിത്രങ്ങൾ ഇട്ടു എന്നേയുള്ളൂ. മനോരമയും ദേശാഭിമാനിയും ഒക്കെ ഇതേ രീതി പിന്തുടർന്നു കാണുന്നു.

കാണുന്നിടത്തോളം തെളിവു ലഭിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരു കേസായാണ് കൂടത്തായി മരണ പരമ്പര തോന്നുന്നത്. മരണം സയനൈഡ് കഴിച്ച് തന്നെയാണ് എന്ന് തെളിഞ്ഞാൽ പോലും സൈനൈഡ് ഏതെങ്കിലും ഒരാൾ ഈ മരിച്ചവർക്ക് നൽകിയതാണ് എന്ന് വ്യക്തമായി തെളിയുന്നതുവരെ വാസ്തവത്തിൽ കൊലപാതകം തെളിഞ്ഞതായി കണക്കാക്കാൻ സാധിക്കില്ലല്ലോ. അത് വ്യക്തമായി അറിയാവുന്നവരാണ് അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും. പക്ഷേ അത് സൗകര്യപൂർവ്വം വിസ്മരിച്ച് ഇത്തരത്തിൽ ആത്യന്തിക നിഗമനങ്ങൾ പ്രസിദ്ധീകരിക്കുന്നത് ന്യായമാണോ? കുറച്ചു വർഷങ്ങൾ കഴിഞ്ഞു ഈ കേസിൽ തെളിവില്ല എന്നോ മറ്റോ കോടതി കണ്ടെത്തിയാൽ ഇന്ന് പ്രസിദ്ധീകരിച്ചവ തിരിച്ചെടുത്ത് ഇതിലെ കുറ്റാരോപിതർക്ക് ഉണ്ടായ നഷ്ടം മാധ്യമങ്ങൾക്ക് നികത്തുവാൻ സാധിക്കുമോ? ഈ വിധത്തിലുള്ള മാധ്യമ വിചാരണ പൂർണമായി കണ്ടില്ലെന്ന് വച്ച് തെളിവിന്റെ മാത്രം അടിസ്ഥാനത്തിൽ കേസ് തീരുമാനിക്കുവാൻ കഴിയാതെ പോകുന്ന ചില ജഡ്ജിമാരും ഉണ്ടാകാം. അങ്ങനെ കേസിൽ കുറ്റാരോപിതരുടെ സ്വതന്തവും നിഷ്പക്ഷവുമായ വിചാരണക്കുള്ള അവകാശത്തെ കൂടി ബാധിക്കുന്നില്ലേ ഇത്തരം മാധ്യമ വികൃതികൾ? ഇത് കോടതിയലക്ഷ്യമല്ലേ?

ഇന്നത്തെ വാർത്തയിൽ ഇനിയും ചിലരെ ഈ കേസിൽ സംശയിച്ച് അറസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നതായി സൂചിപ്പിച്ചിരിക്കുന്നു. അവർക്ക് രക്ഷ പെടാനുള്ള വഴി തേടാനും തെളിവ് നശിപ്പിക്കാനുള്ള സമയം കിട്ടിക്കോട്ടെ എന്ന് കരുതിയാണോ ഇത് പ്രസിദ്ധീകരിക്കുന്നത്? അന്വേഷണങ്ങൾ രഹസ്യമായിരിക്കേണ്ടതല്ലേ?

മാധ്യമങ്ങളിൽ വരുന്നത് വിശ്വസിക്കാൻ കൊള്ളാത്തവ ആണെന്ന് പൊതുജനം ആവർത്തിച്ച് ആവർത്തിച്ച് തിരിച്ചറിയുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിനു തന്നെ ഭീഷണി അല്ലേ?

ചോദ്യങ്ങൾ മാത്രം. ഉത്തരങ്ങൾ നൽകാൻ ഞാൻ ആളല്ല.

Image may contain: 1 person

No photo description available.

No photo description available.

Advertisements