അവൾ ഒരു ജീവനെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നതിന്റെ അടയാളമുദ്രകളാണ്, സ്നേഹത്തിന്റെ അടയാളം

40

Haris Ibrahim

 

മാതാവിന്റെ ഗർഭപാത്രമായിരുന്നു എല്ലാവരുടെയും ആദ്യ ഭവനം.അവിടുത്തെ അന്ധകാരത്തിൽ ആയിരുന്നു എല്ലാവരും കുറച്ചു കാലം വളരെ സുരക്ഷിതമായി കഴിഞ്ഞിരുന്നത്.അവിടെ അന്ധകാരത്തിൽ ആയിരിക്കേ തന്നെ, രൂപം പോലുമറിയാതെ ഓരോ മാതാവും തന്റെ കുഞ്ഞിനെ സ്നേഹിച്ച്‌ തുടങ്ങുന്നു.മക്കളെ പ്രസവിച്ചത് കൊണ്ടോ മുലയൂട്ടിയതു കൊണ്ടോ മാത്രം ഒരു സ്ത്രീയെ നല്ല അമ്മയായി കണക്കാക്കാൻ പറ്റില്ല.മക്കൾക്കു നൽകുന്ന സ്നേഹവും മക്കൾക്കു വേണ്ടി ജീവിതത്തിൽ അവൾ സഹിക്കുന്ന ത്യാഗങ്ങളും കൂടിയാണ് അവളെ നല്ലൊരു അമ്മയായി പരിഗണിക്കുന്നത്.

അത് പോലെ ജീവിതത്തിൽ പലതും നഷ്ടപ്പെടുത്തിയും ത്യാഗങ്ങൾ സഹിച്ചും അമ്മയാകുന്ന സ്ത്രീക്ക് അത് കൊണ്ടുണ്ടാകുന്ന ഒരു “നേട്ടമാണ്” അവളുടെ അടിവയറ്റിൽ കാണുന്ന ചുളിവുകളും അടയാളങ്ങളും.
ഓരോരുത്തരും ഭൂമിയിലേക്ക് വന്നതിന്റെ ആദ്യത്തെ തെളിവാണ് മാതാവിൽ കാണുന്ന ആ ചുളിവുകളും അടയാളങ്ങളും. ആ അടയാളങ്ങൾ തന്റെ കുഞ്ഞിനെ സൃഷ്ടിക്കാൻ മാതാവ് ശരീരം ഉപയോഗിച്ച ശക്തിയെ സൂചിപ്പിക്കുന്നു.

അതിലുപരി ഓരോ അടയാളവും ഓരോ വ്യക്തിയെ തന്നെയാണ് സൂചിപ്പിക്കുന്നത്.ഒരു കുഞ്ഞിനെ നേടാൻ വേണ്ടി മാതാവ് സഹിച്ച വിഷമവും സഹന ശക്തിയും വിളിച്ചോതുന്നതാണ് ആ അടയാളങ്ങൾ.ഏറ്റവും വലിയ സ്നേഹത്തിന്റെ അടയാളമാണത്. ഒരു ജീവനെ ഈ ലോകത്തിലേക്ക് കൊണ്ടുവന്നു എന്നതിന്റെ തെളിവായി ഓരോ സ്ത്രീക്കും കാണിക്കാവുന്ന തെളിവാണ് അവളിലുള്ള അടയാളങ്ങൾ. അത് അവളിലെ സൗന്ദര്യത്തെ പറ്റിയുള്ള നല്ലതും ചീത്തയുമായ ഏത് അഭിപ്രായത്തേക്കാളും മുകളിലാണ്. അങ്ങിനെയുള്ള ചുളിവുകളും അടയാളങ്ങളും എല്ലാം ചേർന്നാണ് ഓരോ സ്ത്രീയും അമ്മയെന്ന പദവിയിൽ എത്തുന്നത്. അത് കൊണ്ട് ആ ചുളിവുകൾ കാണുമ്പോൾ മുഖം ചുളിക്കാതിരിക്കുക.പകരം സ്നേഹത്തിന്റെ അടയാളമായി കണ്ടുകൊണ്ടു വിലമതിക്കുക. ബഹുമാനിക്കുക.