ഓരോ വ്യക്തിയും ജീവിതത്തിൽ ഒപ്പ് വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കരാർ ആണ് തന്റെ ഇണയോടൊപ്പമുള്ള വിവാഹമെന്നത്. ഓരോ വ്യക്തിയുടെയും ജീവിതത്തിലേക്ക് സന്തോഷത്തിലും, സങ്കടത്തിലും കൂട്ടായി, താങ്ങും തണലുമായി ഒരാൾ വന്ന് ചേരുന്ന സുദിനം.മനസ്സിൽ കണ്ടിരുന്ന മോഹങ്ങളും സ്വപ്നങ്ങളുമായി നല്ലൊരു ശുഭ മുഹൂർത്തത്തിലൂടെ പുതിയൊരു ജീവിതത്തിലേക്കാണ് വിവാഹിതർ കാലെടുത്തു വെക്കുന്നത്.വ്യത്യസ്ത ചിന്താഗതിയിൽ ജീവിച്ച് പോയിരുന്ന രണ്ട് വ്യക്തികൾ ആണ് വിവാഹത്തിലൂടെ ഒരുമിക്കുന്നത് , ഒരേ തൂവൽ പക്ഷികളായി ശിഷ്ടജീവിതം ഒരുപാട് ജീവിക്കേണ്ടവരാണവർ.
അതിനാൽ ഒരുപാട് ഉത്തരവാദിത്തങ്ങൾ ജീവിതത്തിൽ ഏറ്റെടുത്തു വളരെ ശ്രദ്ധാപൂർവ്വം മുമ്പോട്ടു പോകേണ്ട ഒന്നാണ് വിവാഹവും അവിടം മുതൽ തുടങ്ങുന്ന ദാമ്പത്യ ജീവിതവും എന്ന് ഇണകൾ എപ്പോഴും മനസ്സിലാക്കിയിരിക്കണം.യഥാർത്ഥ പ്രണയം എന്നത് ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ ആയിരിക്കണം.പ്രണയത്തോടൊപ്പം പരസ്പര വിശ്വാസം, കെയറിങ്, ഷെയറിങ് എല്ലാം ചേർന്നതാണ് ദാമ്പത്യം എന്നുകൂടി അറിഞ്ഞിരിക്കുക.ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പിതാവിനേക്കാൾ തന്നെ പരിപാലിക്കാൻ കഴിവുള്ളവനായിരിക്കണം തന്റെ ഇണ എന്നുള്ളത് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.സത്യത്തിൽ ഭാര്യയോട് നന്നായി പെരുമാറാൻ പുരുഷന് ബിരുദങ്ങൾ ഒന്നും ആവശ്യമില്ല… മൃദുവായ ഹൃദയവും നല്ല പെരുമാറ്റവും ഉണ്ടായാൽ മതി.
തന്നെ സ്നേഹിക്കുകയും, ബഹുമാനിക്കുകയും,അനുസരിക്കുകയും ചെയ്യുന്നതോടൊപ്പം കുട്ടികളുടെയും വീട്ടുകാരുടെയും കാര്യത്തിൽ ശ്രദ്ധയുള്ളവളും, തന്റെ അഭാവത്തിൽ കുടുംബകാര്യങ്ങൾ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യുന്നവളെയുമാണ് പുരുഷന് ആവശ്യം. പരസ്പരം ക്ഷമിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നതോടൊപ്പം കാര്യങ്ങൾ കഠിനമാകുമ്പോൾ പരസ്പരം ബോധ്യപ്പെടുത്തുകയും ചെയ്യുക. എങ്കിലേ ദാമ്പത്യം നല്ല രീതിയിൽ മുമ്പോട്ടു പോകൂ.ഇണകൾ പരസ്പരം തിരിച്ചറിയുന്നതോടൊപ്പം മനസ്സ് തുറന്നുള്ള സംസാരവും മനസ്സറിഞ്ഞുള്ള പെരുമാറ്റവുമാണ് നല്ല രീതിയിൽ ബന്ധം നിലനിർത്താൻ ആവശ്യം.
അല്ലാതെ പങ്കാളിക്ക് മനസ്സ് വായിക്കാൻ പറ്റുമെന്നു പരസ്പരം ഒരിക്കലും പ്രതീക്ഷിക്കരുത്. പങ്കാളിക്ക് മുമ്പിൽ ഹൃദയം എപ്പോഴും തുറക്കുക.ഹൃദയത്തിന്റെ താക്കോൽ പരസ്പരം കൈമാറുക.തമ്മിൽ മനസ്സിലാകാത്ത, അല്ലെങ്കിൽ മനസ്സിലാക്കാൻ ശ്രമിക്കാത്തവരും, മനസ്സ് തുറന്ന് സംസാരിക്കാത്തവരും, രഹസ്യങ്ങൾ കൊണ്ട് നടക്കുന്നവരുമാണ് ഇണകളെങ്കിൽ അവർക്കിടയിൽ പ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായിരിക്കും.തന്റെ ഇണയുടെ കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരിക്കുക.ഇണയെ മാനസികമായോ, ശാരീരികമായോ വേദനിപ്പിക്കതിരിക്കുക… ഇണയുടെ സന്തോഷത്തിന് പ്രാധാന്യം കൊടുക്കുകയും ഇണയുടെ മുഖത്ത് പുഞ്ചിരി വിരിയുന്ന കാര്യങ്ങൾ മാത്രം പ്രവർത്തിക്കുകയുമാണ് ഓരോരുത്തരും ചെയ്യേണ്ടത്.ദൈവം ചേർത്ത് വെക്കുന്നതാണ് ഓരോ ഇണകളെയും,, അത് കൊണ്ട് ദാമ്പത്യം പരസ്പരം മനസ്സിലാക്കിയും, ആത്മാർത്തമായി സ്നേഹിച്ചും, ആസ്വദിച്ചും,ബഹുമാനിച്ചും സന്തോഷത്തോടെ ജീവിച്ചു തീർക്കുക.