വെള്ളക്കെട്ടുള്ള കൊച്ചി, ആരാണ് കുറ്റക്കാർ?

161

അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു 

വെള്ളക്കെട്ടുള്ള കൊച്ചി, ആരാണ് കുറ്റക്കാർ?

ഒരു നല്ല മഴ പെയ്തപ്പോൾ കൊച്ചിയിൽ മുഴുവൻ വെള്ളക്കെട്ടായി. റോഡുകൾ ബ്ലോക്കായി. വാഹനഗതാഗതം നിലച്ചു. വീടുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി. ഇത് ദുരന്തനിവാരണ നിയമത്തിൽ പറയുന്ന വെള്ളപ്പൊക്കമല്ല. നാം ഉണ്ടാക്കുന്ന ദുരന്തമാണ്. വെള്ളക്കെട്ടാണ്.

സമുദ്രനിരപ്പിനും താഴെയുള്ള ഭാഗങ്ങൾ അടങ്ങിയ പ്രദേശമാണ് കൊച്ചി. വെള്ളം ഒഴുക്കിപ്പോകാൻ സ്വാഭാവികമായും ഡ്രെയിനുകൾ നന്നായി പ്രവർത്തിക്കണം. എന്നാൽ, വൃത്തിയായി പ്രവർത്തിക്കുന്ന ഒരു ഓട സംവിധാനം കൊച്ചിക്കില്ല. ഉള്ളതോ, ചവറുകൊണ്ട് ബ്ലോക്കായ നിലയിലും. കൊച്ചിയിൽ ഏതാണ്ട് മുഴുവനും ചതുപ്പാണ്. വെള്ളം കെട്ടിനിൽക്കുന്ന പ്രദേശം. അത് നികത്തിയുണ്ടാക്കിയ നഗരമാകുമ്പോൾ അവിടേത്താഴേണ്ട വെള്ളം പെട്ടെന്നൊഴുകി ഓടയിലെത്തും. ഓരോ വർഷവും എത്ര പുതിയ പ്ലോട്ടുകളാണ് നിർമ്മാണം നടത്തി വെള്ളത്തിനു നിൽക്കാൻ സ്ഥലമില്ലാത്ത അവസ്ഥയിലേക്ക് മാറുന്നത്. അതനുസരിച്ച് ഓടയിലേക്കുള്ള ഒഴുക്ക് കൂടും. കഴിഞ്ഞ 16 വർഷമായി എനിക്ക് കൊച്ചി അറിയാം. ഇങ്ങനെ എത്ര കൂടുതൽ ജലം ഓടയിലെത്തി എന്നറിയാം. വാഹനങ്ങളുടെ എണ്ണത്തിനു അനുസരിച്ച് റോഡുകളുടെ വീതി കൂട്ടാൻ ഡിമാന്റ് ഉണ്ടാകുന്നത് പോലെ ഓടയുടെ വീതിയോ ആഴമോ കൂട്ടാൻ ഡിമാന്റ് ഉണ്ടാകാറില്ല. ഉണ്ടെങ്കിൽതന്നെ ചെയ്യാറുമില്ല.

Image result for kochi flood todayഓടകളിൽ ഒഴുക്കുറപ്പ് വരുത്തുന്ന ഒരു ഭരണം നമുക്കില്ല. ഇടയ്ക്ക് തൊഴിലാളികൾ കോരുന്ന മണ്ണ് ഓടയുടെ അരികിൽ തന്നെയിടും. അടുത്ത മഴയ്ക്ക് അത് ഓടകളിൽ തന്നെയെത്തും എന്നുറപ്പ് വരുത്തുന്ന ആ കാഴ്ച കൊച്ചിയിൽ സ്ഥിരമാണ്. ഈയിനത്തിനെ ചെലവ് നോക്കിയാൽ നാം അത്ഭുതപ്പെടും. പക്ഷെ, ഓടകൾ എപ്പോഴും ബ്ലോക്ക് തന്നെ.

കേരള മുനിസിപ്പാലിറ്റി നിയമം വരുന്നത് വരെ ഓടകൾ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം ആയിരുന്നു. ഇന്നത് മുനിസിപ്പാലിറ്റിയുടെ പ്രധാന ഉത്തരവാദിത്തങ്ങളിൽ ഒന്നാണ്. വികസന സ്റ്റാന്റിംഗ് കമ്മിറ്റിയുടെ ജോലികളിൽ ഒന്നാണ് ഓടയുടെ നിർമ്മാണവും നവീകരണവും നിലനിർത്തലും. എന്നാൽ കൊച്ചി കോർപ്പറേഷൻ ഇക്കാര്യത്തിൽ സമ്പൂർണ്ണ പരാജയമാണ്. അതേ 100% പരാജയം. ഓടകൾ മാത്രമല്ല, നഗരം വളരുന്നതിനനുസരിച്ച് ശാസ്ത്രീയവും കാര്യക്ഷമവുമായ ഒരു നഗരപ്ലാനിങ് കൊച്ചിയ്ക്കില്ല. അതുണ്ടാക്കാൻ ടൌൺ പ്ലാനിങ് വകുപ്പിനെ കൊച്ചി നഗരസഭ സമ്മതിക്കുകയുമില്ല. ഓടകൾക്ക് മുകളിൽ ഇടുന്ന സ്ലാബുകൾ പലയിടത്തും പൊട്ടി മനുഷ്യർ അതിൽ വീണ് പരിക്കേൽക്കുകയും മറ്റും ചെയ്യുന്ന സംഭവങ്ങൾ ഇവിടെ പതിവാണ്. ആരോട് പറയാൻ !!

