വർഷങ്ങളോളം കൂടെ കിടക്കാൻ ഒരാളെ കിട്ടിയത് കൊണ്ട് മാത്രം ദാമ്പത്യം വിജയമാണെന്ന് പറയാൻ പറ്റില്ല

230

Haris Ibrahim

വിവാഹം ചെയ്ത ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ നിർണ്ണായകമായ ഒരു കാലഘട്ടമാണ് ദാമ്പത്യം.അതിൽ വിജയിച്ചവരും പരാജയപ്പെട്ടവരും ഉണ്ടാകും.വിവാഹത്തിന്റെ ആദ്യ ദിനങ്ങളിലെ സ്നേഹം പ്രകടിപ്പിക്കലിന് ശേഷം പിന്നീട് അതിന് നിങ്ങൾ പ്രാധാന്യം കൊടുക്കാറുണ്ടോ….? പങ്കാളിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിങ്ങൾക്ക് അറിയുമോ…? പരസ്പരം സമ്മാനങ്ങൾ കൈമാറി നിങ്ങൾ പങ്കാളിക്ക് ഒരു സർപ്രൈസ് കൊടുക്കാറുണ്ടോ…? സ്വകാര്യ വേളകളിൽ വൃത്തിയിലും, നല്ല വസ്ത്രം ധരിച്ചും സ്നേഹം തുളുമ്പുന്ന സംസാരം കൊണ്ടും നിങ്ങൾ ഇണയെ ആകർഷിക്കാറുണ്ടോ…?പങ്കാളിയുടെ ലൈംഗിക സംതൃപ്തി ഉറപ്പാക്കാറുണ്ടോ…? ഓർത്തു വെക്കാൻ ഉതകുന്ന രീതിയിലുള്ള സ്നേഹ ലാളനകളും സംഭാഷണങ്ങളും കൊണ്ട് നിങ്ങൾ ഇണയെ പൊതിയാറുണ്ടോ….? ഇതിനെല്ലാം ഉത്തരം പോസറ്റീവ് ആണെങ്കിൽ തീർച്ചയായും നിങ്ങളുടെ ദാമ്പത്യം വിജയകരമായിരിക്കും.പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും വിട്ട് കൊടുത്തും സ്നേഹിച്ചും ജീവിക്കുമ്പോളാണ് ദാമ്പത്യം സ്വർഗ്ഗ തുല്യമാകുന്നത്.ഇതെല്ലാം അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നവരും ഉണ്ടാകും. അത് തികച്ചും പരാജയമാണ്. വർഷങ്ങളോളം കൂടെ കിടക്കാൻ ഒരാളെ കിട്ടിയത് കൊണ്ട് മാത്രം ദാമ്പത്യം വിജയമാണെന്ന് പറയാൻ പറ്റില്ല.പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും നല്ലൊരു സുഹൃത്തുക്കളെ പോലെ ആയിരിക്കണം ദമ്പതികൾ.രണ്ട് ശരീരങ്ങൾ ഒന്നിച്ചത് കൊണ്ട് മാത്രം ദാമ്പത്യം ആകില്ല.. മനസ്സ് മനസ്സിലേക്ക് വലയം പ്രാപിക്കണം.ഇന്നത്തെ കാലത്ത് ദാമ്പത്യത്തിലെ അപശ്രുതി കാരണം വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ വേർപിരിയുന്നത്‌ പുതുമയല്ലാതായിരിക്കുന്നു.രണ്ട് കുടുംബങ്ങളിൽ അല്ലെങ്കിൽ രണ്ട് സാഹചര്യങ്ങളിൽ ജനിച്ചു വളർന്നവരാണ് വിവാഹത്തിലൂടെ ഒന്നിക്കുന്നത്.. അവർക്കിടയിൽ ക്ഷമയും സഹന ശക്തിയും ഉണ്ടായിരിക്കണം….ഇതിനെല്ലാം അടിസ്ഥാനപരമായി പക്വത അത്യാവശ്യമാണ്.