ഭൂമിയിലെ ഏറ്റവും വലിയ വേദനയും സന്തോഷവും ഒരേ സമയമാണ് അനുഭവപ്പെടുന്നത്

66

Haris Ibrahim

ഭൂമിയിലെ ഏറ്റവും വലിയ വേദനയും സന്തോഷവും ഒരേ സമയമാണ് അനുഭവപ്പെടുന്നത്.പ്രസവം എന്ന മഹത്തായ ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ സ്ത്രീക്കാണ് ഇത് രണ്ടും ഒരേ സമയം അനുഭവിക്കാൻ ദൈവം അവസരംനൽകിയിട്ടുള്ളത്. ഗർഭിണിയാകുകയെന്നുള്ളതും , ഒരു കുഞ്ഞിന് ജന്മം നൽകുക എന്നുള്ളതുമൊക്കെ ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ വലിയൊരു മോഹം തന്നെയാണ്.ആ ദിവസത്തിന് വേണ്ടി കുറച്ച് മാസങ്ങൾ അവൾ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കുന്നുമുണ്ട്.

എന്നാൽ ആ മോഹം സാക്ഷാത്കാരമാകുന്നത് സാധാരണ മനുഷ്യർക്ക്‌ സഹിക്കാൻ പറ്റുന്നതിലും ഉയർന്ന രീതിയിൽ വേദന നൽകുന്ന പ്രസവത്തിലൂടെയാണ്.സർവ്വ നാഡികളും തളർന്ന്, സർവ്വ എല്ലുകളും തകരുന്ന പോലെ വേദനയേറിയ ഒരു ആർത്തനാദത്തിലൂടെയാണ് ഓരോ സ്ത്രീയും ഒരു കുഞ്ഞിന് ജന്മം നൽകുന്നത്.ജീവിതത്തിനും മരണത്തിനും ഇടയിലൂടെ വേദനയും പേറിയാണ് ഓരോ സ്ത്രീയും കുറച്ച് സമയം കടന്ന് തന്റെ ജീവിതത്തിലെ ദൈവതരുന്ന വലിയ സമ്മാനം സന്തോഷ കണ്ണീരാൽ സ്വീകരിക്കുന്നത്.അത് വരെ അവൾ അനുഭവിച്ച വേദനയും കഷ്ടപ്പാടുമെല്ലാം അവൾ ജന്മം നൽകിയ പൊന്നോമനയുടെ മുഖം കാണുമ്പോൾ അവൾ പൊഴിക്കുന്ന സന്തോഷ കണ്ണീരിലൂടെ ഇല്ലാതാകുന്നു.പകരം അവളിൽ മാതൃത്വം ഉണരുന്നു.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രസവ വേദനയേക്കാൾ എത്രയോ വലിയ വേദനയാണ് ഒരിക്കലും പ്രസവിക്കാൻ സാധിക്കില്ലല്ലോ എന്നുള്ള മനോവേദന.അതിനാൽ പ്രസവം ഒരു കുഞ്ഞിനെ മാത്രമല്ല നൽകുന്നത്.കരുത്തുള്ള, കഴിവുള്ള ഒരു അമ്മയെ കൂടിയാണ് നൽകുന്നത്.ഒരു ജീവനെ ഭൂയിലേക്കു കൊണ്ട് വരാൻ സ്ത്രീ സഹിക്കുന്ന കഷ്ടപ്പാടുകൾ അവളുടെ ജീവിതത്തിൽ പ്രധാന സ്വാധീനം ചെലുത്തുന്നതും, അവളെ ബഹുമാനത്തിന് അർഹതപ്പെട്ടവളുമാക്കുന്നു.അവൾ ജീവിച്ചിരിക്കുന്ന കാലമത്രയും, അവളെ പ്രസവിക്കാൻ ഒരു സ്ത്രീ എത്ര വേദന സഹിച്ചു എന്നവൾക് മനസ്സിലാകുന്നു.തന്റെ കുഞ്ഞിന് ജന്മം നൽകാൻ വേണ്ടി ഭാര്യ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ അറിയുന്ന ഏതൊരു പുരുഷനും തന്റെ അമ്മയുടെ ബുദ്ധിമുട്ടുകൾ അറിയാനും അത് വഴി സ്ത്രീകളെ ബഹുമാനിക്കാനും പ്രചോദനമാകണം,മക്കളോട്. ഒരുപാട് വേദന സഹിച്ചും കഷ്ടപ്പെട്ടുമാണ് നിങ്ങൾക് അമ്മ ജീവിതം നൽകിയത്… നിങ്ങളുടെ മുഖം കണ്ടപ്പോൾ വേദനയെല്ലാം ഒരു നിമിഷം കൊണ്ട് മറന്നവളാണവൾ.നല്ലൊരു ജീവിതത്തിന് വേദനയെ പുഞ്ചിരി ആക്കിയവളാണ് നിങ്ങളുടെ അമ്മ .അമ്മയെ വേദനിപ്പിക്കരുത്.