COVID 19
കോവിഡ് പോസിറ്റിവ് ആയ അഡ്വ ഹരീഷ് വാസുദേവൻ ശ്രീദേവി തന്റെ അനുഭവം പങ്കുവയ്ക്കുന്നു
പരമാവധി ശ്രദ്ധിച്ചിട്ടും രണ്ടാൾക്കും കോവിഡ് കിട്ടി. ഏപ്രിൽ 13 നു തിരുവനന്തപുരത്ത് വന്നു. ഞാൻ 16 നു രാവിലെ ഒരു ഹിയറിങ്ങിന് പോയിരുന്നു. ഒരു സുഹൃത്തിന്റെ
177 total views

Harish Vasudevan Sreedevi യുടെ കുറിപ്പ്
പരമാവധി ശ്രദ്ധിച്ചിട്ടും രണ്ടാൾക്കും കോവിഡ് കിട്ടി. ഏപ്രിൽ 13 നു തിരുവനന്തപുരത്ത് വന്നു. ഞാൻ 16 നു രാവിലെ ഒരു ഹിയറിങ്ങിന് പോയിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടിൽ കയറി അൽപ്പസമയം സംസാരിച്ചു. തിരികെ വന്നപ്പോഴേക്ക് ഭാര്യ രോഗലക്ഷണങ്ങൾ കാണിച്ചു. ചുമ, തൊണ്ട വേദന, പനി. ലാബിൽ വിളിച്ചു ആളെ വരുത്തി 17 നു രാവിലെ ഉമയുടെ സ്വാബ് RTPCR ടെസ്റ്റിന് നൽകി. ഉമ നിർത്താതെ ഛർദ്ദി തുടങ്ങി. വൈകിട്ടോടെ അനന്തപുരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും ഫലം വന്നു പോസിറ്റീവ്. എന്റെ ശരീരമാകെ വേദനയും നിൽക്കാൻ പറ്റാത്തത്ര ക്ഷീണവും തുടങ്ങി.
ആശുപത്രിക്ക് മുന്നിൽ കാത്തു നിൽക്കാനോ ഇരിക്കാനോ പറ്റാത്തത് കൊണ്ട് കാറിന്റെ സീറ്റിൽ കിടന്നു. അർദ്ധരാത്രി കഴിഞ്ഞു ഉമയെ ഡിസ്ചാർജ്ജ് ചെയ്തു. വീട്ടിലേക്ക് കൊണ്ടുവന്നു. ആധാർ ഇല്ലാത്തത് കൊണ്ട് എന്നെ ടെസ്റ്റ് ചെയ്യാനാകില്ല എന്ന നിലപാടാണ് സർക്കാരിലും സ്വകാര്യ ലാബിലും ഉണ്ടായിരുന്നത്. ഉമയുടെ വീട്ടിൽ രണ്ടുപേരും രണ്ടുമുറിയിൽ കഴിഞ്ഞു. ഉമയുടെ അച്ഛനും അമ്മയും ഉണ്ടായത് കൊണ്ട് ആഹാരത്തിനോ മരുന്നിനോ മുട്ടുണ്ടായില്ല. വിറ്റമിൻ B, C, D എന്നിവ കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും രണ്ടുനേരം ആവി പിടിക്കാനും ബെറ്റാഡിൻ കവിൾ കൊള്ളാനും വിദഗ്ധോപദേശം കിട്ടിയത് അപ്പടി പാലിച്ചു.
18 ആം തീയതി മുതൽ തന്നെ കടുത്ത ക്ഷീണം, പുറംവേദന, ചുമ, തലവേദന, പനി എന്നിവ രണ്ടാൾക്കും ഉണ്ടായിരുന്നു. മണം പോയി, രുചിയും. കമിഴ്ന്നു കിടന്നാൽ ശ്വാസം കിട്ടാത്ത അവസ്ഥ. മലന്നുമാത്രമേ കിടക്കാനാകൂ. അധികനേരം ഇരിക്കാനോ നിൽക്കാനോ കഴിയില്ല. വീണുപോകും. ആവി പിടിക്കുന്നത് വലിയ ആശ്വാസം തന്നു. അപ്പോഴേക്കും ഓക്സി മീറ്റർ എത്തി. 2 മണിക്കൂർ ഇടവിട്ടു ഓക്സിജൻ ലെവൽ നോക്കുന്നുണ്ടായിരുന്നു. ആദ്യ 3 ദിവസം ഏതാണ്ട് മുഴുവൻ സമയവും ക്ഷീണം മൂലമുള്ള ഉറക്കം ആയിരുന്നു. ഏപ്രിൽ 20 നു പാസ്സ്പോർട്ട് ഉപയോഗിച്ച് ഞാനും test ചെയ്തു, പോസിറ്റീവ്. പിന്നെ രണ്ടാളും ഒരേ മുറിയിലേക്ക് മാറി.
3 ദിവസം അതേപടി. ഫോണിൽ 10 മിനുട്ട് സംസാരിച്ചാൽ പോലും കിതയ്ക്കുന്ന അവസ്ഥയിൽ നിന്ന് ക്രമേണ കിതപ്പ് കുറഞ്ഞു.പിന്നെ ലക്ഷണങ്ങൾ പതിയെ ഇല്ലാതായി. 16 നു തന്നെ ഫേസ്ബുക്ക് uninstall ചെയ്തത് കൊണ്ട് കണ്ണിന്റെ strain കുറഞ്ഞു. 27 നു ടെസ്റ്റ് ചെയ്തു രണ്ടാളും നെഗറ്റീവായി. ഇപ്പോൾ ക്ഷീണം മാത്രമേ ബാക്കിയുള്ളൂ. മണമോ രുചിയോ തിരികെ കിട്ടിയിട്ടില്ല. മെയ് 3 വരെ ക്വാറന്റൈനിൽ തുടരും. ഇതിനിടെ വിവരമറിഞ്ഞു ഫോണിലും മെസേജിലും ആരോഗ്യവിവരം അന്വേഷിച്ച എല്ലാവർക്കും ഞങ്ങളുടെ സ്നേഹം. ❤️💚💕
പലതരം പ്രിവിലേജുകൾ ഉള്ളത് കൊണ്ടാണ് വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ രക്ഷപ്പെട്ടത് എന്നു തിരിച്ചറിയുന്നു. കോവിഡ് വരാതെ നോക്കുക എന്നത് തന്നെയാണ് പ്രധാനം. എവിടെ നിന്നാണ് ഞങ്ങൾക്ക് കിട്ടിയത് എന്നറിയില്ല. വന്നാൽ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ അത് ശരിക്കും പരീക്ഷിക്കും. 16 നു ഞാൻ മാസ്ക് വെയ്ക്കാതെ കുറച്ചുനേരം സംസാരിച്ചത് വഴി ഒരു സുഹൃത്തിന് ഞാൻ കോവിഡ് കൈമാറി എന്ന കുറ്റബോധം ഉണ്ട്. ഇപ്പോൾ അവരും സുഖം പ്രാപിക്കുന്നു. എത്ര അടുപ്പം ഉള്ളവരായാലും മാസ്ക് താഴ്ത്തി, സോഷ്യൽ ഡിസ്റ്റൻസ് ഇല്ലാതെ സംസാരിക്കരുത് എന്നത് എപ്പോഴും ശ്രദ്ധിക്കണം. ബാക്കി പിന്നീട്…
178 total views, 1 views today