ഇണ ആവശ്യപ്പെടുന്ന എന്തും വാങ്ങിക്കൊടുക്കുന്നതാണ് സ്നേഹമെന്നു കരുതുന്ന പുരുഷന്മാരുണ്ട്.. സത്യത്തിൽ അവർ ദാമ്പത്യമെന്ന യാഥാർഥ്യത്തിൽ നിന്ന് ഒരുപാട് അകലെയാണ്.ദാനം എന്നത് കൊടുത്താൽ തിരിച്ചു കിട്ടും എന്നുള്ള സത്യം പോലെ, സ്നേഹവും ഒരു തരത്തിൽ ദാനമാണ് അത് കൊണ്ട് തന്നെ സ്വന്തം സ്വാർത്ഥതയെ അതിജീവിച്ചു ദമ്പതികൾ തമ്മിൽ സ്നേഹം പങ്കു വെക്കണം.തന്റെ സുഖത്തിലും ദുഃഖത്തിലും പങ്കു ചേരുന്ന, തന്റെ ആശകളും കഴിവുകളും കഴിവുകേടുകളുമൊക്കെ അംഗീകരിക്കുകയും അത് മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പങ്കാളിയെയാണ് ഭാര്യ പ്രതീക്ഷിക്കുക.പങ്കാളി തന്നെ സ്നേഹിക്കുകയും വിശോസിക്കുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന് ഏതൊരു പെണ്ണും ആഗ്രഹിക്കുന്നു.പങ്കാളിയെ മനസ്സിലാക്കുന്ന പുരുഷന് വിട്ട് വീഴ്ചയിലൂടെയും വിശോസത്തിലൂടെയും ജീവിതം വിജയകരമായി മുന്നോട്ട് നയിക്കാൻ സാധിക്കും.ഭർത്താവ് സ്നേഹിക്കുന്നു എന്ന് ഭാര്യക്കു ബോധ്യം വേണം.. അവസരത്തിനൊത്ത് വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും സ്പർശനത്തിലൂടെയുമൊക്കെ അവളോട്‌ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കണം.പങ്കാളിയെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും അർഹിക്കുന്ന സമയത്തു അഭിനന്ദിക്കുകയും ചെയ്യുക എന്നുള്ളത് ഭർത്താക്കന്മാരുടെ കടമയാണ്.എന്നാൽ പുരുഷനെ സംബന്ധിച്ചിടത്തോളം ഇണയിൽ നിന്നും കിട്ടുന്ന ലാളിത്യവും വിനയവും അതിലുപരി ബഹുമാനവും വളരെ വലുതാണ്.അങ്ങിനെയുള്ളവൾ എന്നും അവന് പ്രിയപ്പെട്ടവളായിരിക്കും.. കാരണം തന്നോട് അങ്ങേയറ്റം സ്നേഹത്തോടും കരുതലോടും പ്രവർത്തിക്കുന്ന ഒരു ഇണയായിരിക്കും പുരുഷന്റെ പ്രതീക്ഷയിൽ ഉള്ളത്.കുടുംബ കാര്യത്തിൽ ഉത്തരവാദിത്തമുള്ള ക്ഷമിക്കാനും വിട്ടുവീഴ്ച മനോഭാവവുമുള്ള ഒരുവളുമായി പുരുഷൻ എല്ലാം പങ്ക് വെക്കുവാൻ തയ്യാറായിരിക്കും.തന്നെ സംശയിക്കുന്ന കുറ്റപ്പെടുത്തി സംസാരിക്കുന്ന ഒരു പങ്കാളിയെ സ്നേഹിക്കുവാനോ അവളുമായി ജീവിതം മുന്നോട്ട് കൊണ്ട് പോകുവാനോ ഒരു പുരുഷനും സാധിച്ചെന്നു വരില്ല.