വർഷങ്ങളോളം കൂടെ കഴിഞ്ഞാലും പുരുഷന് സ്ത്രീയെ മനസ്സിലാക്കാൻ പറ്റില്ല, എന്നാൽ സ്ത്രീ പുരുഷനെ ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കും

131

Haris Ibrahim

വർഷങ്ങളോളം കൂടെ കഴിഞ്ഞാലും പുരുഷന് സ്ത്രീയെ മനസ്സിലാക്കാൻ പറ്റില്ല….!എന്നാൽ സ്ത്രീ പുരുഷനെ ഒറ്റ രാത്രി കൊണ്ട് മനസ്സിലാക്കും. ദാമ്പത്യ ജീവിതത്തിന്റെ ഭാഗമായി കേൾക്കുന്ന ഈ ഒരു വാചകം സത്യമാണോ? സത്യത്തിൽ പെണ്ണിനെ അറിയുക എന്നാൽ പെണ്ണിന്റെ മനസ്സറിയുക എന്ന് തന്നെയാണ്. അവളുടെ ഉടലിനെ അറിയുക എന്നല്ല. അവളെ മനസ്സിലാക്കണമെങ്കിൽ അവളുടെ ശരീരത്തിൽ മാത്രം അലിയാതെ അവളിൽ മറഞ്ഞിരിക്കുന്ന നിധിയായ മനസ്സിലേക്ക് കൂടി അലിഞ്ഞു ചേരണം. കാരണം ! അവളുടെ ശരീരത്തെ അറിയുന്നതും മനസ്സിനെ അറിയുന്നതും ഉദയാസ്തമയങ്ങൾ പോലെയോ അല്ലെങ്കിൽ രാവും പകലും പോലെയോ വ്യത്യസ്തമാണ്. രണ്ട് ശരീരങ്ങൾ ആവുകയല്ല വേണ്ടത്. അങ്ങിനെയെങ്കിൽ അവൾ പുരുഷന്റെ ജീവിതത്തിന്റെ ഒരു ഭാഗം മാത്രമേ ആവുകയുള്ളൂ.പകരം ഒരു മനസ്സാകണം. എങ്കിലേ അവൾ പുരുഷന്റെ ജീവനാകൂ. അപ്പോഴേ അവളെ മനസ്സിലാക്കാൻ പുരുഷന് സാധിക്കൂ. പെണ്ണിനെ മനസ്സിലാക്കിയ പുരുഷനെന്നാൽ അവന്റെ വികാരങ്ങൾക്ക് വിരാമമായാലും അവളെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവനാണ്‌.പ്രകടമായ സ്നേഹവും സ്നേഹത്തിൻ മുഖവും എന്നും പെണ്ണിന് തന്നെയാണ്. തിരിച്ചും പ്രകടമായി തന്നെ അതവൾക്കു കിട്ടണമെന്നവൾ ആശിക്കുന്നു. അത് കൊണ്ട് തന്നെ സ്‌നേഹം പ്രകടമായി നൽകുന്നതോടൊപ്പം അവളോടുള്ള കടമകൾ നിറവേറ്റാൻ കൂടി പുരുഷൻ തയ്യാറാവുകയും വേണം. തൊലിപ്പുറത്തല്ല ഒരുവളുടെ സൗന്ദര്യമെന്നും, അവളുടെ ആശകളും സ്വപ്നങ്ങളും കുടിയിരുത്തിയിരിക്കുന്ന മനസ്സിനാണ് സൗന്ദര്യമെന്നും മനസ്സിലാക്കുന്നിടത്താണ് പുരുഷന്റെ വിജയം. അവളുടെ ശരീരത്തെ തൃപ്തിപ്പെടുത്താനുള്ള ശക്തി മാത്രമല്ല പുരുഷന് വേണ്ടത് , അവളുടെ മനസ്സിൽ പ്രണയം വിതക്കാനുള്ള കെൽപ്പ് കൂടിയുണ്ടാവണം പുരുഷന്.വർഷങ്ങൾ എത്ര കഴിഞ്ഞാലും അവളോടുള്ള പ്രണയം കുറയാതെ നിലനിർത്തി കൊണ്ട് പോകാൻ കഴിയുന്നവനാകണം പുരുഷൻ. അവളിലേക്കൊഴുകുന്ന പ്രണയമെന്ന പുഴ ഒരിക്കലും വറ്റുകയോ ഗതിമാറി ഒഴുകുകയോ ചെയ്യരുത്. പൌരുഷത്തിന് പകരം മൃദുലമായതും സ്നേഹം നിറഞ്ഞതുമായ വാക്കുകളാൽ അവളുടെ ആത്മാവിനെ സ്പർശിച്ച് അവളുടെ ബഹുമാനം നേടിയെടുക്കണം. പെണ്ണിന്റെ മനസ്സിനെ അടുത്തറിഞ്ഞ ഒരുവന് അവളുടെ ശരീരമെന്നത് എന്നും എഴുതി പൂർത്തീകരിക്കാൻ കഴിയാത്തൊരു കവിത പോലെയാകും.അവളുടെ ചിന്തകളെ മനസ്സിലാക്കുക. ആരോപണങ്ങൾ കൊണ്ട് മുറിവേല്പിക്കാതിരിക്കുക. സാമീപ്യത്തിനു വേണ്ടിയുള്ള അവളുടെ മോഹത്തെ വെറും കാമമായി വ്യാഖ്യാനിക്കാതിരിക്കുക. ഒരാണിൻ സൗന്ദര്യം എന്നത് പെണ്ണിൻ മനസ്സിന്റെ തണുപ്പറിഞ്ഞ്, ശരീരത്തേക്കാളേറെ അവളെ മനസ്സറിഞ്ഞു സ്നേഹിക്കുക എന്നതാണ്. അങ്ങിനെയുള്ള ഒരുവനെ ഒരിക്കലും നഷ്ടപ്പെടുത്താത്ത തരത്തിൽ അവൾ മനസ്സിൽ തളച്ചിടും.
Dear men,
The way you treated her at the very beginning when you were trying to get her should be the way you always treat her, don’t change.