അരികിൽ കിടക്കുന്ന പത്നിയെക്കാളും മൊബൈലിനോടാണ് ഇന്ന് പലർക്കും പ്രണയം

84

Haris Ibrahim

അരികിൽ കിടക്കുന്ന പത്നിയെക്കാളും മൊബൈലിനോടാണ് ഇന്ന് പലർക്കും പ്രണയം.ജീവനും ജീവിതവും തനിക്ക് വേണ്ടി ഉഴിഞ്ഞു വെച്ചവളെ പരിഗണിക്കാതെ എല്ലാം കൈവെള്ളയിലെ കൊച്ചു ചതുരത്തിൽ ഒതുക്കുന്നു ചിലർ.പ്രിയതമയുടെ ഉടലിൽ കവിതകൾ രചിക്കേണ്ട വിരലുകൾ അതിന് പകരം വെറ്റിലക്കീറിൽ നൂറ് തേക്കും പോലെ ആ ചതുരത്തിൽ പരതി നടക്കുകയാണ്.നാല് ചുവരുകൾക്കുള്ളിലിരുന്നു ലോകം കാണുന്നവൻ അടുത്ത് കിടക്കുന്നവളുടെ മോഹങ്ങളും ആശകളും കാണാതെ പോകുന്നു.ഒരു പുതപ്പിനുള്ളിൽ സ്നേഹം പകരുകയും നുകരുകയും ചെയ്തിരുന്നവളുടെ മൊഴികൾക്കുള്ള മറുപടികൾ പോലും വെറും മൂളലിൽ ഒതുക്കുന്നു.ഉപകാരങ്ങൾ വളരെ മികച്ചതാണെങ്കിലും ദമ്പതികൾക്കിടയിൽ എണ്ണമറ്റ സംശയങ്ങൾക്കും വഴക്കുകൾക്കും വേർപിരിയലിനും വരെ ഇന്ന് ഫോൺ കാരണമായിത്തീരുന്നു.

ദാമ്പത്യത്തിൽ പങ്കാളികൾക്ക് മനസ്സ് തുറന്ന് സംസാരിക്കാനും ഇടപഴകാനും ലഭിക്കുന്ന വിലപ്പെട്ട നിമിഷങ്ങളാണ് മൊബൈൽ ഫോൺ എന്ന വില്ലൻ അപഹരിക്കുന്നത്.പങ്കാളിയുമായി സുതാര്യമായിരിക്കുക എന്നത് ആരോഗ്യകരവും സത്യസന്ധവുമായ ദാമ്പത്യ ബന്ധത്തിന്റെ പ്രാധാന ഭാഗം തന്നെയാണ്.എന്നാൽ അതിന് പ്രശ്നമായിത്തീരുന്ന വലിയൊരു ഘടകമാണ് ഫോൺ…
ഫോൺ കാരണം ദാമ്പത്യ ബന്ധത്തിൽ സുതാര്യതയും സത്യസന്ധതയും നഷ്ടപ്പെടുകയും പകരം അകൽച്ചയും സംശയവും കടന്നു വരുകയും ചെയ്യുന്നു.പങ്കാളിക്ക് ശരീരത്തിൽ എവിടെ വേണമെങ്കിലും സ്പർശിക്കാമെങ്കിലും ഫോണിൽ സ്പർശിക്കാൻ പാടില്ലെന്നുള്ള നിയമം കൂടി വരുമ്പോൾ സംശയം ബലപ്പെടുന്നു.പങ്കാളിയെക്കാൾ കൂടുതൽ ചാർജ്ജ് നിങ്ങളുടെ ഫോണിന് കൊടുക്കുമ്പോൾ മരിക്കുന്നത് ദാമ്പത്യമാണെന്നു മനസ്സിലാക്കുക.അകലെയുള്ള വ്യക്തിയുമായി നിങ്ങൾ കൂടുതൽ‌ അടുക്കുമ്പോൾ അരികിൽ‌ നിങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന വ്യക്തിയിൽ നിന്നും നിങ്ങൾ അകലുകയാണെന്നു തിരിച്ചറിയുക.നിങ്ങൾ കൂടെയുണ്ടായിരിക്കുമ്പോഴും പങ്കാളിക്ക് ഏകാന്തത അനുഭവിക്കേണ്ടി വരിക എന്നുള്ളത് ദുഃഖകരമാണ്. അതിന് ഇടവരുത്താതിരിക്കുക.

ഫോൺ മാറ്റി വെച്ച് നിങ്ങൾ പങ്കാളിയെ ശ്രദ്ധിക്കുകയും അവളുടെ വാക്കുകളെ കേൾക്കുകയും ചെയ്യുക.. എങ്കിൽ മാത്രമേ സ്നേഹവും ബഹുമാനവും നിലനിൽക്കൂ.ജീവിതത്തിലെ നല്ല നിമിഷങ്ങൾ ഫോണിൽ പകർത്തുകയും പങ്ക് വെക്കുകയും ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യം തന്നെയാണ് അരികിലുള്ളവളോടൊപ്പവും സ്വകാര്യ നിമിഷങ്ങൾ പങ്ക് വെക്കണമെന്നുള്ളത്.അതിനാൽ നിങ്ങളുടെ ദിവസങ്ങൾ എങ്ങിനെയായിരുന്നുവെന്നു കേൾക്കാൻ ആഗ്രഹിക്കുന്ന, ശ്രദ്ധിക്കുന്ന പങ്കാളിയുടെ കൂടെ കുറച്ചു നല്ല നിമിഷങ്ങൾ ചിലവഴിക്കുക.അവളുടെ കണ്ണിലെ തിളക്കവും,ചുണ്ടിലെ പുഞ്ചിരിയും,കവിളിലെ ചുവപ്പും, ഉടലിന്റെ തുടുപ്പും കാണണമെങ്കിൽ ഫോൺ താഴ്ത്തി മുഖമുയർത്തി അവളെ നോക്കുക തന്നെ വേണം.Your cell phone has already replaced your camera,calendar and alarm clock. Don’t let it replace your family.