Image result for kochi flood todayകൊച്ചി കോർപ്പറേഷൻ ഭരണമാണ് കേരളത്തിലെ കോർപ്പറേഷൻ ഭരണങ്ങളിൽ ഏറ്റവും മോശം. മാലിന്യസംസ്കരണത്തിൽ മുതൽ ഡ്രൈനേജ് പരിപാലനത്തിൽ വരെ കൊച്ചി ഇത് തെളിയിക്കുന്നു. 600 കോടിയോളം രൂപ വാർഷിക ബജറ്റ് ഉള്ള ഈ കോര്പ്പറേഷന് കേന്ദ്രപദ്ധതികളും MLA ഫണ്ടും MP ഫണ്ടുമൊക്കെയായി പണം വേറെയുമുണ്ട്. എന്നാൽ മഴപെയ്താൽ വെള്ളക്കെട്ടുണ്ടാകാത്ത ഒറ്റ വാർഡ് പോലും കൊച്ചിയിലില്ല !!
മുൻപ് വെള്ളം ഒഴിഞ്ഞുപോകുന്ന പേരണ്ടൂർ ഉൾപ്പെടെയുള്ള നഗരത്തിലെ വലിയ കനാലുകൾ കയ്യേറി കെട്ടിടങ്ങൾ പണിതത് ഒഴിപ്പിച്ചെടുക്കാൻ കോര്പ്പറേഷന് താല്പര്യമേയില്ല. കയ്യേറ്റക്കാരുടെ ആൾക്കാർക്കാണ് കോർപ്പറേഷന്റെ വക്കാലത്ത് !!

ആദിമ നാഗരികതയായ ഹാരപ്പൻ-മെസപ്പൊട്ടേമിയൻ നാഗരികത പഠിക്കുമ്പോൾ അവരുടെ മികച്ച ഡ്രൈനേജ് സിസ്റ്റത്തെപ്പറ്റിയാണ് നാം പഠിക്കുന്നത്. ഒരു നഗരത്തിന്റെ നിലനിൽപ്പിന് മികച്ച ഓടകൾ അത്യാവശ്യമാണ്. അഴിമതിയും അതിലേറെ കെടുകാര്യസ്ഥതയും കാരണമാണ് ഓടകൾ ഈ സ്ഥിതിയായത്, വെള്ളക്കെട്ട് നിരന്തരം പ്രശ്നമുണ്ടാക്കുന്നത് എന്നു തെളിവുകൾ സഹിതം സ്ഥാപിക്കാൻ കഴിയും. പറയുമ്പോൾ എല്ലാം പറയണമല്ലോ, കേരള ഹൈക്കോടതി കാലാകാലങ്ങളായി ഇക്കാര്യത്തിൽ എടുക്കുന്ന take it easy ലാഘവത്വവും, കാഴ്ചപ്പാടിലെ സമഗ്രതയില്ലായ്മയും ഈ വെള്ളക്കെട്ടിനു വളം വെച്ചു കൊടുത്തിട്ടുണ്ട്.

Image result for kochi flood todayസമുദ്രജലനിരപ്പിന് താഴെ ഓടയുള്ള ആംസ്റ്റർഡാമിൽ യൂറോപ്യൻ പരിസ്ഥിതി നിയമം പഠിക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്. നെതർലാന്റാണ് ഇതിലെ ലോകമാതൃക. ന്യൂയോർക്കിലും മറ്റും സുനാമിയുണ്ടായാൽപ്പോലും വെള്ളം ഓടകളിൽ കയാറാതിരിക്കാനുള്ള സാങ്കേതികവിദ്യ നിർമ്മിക്കുന്ന പണി ചെയ്യുന്നത് മലയാളികളാണ്. അറിവിനോ പണത്തിനോ ഒരു കുറവുമില്ല എന്നർത്ഥം. ഡച്ച് രാജാവും കൂട്ടരും കൊച്ചിയിൽ വന്നപ്പോൾ പങ്കുവെച്ച ഒരു പ്രധാന ആശയം, ഈ മേഖലയിലെ സഹകരണമാണ്. കൊച്ചി മേയർ മാത്രം ഇതുവരെ അതറിഞ്ഞ മട്ടില്ല.

Image result for kochi flood todayസർക്കാർ എന്ന സിനിമയിൽ വിജയ് പറയുന്നൊരു ഡയലോഗുണ്ട്. രാഷ്ട്രീയക്കാർക്ക് 5 വർഷമാണ് അധികാരം, എന്നാൽ ജനങ്ങൾക്ക് വോട്ടു ചെയ്യുന്ന ഒരൊറ്റ ദിവസം മാത്രമേയുള്ളൂ അധികാരം. ജാതിയും മതവും പാർട്ടിയും ഒക്കെ മാത്രം നോക്കി വോട്ടു ചെയ്യുമ്പോൾ നാം കോർപ്പറേഷന്റെ ഈ accountability ഉറപ്പ് വരുത്താൻ പലപ്പോഴും മറന്നുപോകുന്നു. അത് മാറ്റിയാൽ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമായി.

അഡ്വ.ഹരീഷ് വാസുദേവൻ.