അങ്ങിനെ ഉള്ളവൾ പുരുഷനെ സംബന്ധിച്ചിടത്തോളം എന്നും തലവേദനയായിരിക്കും…അങ്ങിനെ ഉള്ളവളെ വെറുക്കപ്പെടുമെന്നതിൽ ഒരു സംശയവുമില്ല .എല്ലാത്തിനും പരിഹാരമായി ദമ്പതികൾ പരസ്പരം മനസ്സിലാക്കുക എന്നുള്ളതാണ് ആദ്യം വേണ്ടത്.ഏത് മേഖലയിലായാലും പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും ആദ്യമേ തുറന്ന് പറഞ്ഞ്, ക്ഷമിക്കാനും പൊറുക്കാനും ആവശ്യങ്ങൾ അംഗീകരിക്കാനുള്ള മനസ്സോട് കൂടിയവർക്കും,ഇണയുടെ ഭാഗത്തു നിന്നുണ്ടാകുന്ന പാളിച്ചകളെ ക്ഷമിക്കാനുമുള്ള ഗുണവുമുള്ളവർക്കെ ദാമ്പത്യ ജീവിതം മുന്നോട്ട് വിജയകരമായി കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ.പങ്കാളിക്ക് അംഗീകരിക്കാൻ പറ്റാത്ത ആവശ്യങ്ങളും സ്വപ്നങ്ങളും സ്വഭാവരീതികളും അതിന് വേണ്ടിയുള്ള വാശിയും വൈരാഗ്യവുമൊക്കെയാണ് ചിലരുടെ ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്ക്‌ തുടക്കമാകുന്നത്.പങ്കാളിയുടെ മനസ്സിനനുസരിച്ചു സ്വഭാവത്തിൽ മാറ്റം വരുത്തുവാനും അതിനോട് പൊരുത്തപ്പെട്ടു പോകാനും കഴിയുന്നവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാനിടയില്ല.
തന്റെ സ്വപ്നത്തിലെ പങ്കാളിയെ അല്ല ലഭിച്ചത് എന്നുള്ള തെറ്റിധാരണയും മറ്റുള്ളവരോട് താരതമ്യം ചെയ്തു ഇണയെ ഇകഴ്ത്തി സംസാരിക്കുന്നതുമെല്ലാം ദാമ്പത്യ ജീവിതത്തിന്റെ തകർച്ചക്ക് കാരണമായിത്തീരും.ദൈവം വിധിച്ചതേ നമുക്ക് കിട്ടൂ.കിട്ടിയതിൽ സന്തോഷിക്കുവാനും അത്‌ സ്വീകരിച്ചു തൃപ്തിപ്പെട്ടു ജീവിക്കുവാനും സാധിച്ചാൽ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകില്ല..
അല്ലാതെ സങ്കല്പവും യാഥാർഥ്യവും തമ്മിൽ താരതമ്യം ചെയ്യുന്നത് വലിയ വിഡ്ഢിത്തമാണ്.. എല്ലാവർക്കും കുറ്റങ്ങളും കുറവുകളും ഉണ്ടാകും അതൊക്കെ മനസ്സിലാക്കിയും അംഗീകരിച്ചും മുന്നോട്ട് പോയാൽ മാത്രമേ ദാമ്പത്യ ജീവിതം സന്തോഷകരമാകൂ.ദൈവം തന്നതിനെ വിട്ട് വേറെ ഒന്നിനെ സ്വന്തമാക്കാൻ ബന്ധം വേർപെടുത്തി പോകുന്നവരോട് ഒന്നേ ഉപദേശിക്കാനുള്ളൂ…പങ്കാളിയുടെ ന്യൂനത കണ്ടെത്തി പ്രശ്നങ്ങൾ ഉണ്ടാക്കാതെ, ഗുണങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം ആസ്വദ്യകരമാക്കാൻ ശ്രമിക്കുക.. അപ്പോഴേ ദാമ്പത്യം സ്വർഗ്ഗ തുല്യമാകൂ.