പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങൾ, അഥവാ മരിച്ചു ജീവിക്കുന്നവർ
ചിലരെല്ലാം.. അല്ലെങ്കിൽ ചില സ്ഥലങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന ഒരു വാക്കാണ് മരിച്ചു ജീവിക്കുന്നവർ.പ്രണയം നഷ്ടപ്പെടുമ്പോഴോ സ്വന്തം ഇണയോ അല്ലെങ്കിൽ ജീവിതത്തിൽ ഏറ്റവും വളരെ അടുത്ത്
144 total views, 1 views today

മരിച്ചു ജീവിക്കുന്നവർ
ചിലരെല്ലാം.. അല്ലെങ്കിൽ ചില സ്ഥലങ്ങളിലെല്ലാം ശ്രദ്ധിക്കപ്പെടുന്ന ഒരു വാക്കാണ് മരിച്ചു ജീവിക്കുന്നവർ.പ്രണയം നഷ്ടപ്പെടുമ്പോഴോ സ്വന്തം ഇണയോ അല്ലെങ്കിൽ ജീവിതത്തിൽ ഏറ്റവും വളരെ അടുത്ത് പെരുമാറിയവരോ മരണപ്പെടുമ്പോഴോ ഒക്കെ ചിലർ മരിച്ചു ജീവിക്കുന്നു എന്ന് പറയാറുണ്ട്.എന്നാൽ അതിലുമൊക്കെ എത്രയോ സങ്കടകരവും ചിന്തിക്കേണ്ടതുമായ അവസ്ഥയാണ് പീഡിപ്പിക്കപ്പെട്ട ഒരു സ്ത്രീയുടെ കാര്യം.സത്യത്തിൽ അവരാണ് കുറച്ച് കാലത്തേക്കെങ്കിലും മരിച്ചു ജീവിക്കുന്നവർ.
പവിത്രമായ പെണ്ണുടൽ യുദ്ധഭൂമിയായി കണ്ട് പീഡനമെന്ന മാരകായുധം ഉപയോഗിക്കാൻ ചില നീചന്മാർ തുനിഞ്ഞത് കാരണം മരിച്ചു ജീവിക്കേണ്ടി വന്നവർ.ലൈംഗിക അതിക്രമങ്ങൾ സ്ഥിരം പ്രവർത്തിയും സ്ഥിരം വാർത്തയുമായ ഈ കാലത്ത് ഒരുപാട് പേരുണ്ട് ഇങ്ങിനെ മരിച്ചു ജീവിക്കുന്നവർ.ഏതോ നരാധമന്റെ കാമദാഹം ശമിപ്പിക്കാൻ ശപിക്കപ്പെട്ട ഒരു നിമിഷത്തിൽ ബലിയാടാകേണ്ടി വന്നവർ.ഏതോ വൃത്തികെട്ടവന്റെ മനസ്സിന്റെ ചാപല്യങ്ങൾക്ക് മുന്നിൽ ജീവിതത്തിലെ സ്വപ്നങ്ങളും മോഹങ്ങളും പിച്ചി ചീന്തപ്പെട്ടവർ.ഏതോ മനസ്സാക്ഷി ഇല്ലാത്തവന്റെ രതിവൈകൃതങ്ങൾ കാരണം സന്തോഷത്തിന്റെ കൊടുമുടിയിൽ നിന്നും ദുഖത്തിന്റെയും, കുറ്റപ്പെടുത്തലുകളുടെയും അഗാധ ഗർത്തത്തിലേക്ക് വലിച്ചെറിയപ്പെട്ടവർ.എന്നാൽ തന്റേതല്ലാത്ത തെറ്റിന്റെ പേരിൽ ഇരയായിട്ടു പോലും സമൂഹത്തിന്റെ കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വരുന്നതാണ് ഇങ്ങിനെയുള്ളവരേ കൂടുതൽ സങ്കടത്തിലാക്കുന്നത്.അതിനുള്ള തെളിവാണ് ഇങ്ങിനെ വരുന്ന വാർത്തകൾക്കു താഴെ ഇരയായ സ്ത്രീയുടെ ജീവിത ശൈലിയേയും വസ്ത്രധാരണത്തെപ്പറ്റിയുമെല്ലാം കുറ്റപ്പെടുത്തി കല്ലെറിയുന്ന ഒരു കൂട്ടം ആളുകൾ.തനിക്ക് വേണ്ടപ്പെട്ടവരിൽ സംഭവിക്കുന്നത് വരേ ഇങ്ങിനെയുള്ള കുറ്റപ്പെടുത്തലുകാർക്കു പീഡനം എന്നത് വെറുമൊരു വാക്ക് മാത്രമായിരിക്കും.കാലങ്ങൾ കഴിയുമ്പോൾ എല്ലാം എല്ലാവരും മറക്കുമായിരിക്കും… അവൾക്കു വേണ്ടി ഉയർത്തിയ മുഷ്ടികൾ എല്ലാം താഴ്ന്നിട്ടുണ്ടാകും.അവളുടെ നീതിക്ക് വേണ്ടി ഉണ്ടാക്കിയ പോസ്റ്റുകൾ അവളുടെ സന്തോഷം പോലെ തന്നെ അഗാധ ഗർത്തത്തിൽ മുങ്ങിയിട്ടുണ്ടാകും.അപ്പോഴും സമൂഹം ഹാഷ് ടാഗുകൾ പുതിയത് ഉണ്ടാക്കിക്കൊണ്ടിരിക്കും.. പേരുകളിൽ മാത്രം മാറ്റം വരുത്തിക്കൊണ്ട്.എന്നാൽ പീഡിപ്പിച്ചവൻ പണവും സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെടുകയോ, അല്ലെങ്കിൽ നിയമ പാലകരും അധികാരികളും പീഡിപ്പിച്ചവന്റെ മതവും, പാർട്ടിയും നോക്കി രക്ഷെപ്പടുത്തുകയോ ചെയ്യുന്നു.ഇരയായവർ മുന്നോട്ടുള്ള ജീവിതത്തിനും മരണത്തിനുമിടയിൽ ഇതിന്റെ പേരിൽ സമൂഹത്തിൽ മരിച്ചു ജീവിക്കുന്നവർ തന്നെയായിരിക്കും.ഇങ്ങനെ മരിച്ചു ജീവിക്കുന്നവരെ കുറ്റപ്പെടുത്താതെ നല്ലൊരു ജീവിതത്തിലേക്ക് കൊണ്ടുവരാൻ കുടുംബവും സമൂഹവും ഉത്തരവാദിത്തമായി കണ്ട് ശ്രമിക്കുകയാണ് വേണ്ടത്.തന്റേതല്ലാത്ത തെറ്റിനാൽ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ ക്രൂരമായ വേദന ഏറ്റു വാങ്ങി നില്കുന്നവരെ കരുതലോടെ ചേർത്ത് നിർത്തുകയാണ് ചെയ്യേണ്ടത്.അവരുടെ ശരീരത്തിലുപരി മനസ്സിനേറ്റ മുറിവ് ഉണക്കുക.അവരെ എല്ലാം മറന്ന് സന്തോഷത്തോടെ ജീവിക്കാനും അവരുടേതായ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കും കൈപിടിച്ച് ഉയർത്തുകയുമാണ് വേണ്ടത്.
അതായിരിക്കണം സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിന്റെ ഉത്തരവാദിത്തം…അല്ലാതെ കുറ്റപ്പെടുത്തലുകൾ ആകരുത്…
If you blame the rape victim because her clothes were provocative. You must also blame the bank that was robbed because it’s content were provocative…
145 total views, 2 views today
